നിലയ്ക്കാമുക്ക് ബിവറേജ് ഔട്ട്ലറ്റ് എക്സൈസ് താൽക്കാലികമായി പൂട്ടി മുദ്രവെച്ചു

നിലയ്ക്കാമുക്ക് ബിവറേജ് ഔട്ട്ലറ്റ് എക്സൈസ് താൽക്കാലികമായി പൂട്ടി മുദ്രവെച്ചു

വക്കം: നിലയ്ക്കാമുക്കിലെ ബിവറേജ് ഔട്ട്ലറ്റ് എക്സൈസ് വകുപ്പ് താൽക്കാലികമായി പൂട്ടി മുദ്രവെച്ചു. 2022-23 സാമ്പത്തിക വർഷത്തിൽ ഔട്ട്ലറ്റിന്റെ ലൈസൻസ് പുതിക്കി നൽകിയതുമില്ല. ശനിയാഴ്ച രാവിലെയാണ് ആറ്റിങ്ങലിൽ നിന്നും എക്സ്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘം വെബ്കോ ഔട്ട്ലറ്റ് പൂട്ടിയത്. നിലയ്ക്കാമുക്ക് ഗവൺമെന്റ് സ്കൂളിന്റെ മതിലിനോട് ചേർന്നാണ് ഔട്ട്ലറ്റ് പ്രവർത്തിച്ചു വന്നത്. ഇതിനെതിരെ സ്കൂൾ എസ്.എം.സി അധികൃതർ സംസ്ഥാന ബാലാവാകാശകമ്മിഷനു പരാതി നൽകിയിരുന്നു. തുടർന്ന് എക്സൈസിന് അന്വേഷണ ചുമതല നൽകി. അതിന്റെ അടിസ്ഥാനത്തിൽ ബിവറേജുകാർ ഷീറ്റ് കൊണ്ട് ഉയരത്തിൽ മതിൽ മറച്ച് പ്രവർത്തനം തുടർന്നു. ഇതിനെതിരെ സ്കൂൾ ഹൈക്കോടതിയിൽ ഹർജി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഔട്ട്ലറ്റ് മാറ്റി സ്ഥാപിക്കാൻ കോടതി എക്സൈസിന് നിർദ്ദേശം നൽകിയത്. എക്സൈസ് വകുപ്പ് നടപ്പ് സാമ്പത്തിക വർഷം ഔട്ട്ലറ്റിന്റെ ലൈസൻസ് പുതുക്കണ്ട എന്ന് തീരുമാനിച്ചു. ചട്ടങ്ങൾ പാലിച്ച് മറ്റൊരിടത്ത് പ്രവർത്തിക്കുന്നതിന് ഒരു തടസവുമില്ലന്ന് അധികൃതർ വ്യക്തമാക്കി.

കെഎസ്ആര്‍ടിസിയില്‍ ഫര്‍ലോ ലീവ്; പകുതി ശമ്പളത്തിന് ദീര്‍ഘകാല അവധി, മുഖം തിരിച്ച് ഭൂരിഭാഗം ജീവനക്കാരും

കെഎസ്ആര്‍ടിസിയില്‍ ഫര്‍ലോ ലീവ്; പകുതി ശമ്പളത്തിന് ദീര്‍ഘകാല അവധി, മുഖം തിരിച്ച് ഭൂരിഭാഗം ജീവനക്കാരും

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ പകുതി ശമ്പളത്തോടെ ദീര്‍ഘകാല അവധി നല്‍കുന്ന ഫര്‍ലോ ലീവ് പദ്ധതിയോട് മുഖം തിരിച്ച് ജീവനക്കാര്‍. ഒരു ശതമാനം ജീവനക്കാര്‍ പോലും പദ്ധതിയില്‍ ചേര്‍ന്നില്ല. പ്രായപരിധിയില്‍ ഇളവ് നല്‍കി കൂടുതല്‍ വിഭാഗം ജീവനക്കാരെ പദ്ധതിയുടെ ഭാഗമാക്കാന്‍ മാനേജ്മെന്‍റ് നീക്കം തുടങ്ങി. കെഎസ്ആര്‍ടിസിയിലെ അംഗീകൃത തൊഴിലാളി സംഘടനകളും മാനേജ്മെന്‍റും ചേര്‍ന്ന് ഒപ്പുവച്ച ദീര്‍ഘകാല കരാറിലെ വ്യവസഥയുസരിച്ചാണ് ഫര്‍ലോ ലീവ് പദ്ധതി നടപ്പിലാക്കുന്നത്.

ദീര്‍ഘകാല അവധിയെടുക്കുന്ന ജീവനക്കാര്‍ക്ക് പകുതി ശമ്പളം നല്‍കുന്നതാണ് പദ്ധതി. വാര്‍ഷിക ഇന്‍ക്രിമെന്‍റ്, പെന്‍ഷന്‍ എന്നിവയെ ഫര്‍ലോ ലീവ് ബാധിക്കില്ല. അധിക ജീവനക്കാരെ പകുതി ശമ്പളം നല്‍കി വീട്ടിലിരുത്തുന്നതിലൂടെ സാമ്പത്തിക ബാധ്യത കുറക്കാമെന്നാണ് മാനേജ്മെന്‍റിന്‍റെ പ്രതീക്ഷ. 28000 ത്തോളം ജീവനക്കാരുള്ള കെഎസ്ആര്‍ടിസിയില്‍ ഇതുവരെ 47 പേര്‍ മാത്രമാണ് പദ്ധതിയില്‍ ചേര്‍ന്നത്. നിലവില്‍ 10 ലക്ഷം രൂപ പ്രതിമാസം ശമ്പള ഇനത്തില്‍ ലാഭമുണ്ടാകുമെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി. ജീവനക്കാരെ നിര്‍ബന്ധിച്ച് പദ്ധതിയില്‍ ചേര്‍ക്കരുതെന്ന് യൂണിയനുകള്‍ ആവശ്യപ്പെട്ടു.

മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി കൂടുതല്‍ ജീവനക്കാരെ ദീര്‍ഘകാല അവധിയെടുപ്പിക്കാനുള്ള നീക്കത്തിലാണ് കെഎസ്ആര്‍ടിസി മാനേജ്മെന്‍റ്. പദ്ധതിയില്‍ ചേരാനുള്ള കുറഞ്ഞ പ്രായം 45 വയസ്സെന്നതില്‍ ഭേദഗതി വരുത്തും. ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഓഫീസ് ജീവനക്കാര്‍ക്കും പദ്ധതി ബാധകമാക്കും. അതേസമയം ലേ ഓഫിന്‍റെ പരിഷ്കരിച്ച രൂപമായ ഫര്‍ലോ ലീവ്, ഇടത് സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനത്ത് നടപ്പിലാക്കുന്നതിനെച്ചൊല്ലി വിമര്‍ശനവും ശക്തമാവുകയാണ്.

കോവിഡിന്റെ പുതിയ വകഭേദം ബ്രിട്ടനിൽ കണ്ടെത്തിയെന്ന് ലോകാരോ​ഗ്യ സംഘടന

കോവിഡിന്റെ പുതിയ വകഭേദം ബ്രിട്ടനിൽ കണ്ടെത്തിയെന്ന് ലോകാരോ​ഗ്യ സംഘടന

ബ്രിട്ടൻ: ബ്രിട്ടനിൽ പുതിയ കോവിഡ്(covid) വകഭേദം കണ്ടെത്തിയതായി ലോകാരോ​ഗ്യ സംഘടന.  എക്സ് ഇ (XE) എന്ന വകഭേദം ഇതുവരെയുള്ളതിൽ ഏറ്റവും പകർച്ച ശേഷി കൂടിയത് ആണെന്നാണ് വിലയിരുത്തൽ . ഇത് ഒമിക്രോണിൻ്റെ തന്നെ പുതിയൊരു വകഭേദമെന്ന് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നു. ഇപ്പോൾ ലോകമെങ്ങും പടർന്നുകഴിഞ്ഞ BA2 വകഭേദത്തേക്കാൾ 10% പകർച്ചശേഷി കൂടുതൽ ആണ് എക്സ് ഇ എന്ന വകഭേദത്തിന് . ബ്രിട്ടനിൽ 637 പേരിൽ ആണ് പുതിയ വകഭേദം കണ്ടെത്തിയത്. വൈറസിനെ വിശദമായി പഠിച്ചുവരികയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

പതിവ് തെറ്റിക്കാതെ ഇന്ധനവില വർധന; തലസ്ഥാനത്ത് പെട്രോളിന് 115 രൂപ

പതിവ് തെറ്റിക്കാതെ ഇന്ധനവില വർധന; തലസ്ഥാനത്ത് പെട്രോളിന് 115 രൂപ

തിരുവനന്തപുരം: ദിവസങ്ങളായി തുടരുന്ന പതിവ് ആവർത്തിച്ച് ഇന്ധന വില ഞായറാഴ്ചയും കൂട്ടി. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസൽ ലിറ്ററിന് 85 പൈസയുമാണ് വർധിപ്പിച്ചത്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 113.02 രൂപയും ഡീസൽ ലിറ്ററിന് 99.98 രൂപയുമായി.

തിരുവനന്തപുരം നഗരത്തിൽ പെട്രോളിന്റെ വില 115.01 രൂപയും ഡീസലിന്റെ വില 101.83 രൂപയുമായി ഉയർന്നു. കോഴിക്കോട് പെട്രോളിന് 113.20 രൂപയും ഡീസലിന് 100,18 രൂപയുമാണ് പുതിയ വില. 10 ദിവസത്തിനിടയിൽ പെട്രോൾ ലിറ്ററിന് 8.71 രൂപയും ഡീസൽ ലിറ്ററിന് 8.42 രൂപയുമാണു വർധിച്ചത്.

 

 

മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ റംസാൻ വ്രതാരംഭം

മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ റംസാൻ വ്രതാരംഭം

തിരുവനന്തപുരം: സംസ്ഥാനത്ത് റംസാൻ വ്രതാരംഭം നാളെ. മലപ്പുറം പരപ്പനങ്ങാടി ബീച്ചിൽ മാസപ്പിറവി കണ്ടതോടെയാണ് പ്രഖ്യാപനം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. റംസാൻ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാല്‍ നാളെ (ഞായര്‍) റംസാൻ വ്രതാരംഭമായിരിക്കുമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അറിയിച്ചു.

നേരത്തെ തമിഴ്നാട്ടിലെ പുതുപ്പേട്ടയിൽ മാസപ്പിറവി ദൃശ്യമായിരുന്നു. തുടർന്ന് നാളെ തെക്കൻ കേരളത്തിൽ റംസാൻ ഒന്നായിരിക്കുമെന്ന് പാളയം ഇമാം പ്രഖ്യാപിച്ചിരുന്നു. റംസാൻ ഒന്ന് ഞായറാഴ്ചയായിരിക്കുമെന്ന് മുജാഹിദ് വിഭാഗം ഇന്നലെ തന്നെ അറിയിച്ചിരുന്നു. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ റമദാൻ വ്രതാരാംഭം ഞായറാഴ്ച ആയിരിക്കുമെന്ന് കേരള ഹിലാൽ (കെ എൻ എം) കമ്മിറ്റി ചെയർമാൻ എം മുഹമ്മദ്‌ മദനിയാണ് ഇന്നലെ പ്രഖ്യാപിച്ചത്.

മാസപ്പിറവി ദൃശ്യമായതോടെ സൗദി അറേബ്യയിൽ ഇന്ന് റമദാൻ വ്രതം ആരംഭിച്ചു. യുഎഇയിലും ഇന്ന് മുതൽ റമദാൻ വ്രതം ആരംഭിച്ചു. ദക്ഷിണ ഓസ്ട്രേലിയയിൽ ഇന്നലെ മാസപ്പിറവി ദൃശ്യമായതിനാൽ ഇന്ന് വ്രതം തുടങ്ങി. ഈജിപ്തിലെ ഇസ്ലാം മത വിശ്വാസികളും ഇന്ന് വ്രതം തുടങ്ങി.

അതേസമയം ഒമാൻ, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ ഏപ്രിൽ മൂന്നിന് (നാളെ) വ്രതം തുടങ്ങുമെന്നാണ് ഇന്നലെ അറിയിച്ചത്.

 

 

ഏപ്രില്‍ അഞ്ച് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ അഞ്ച് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലായതിനാല്‍, ഈ സമയത്ത് പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായസ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. ജനലും വാതിലും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണം.

ഇടിമിന്നല്‍ സമയത്ത് ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. പട്ടം പറത്തുന്നത് ഒഴിവാക്കണം.
തുണികള്‍ എടുക്കാന്‍ ടെറസിലോ, മുറ്റത്തോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. കുട്ടികളെ ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ തുറസായ സ്ഥലത്തും ടെറസ്സിലും കളിക്കാന്‍ അനുവദിക്കരുത്.
മിന്നലാഘാതമേറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഉണ്ടാകില്ല. മിന്നലേറ്റ ആളിന് ഉടന്‍ വൈദ്യ സഹായം എത്തിക്കണം.

ജലാശയത്തില്‍ മീന്‍ പിടിക്കാനും കുളിക്കാനും ഇറങ്ങരുത്. ഇടിമിന്നല്‍ സമയങ്ങളില്‍ വാഹനത്തിനുള്ളില്‍ സുരക്ഷിതരായിരിക്കുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ അതിനുള്ളില്‍ തുടരണം. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.