കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി “സമ്മിറ്റ് ഓഫ് ഫ്യൂച്ചർ” രണ്ടാം പതിപ്പ് ജനുവരിയിൽ

കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി “സമ്മിറ്റ് ഓഫ് ഫ്യൂച്ചർ” രണ്ടാം പതിപ്പ് ജനുവരിയിൽ

കൊച്ചി: നവ ആശയങ്ങളുടെയും വിനോദത്തിന്റെയും സം​ഗമവേദിയായ സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ രണ്ടാം പതിപ്പ് ഒരുങ്ങുന്നു. കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടി ജനുവരി 29 മുതൽ ഫെബ്രുവരി ഒന്ന് വരെ കൊച്ചിയിലാണ് നടക്കുക.

ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ നടന്ന ചടങ്ങിൽ ഹൈബി ഈഡൻ എംപി, ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം എം ജോസഫ്, ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ വേണു രാജാമണി, ജെയിൻ യൂണിവേഴ്സിറ്റി പ്രൊ-വൈസ് ചാൻസലർ പ്രൊഫ. ഡോ. ജെ. ലത, ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ, ജെയിൻ യൂണിവേഴ്സിറ്റി കൊച്ചി ഹെഡ് ഓഫ് ഓപ്പറേഷൻസ് സുബി കുര്യൻ എന്നിവർ ചേർന്ന് രണ്ടാം എഡിഷൻ്റെ ലോഗോ പ്രകാശനം ചെയ്തു.

ആദ്യ പതിപ്പിന്റെ വൻ വിജയത്തെ തുടർന്നാണ് രണ്ടാം പതിപ്പ് സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസം, സാങ്കേതികവിദ്യ, എർത്ത്, സംരംഭകത്വം, വെൽനസ്, ഫുഡ്, കൾച്ചർ ആൻഡ് ലിറ്ററേച്ചർ എന്നിങ്ങനെ ഏഴ് ട്രാക്കുകളിലായാണ് നാലു ദിവസം നീണ്ടു നിൽക്കുന്ന ഉച്ചകോടി വിഭാവനം ചെയ്തിരിക്കുന്നത്. രണ്ടുലക്ഷത്തിലധികം പേർ പങ്കെടുക്കുന്ന സമ്മിറ്റിൽ 400-ൽ അധികം വിദ​ഗ്ധർ, മുപ്പതിലധികം കലാകാരന്മാർ എന്നിവർ വിവിധ സെഷനുകളിൽ പങ്കുചേരും. 30-ൽ അധികം പാനൽ ചർച്ചകളും 50-ൽ അധികം വർക്ഷോപ്പുകളും മാസ്റ്റർക്ലാസുകളും ഒരുക്കിയിട്ടുണ്ട്.

ആഗോള ചിന്തകർ, നയരൂപകർത്താക്കൾ, വ്യവസായ പ്രമുഖർ, അക്കാദമിക് വിദഗ്ധർ,വിദ്യാർത്ഥികൾ എന്നിവർക്കൊപ്പം സാധാരണക്കാർക്കു കൂടി പങ്കാളിത്തം ഉറപ്പാക്കുന്നുവെന്നതാണ് ഇത്തവണത്തെ പ്രത്യേകത. കേരളത്തിന്റെ ഭാവിയെക്കുറിച്ച് സാധാരണക്കാരുടെ അഭിപ്രായങ്ങളും ആശയങ്ങളും സ്വീകരിക്കുകയും മികച്ച ആശയങ്ങൾ വിദഗ്ദ്ധർക്ക് മുന്നിൽ അവതരിപ്പിക്കാൻ അവസരം നൽകുകയും ചെയ്യും. ഇതിന്റെ ഭാഗമായി, പൊതുജനങ്ങളിൽ നിന്ന് ഭാവി കേരളത്തെ കുറിച്ചുള്ള അഭിപ്രായങ്ങളും ആശയങ്ങളും ശേഖരിക്കുന്നതിനുള്ള പ്രത്യേക ക്യാമ്പയിനും ഉച്ചകോടിക്ക് മുന്നോടിയായി ആരംഭിക്കും.

ആദ്യ പതിപ്പിലുണ്ടായിരുന്ന സെലിബ്രിറ്റി പ്രകടനങ്ങൾ, റോബോ വേഴ്സ്, സ്റ്റുഡന്റ്സ് ബിനാലെ, മ്യൂസിക് നൈറ്റ്, ഫുഡ് സ്ട്രീറ്റ്, ഫ്ലീ മാർക്കറ്റ്, ഡാൻസ് കൊച്ചി തുടങ്ങിയവ ഇത്തവണയും അരങ്ങേറും. ഇവ കൂടാതെ, ഓട്ടോ എക്സ്പോ,ഇ-സ്പോർട്സ് ​ഗെയിം വേഴ്സ്, ഹ്യൂമൻ ലൈബ്രറി,ഡ്രോൺഷോ എന്നിവ ഇത്തവണത്തെ മുഖ്യ ആകർഷണങ്ങളാണ്. കേരളത്തിലെ ഏറ്റവും വലിയ ഓട്ടോ എക്സ്പോ, ഇ-സ്പോർട്സ് ​ഗെയിം വേഴ്സ് എന്നിവയ്ക്ക് കൊച്ചി സാക്ഷ്യം വഹിക്കും. രണ്ടാം എഡിഷന് മുന്നോടിയായി സ്കൂൾ-കോളജ് വിദ്യാർത്ഥികൾക്കായി ഐഡിയ ഫെസ്റ്റ്, സ്പീക്ക് ഫോർ ഫ്യൂച്ചർ എന്നീ പ്രോഗ്രാമുകളും ആരംഭിച്ചിട്ടുണ്ട്.

ഹൈബ്രിഡ് ഇന്നൊവേഷൻ മത്സരമായ ഐഡിയ ഫെസ്റ്റ് 2025ന് കേരളത്തിലെ കോളേജുകളിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും കേരളത്തിലെയും ഗൾഫ് മേഖലയിലെയും പ്ലസ് ടു വിദ്യാർത്ഥികൾക്കും ടീമുകളായി പങ്കെടുക്കാം. നവംബർ ആദ്യവാരം നടക്കുന്ന ഓൺലൈൻ ഡിസൈൻ തിങ്കിംഗ് ശില്പശാലയ്ക്ക് ശേഷം നവംബർ 21, 22 തീയതികളിൽ ക്യാമ്പസിൽ ഐഡിയഫെസ്റ്റ് മത്സരം അരങ്ങേറും. ഇതിന് പുറമെ, വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന പ്രസംഗ മത്സരമായ സ്പീക്ക് ഫോർ ഫ്യൂച്ചറിൽ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കും 11, 12 വിദ്യാർത്ഥികൾക്കും സൗജന്യമായി പങ്കെടുക്കാം. ‘ഭാവി എന്റെ കാഴ്ചപ്പാടിൽ’ എന്ന വിഷയത്തെ ആസ്പദമാക്കി അഞ്ച് മിനിറ്റിൽ കവിയാത്ത പ്രസംഗം വീഡിയോ രൂപത്തിൽ തയാറാക്കി, #SpeakForTheFuture എന്ന ഹാഷ്ടാഗോടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും സംഘാടകർക്ക് സമർപ്പിക്കുകയുമാണ് വേണ്ടത്. 2026 ജനുവരി 10 ആണ് അവസാന തീയതി.

സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ ഭാ​ഗമായി ദീർഘവീക്ഷണത്തോടെ രൂപം നൽകിയ ഫ്യൂച്ചർ കേരള മിഷന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോവുക എന്നതും രണ്ടാം ഉച്ചകോടിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. കേരളം നേരിടുന്ന രൂക്ഷമായ പാരിസ്ഥിതിക പ്രശ്നമായ കുളവാഴ നിർമാർജനം ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾക്ക് ‘ഫ്യൂച്ചർ കേരള മിഷൻ’ തുടക്കം കുറിച്ചിരുന്നു. ഈ പദ്ധതികളെല്ലാം നിലവിൽ വിജയകരമായി മുന്നേറുകയാണ്.

ഏഴ് ദിവസം നീണ്ടുനിന്ന ആദ്യ ഉച്ചകോടി, കേരളം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ സംഗമങ്ങളിൽ ഒന്നായിരുന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ ചർച്ച ചെയ്ത വിദഗ്ദ്ധരുടെ ഏറ്റവും വലിയ സംഗമം എന്ന നിലയിൽ ഉച്ചകോടി ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇടം നേടിയിരുന്നു. ഒരു ലക്ഷത്തിലധികം പേർ പങ്കെടുത്ത സമ്മിറ്റിൽ 317 പ്രഭാഷകരും 15-ലധികം ദേശീയ-അന്തർദേശീയ കലാകാരന്മാരും അണിനിരന്നു.

വിജ്ഞാനത്തിനും വിനോദത്തിനും തുല്യപ്രാധാന്യം നൽകിയ ഉച്ചകോടിയിൽ 115-ലധികം സെഷനുകൾ, 50-ലധികം മാസ്റ്റർക്ലാസുകൾ, വർക്ക്‌ഷോപ്പുകൾ എന്നിവ നടന്നു. കൂടാതെ, 50-ലധികം ടെക് മേധാവികൾ പങ്കെടുത്ത സിഇഒ ലോഞ്ചിയോൺ, 30-ലധികം സ്കൂൾ മേധാവികൾ പങ്കെടുത്ത പ്രിൻസിപ്പൽമാരുടെ സമ്മേളനം, 100-ലധികം ഡിജിറ്റൽ ക്രിയേറ്റർമാർ അണിനിരന്ന ഇൻഫ്ലുവൻസർ മീറ്റ്, ഡാൻസ് കൊച്ചി, ഗ്രാഫിറ്റി വാളുകൾ, മിക്സഡ് റിയാലിറ്റി ന്യൂസ് സ്പ്രെഡ് തുടങ്ങി 50-ലധികം പ്രത്യേക പരിപാടികളും അരങ്ങേറി. കേരളത്തിൽ ആദ്യമായി ടെസ്‌ല കാർ എത്തിയതും ആദ്യ പതിപ്പിന്റെ മുഖ്യ ആകർഷണമായിരുന്നു. 1.5 കോടിയിലധികം ഓൺലൈൻ ഇംപ്രഷനുകളും 200-ലധികം ദേശീയ-ആഗോള മാധ്യമ വാർത്തകളും 125 മണിക്കൂറിലധികം വീഡിയോ ഉള്ളടക്കവും സൃഷ്ടിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ ലോഗോ പ്രകാശനം നിർവഹിച്ച ഉച്ചകോടിയുടെ ഭാഗമായി ഏഴോളം ബാൻഡുകളുടെ പ്രകടനവും ക്യാമ്പസിൽ അരങ്ങേറി.

“​സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിപ്പിക്കുന്ന ഒരു മികച്ച വേദിയാണ് സമ്മിറ്റ് ഓഫ് ഫ്യൂച്ചർ. മത്സ്യബന്ധന സമൂഹം നേരിടുന്ന പ്രശ്നങ്ങൾ മുതൽ എഐ, റോബോട്ടിക്സ് പോലുള്ള നൂതന സാങ്കേതികവിദ്യകൾ വരെ ഇവിടെ ചർച്ചയാകും. ഇത് കേവലം ഒരു ഒത്തുചേരൽ അല്ല, മറിച്ച് പങ്കെടുക്കുന്ന ഓരോ വ്യക്തിക്കും ജീവിതത്തിൽ പ്രയോജനപ്പെടുത്താൻ കഴിയുന്ന പുതിയ ആശയങ്ങൾ നൽകുന്ന ഒന്നായി ഈ ഉച്ചകോടി മാറും.” – ഹൈബി ഈഡൻ എം.പി പറഞ്ഞു.

യുവജനങ്ങളും, വലിയ ആശയങ്ങളും, യഥാർത്ഥ മാറ്റങ്ങളും ഒത്തുചേരുന്ന ഒരിടമെന്ന രീതിയിലാണ് സമ്മിറ്റ് ഓഫ് ഫ്യൂച്ചർ വിഭാവനം ചെയ്തതെന്ന് യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ് പറഞ്ഞു. ഒരു ഇവന്റ് എന്നതിലുപരി, പ്രയോജനകരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരിടമാണിത്. ഇതിലൂടെ വിവിധ മേഖലകളെ കോർത്തിണക്കി സുസ്ഥിരവും സുരക്ഷിതവുമായ ഒരു സമൂഹത്തെ വാർത്തെടുക്കുകയാണ് ലക്ഷ്യം. ഇവയെ അടിസ്ഥാനമാക്കിയുള്ള പ്രത്യേക സമ്മിറ്റ് ട്രാക്കുകളും വിജ്ഞാനാധിഷ്ഠിത എന്റർടെയ്മെന്റുകളും രണ്ടാം പതിപ്പിന്റെ മുഖ്യ ആകർഷണമാകുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഐയെ ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രി; പിണറായി ബിനോയ് വിശ്വം കൂടിക്കാഴ്ച ഉച്ചയ്ക്ക്

സിപിഐയെ ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രി; പിണറായി ബിനോയ് വിശ്വം കൂടിക്കാഴ്ച ഉച്ചയ്ക്ക്

ആലപ്പുഴ: പിഎം ശ്രീ വിഷയത്തില്‍ അനുനയനീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ഉച്ചക്ക് മുഖ്യമന്ത്രി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 3.30ന് ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ വച്ചാണ് കൂടിക്കാഴ്ച.

സിപിഎം അടിയന്തര സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മുഖ്യമന്ത്രി ആലപ്പുഴയിലേക്ക് തിരിച്ചു. പിഎം ശ്രീ വിഷയം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. എംഒയു ഒപ്പിടാന്‍ ഇടയായ സാഹചര്യം മുഖ്യമന്ത്രി തന്നെ എല്‍ഡിഎഫ് യോഗത്തില്‍ വിശദീകരിക്കും. പിഎം ശ്രീ കരാര്‍ പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച ചെയ്യാതെ ഒപ്പിടേണ്ടി വന്നതിന്റെ സാഹചര്യം മുഖ്യമന്ത്രി സെക്രട്ടേറിയറ്റില്‍ വിശദീകരിച്ചതായാണ് വിവരം.

സിപിഐയുമായി ചര്‍ച്ച ചെയ്തു കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാവുമെന്നാണ് സിപിഎം നേതൃത്വം പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് സമവായനീക്കം നടത്തുന്നത്. അതേസമയം ആലപ്പുഴയില്‍ പിഎം ശ്രീ വിഷയത്തില്‍ നയപരമായ തീരുമാനം കൈക്കൊള്ളാനായി വിളിച്ചുചേര്‍ത്ത സിപിഐ എക്‌സിക്യൂട്ടീവ് യോഗം ആരംഭിച്ചു. യോഗത്തില്‍ ആശയപരമായും രാഷ്ട്രീയപരമായും ഏറ്റവും ശരിയായ തീരുമാനം കൈക്കൊള്ളുമെന്നും ബിനോയ് വിശ്വം യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് തുലാം പത്ത്; മഴയുത്സവമാക്കി പത്താമുദയം, ഇനി തെയ്യക്കാലം

ഇന്ന് തുലാം പത്ത്; മഴയുത്സവമാക്കി പത്താമുദയം, ഇനി തെയ്യക്കാലം

കണ്ണൂര്‍: ഇന്ന് തുലാം പത്ത്, വടക്കെ മലബാറില്‍ ഇനി തെയ്യക്കാലം. ഇടവപ്പാതിയോടെ നടയടച്ചാണ് തുലാം പത്തെന്ന പത്താമുദയം പതിവായി പിറക്കുക. ഇക്കുറി കനത്ത മഴയുടെ അകമ്പടിയോടെയാണ് വടക്കെ മലബാര്‍ തുലാം പത്തിനെ വരവേറ്റത്. ഇന്ന് മുതല്‍ വടക്കെ മലബാറില്‍ തെയ്യക്കാവുകള്‍ സജീവമാകും.

തെയ്യക്കാവുകളില്‍ പത്താമുദയപൂജ ഒരനുഷ്ഠാനമാണ്. ഇക്കുറിയും ഒന്നിനും ഒരു കുറവുണ്ടായിരുന്നില്ല. പത്താമുദയം വിത്തിടലിന്റെ ദിനമാണ് കൃഷിക്കാര്‍ക്ക് പ്രധാനപ്പെട്ട ഒരു ദിവസം. കന്നി കൊയ്ത്ത് കഴിഞ്ഞുള്ള കാര്‍ഷിക ആഘോഷം. സൂര്യന്‍ ഏറ്റവും ബലവാനായി വരുന്നത് ഈ ദിവസം കൂടിയാണിന്ന്. സൂര്യനെ ആരാധിക്കുന്ന ദിനം. മണ്ണിനോടും കൃഷിയോടും മലയാളിക്കുണ്ടായിരുന്ന മമതയുടെ പ്രതീകം കൂടിയാണ് പത്താമുദയ ആചാരങ്ങള്‍.

ഓരോ കളിയാട്ടവും ഒരു ഉത്സവം എന്നതില്‍ ഉപരി ഒരു ഒത്തുചേരല്‍ കൂടിയാണ്. മുതിര്‍ന്ന തലമുറ മുതല്‍ പിഞ്ചുകുട്ടികള്‍ വരെ ഒന്നിച്ചു കൂടിയിട്ടുള്ള ഭക്ഷണം പാകം ചെയ്യല്‍, പൊട്ടന്‍ തെയ്യത്തിന്റെ മേലേരി ചാടല്‍ വിഷ്ണുമൂര്‍ത്തിക്കുള്ള ഗോവിന്ദ വിളി. വിണ്ണിലെ ദൈവങ്ങള്‍ മണ്ണിലേക്കിറങ്ങുന്ന പുണ്യ മുഹൂര്‍ത്തങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. അള്ളടസ്വരൂപം മുതല്‍ വടക്കിന്റെ തട്ടകമാകെ വ്യാപിച്ചു കിടക്കുന്ന മന്ത്രമൂര്‍ത്തികളുടെയും ഉഗ്രസ്വരൂപിണികളുടെയും ഉറഞ്ഞാട്ടത്തിനുള്ള കാലത്തിനും തുടക്കമാകുന്നു.

പത്താംമുദയത്തിന് കുടുംബത്തിലെ കാരണവരും കാര്‍ണോത്തിയും ചേര്‍ന്ന് സൂര്യനെ കിണ്ടിയും വിളക്കും കാണിക്കുന്ന ചടങ്ങുണ്ട്. തുടര്‍ന്ന് കന്നുകാലികള്‍ക്ക് ഭക്ഷണം നല്‍കുന്ന ചടങ്ങുമുണ്ട്. ഈ ദിവസം വീടുകളില്‍ തെരുവെക്കുക എന്ന ചടങ്ങും നടക്കുന്നു. പത്താമുദയത്തോട് അനുബന്ധിച്ച് പെരളശ്ശേരി സുബ്രഹ്മണ്യ ക്ഷേത്രത്തിലെ വിശേഷ ചടങ്ങുകള്‍ക്ക് ഇക്കുറിയും ഭക്തജന തിരക്കുണ്ടായി. മഴയെ അവഗണിച്ചു കൊണ്ടാണ് ദൂരദേശങ്ങളില്‍ നിന്നു പോലും തീര്‍ത്ഥാടകരെത്തിയത്. ഉച്ചയ്ക്ക് വീടുകളില്‍ പപ്പടവും പായസവും കൂട്ടിയുള്ള സദ്യ ഉണ്ടാവും. പിതൃക്കളെ അനുസ്മരിച്ച ശേഷമായിരിക്കും സദ്യ


വിളമ്പുക.

പൊലീസ് ജീപ്പ് കാനയിലേക്ക് മറിഞ്ഞു; ദിലീപ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് പരിക്ക്

പൊലീസ് ജീപ്പ് കാനയിലേക്ക് മറിഞ്ഞു; ദിലീപ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് പരിക്ക്

തൃശൂര്‍: ദേശീയപാത കുട്ടനെല്ലൂരില്‍ പൊലീസ് വാഹനം നിയന്ത്രണം തെറ്റി കാനയിലേക്ക് മറിഞ്ഞു. എറണാകുളത്തു നിന്നും തൃശൂര്‍ പൊലീസ് അക്കാദമിയിലേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

വാഹനത്തില്‍ ഉണ്ടായിരുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ്, ഡ്രൈവര്‍ പത്മകുമാര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ബൈജു പൗലോസിന്റെ കൈക്ക് പൊട്ടലേറ്റു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടിയെ ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ബൈജു പൗലോസ്.

ഒറ്റയടിക്ക് 840 രൂപ കുറഞ്ഞു; സ്വര്‍ണ വില 92,000ല്‍ താഴെ

ഒറ്റയടിക്ക് 840 രൂപ കുറഞ്ഞു; സ്വര്‍ണ വില 92,000ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. കഴിഞ്ഞ ദിവസം ആയിരത്തോളം രൂപ വര്‍ധിച്ച സ്വര്‍ണവില ഇന്ന് അതേപോലെ തിരിച്ചിറങ്ങി.നിലവില്‍ 92,000ല്‍ താഴെയാണ് സ്വര്‍ണവില.

ഇന്ന് പവന് 840 രൂപയാണ് കുറഞ്ഞത്. 91,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 105 രൂപയാണ് കുറഞ്ഞത്. 11,410 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരിടവേളയ്ക്ക് ശേഷം ശനിയാഴ്ച പവന് ഒറ്റയടിക്ക് 920 രൂപയാണ് വര്‍ധിച്ചത്. ഈ മാസം സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബര്‍ മൂന്നിനായിരുന്നു. അന്ന് 86,560 രൂപയായിരുന്നു വില.

17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണം.

സംസ്ഥാനത്ത് ഇന്നും തീവ്രമഴ തുടരും; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഏഴ് ജില്ലകളില്‍ യെല്ലോ

സംസ്ഥാനത്ത് ഇന്നും തീവ്രമഴ തുടരും; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഏഴ് ജില്ലകളില്‍ യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. തീവ്രമഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ്.

ശക്തമായ മഴ കണക്കിലെടുത്ത് ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം വയനാട് ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് കണക്കൂകൂട്ടുന്നത്. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രതീക്ഷ.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് കണക്കൂകൂട്ടുന്നത്. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രതീക്ഷ.