by Midhun HP News | Oct 13, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നു നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്. നാളെയും മറ്റന്നാളും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും 16-ാം തീയതി പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
കള്ളക്കടൽ ജാഗ്രതാ നിർദേശം
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ (14/10/2025) വൈകുന്നേരം 05.30 മുതൽ 16/10/2025 രാത്രി 11.30 വരെ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ) തീരങ്ങളിൽ 0.8 മുതൽ 1.1 മീറ്റർ വരെയും; കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിൽ 1.0 മുതൽ 1.1 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കേണ്ടതാണ്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
by Midhun HP News | Oct 12, 2025 | Latest News, കേരളം
കൊച്ചി: എറണാകുളം വടക്കന്‍ പറവൂര്‍ നീണ്ടുരില്‍ മൂന്നര വയസുകാരിയുടെ ചെവി തെരുവ് നായ കടിച്ചെടുത്തു. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. വീടിനോട് ചേര്‍ന്ന് കളിക്കുന്നതിനിടെയായിരുന്നു മൂന്നര വയസുകാരി നിഹാരയുടെ ചെവി തെരുവ് നായ കടിച്ചെടുത്തത്. കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു. പേ വിഷബാധയുണ്ടോയെന്ന് സംശയമുണ്ട്. കഴിഞ്ഞ ദിവസം ഗുരുവായൂരിലും സമാനമായ രീതിയില്‍ തെരുവ് നായ ആക്രമണമുണ്ടായിരുന്നു. ഗുരുവായൂര്‍ സ്വദേശി വഹീദയെ ആണ് നായ ആക്രമിച്ചത്. പുല്ല് പറിക്കുന്നതിനിടെയാണ് വീട്ടമ്മയുടെ ചെവി തെരുവുനായ കടിച്ചെടുത്തത്.


by Midhun HP News | Oct 12, 2025 | Latest News, കേരളം
കൊച്ചി: ഓപ്പറേഷൻ നുംഖോറിൽ പിടിച്ചെടുത്ത വാഹനം തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ കസ്റ്റംസിന് അപേക്ഷ നൽകി. വാഹനം താത്കാലികമായി വിട്ട് കിട്ടണമെന്നാണ് ആവശ്യം. പ്രൊവിഷണൽ റിലീസിന് വേണ്ട അപേക്ഷയാണ് നൽകിയത്. അഭിഭാഷകൻ വഴി നേരിട്ടാണ് അപേക്ഷ നൽകിയത്. രേഖകൾ പരിശോധിച്ച് കസ്റ്റംസ് അഡീഷണൽ കമ്മീഷണർ ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
ദുൽഖറിന്റെ അപേക്ഷയിൽ പത്ത് ദിവസത്തിനകം കസ്റ്റംസ് തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് നേരത്തെ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിശദമായ വാദം കേട്ട കോടതി കസ്റ്റംസ് അഡീഷണർ കമ്മീഷണർ ദുൽഖറിന്‍റെ ആവശ്യം പരിഗണിക്കണമെന്ന് ഇടക്കാല ഉത്തരവിടുകയായിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് ലാന്‍ഡ് റോവര്‍ വിട്ടുകിട്ടാന് ദുല്‍ഖര്‍ അപേക്ഷ നല്‍കിയത്.
ഭൂട്ടാനില്‍ നിന്ന് കടത്തി ഇന്ത്യയിലെത്തിച്ച കൂടുതല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് കസ്റ്റംസ്. അന്വേഷണം തുടങ്ങി ഒരു മാസമാകാനിരിക്കെ ആദ്യ ഘട്ടത്തില്‍ കണ്ടെത്തിയ 39 വാഹനങ്ങള്‍ക്കപ്പുറം കൂടുതലായൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കേസില്‍ ഷൈൻ മോട്ടോഴ്സ് ഉടമകള്‍ കോയമ്പത്തൂരിലെ ഇടനില സംഘമാണെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. ഫോറൻസിക് പരിശോധനയ്ക്കായി നല്‍കിയ രേഖകളുടെയും ഇലക്ട്രോണിക് തെളിവുകളുടെയും വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ഇ.ഡി.


by Midhun HP News | Oct 12, 2025 | Latest News, കേരളം
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയിൽ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് പുറത്ത്. സ്വര്‍ണക്കവർച്ചയിലെ ദുരൂഹത വ്യക്തമാക്കുന്ന വിവരങ്ങളാണ് വിജിലന്‍സ് റിപ്പോര്‍ട്ടിലുള്ളത്. ദേവസ്വം ബോർഡിനെ സംശയിച്ചാണ് ദേവസ്വം വിജിലൻസ് റിപ്പോര്‍ട്ട്.
നിയമവിരുദ്ധമായി ഉദ്യോഗസ്ഥർ ചെയ്തത് ദേവസ്വം ബോർഡ് അധികാരികൾ അറിഞ്ഞില്ലെന്ന് കരുതാൻ കഴിയില്ലെന്നും ഉദ്യോഗസ്ഥ താല്പര്യം മാത്രമെന്ന് കാണാൻ കഴിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ദേവസ്വം ബോര്‍ഡിലെ ഉന്നതരിലേക്ക് സംശയം നീളുന്നതാണ് റിപ്പോര്‍ട്ട്. 2019 ലെ ബോർഡ് അധികാരികളുടെ പ്രേരണയോ സമ്മർദ്ദമോ നിർദ്ദേശമോ ഉണ്ടോയെന്ന് സംശയമുണ്ടെന്നും നിയമവിരുദ്ധമായി ഉണ്ണികൃഷ്ണൻ പോറ്റി പുറത്തു കൊണ്ട് പോയി സ്വർണ്ണം പൂശാൻ ഇടയായത് 2019 ലെ ബോർഡിന്‍റെ വീഴ്ചയാണെന്നും ബോർഡിനെതിരെയും തുടർനടപടി വേണമെന്നും ദേവസ്വം വിജിലൻസ് റിപ്പോർട്ടിലുണ്ട്.

അതേസമയം, ശബരിമലയിലെ സ്വർണാപഹരണം സംബന്ധിച്ച് പ്രത്യേക അന്വേഷണസംഘം രജിസ്റ്റര്‍ ചെയ്ത രണ്ടാം കേസിലെ എഫ്ഐആറിൽ ദേവസ്വം ബോര്‍ഡ് അംഗങ്ങളെയും പ്രതിചേര്‍ത്തു. 2019 ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങളെയാണ് എട്ടാം പ്രതിയായി ചേർത്തിരിക്കുന്നത്. ആരുടെയും പേര് എഫ്ഐആറിലില്ല. എ പത്‌മകുമാർ പ്രസിഡന്‍റാായ ഭരണസമിതിയാണ് 2019ൽ ചുമതലയിലുണ്ടായിരുന്നത്. 2019ല്‍ ദേവസ്വം അംഗങ്ങളുടെ അറിവോടുകൂടിയാണ് സ്വര്‍ണ പാളികള്‍ ഇളക്കി എടുത്തെന്നാണ് എഫ്ഐആറിൽ പറയുന്നത്. ബോർഡിന് നഷ്‌ടമുണ്ടാക്കാനായി പ്രതികൾ ഗൂഢാലോചന നടത്തിയെന്നാണ് ദേവസ്വം വിജിലന്‍സിന്‍റെ കണ്ടെത്തൽ. പത്മകുമാർ പ്രസിഡന്‍റായ ബോര്‍ഡിൽ ശങ്കർ ദാസ്, കെ .രാഘവൻ എന്നിവരായിരുന്നു അംഗങ്ങൾ.
ഇതിനിടെ, അന്വേഷണത്തിന്‍റെ ഭാഗമായി ഇഡി പ്രാഥമിക വിവര ശേഖരണം തുടങ്ങി. പ്രത്യേക അന്വേഷണ സംഘം സ്വര്‍ണം കാണാതായ സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ഇഡി നടപടി.

by Midhun HP News | Oct 12, 2025 | Latest News, കേരളം
തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത. ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
തെക്കുകിഴക്കന്‍ അറബിക്കടലിനും അതിനോടു ചേര്‍ന്ന വടക്കന്‍ കേരളതീരത്തിനും മുകളിലായാണ് ചക്രവാതച്ചുഴി നിലനില്‍ക്കുന്നത്. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള- കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളത്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ബുധനാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ കണക്കിലെടുത്ത് കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

by Midhun HP News | Oct 12, 2025 | Latest News, കേരളം
കല്ലമ്പലം: ലോക പാലിയേറ്റീവ് ദിനത്തിൽ കടുവയിൽ സൗഹൃദ
പാലിയേറ്റീവ് കെയർ യൂണിറ്റിലെ സന്നദ്ധ പ്രവർത്തകർ പ്രദേശത്തെ കുടപ്പുരോഗികളുടെ വീടുകൾ സന്ദർശിച്ചു. രോഗികൾക്ക്, ശുചീകരണ സാമഗ്രികൾ, പഴവർഗ കിറ്റുകൾ എന്നിവ അടങ്ങിയ സമ്മാനം വിതരണം ചെയ്തു. സൗഹൃദ പാലിയേറ്റീവ് കെയർ യൂണിറ്റ് നാല് വർഷം പിന്നിടുന്ന ഈ സാഹചര്യത്തിൽ അവരുടെ മേഖലയിൽ 500 ഹോം കെയർ വിസിറ്റുകൾ പൂർത്തിയാക്കിയതായി പാലിയേറ്റീവ് സെക്രട്ടറി ഖാലിദ് പനവിള അറിയിച്ചു.
ഓക്സിജൻ കോൺസെൻട്രേറ്റർ, ബൈപാപ് മെഷീൻ, സക്ഷൻ അപാരറ്റസ്, എയർ ബെഡ്, വീൽ ചെയർ, ബെഡ്, നെബുലൈസർ എന്നീ ഉപകരണങ്ങളും അവശ്യം മരുന്നുകളും പ്രദേശത്തെ അർഹരായ രോഗികൾക്ക് തികച്ചും സൗജന്യമായി നൽകിവരുന്നു.
സൗഹൃദ പാലിയേറ്റീവ് കെയർ ഡോക്ടർ ഷാഹിൻ ഷാനവാസിന്റെ നേതൃത്വത്തിൽ നടത്തിയ ഹോം കെയർ സന്ദർശനത്തിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ നഴ്‌സ് സബീന, സൗഹൃദ പാലിയേറ്റീവ് സന്നദ്ധ പ്രവർത്തകരായ ഹസീന നജീം, സുമിന എന്നിവർ പങ്കെടുത്തു.


Recent Comments