നാലാം ക്ലാസ് വിദ്യാർഥിക്ക് പാമ്പ്  കടിയേറ്റു

നാലാം ക്ലാസ് വിദ്യാർഥിക്ക് പാമ്പ് കടിയേറ്റു

തൃശൂർ: വടക്കാഞ്ചേരി ഗവ.ബോയ്സ് എൽപി സ്കൂളിലെ വിദ്യാർഥിക്കു പാമ്പു കടിയേറ്റു. നാലാം ക്ലാസ് വിദ്യാർഥിയും കുമരനെല്ലൂർ സ്വദേശിയുമായ ആദേശിന് (9) ആണ് അണലിയുടെ കടിയേറ്റത്. കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ സ്കൂൾ വളപ്പിൽവച്ചാണ് ആദേശിനു പാമ്പുകടിയേറ്റത്.

തിരിച്ചുവരവിനൊരുങ്ങി ടിക് ടോക്

തിരിച്ചുവരവിനൊരുങ്ങി ടിക് ടോക്

സോഷ്യൽ മീഡിയ രംഗത്ത് ഇന്ത്യയിൽ ചരിത്രപരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കിയ ടിക് ടോക്ക് ഇന്ത്യയിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുന്നു. ദേശീയ സുരക്ഷ കണക്കിലെടുത്ത് രണ്ട് വര്‍ഷങ്ങൾക്ക് മുമ്പ് 58 ആപ്പുകൾ നിരോധിക്കപ്പെട്ടതിനൊപ്പമായിരുന്നു ടിക് ടോക്കും നിരോധനം നേരിട്ടത്. ഇപ്പോൾ ഇന്ത്യയിലേക്ക് വീണ്ടും തിരിച്ചെത്താൻ ശ്രമിക്കുന്നതിനൊപ്പം തന്നെ, അവര്‍ തങ്ങളുടെ മുൻ ജീവനക്കാരെ വീണ്ടും നിയമിക്കാനും ശ്രമം നടത്തുന്നതായി എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം മറികടക്കാനുള്ള മുന്നൊരുക്കവുമായി ടിക് ടോക്കിന്റെ മദര്‍ കമ്പനിയായ ബൈറ്റ് ഡാൻസ് ഇന്ത്യയിലേക്ക് തിരിച്ചെത്താൻ ശ്രമം നടക്കുന്നുവെന്നാണ് വാര്‍ത്ത. ഇന്ത്യൻ കമ്പനിയുമായി കൈ കോര്‍ത്താണ് ബൈറ്റ്ഡാൻസിന്റെ ശ്രമമെന്നുമാണ് റിപ്പോര്‍ട്ട്. ഇന്ത്യൻ കമ്പനിയുമായി കൈ കോര്‍ക്കുന്നതോടെ രാജ്യ സുരക്ഷാ സംബന്ധിച്ച ആശങ്കകളിൽ നിന്ന് ബൈറ്റ് ഡാൻസിന് മുക്തി നേടുമെന്നാണ് പ്രതീക്ഷ.

ഒരു പടി കൂടി കടന്ന് മുംബൈ കേന്ദ്രമായ ഹിരാനന്ദാനി ഗ്രൂപ്പുമായി പങ്കാളിത്ത ചര്‍ച്ചകൾ നടത്തിയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ഹിരാനന്ദാനി ഗ്രൂപ്പ് യോട്ട ഇൻഫ്രാസ്ട്രക്ചർ സൊല്യൂഷൻസിന് കീഴിൽ ഡാറ്റാ സെന്റർ പ്രവർത്തനങ്ങൾ നടത്തി വരുന്ന സ്ഥാപനമാണ്. അടുത്തിടെ സാങ്കേതികവിദ്യയുടെ നേതൃത്വത്തിലുള്ള ഉപഭോക്തൃ സേവന പ്ലാറ്റ്‌ഫോമായ ടെസ് പ്ലാറ്റ്‌ഫോമുകളും ഗ്രൂപ്പ ആരംഭിച്ചിരുന്നു. കമ്പനിയുടെ ഏറ്റവും പുതിയ സംരംഭത്തിൽ അടുത്ത രണ്ട് വർഷത്തിനുള്ളിൽ 3,500 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് നീക്കം.

ചർച്ചകൾ പുതിയ ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ നിയമ വിധേയമായി കാര്യങ്ങളെ സമീപിക്കാനാണ് ശ്രമം. കൂടാതെ പ്രാദേശിക പങ്കാളിയുമൊത്ത് ഇന്ത്യയിലേക്ക് തിരിച്ചെത്താനുള്ള ഉദ്ദേശ്യത്തെക്കുറിച്ച് അനൗപചാരികമായി കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ബൈറ്റ് ഡാൻസ് ഹിരാനന്ദാനി ഗ്രൂപ്പിന്റെ പുതിയ സംരംഭമായ ടെസ് പ്ലാറ്റ്‌ഫോമുമായി സഹകരിക്കാൻ ശ്രമിക്കുകയാണോ, അതോ യോട്ട ഇൻഫ്രാസ്ട്രക്ചര്‍ സൊല്യൂഷൻസിന്റെ ഡാറ്റാ സെന്ററുകളിൽ അതിന്റെ ഡാറ്റ സംഭരിക്കാനാണോ ലക്ഷ്യമിടുന്നതെന്ന് വ്യക്തമല്ല. നേരത്തെ ഉപഭോക്താക്കളുടെ വിവരങ്ങൾ പ്രാദേശികമായി സംഭരിക്കുക എന്നതായിരുന്നു സർക്കാരിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്.

ടിക് ടോക്കിന്റെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ, അതിന്റെ ഏറ്റവും പ്രതാപ സമയത്ത് കമ്പനി രാജ്യത്ത് 2,000–ത്തിലധികം ആളുകൾക്ക് ജോലി നൽകിയിരുന്നു. നിരോധന സമയത്ത് ഇവരിൽ ഭൂരിഭാഗം ജീവനക്കാരെയും പിരിച്ചുവിട്ടപ്പോൾ, ചില ജീവനക്കാർക്ക് മറ്റ് ചുമതലകൾ നൽകുകയുമായിരുന്നു കമ്പനി. അനൗദ്യോഗികമായി കമ്പനി സമീപിച്ചതായും, അപേക്ഷ നൽകിയാൽ നിയമവിധേയമായി പരിശോധിച്ച് മറ്റ് കാര്യങ്ങൾ തീരുമാനിക്കുമെന്നും സര്‍ക്കാര്‍ അധികൃതര്‍ പ്രതികരിച്ചതായും എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

കൊച്ചിയില്‍ സ്വകാര്യ ബസുകള്‍ക്ക് ഹൈക്കോടതിയുടെ നിയന്ത്രണം

കൊച്ചി: നഗരത്തില്‍ സ്വകാര്യ ബസുകള്‍ക്ക് നിയന്ത്രണവുമായി ഹൈക്കോടതി. നഗരമേഖലയില്‍ ഹോണടിക്കുന്നത് തടയണം. ഓവര്‍ടേക്കിങ് കര്‍ശനമായി നിരോധിക്കണം. സ്വകാര്യ ബസുകള്‍ റോഡിന്റെ ഇടതുവശം ചേര്‍ന്ന് പോകണമെന്നും കോടതി നിര്‍ദേശിച്ചു.പോലീസിനും മോട്ടോര്‍വാഹന വകുപ്പിനുമാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഓട്ടോറിക്ഷകള്‍ക്കും ഈ നിയന്ത്രണം ബാധകമാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

മാസപ്പിറ കണ്ടില്ല; സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ചൊവ്വാഴ്ച

മാസപ്പിറ കണ്ടില്ല; സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ചൊവ്വാഴ്ച

കോഴിക്കോട്: ശവ്വാൽ മാസപ്പിറ കണ്ട വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ റമളാൻ 30 പൂർത്തിയാക്കി ചൊവ്വാഴ്ച്ച ഈദുൽ ഫിത്വർ ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പ്രൊഫ.കെ. ആലിക്കുട്ടി മുസ്ലിയാർ, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട്, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കെ.വി ഇമ്പിച്ചമ്മത് ഹാജി, കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, എ നജീബ് മൗലവി എന്നിവർ ഉറപ്പിച്ചു.

പ്രമുഖ കഥകളി ആചാര്യൻ പത്മഭൂഷൺ മടവൂർ വാസുദേവൻ നായരുടെ പേരിൽ കഥകളി മ്യൂസിയം ഒരുങ്ങുന്നു

പ്രമുഖ കഥകളി ആചാര്യൻ പത്മഭൂഷൺ മടവൂർ വാസുദേവൻ നായരുടെ പേരിൽ കഥകളി മ്യൂസിയം ഒരുങ്ങുന്നു

വർക്കല: വർക്കല മണ്ഡലത്തിൽ പള്ളിക്കൽ വില്ലേജിൽ പദ്മഭൂഷൺ മടവൂർ വാസുദേവൻ നായരുടെ ഓർമ്മയ്ക്കായി കഥകളി മ്യൂസിയം സ്ഥാപിക്കാൻ ആദ്യഗഡുവായി 10 ലക്ഷം രൂപ അനുവദിച്ചതായി അഡ്വക്കേറ്റ് വി ജോയ് എംഎൽഎ അറിയിച്ചു. സാംസ്കാരികപ്രവർത്തകരുടെയും നാട്ടുകാരുടെയും നിരന്തരമായ ആവശ്യത്തെ തുടർന്ന് എംഎൽഎ-യുടെ ശ്രമഫലമായാണ് തുക അനുവദിച്ചത്.

കേരളത്തിലെ പ്രശസ്തനായ ഒരു കഥകളി നടനായിരുന്നു മടവൂർ വാസുദേവൻ നായർ, രൗദ്രവും ശൃംഗാരവും ഒരുപോലെ സമ്മേളിക്കുന്ന അഭിനയപ്രധാനമായ തെക്കൻ കളരിസമ്പ്രദായ ചിട്ടകൾ പിൻതുടരുന്ന അദ്ദേഹം താടിവേഷങ്ങൾ ഒഴികെ മറ്റെല്ലാ വിഭാഗം കഥകളിവേഷങ്ങളിലും പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട്. പുരാണബോധം, മനോധർമ്മവിലാസം, പാത്രബോധം, അരങ്ങിലെ സൗന്ദര്യസങ്കൽപ്പനം എന്നിവ മടവൂരിന്റെ വേഷങ്ങളെ മികച്ചതാക്കുന്നു.

തിരുവനന്തപുരം ജില്ലയിലെ മടവൂരിലാണ് ഇദ്ദേഹം ജനിച്ചത്. 1967 മുതൽ 1977 വരെ പത്തുവർഷക്കാലം കലാമണ്ഡലത്തിലെ തെക്കൻ കളരിയിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു.

വാഹനനികുതി: ഒറ്റത്തവണ തീര്‍പ്പാക്കല്‍ കാലാവധി നീട്ടി

വാഹനനികുതി: ഒറ്റത്തവണ തീര്‍പ്പാക്കല്‍ കാലാവധി നീട്ടി

തിരുവനന്തപുരം: നാലു വര്‍ഷമോ അതില്‍ കൂടുതലോ നികുതി കുടിശ്ശികയുള്ള വാഹനങ്ങളുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2023 മാര്‍ച്ച് 31 വരെ നീട്ടി ഗതാഗതമന്ത്രി ആന്റണി രാജു ഉത്തരവിട്ടു. ഈ പദ്ധതി പ്രകാരം 2018 മാർച്ച് വരെയുള്ള വാഹനങ്ങളുടെ നികുതി കുടിശ്ശിക പൂർണമായും ഒഴിവാക്കി. അതിനുശേഷം 2022 മാർച്ച് വരെ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 30 ശതമാനവും നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 40 ശതമാനവും നികുതിയടച്ച് ഇതുവരെയുള്ള കുടിശ്ശിക ഒഴിവാക്കാവുന്നതാണ്. വാഹനം വീണ്ടും ഉപയോഗിക്കുന്നില്ലെങ്കിൽ സത്യവാങ്മൂലം നൽകി ഭാവി നികുതി ബാധ്യതകളിൽ നിന്നും ഒഴിവാകാവുന്നതുമാണ്. ഉപയോഗശൂന്യമായതും വിറ്റ് പോയതുമായ വാഹനങ്ങളുടെ ഉടമകള്‍ ഈ പദ്ധതി പ്രയോജനപ്പെടുത്തണം. കോവിഡിന്റെ പശ്ചാത്തലത്തില്‍ പല വാഹന ഉടമകള്‍ക്കും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കാന്‍ കഴിഞ്ഞില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.