by Midhun HP News | Apr 1, 2022 | Latest News, കേരളം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 418 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 95, തിരുവനന്തപുരം 81, കോട്ടയം 44, തൃശൂര്‍ 34, കോഴിക്കോട് 32, പത്തനംതിട്ട 29, ആലപ്പുഴ 22, കൊല്ലം 18, ഇടുക്കി 15, മലപ്പുറം 15, കണ്ണൂര്‍ 13, പാലക്കാട് 10, വയനാട് 8, കാസര്‍ഗോഡ് 2 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 15,864 സാമ്പിളുകളാണ് പരിശോധിച്ചത്. അടുത്തിടെ സ്ഥിരീകരിച്ച 3 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്കിയ 76 മരണങ്ങളുമുള്‍പ്പെടെ ആകെ 79 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 67,992 ആയി.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 454 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 58, കൊല്ലം 18, പത്തനംതിട്ട 0, ആലപ്പുഴ 17, കോട്ടയം 70, ഇടുക്കി 42, എറണാകുളം 113, തൃശൂര്‍ 51, പാലക്കാട് 3, മലപ്പുറം 15, കോഴിക്കോട് 44, വയനാട് 11, കണ്ണൂര്‍ 12, കാസര്‍ഗോഡ് 0 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3051 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
by Midhun HP News | Mar 2, 2022 | Latest News, Uncategorized, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ : വീട്ടിൽ അതിക്രമിച്ചു കയറി പത്ത് വയസുകാരിയായ പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിക്ക് പതിനഞ്ചു വർഷം കഠിനതടവും അൻപത്തിഅയ്യായിരം രൂപ പിഴയും.
അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിനു ഇരയാക്കിയ കുറ്റത്തിന് വിചാരണ നേരിട്ട മുട്ടപ്പലം ദേശത്തു കുക്കുടു ജയൻ എന്ന ബാബു (30) എന്നയാളെയാണ് കുറ്റക്കാരനായി കണ്ടെത്തിയ പ്രകാരം ആറ്റിങ്ങൽ അതിവേഗകോടതി (പോക്സോ) ജഡ്ജ് ടി.പി. പ്രഭാഷ് ലാൽ ശിക്ഷ വിധിച്ചത്.
2016 മെയ് 16നാണു കേസിനാസ്പദമായ സംഭവം. വോട്ടെടുപ്പ് ദിവസം ഉച്ചകഴിഞ്ഞു മാതാവ് വോട്ടുചെയ്യുവാൻ പോയ സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി കുട്ടിയെ ലൈംഗിക പീഡനത്തിനു വിധേയയാക്കുവാൻ ശ്രമിച്ചു. പ്രതിയെ ചവിട്ടി മാറ്റിയശേഷം കുട്ടി ഓടി രക്ഷപെട്ടുവെന്നും, സംഭവശേഷം പ്രതി പോകുന്നത് അയൽക്കാരി കണ്ടിരുന്നുവെന്നതുമാണ് പ്രോസീക്യൂഷൻ കേസ്. വീട്ടിൽ അതിക്രമിച്ചു കയറിയ കുറ്റത്തിന് അഞ്ചു വർഷം കഠിനതടവും അയ്യായിരം രൂപ പിഴയും, പിഴ തുക കെട്ടിവെക്കാത്ത സാഹചര്യത്തിൽ ആറ് മാസം കഠിനതടവും , കുറ്റകരമായ ഭീഷണിപ്പെടുത്താൽ നടത്തിയതിന് അഞ്ചു മാസം കഠിനതടവും, പന്ത്രണ്ടു വയസ്സിൽ താഴെയുള്ള കുട്ടിയെ ലൈംഗികപീഡനത്തിന് വിധേയനാക്കിയെന്ന കുറ്റത്തിനു പത്തുവർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴ തുകയും ആണ് കോടതി ശിക്ഷ വിധിച്ചത്. പിഴത്തുകയിൽ ഇരുപത്തി അയ്യായിരം രൂപ അതിക്രമത്തിന് ഇരയായ കുട്ടിക്ക് നൽകണണമെന്നും, തുക കെട്ടി വയ്ക്കാത്ത സാഹചര്യത്തിൽ ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കണമെന്നും ഉത്തരവുണ്ട്.
പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമം അനുസരിച്ചു ബലാത്സംഗം നടത്തിയെന്ന കുറ്റം കൂടി തെളിയിക്കപ്പെട്ടുവെങ്കിലും പോക്സോ നിയമപ്രകാരം ശിക്ഷ വിധിച്ചത് കണക്കാക്കി ബലാത്സംഗം എന്നതിൽ പ്രത്യേക ശിക്ഷ വിധിച്ചിട്ടില്ല. ശിക്ഷ ഒന്നിച്ചു അനുഭവിച്ചാൽ മതിയെന്നും ജയിലിൽ കിടന്ന കാലം ശിക്ഷ ഇളവിന് അർഹതയുണ്ടെന്നും വിധിന്യായത്തിലുണ്ട്.
അയിരൂർ പോലീസ് രജിസ്റ്റർ ചെയ്തു പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ബി. എസ്. സജിമോൻ അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷൻ പതിനാല് സാക്ഷികളെ വിസ്തരിക്കുകയും പത്തൊൻപത് രേഖകൾ ആധാരമാക്കുകയും ചെയ്തു. പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വക്കേറ്റ് എം. മുഹസിൻ ഹാജരായി.

by Midhun HP News | Mar 1, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: നാട്ടാനകളെ നിയന്ത്രിക്കാൻ പാപ്പാൻമാർ ഇരുമ്പു തോട്ടി ഉപയോഗിക്കുന്നതിനു വനം വകുപ്പ് വീണ്ടും വിലക്കേർപ്പെടുത്തി. ഇരുമ്പു തോട്ടി ഉപയോഗിച്ചാൽ കർശന നടപടിയെടുക്കാനാണു തീരുമാനം.
ഇരുമ്പു തോട്ടിയുടെ മൂർച്ചയേറിയ അഗ്രം കൊണ്ടു കാലുകളിലും മറ്റും കുത്തി മുറിവേൽപ്പിച്ച്, പ്രാകൃത രീതിയിലാണു ചില പാപ്പാൻമാർ ആനകളെ നിയന്ത്രിക്കുന്നതെന്ന പരാതി വ്യാപകമായതിനെ തുടർന്നാണു ചീഫ് വൈൽഡ്ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് വീണ്ടും സർക്കുലർ ഇറക്കിയത്.
ഇരുമ്പുതോട്ടി നിരോധിച്ചു ചീഫ് വൈൽഡ്ലൈഫ് വാർഡൻ നേരത്തേ 2015 മേയ് 14 നും സർക്കുലർ പുറപ്പെടുവിച്ചിരുന്നു. പകരം തടി കൊണ്ടുള്ള തോട്ടി ഉപയോഗിക്കാമെന്നും അന്നു നിർദേശിച്ചിരുന്നു. ഇത്തവണ അക്കാര്യം പറയുന്നില്ല.
പരാതികളെത്തുടർന്നു രാജസ്ഥാൻ ഹൈക്കോടതി ഇരുമ്പു തോട്ടി നിരോധിച്ച് 2010 ഫെബ്രുവരി 10 ന് ഉത്തരവിട്ടിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ ഇതു നടപ്പാക്കിയിട്ടില്ല. എല്ലാ സംസ്ഥാനങ്ങളിലും ഇരുമ്പു തോട്ടി നിരോധിക്കണമെന്നു മൃഗസംരക്ഷണ രംഗത്തുള്ളവരും ആനപ്രേമികളും ആവശ്യപ്പെട്ടിരുന്നു. മധ്യ കേരളത്തിൽ ആനയോട്ടത്തിൽ പങ്കെടുത്ത ആനയ്ക്കൊപ്പം ലോഹത്തിൽ നിർമിച്ച വടിയുമായി പാപ്പാൻ നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

by Midhun HP News | Dec 24, 2021 | Latest News, കേരളം, ജില്ലാ വാർത്ത
ആലപ്പുഴ: ആലപ്പുഴയിൽ അടുത്തിടെ ഉണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് കൂടുതൽ മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.
ഇരുവിഭാഗത്തിലും പെട്ട ക്രിമിനലുകളുടെയും മുൻപ് കേസുകളിൽ പെട്ടവരുടെയും പട്ടിക ജില്ലാടിസ്ഥാനത്തിൽ തയ്യാറാക്കാൻ അദ്ദേഹം നിർദേശം നൽകി. വാറന്റ് നിലവിലുള്ള പ്രതികളെയും ഒളിവിൽ കഴിയുന്നവരെയും കണ്ടെത്തി അറസ്റ്റ് ചെയ്യും. ജാമ്യത്തിൽ കഴിയുന്നവർ ജാമ്യവ്യവസ്ഥകൾ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. മറ്റു കേസുകളിൽ തുടർച്ചയായ പരിശോധനയും നടപടികളും ഉണ്ടാകും.

സമീപകാലത്ത് കേരളത്തിൽ ഉണ്ടായ കൊലപാതകങ്ങളിൽ നേരിട്ടു പങ്കെടുത്തവരുടെയും അവ ആസൂത്രണം ചെയ്തവരുടെയും വാഹനവും ആയുധവും ഫോണും നൽകി സഹായിച്ചവരുടെയും വിവരങ്ങൾ ശേഖരിച്ച് അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും. അക്രമങ്ങൾക്ക് പണം നൽകിയവരെയും പ്രതികളെ ഒളിപ്പിച്ചവരെയും കണ്ടെത്തി കേസെടുക്കും. ക്രിമിനൽ സംഘങ്ങൾക്ക് പണം കിട്ടുന്ന സ്രോതസ്സ് കണ്ടെത്താൻ ആവശ്യമായ അന്വേഷണം നടത്തി മേൽനടപടി സ്വീകരിക്കും.
വർഗീയ വിദ്വേഷം പരത്തുന്ന തരത്തിൽ സാമൂഹികമാധ്യമങ്ങളിൽ നിരവധി സന്ദേശങ്ങൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദേശങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാൻ എല്ലാ ജില്ലാ പോലീസ് മേധാവിമാർക്ക് പ്രത്യേക നിർദ്ദേശം നൽകി. ഇത്തരം ചർച്ചകൾക്ക് അനുവാദം നൽകുന്ന ഗ്രൂപ്പുകളിലെ അഡ്മിൻമാരെയും കേസിൽ പ്രതിയാക്കും. സാമൂഹ്യമാധ്യമങ്ങളിൽ നിരന്തരം നിരീക്ഷണം നടത്താൻ എല്ലാ ജില്ലകളിലേയും സൈബർ വിഭാഗത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
നിർദ്ദേശങ്ങൾ നടപ്പിലാക്കിയതു സംബന്ധിച്ച് ക്രമസമാധാനവിഭാഗം എ.ഡി.ജി.പിയും മേഖലാ ഐ.ജി മാരും എല്ലാ ആഴ്ചയും റിപ്പോർട്ട് നൽകണമെന്നും ഡിജിപി നിർദ്ദേശിച്ചു.
by Midhun HP News | Dec 24, 2021 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ഇത്തവണത്തെ ക്രിസ്തുമസ്, ന്യൂ ഇയര്‍ കരുതലോടെ ആഘോഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു . സംസ്ഥാനത്ത് ഇതുവരെ ആകെ 29 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 17 പേര് ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും, 10 പേര് ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. ഹൈ റിസ്ക് രാജ്യങ്ങളായ യുകെ 12, ടാന്‍സാനിയ 3, ഖാന 1, അയര്‍ലാന്‍ഡ് 1, ലോ റിസ്ക് രാജ്യങ്ങളായ ദുബായ് 2, കോംഗോ 1, ട്യുണീഷ്യ 1, നൈജീരിയ 4, കെനിയ 1, അല്‍ബാനിയ 1 എന്നിവിടങ്ങളില്‍ നിന്നും എത്തിയതാണവര്‍. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. എറണാകുളം 15, തിരുവനന്തപുരം 10, തൃശൂര്‍ 1, മലപ്പുറം 1, കോഴിക്കോട് 1, പത്തനംതിട്ട 1 എന്നിങ്ങനെയാണ് ജില്ല തിരിച്ച് ഒമിക്രോണ്‍ കേസുകള്‍. ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും വരുന്ന കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സ്ഥിതിക്ക് വിദേശത്ത് നിന്നും വരുന്നവര്‍ ഉള്‍പ്പെടെ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വ്യക്തമാക്കി.
വളരെ വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നതാണ് ഒമിക്രോണ്‍. അതിനാല്‍ തന്നെ ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കുക. പ്രായമായവര്‍, കുട്ടികള്‍, രോഗബാധിതര്‍ എന്നിവര്‍ ഏറെ ശ്രദ്ധിക്കണം. ഒമിക്രോണ്‍ പ്രതിരോധത്തില്‍ വളരെ പ്രധാനമാണ് മാസ്കുകളെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതാണ്. അതിനാല്‍ തന്നെ പൊതുസ്ഥലങ്ങളിലോ പൊതു ചടങ്ങിലോ പങ്കെടുക്കുമ്പോള്‍ എന്‍ 95 മാസ്ക് ഉപയോഗിക്കുക. ഒരു കാരണവശാലും മാസ്ക് മാറ്റി സംസാരിക്കയോ ഗ്രൂപ്പ് ഫോട്ടോയെടുക്കുകയോ ചെയ്യരുത്. ഭക്ഷണം കഴിക്കുമ്പോള്‍ അകലം പാലിച്ചിരുന്ന് കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

അടച്ചിട്ട സ്ഥലങ്ങള്‍ രോഗവ്യാപനത്തിന് കാരണമായതിനാല്‍ മുറികളിലും ഹാളുകളിലും വായു സഞ്ചാരം ഉറപ്പാക്കണം. പൊതു സ്ഥലങ്ങളില്‍ ഒരാള്‍ക്ക് ഒമിക്രോണ്‍ വന്നാല്‍ വളരെപ്പെട്ടന്ന് മറ്റുള്ളവരിലേക്ക് വ്യാപിക്കും. ഇനിയും നമുക്ക് അടച്ച് പൂട്ടല്‍ സാധ്യമല്ല. ക്വാറന്റൈനിലുള്ളവരും സ്വയം നിരീക്ഷണത്തിലുള്ളവരും ആള്‍ക്കൂട്ടത്തിലോ പൊതു ചടങ്ങുകളിലോ പരിപാടികളിലോ പങ്കെടുക്കാന്‍ പാടില്ല. അവര്‍ നിരീക്ഷണ കാലയളവില്‍ വീട്ടില്‍ നിന്നും പുറത്ത് ഇറങ്ങാതിരിക്കുന്നതായിരിക്കും നല്ലത്. ക്വാറന്റൈന് കാലയളവില്‍ ആ വീട്ടില്‍ മറ്റ് ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള ഒത്തുകൂടലുകള്‍ ഒഴിവാക്കണം. വാക്സിന് എടുക്കാന്‍ ബാക്കിയുള്ളവര്‍ അടിയന്തരമായി വാക്സിന് എടുക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
by Midhun HP News | Dec 22, 2021 | Entertainment, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങല്‍: പടുകൂറ്റന്‍ നക്ഷത്രമൊരുക്കി ക്രിസ്മസിനെ വരവേല്‍ക്കുകയാണ് ആറ്റിങ്ങല്‍ ഐ.എച്ച്.ആര്.ഡി. എഞ്ചിനീയറിങ് കോളേജ്. കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ത്ഥികളായ നാല്പതോളം പേര് ചേര്‍ന്നാണ് 30 അടി ഉയരമുള്ള നക്ഷത്രം ഒരുക്കിയത്.
തടി, തുണി, നൂല്, റിബണ്‍ എന്നിവ ഉപയോഗിച്ചാണ് നക്ഷത്രം നിര്‍മ്മിച്ചിട്ടുള്ളത്. കോളേജ് മന്ദിരത്തിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള നക്ഷത്രം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയാണ്
Recent Comments