ഓണമെത്തും മുൻപേ കോഴിക്കോട് നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്; ജീവിതം വഴിമുട്ടി ഓട്ടോ ഡ്രൈവർമാർ

ഓണമെത്തും മുൻപേ കോഴിക്കോട് നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്; ജീവിതം വഴിമുട്ടി ഓട്ടോ ഡ്രൈവർമാർ

കോഴിക്കോട്: ഓണക്കാലം അടുത്തെത്തിനിൽക്കെ കോഴിക്കോട് നഗരത്തിലെ പ്രമുഖ ജങ്ഷനുകളിൽ കടുത്ത ഗതാഗതക്കുരുക്ക്. റോഡുകളിൽ വാഹനത്തിരക്ക് ഉയർന്നതോടെ ഓട്ടോറിക്ഷ ഡ്രൈവർമാർ ഉൾപ്പെടെയുള്ള വാണിജ്യ വാഹന ഡ്രൈവർമാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. നഗരത്തിലെ തിരക്ക് നിയന്ത്രിക്കാൻ 75 പുതിയ ട്രാഫിക് വാർഡൻമാരെ സിറ്റി പൊലീസും റോട്ടറി കാലിക്കറ്റ് ഈസ്റ്റും ചേർന്ന് രംഗത്തിറക്കിയെങ്കിലും ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമൊന്നുമുണ്ടായിട്ടില്ല.

എരഞ്ഞിപ്പാലം, കോഴിക്കോട് ബീച്ച്, സ്കൂളുകൾ, ആശുപത്രികൾ, ഷോപ്പിംഗ് സെന്ററുകൾ എന്നിവയ്ക്ക് സമീപം രാവിലെയും വൈകുന്നേരവും ട്രാഫിക് വാർഡൻമാരുടെ സേവനം ലഭ്യമാക്കുന്നുണ്ട്. എന്നാൽ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയാണ് പ്രധാന വില്ലനാകുന്നത്. എരഞ്ഞിപ്പാലം ജങ്ഷനിലെയും സിഎച്ച് ഫ്ലൈഓവറിലെയും ഇടുങ്ങിയ റോഡുകൾ, കൃത്യമായ ലെയ്ൻ മാർക്കിംഗുകളുടെ കുറവ്, അനിയന്ത്രിതമായ ഫ്രീ-ലെഫ്റ്റുകൾ എന്നിവയാണ് കുരുക്കിന് ആക്കം കൂട്ടുന്നതെന്ന് എൻഐടി കാലിക്കറ്റിന്റെ പഠനവും വ്യക്തമാക്കുന്നു.

തുടർച്ചയായ ഗതാഗതക്കുരുക്ക് കാരണം ഓട്ടോ ഡ്രൈവർമാർ നേരിടുന്ന നഷ്ടങ്ങൾ ചൂണ്ടിക്കാട്ടി 30 വർഷത്തെ പ്രവൃത്തിപരിചയമുള്ള ഓട്ടോ ഡ്രൈവർ നാസർ പെരുമണ്ണ പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പും ചർച്ചയായിട്ടുണ്ട്. 30 രൂപയുടെ ചെറിയ ട്രിപ്പുകൾക്ക് പോലും വാഹനം എഞ്ചിൻ ഓഫ് ചെയ്യാതെ കുരുക്കിൽ കിടക്കുന്നതിലൂടെ 20 രൂപയോളം ഇന്ധനച്ചെലവ് വരുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. നഗരത്തിൽ എത്തുന്നവരിൽ 70 ശതമാനവും സ്വന്തം കാറുകളിലാണ് വരുന്നത്. കൂടാതെ പെർമിറ്റുള്ള ഓട്ടോറിക്ഷകളുടെ എണ്ണം 4,337-ൽ നിന്ന് 7,500 ഓളമായി ഉയർന്നതും കുരുക്ക് കൂട്ടുന്നു.

ഓണക്കാലത്ത് ഒറ്റ യാത്രക്കാറുള്ള സ്വകാര്യ കാറുകൾക്ക് നഗരത്തിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തണമെന്നും എലത്തൂർ, കല്ലായി തുടങ്ങിയ എൻട്രി പോയിന്റുകളിൽ ട്രാഫിക് നിയന്ത്രണം കർശനമാക്കണമെന്നും ഓട്ടോ തൊഴിലാളികൾ ആവശ്യപ്പെടുന്നു. നഗരത്തിലെ വാഹനസാന്ദ്രത വളരെ ഉയർന്നതാണെന്ന് സമ്മതിച്ച കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എപി ഷൗക്കത്തലി, ഓണം തിരക്ക് നിയന്ത്രിക്കാൻ പൊതുജനങ്ങൾ പരമാവധി പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും ഒരളുടെ സഞ്ചാരത്തിന് മാത്രമായി കാറുമായി നഗരത്തിലേക്കുള്ള യാത്ര കുറയ്ക്കണമെന്നും അഭ്യർത്ഥിച്ചു.

ഐജി രാജ്പാല്‍ മീണ, എസ് പി എസ് ശശിധരന്‍, എസ്പി ബിനു ആര്‍ പിള്ള…; രാഷ്ട്രപതിയുടെ സേന പുസ്‌കാരങ്ങള്‍

ഐജി രാജ്പാല്‍ മീണ, എസ് പി എസ് ശശിധരന്‍, എസ്പി ബിനു ആര്‍ പിള്ള…; രാഷ്ട്രപതിയുടെ സേന പുസ്‌കാരങ്ങള്‍

ഡല്‍ഹി: സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ സേന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യവ്യാപകമായി 1557 പേര്‍ക്കാണ് പുരസ്‌കാരം. പൊലീസിലെയും അഗ്നിരക്ഷാ വിഭാഗത്തിലെയും ഹോം ഗാര്‍ഡ്, സിവില്‍ ഡിഫന്‍സ്, ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ് ഗാലണ്ടറി സര്‍വീസ് മെഡലുകള്‍ നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളത്തില്‍ പ്രമാദമായ കേസുകള്‍ അന്വേഷിച്ച എസ് പി എസ് ശശിധരന്‍ അടക്കമുള്ളവര്‍ക്ക് പുരസ്‌കാരമുണ്ട്. നിലവില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ എസ്‌ഐടി അംഗമാണ്. എസ്പി എസ് ശശിധരന്‍. സ്വര്‍ക്കൊള്ള, നരബലി, തുടങ്ങി സുപ്രധാന കേസുകളിലെ അന്വേഷണത്തിനാണ് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ലഭിച്ചത്.

ഐജി രാജ്പാല്‍ മീണയ്ക്ക് സ്തുത്യര്‍ഹമായ സേവനത്തിനാണ് പുരസ്‌കാരം. എസ്പി ബിനു ആര്‍ പിള്ള, ഡിവൈഎസ്പി വി ആര്‍ രവികുമാര്‍, ഡിവൈഎസ്പി ഉജ്ജ്വല്‍ കുമാര്‍, എസ്‌ഐ ജ്യോതിഷ് കുമാര്‍, ഡിവൈഎസ്പി സുരേഷ് ബാബു എന്നിവര്‍ക്കും പുരസ്‌കാരുമുണ്ട്. അഗ്‌നി ശമന വിഭാഗത്തില്‍ നിന്ന് എഎസ്‌ഐമാരായ രാജേന്ദ്ര നായര്‍ ജെ, സെബാസ്റ്റിയന്‍ ജോസഫ് എന്നിവര്‍ക്കും പുരസ്‌കാരമുണ്ട്. ജയില്‍ വകുപ്പില്‍ നിന്ന് എഎസ്പി സുനില്‍ എസ് കുമാര്‍, പ്രിസന്‍ ഓഫീസര്‍ മോഹന്‍ ദാസ് എന്‍കെ എന്നിവര്‍ക്കും പുരസ്‌കാരമുണ്ട്.

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 520 രൂപ കുറഞ്ഞു

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 520 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 520 രൂപയാണ് കുറഞ്ഞത്. 1,12,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 65 രൂപയാണ് വര്‍ധിച്ചത്. 14,015 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ പവന്‍ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയ ശേഷം ഉച്ചയോടെ 1120 രൂപ കുറഞ്ഞിരുന്നു. ഇതിന് തുടര്‍ച്ചയെന്ന പോലെയാണ് വിലയില്‍ ഇന്നും ഇടിവുണ്ടായിരിക്കുന്നത്. 24 മണിക്കൂറിനിടെ രണ്ട് തവണകളായി 1640 രൂപയാണ് പവന്‍ വില കുറഞ്ഞത്.

ആഗോള സമ്പദ് വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വത്തെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നതാണ് കഴിഞ്ഞ ദിവസം വിലയില്‍ പ്രതിഫലിച്ചത്. വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

കളിക്കാരും സ്റ്റേഡിയം സ്റ്റാഫും തമ്മിലടിച്ചു; മർദ്ദനമേറ്റ് ശ്രീലങ്കയിൽ ക്രിക്കറ്റ് കോച്ചിന് ദാരുണാന്ത്യം

കളിക്കാരും സ്റ്റേഡിയം സ്റ്റാഫും തമ്മിലടിച്ചു; മർദ്ദനമേറ്റ് ശ്രീലങ്കയിൽ ക്രിക്കറ്റ് കോച്ചിന് ദാരുണാന്ത്യം

കൊളംബോ: വെറ്ററൻ ശ്രീലങ്കൻ ക്രിക്കറ്റ് കോച്ചും സ്കൂൾ താരങ്ങളുടെ മെന്ററായി അറിയപ്പെടുകയും ചെയ്ത സുമിത് ഫെർണാണ്ടോ കൗമാര താരങ്ങളുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. ഓ​ഗസ്റ്റ് എട്ടിനുണ്ടായ ദാരുണ സംഭവത്തിലാണ് സുമിത് ഫെർണാണ്ടോയ്ക്ക് പരിക്കേറ്റത്. ചികിത്സയിലിരിക്കെ കഴിഞ്ഞ ​ദിവസമാണ് മരണത്തിനു കീഴടങ്ങിയത്. നിലവിലെ ശ്രീലങ്കൻ ഏകദിന നായകനായ കുശാൽ മെൻഡിസ് ഉൾപ്പെടെയുള്ള താരങ്ങളുടെ സ്കൂൾ കാലത്തെ മെന്ററാണ് സുമിത് ഫെർണാണ്ടോ.

ബ്ലൂംഫീൽഡ് ക്രിക്കറ്റ് ആൻഡ് അത്‍ലറ്റിക്സ് ക്ലബിന്റെ സ്റ്റേഡിയത്തിൽ പരിശീലനത്തിനെത്തിയ ഒരുകൂട്ടം കൗമാര താരങ്ങൾ കുടിവെള്ളം ആവശ്യപ്പെട്ടപ്പോൾ വെള്ളം കിട്ടിയില്ല. പിന്നാലെയാണ് സ്റ്റേഡിയം സ്റ്റാഫുമായി തർക്കം തുടങ്ങിയത്. പ്രശ്നം താരങ്ങളും ​സ്റ്റേഡിയം സ്റ്റാഫുകളുമായുള്ള കൈയാങ്കളിയിലേക്ക് നീങ്ങി. ബ്ലൂംഫീൽഡ് ക്രിക്കറ്റ് ആൻഡ് അത്‍ലറ്റിക്സ് ക്ലബിന്റെ ​ഗ്രൗണ്ട് ക്യൂറേറ്ററായി പ്രവർത്തിച്ചിട്ടുള്ള ആൾ കൂടിയാണ് സുമിത്. സംഭവം നടക്കുന്ന സമയത്ത് അദ്ദേഹവും സ്റ്റേഡിയത്തിലുണ്ടായിരുന്നു.

സ്ഥിതി​ഗതികൾ വഷളായതോടെ സുമിത് വിഷയത്തിൽ ഇടപെട്ടു. കളിക്കാരും സ്റ്റാഫുകളും തമ്മിൽ ശാരീരിക ആക്രമണത്തിലേക്ക് തർക്കം അപ്പോഴേക്കും വഴിമാറിയിരുന്നു. ഇരു വിഭാ​ഗത്തേയും മാറ്റി നിർത്താൻ സുമിത് ഇടയിൽ കയറി തടയാൻ ശ്രമിച്ചു. അതിനിടെയാണ് ഒരു കൗമാര താരത്തിന്റെ മർദ്ദനം അദ്ദേഹത്തിനേൽക്കുന്നത്. പരിക്കേറ്റ് വീണ അദ്ദേഹത്തെ ഉടൻ തന്നെ കൊളംബോ നാഷണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെയാണ് കഴിഞ്ഞ ദിവസം മരിച്ചത്.

സംഭവത്തിൽ സുമിതിനെ മർദ്ദിച്ചെന്നു സംശയിക്കുന്ന 17കാരനായ താരത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത ആളാണ് പ്രതി എന്നതിനാൽ കൊളംബോ കോടതിയിൽ ഹാജരാക്കിയ താരത്തെ ചൈൽഡ് പ്രൊബേഷൻ കസ്റ്റഡിയിൽ വിട്ടു. അന്വേഷണത്തിന്റെ ഭാ​ഗമായി താരത്തെ ഈ മാസം 17 വരെ കസ്റ്റഡിയിൽ സൂക്ഷിക്കും.

മൊറാട്ടുവയിലെ പ്രിൻസ് ഓഫ് വേൾ‍ഡ്സ് കോളജിലെ മുൻ കോച്ചാണ് ഫെർണാണ്ടോ. നിരവധി സ്കൂൾതല ക്രിക്കറ്റ് താരങ്ങളുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച പരിശീലകൻ കൂടിയായിരുന്നു.

കൃഷി ഭൂമി പുരയിടമാക്കാൻ… കൈക്കൂലി 10 ലക്ഷം! ലാൻഡ് റവന്യു തഹസിൽദാർ പിടിയിൽ, 2 കൂട്ടാളികളും കുടുങ്ങി

കൃഷി ഭൂമി പുരയിടമാക്കാൻ… കൈക്കൂലി 10 ലക്ഷം! ലാൻഡ് റവന്യു തഹസിൽദാർ പിടിയിൽ, 2 കൂട്ടാളികളും കുടുങ്ങി

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ലാൻഡ് റവന്യു തഹസിൽദാർ പിടിയിൽ. കണയന്നൂർ തഹസിൽദാർ ജോസഫ് ആന്റണിയാണ് എളമക്കര സ്വദേശിയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായത്. വിജിലൻസ് എറണാകുളം യൂണിറ്റാണ് ജോസഫ് ആന്റണിയെ കടവന്ത്രയിൽ വച്ച് പിടികൂടിയത്.

ഇയാളുടെ രണ്ട് ഏജന്റുമാരും പിടിയിലായിട്ടുണ്ട്. ഷിബിൻ, രാജേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൂടുതൽ റവന്യു ഉദ്യോ​ഗസ്ഥർ ഇടപാടിന്റെ ഭാ​ഗമാണെന്നും വിശദമായ അന്വേഷണം സംഭവത്തിൽ നടത്തുമെന്നും വിജിലൻസ് വ്യക്തമാക്കി.

എളമക്കര സ്വദേശിയിൽ നിന്ന് ഏജന്റുമാർ മുഖേന പത്ത് ലക്ഷം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. കൃഷി ഭൂമി പുരയിടമാക്കി രേഖകള്‍ നല്‍കാനാണ് വ്യാജ പരാതിക്കാരനെ സൃഷ്ടിച്ച് കൈക്കൂലി ആവശ്യപ്പെട്ടത്. സ്ഥലം ഉടമ നേരത്തെ മുതല്‍ പുരയിടം എന്ന നിലയില്‍ കരം അടച്ചുവരുന്ന ഭൂമിയാണ് വില്‍പനയ്ക്ക് ശ്രമിച്ചപ്പോള്‍ കൃഷി ഭൂമിയാണെന്ന് വ്യക്തമായത്. കൃഷി മണ്ണിട്ട് നികത്തിയത് അടക്കം ചൂണ്ടിക്കാട്ടി തഹസിൽദാർ ജോസഫ് ആന്‍റണിയുടെ സഹായി തന്നെയാണ് പരാതി നൽകിയത്.

പ്രശ്ന പരിഹാരത്തിനു സ്ഥലം ഉടമ ജോസഫ് ആന്‍റണിയെ സമീപിച്ചപ്പോള്‍ പരാതിക്കാരനുമായുള്ള ഒത്തുതീര്‍പ്പിനും കൃഷി ഭൂമി പുരയിടമാക്കി രേഖ നല്‍കാനും പത്ത് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. രണ്ട് ലക്ഷം രൂപ പണമായും എട്ട് ലക്ഷം രൂപയുടെ ചെക്കുമാണ് നല്‍കിയത്.

ട്രംപിന്റെ അവകാശവാദം തള്ളി; ഹോര്‍മൂസ് പൂര്‍ണമായും തങ്ങളുടെ നിയന്ത്രണത്തിലെന്ന് ഇറാന്‍

ട്രംപിന്റെ അവകാശവാദം തള്ളി; ഹോര്‍മൂസ് പൂര്‍ണമായും തങ്ങളുടെ നിയന്ത്രണത്തിലെന്ന് ഇറാന്‍

ടെഹ്‌റാന്‍: ഹോര്‍മൂസ് കടലിടുക്കിന്റെ പൂര്‍ണ നിയന്ത്രണം അമേരിക്കയ്ക്കാണെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇറാന്‍ സൈന്യം. തന്ത്രപ്രധാനമായ ജലപാത പൂര്‍ണ്ണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ഇറാന്‍ സൈന്യം വ്യക്തമാക്കി. ഹോര്‍മൂസ് കടലിടുക്കിലൂടെ സാധാരണ നിലയില്‍ കപ്പലുകള്‍ കടന്നുപോകുന്നുവെന്നത് അമേരിക്കയുടെ തെറ്റായ അവകാശവാദങ്ങളാണെന്നും ഇറാന്റെ കേന്ദ്ര സൈനിക കമാന്‍ഡായ ഖതം-അല്‍ അന്‍ബിയയുടെ വക്താവ് ഇബ്രാഹിം സോള്‍ഫാഗാരി പറഞ്ഞു.

ഇറാന്റെ അനുമതിയും മേല്‍നോട്ടവും ഇല്ലാതെ ഒരു വാണിജ്യ കപ്പലിനോ എണ്ണക്കപ്പലിനോ സുരക്ഷിതമായി ഹോര്‍മൂസ് കടലിടുക്ക് കടന്നുപോകാനാവില്ലെന്ന് സൈന്യം വ്യക്തമാക്കി. മുന്‍കാലങ്ങളിലേത് പോലെ ഹോര്‍മൂസ് കടലിടുക്ക് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ പൂര്‍ണ നിയന്ത്രണത്തിലും ഭരണനിര്‍വഹണത്തിലുമാണ് ഇബ്രാഹിം സോള്‍ഫാഗാരിയെ ഉദ്ധരിച്ച് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്റെ സായുധ സേനയുടെ അനുമതിയും മേല്‍നോട്ടവും ഇല്ലാതെ ഒരു വാണിജ്യ കപ്പലിനോ എണ്ണക്കപ്പലിനോ സുരക്ഷിതമായ യാത്ര സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സുമായി ബന്ധപ്പെട്ട ബസീജ് അര്‍ധസൈനിക വിഭാഗത്തിന്റെ കമാന്‍ഡര്‍ ഹൊസൈന്‍ തായിബും ഹോര്‍മൂസ് കടലിടുക്ക് ഇറാന്റെ നിയന്ത്രണത്തിലാണെന്ന് അവകാശപ്പെട്ടിരുന്നു.

ഹോര്‍മൂസില്‍ പൂര്‍ണ്ണ നിയന്ത്രണം അമേരിക്കയ്ക്കുണ്ടെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. പശ്ചിമേഷ്യയില്‍ ഫെബ്രുവരി 28 ന് യുദ്ധം പൊട്ടിപ്പുറപ്പെട്ടതുമുതല്‍ ഇറാന്‍ ഹോര്‍മൂസിന്റെ നിയന്ത്രണം പൂര്‍ണമായും ഏറ്റെടുത്തിരുന്നു.കടലിടുക്ക് ഉപയോഗിക്കുന്നതിന് മുമ്പ് കപ്പലുകള്‍ക്ക് അനുമതി നേടാനും ഗതാഗത ഫീസ് നല്‍കാനും ഇറാന്‍ ആവശ്യപ്പെട്ടിരുന്നു.