ബി പി എഡ്, ബി പി ഇ എസ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം

ബി പി എഡ്, ബി പി ഇ എസ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം

2025 – 26 അധ്യയന വര്‍ഷത്തെ കാലിക്കറ്റ് സർവകലാശാലാ പഠനവകുപ്പ്, സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളജുകൾ എന്നിവകളിലെ ബി പി എഡ്, ബി പി ഇ എസ്. (ഇന്റഗ്രേറ്റഡ്) പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈൻ രജിസ്ട്രേഷന്‍ ചെയ്യുന്നതിനുള്ള സൗകര്യം ഒക്ടോബർ 10-ന് വൈകീട്ട് അഞ്ച് മണി വരെ ലഭ്യമാകും.

ഒഴിവ് വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‍സൈറ്റില്‍ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് അതത് കോളജ് / സെന്ററുമായി ബന്ധപ്പെടേണ്ടതാണ്.

സംവരണ വിഭാഗങ്ങളിലെ അപേക്ഷകരുടെ അഭാവത്തില്‍ മറ്റ് വിഭാഗക്കാരെയും പരിഗണിക്കും. അപേക്ഷാ ഫീസ്: ജനറല്‍ വിഭാഗത്തിന് 975/- രൂപ., എസ്.സി. / എസ്.ടി. വിഭാഗത്തിന് 615/- രൂപ.

അപേക്ഷകർ സർവകലാശാലാ സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എജ്യൂക്കേഷനില്‍ നിന്നും ലഭിക്കുന്ന നിർദ്ദേശാനുസരണം അപേക്ഷയുടെ പകർപ്പ്, യോഗ്യത തെളിയിക്കുന്ന രേഖകള്‍, ചലാൻ റെസിപ്റ്റ്, സംവരണാനുകൂല്യം ലഭിക്കുന്നവർ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകള്‍, അസല്‍ സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുകള്‍ (കൈവശമുള്ളവര്‍), സ്പോര്‍ട്സ് കിറ്റ്, മെഡിക്കല്‍ സര്‍ട്ടഫിക്കറ്റ് എന്നിവ സഹിതം ഹാജരാവേണ്ടതാണ്.

യോഗ്യതാ പരീക്ഷ, കായിക ക്ഷമതാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/. ഫോണ്‍ : 0494 2407016, 2660600, 2407547 (സെന്റർ ഫോർ ഫിസിക്കൽ എജ്യൂക്കേഷൻ).

തെങ്ങുകയറ്റ തൊഴിലാളി കടന്നൽ കുത്തേറ്റ് മരിച്ചു

തെങ്ങുകയറ്റ തൊഴിലാളി കടന്നൽ കുത്തേറ്റ് മരിച്ചു

നഗരൂർ ഗ്രാമ പഞ്ചായത്തിൽ വെള്ളല്ലൂർ കുറക്കോട്ടുകോണം പാറവിള വീട്ടിൽ ജി. ആനന്ദൻ (64) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം വെള്ളല്ലൂർ സ്വദേശിയുടെ സ്വകാര്യ പുരയിടത്തിൽ നിന്നും തേങ്ങ വെട്ടുവാനായി തെങ്ങിന്റെ മുകളിൽ കയറിയപ്പോൾ തെങ്ങിൽ കൂടു വച്ചിരുന്ന കൂറ്റൻ കടന്നൽ ആനന്ദനെ കൊത്തുകയായിരുന്നു.

തലയിലും, ശരീര ഭാഗങ്ങളിലും കടന്നൽ കൂട്ടമായി ആക്രമിച്ച് കൊത്തുകയായിരുന്നു. ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രക്തത്തിൽ പൂർണ്ണമായും വിഷാംശം കലർന്നതാകാം മരണകാരണമെന്നാണ് ആശുപത്രി അധികാരികൾ പറയുന്നത്. ദരിദ്രവിഭാഗത്തിൽപ്പെട്ട ആനന്ദൻ വർഷങ്ങളായി ഉപജീവനത്തിന് തെങ്ങ് കയറ്റം തൊഴിലായി സ്വീകരിച്ചയാളാണ്. ഭാര്യ: ജാനമ്മ
മക്കൾ: ജയാനന്ദൻ, ജയന്തി

യുപിഐയില്‍ ബയോമെട്രിക് ഓതന്റിക്കേഷന്‍, വരുന്നത് മൂന്ന് വന്‍മാറ്റങ്ങള്‍; അറിയാം ഗുണങ്ങള്‍

യുപിഐയില്‍ ബയോമെട്രിക് ഓതന്റിക്കേഷന്‍, വരുന്നത് മൂന്ന് വന്‍മാറ്റങ്ങള്‍; അറിയാം ഗുണങ്ങള്‍

യുപിഐ ഡിജിറ്റള്‍ പേയ്‌മെന്റ് സിസ്റ്റത്തിലെ ഏറ്റവും വലിയ സുരക്ഷാ അപ്‌ഡേറ്റാണ് ഇന്നലെ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അവതരിപ്പിച്ചത്. യുപിഐ ഇടപാടുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിലവില്‍ പിന്‍ സംവിധാനമാണ് ഉള്ളത്. യുപിഐ ഇടപാടുകളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനായി ബയോമെട്രിക് ഓതന്റിക്കേഷന്‍ അടക്കം മൂന്ന് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍. യുപിഐ വെരിഫിക്കേഷന്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ പുതിയ ഫീച്ചറായ ബയോമെട്രിക് ഓതന്റിക്കേഷന്‍ കൊണ്ടുവന്നത്. ഇതനുസരിച്ച് ഫോണ്‍പേ, ഗൂഗിള്‍പേ, പേടിഎം പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകള്‍ അവരുടെ യുപിഐ ആപ്പുകളില്‍ ഇന്നുമുതല്‍ മാറ്റം വരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നിലവില്‍ യുപിഐ ഇടപാടുകള്‍ അന്തിമമാക്കാന്‍ പിന്‍ ആണ് ഉപയോഗിക്കുന്നത്. പിന്‍ പ്രക്രിയ തുടരുന്നതിനൊപ്പം ഇടപാട് കൂടുതല്‍ വേഗത്തിലും സുരക്ഷിതവുമായി നടത്താന്‍ ബദലായി ഫേഷ്യല്‍, ഫിംഗര്‍പ്രിന്റ് ഓതന്റിക്കേഷന്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് പുതിയ പരിഷ്‌കാരം. ഇന്ത്യയുടെ തിരിച്ചറിയല്‍ സംവിധാനമായ ആധാറിന്റെ പിന്തുണയോടെയാണ് ബയോമെട്രിക് ഓതന്റിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത്. മുംബൈയില്‍ നടന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ് 2025ല്‍ മൂന്ന് പുതിയ ഡിജിറ്റല്‍ പേയ്‌മെന്റ് ഫീച്ചറുകളാണ് അവതരിപ്പിച്ചത്. പേയ്മെന്റുകള്‍ ലളിതവും കൂടുതല്‍ ആക്സസ് ചെയ്യാവുന്നതുമാക്കുന്നതിനായി ധനകാര്യ സേവന വകുപ്പ് സെക്രട്ടറി എം നാഗരാജു ആണ് മൂന്ന് ഫീച്ചറുകളും പ്രഖ്യാപിച്ചത്. യുപിഐ ഇടപാടുകള്‍ക്കുള്ള ഓണ്‍-ഡിവൈസ് ബയോമെട്രിക് ഓതന്റിക്കേഷന്‍, യുപിഐ പിന്‍ സജ്ജീകരിക്കുന്നതിനോ പുനഃസജ്ജമാക്കുന്നതിനോ ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഫെയ്‌സ് റെക്കഗിനേഷന്‍, ബിസിനസ് കറസ്പോണ്ടന്റ് വഴി യുപിഐ ഉപയോഗിച്ച് മൈക്രോ എടിഎമ്മുകള്‍ വഴി പണം പിന്‍വലിക്കല്‍ എന്നിവയാണ് പുതിയ മാറ്റങ്ങള്‍.

യുപിഐ പിന്നിന് പകരം സ്മാര്‍ട്ട്ഫോണിന്റെ ഫിംഗര്‍പ്രിന്റ് അല്ലെങ്കില്‍ ഫെയ്‌സ്് അണ്‍ലോക്ക് ഉപയോഗിച്ച് പേയ്മെന്റുകള്‍ അന്തിമമാക്കാന്‍ ഓണ്‍-ഡിവൈസ് ബയോമെട്രിക് ഓപ്ഷന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. സുരക്ഷിതവും വേഗമേറിയതുമായ ഇടപാടുകള്‍ ഉറപ്പാക്കാന്‍ ക്രിപ്റ്റോഗ്രാഫിക് പരിശോധന ബാങ്കുകള്‍ ഉറപ്പാക്കുന്നു. ഈ സൗകര്യം ഓപ്ഷണലാണ്.

ഡെബിറ്റ് കാര്‍ഡ് വിശദാംശങ്ങളുടെയോ ഒടിപികളുടെയോ ആവശ്യകത ഇല്ലാതെ തന്നെ യുപിഐ പിന്‍ സജ്ജീകരിക്കാനോ പുനഃസജ്ജമാക്കാനോ ഉപയോക്താക്കളെ സഹായിക്കുന്ന തരത്തിലാണ് രണ്ടാമത്തെ ഫീച്ചര്‍.

ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഫെയ്‌സ് റെക്കഗിനേഷന്‍ വഴിയാണ് ഇത് ചെയ്യാന്‍ സാധിക്കുന്നത്. യുഐഡിഎഐയുടെ ഫെയ്‌സ്ആര്‍ഡി ആപ്പ് വഴി ഫേഷ്യല്‍ വെരിഫിക്കേഷന്‍ വഴിയാണ് ഇത് ചെയ്യേണ്ടത്. ഉപയോക്താക്കള്‍ക്ക് ആധാര്‍ ഒടിപി സ്ഥിരീകരണ പ്രക്രിയയ്ക്ക് പകരം ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഫെയ്‌സ്് ഓതന്റിക്കേഷന്‍ വഴി യുപിഐ പിന്‍ മാറ്റാന്‍ കഴിയുന്ന തരത്തിലാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. ആദ്യമായി ഉപയോഗിക്കുന്നവര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഇത് ഏറെ പ്രയോജനം ചെയ്യും. ബിസിനസ് കറസ്പോണ്ടന്റ് വഴി ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് യുപിഐ ആപ്പ് വഴി പണം പിന്‍വലിക്കുന്നതാണ് മൂന്നാമത്തെ ഫീച്ചര്‍. ഗ്രാമപ്രദേശങ്ങളില്‍ ഇത് ഏറെ പ്രയോജനം ചെയ്യും.

ബയോമെട്രിക് ഓതന്റിക്കേഷന്റെ ഗുണങ്ങള്‍

യുപിഐ ആപ്പുകള്‍ക്കായുള്ള പുതിയ ബയോമെട്രിക് ഓതന്റിക്കേഷന്‍ വേഗത്തിലുള്ള പേയ്മെന്റ് പ്രക്രിയ കൊണ്ടുവരും

ബയോമെട്രിക്‌സ് ഉപയോഗിക്കുന്നത് കൂടുതല്‍ സുഗമവും തടസ്സരഹിതവുമായിരിക്കും.

ഇത് പിന്‍ നമ്പറിന് പകരമായിരിക്കും. കൂടാതെ യുപിഐ പിന്‍ മാറ്റുന്നതിനുള്ള ആധാര്‍-ഒടിപി പ്രക്രിയയെയും നീക്കംചെയ്യും.

ഉപയോക്താവിന്റെ ആധാര്‍ ചട്ടക്കൂടുമായി ബന്ധിപ്പിക്കുന്നതിനാല്‍, യുപിഐയുമായി ബന്ധപ്പെട്ട നിരവധി തട്ടിപ്പുകളെയും പിന്‍ നമ്പറുമായി ബന്ധപ്പെട്ട വഞ്ചനയെയും ചെറുക്കാന്‍ ഇത് സഹായിക്കുമെന്ന് എന്‍പിസിഐ ഉറപ്പുനല്‍കുന്നു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടീമിലും ഇല്ല, ഷമിക്ക് ഇനിയൊരു തിരിച്ചുവരവില്ലേ?

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടീമിലും ഇല്ല, ഷമിക്ക് ഇനിയൊരു തിരിച്ചുവരവില്ലേ?

ന്യൂഡല്‍ഹി: ഇന്ത്യയുടെ സൂപ്പര്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ദേശീയ ടീമിലേക്ക് ഇനിയൊരു തിരിച്ചുവരവില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ആഭ്യന്തര ക്രിക്കറ്റിലെ ഷമിയുടെ സമീപകാല പ്രകടനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ താരത്തെ പൂര്‍ണമായും തഴയാനാണ് സാധ്യത. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ടീമില്‍ നിന്നും ഷമി ഒഴിവാക്കപ്പെട്ടിരുന്നു.

2025 മാര്‍ച്ചില്‍ ചാംപ്യന്‍സ് ട്രോഫിയിലാണ് ഷമി അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. പരിക്ക് അലട്ടുന്നതിനാല്‍ ഇതിനിടെ ആഭ്യന്തര ക്രിക്കറ്റ് മാത്രമേ താരം കളിച്ചിട്ടുള്ളൂ, താരത്തിന്റെ മോശം പ്രകടനം കാരണം ബിസിസിഐ സെലക്ടര്‍മാര്‍ക്ക് ഷമി നല്ലൊരു ഓപ്ഷനായി കാണക്കാക്കുന്നില്ല. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ജഴ്‌സിയില്‍ തിരിച്ചെത്തുക 36 കാരനായ താരത്തിന് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ്.

‘ഷമിക്ക് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുക കൂടുതല്‍ ബുദ്ധിമുട്ടാണ്. ദുലീപ് ട്രോഫിയിലും താരത്തിന്റെ മികച്ച പ്രകടനം ഉണ്ടായില്ല. പ്രായം പേസിനെ ബാധിച്ചു. ഐപിഎല്ലില്‍ തുടരാന്‍ ഷമിക്ക് ഇനിയും ധാരാളം ആഭ്യന്തര മത്സരങ്ങള്‍ കളിക്കേണ്ടതുണ്ട്,’ ബിസിസിഐ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. ബംഗാളിനായി രഞ്ജി ട്രോഫി മത്സരങ്ങള്‍ക്ക് കളിക്കാന്‍ ഷമി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഒക്ടോബര്‍ 15 ന് ഉത്തരാഖണ്ഡിനെതിരെയാണ് ബംഗാള്‍ ഈ സീസണിലില്‍ രഞ്ജി ട്രോഫിയില്‍ ഇറങ്ങുക. ‘ആറ്, ഏഴ് ദിവസം മുമ്പ് ഞാന്‍ ഷമിയുമായി സംസാരിച്ചിരുന്നു, അദ്ദേഹം കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതിനാല്‍, രഞ്ജി ഓപ്പണറില്‍ അദ്ദേഹത്തിന്റെ ലഭ്യതയെക്കുറിച്ച് ഞങ്ങള്‍ക്ക് ശുഭാപ്തി വിശ്വാസമുണ്ട്,’ ബംഗാള്‍ മുഖ്യ പരിശീലകന്‍ ലക്ഷ്മി രത്തന്‍ ശുക്ല പറഞ്ഞു.

മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്

മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്

കൊച്ചി: ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ പരിശോധനയ്ക്ക് ഇഡിയും. നടന്മാരായ മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും കൊച്ചിയിലെ വീട്ടില്‍ അടക്കം ഒരേ സമയം 17 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. നടന്മാരായ പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീട്ടിലും റെയ്ഡ് നടക്കുന്നതായാണ് വിവരം.

ഭൂട്ടാനില്‍ നിന്നുള്ള ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് ദുല്‍ഖര്‍ സല്‍മാന്റെ വീട്ടില്‍ അടക്കം കസ്റ്റംസ് പരിശോധന നടത്തിയത്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലേക്ക് വാഹനം എത്തിക്കുന്നവരെ കണ്ടുപിടിക്കാനുള്ള ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി ദുല്‍ഖറിന്റെ അടക്കം വീടു​കളിൽ റെയ്ഡ് നടത്തി കസ്റ്റംസ് നിരവധി വാഹനങ്ങൾ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പരിശോധനയുമായി ഇഡിയും രംഗത്തുവന്നത്. ഭൂട്ടാന്‍ കാര്‍ കടത്തുമായി ബന്ധപ്പെട്ട് വലിയ തോതില്‍ കള്ളപ്പണ ഇടപാടും ജിഎസ്ടി വെട്ടിപ്പും നടന്നിട്ടുണ്ടെന്ന് കസ്റ്റംസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കേന്ദ്ര ഏജന്‍സിയായ ഇഡിയും വിഷയത്തില്‍ ഇടപെട്ടത്.

മമ്മൂട്ടി ഹൗസ് എന്ന് അറിയപ്പെടുന്ന കൊച്ചിയിലെ മമ്മൂട്ടിയുടെ പഴയ വീട്ടില്‍ അടക്കമാണ് ഇഡി റെയ്ഡ്. ഇവിടെയും മമ്മൂട്ടി ഇപ്പോള്‍ താമസിക്കുന്ന കടവന്ത്രയിലെ വീട്ടിലും അടക്കമാണ് പരിശോധന നടക്കുന്നത്. കാര്‍ കടത്തുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ഇഡി പ്രാഥമിക പരിശോധനയും അന്വേഷണവും നടത്തിയിരുന്നു. അന്വേഷണത്തില്‍ കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമായി നിയമവിരുദ്ധമായി ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ എത്തിച്ചതായി കണ്ടെത്തിയിരുന്നു.

എംപരിവാഹന്‍ ആപ്പില്‍ കൃത്രിമം നടത്തിയാണ് കാറുകള്‍ റീരജിസ്റ്റര്‍ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കസ്റ്റംസിന് പരിമിതികളുണ്ട്. കേരളത്തില്‍ മാത്രം 150 ഓളം വാഹനങ്ങള്‍ ഇത്തരത്തില്‍ എത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. എന്നാല്‍ 37 വാഹനങ്ങള്‍ മാത്രമാണ് കസ്റ്റംസിന് പരിശോധിക്കാനായത്. ഇതുമായി ബന്ധപ്പെട്ട് നടന്ന പണമിടപാട് സംബന്ധിച്ച് അന്വേഷിക്കുന്നതിനായാണ് ഇഡി രംഗത്തുവന്നത്. വാഹന രജിസ്‌ട്രേഷന്‍ വിവരങ്ങള്‍, ഇന്‍വോയ്‌സ് അടക്കമുള്ള കാര്യങ്ങളാണ് ഇഡി അന്വേഷിക്കുന്നത്.

‘വിജയ് മല്യ ഭംഗിയായി സ്വര്‍ണം പൂശിയതല്ലേ?, മുരാരി ബാബു എന്നെയും തെറ്റിദ്ധരിപ്പിച്ചു’; തന്ത്രി കണ്ഠര് രാജീവര്

‘വിജയ് മല്യ ഭംഗിയായി സ്വര്‍ണം പൂശിയതല്ലേ?, മുരാരി ബാബു എന്നെയും തെറ്റിദ്ധരിപ്പിച്ചു’; തന്ത്രി കണ്ഠര് രാജീവര്

തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബുവിനെതിരെ തന്ത്രി കണ്ഠര് രാജീവര്. ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണം മങ്ങിയെന്ന് പറഞ്ഞ് മുരാരി ബാബു തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തന്ത്രി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സ്വമേധയാ നല്‍കിയ വിശദീകരണ കുറിപ്പില്‍ പറയുന്നു. കഴിഞ്ഞദിവസം സസ്‌പെന്‍ഷനിലായ മുരാരി ബാബുവിനെതിരെ ഗുരുതര പരാമര്‍ശങ്ങളാണ് കുറിപ്പിലുള്ളത്.

1999ല്‍ വിജയ് മല്യ ഭംഗിയായി സ്വര്‍ണം പൂശിയതാണല്ലോ എന്ന തന്റെ ആവര്‍ത്തിച്ചുള്ള സംശയത്തിന് പിന്നാലെ ഗോള്‍ഡ് സ്മിത്തിന്റെ റിപ്പോര്‍ട്ടുണ്ടെന്ന് പറഞ്ഞാണ് അനുമതി തേടിയത്. നേരിട്ടുള്ള പരിശോധനയില്‍ സ്വര്‍ണപ്പാളി തന്നെയാണല്ലോ എന്നതിന് കാഴ്ചയില്‍ മാത്രമാണെന്നും മുഴുവന്‍ മങ്ങിപ്പോയെന്നുമായിരുന്നു മുരാരി ബാബുവിന്റെ വിശദീകരണം. അയ്യപ്പന്റെ നടയിലെ ഉപവിഗ്രഹങ്ങള്‍ക്ക് മങ്ങലുണ്ടെങ്കില്‍ പരിഹരിക്കട്ടെയെന്ന് കരുതിയാണ് സ്വര്‍ണം പൂശാന്‍ അനുമതി നല്‍കിയത്. സ്വര്‍ണം പൂശിയ ചെമ്പ് പാളിയെന്ന് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നില്ലെന്ന കാര്യം അടുത്തിടെയാണ് അറിഞ്ഞതെന്നും തന്ത്രി പറയുന്നു.

ഉണ്ണികൃഷ്ണന്‍ പോറ്റി നിരവധി തവണ ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ സ്വാമിമാരുമായി തന്റെ മുറിയില്‍ വന്നിട്ടുണ്ട്. ചില പൂജകള്‍ക്കും ഉപദേശം തേടിയിട്ടുണ്ട്. ദ്വാരപാലക ശില്‍പ്പം വീണ്ടും സ്വര്‍ണം പൂശാനുള്ള അനുമതി നല്‍കുന്ന ദിവസം മുരാരി ബാബുവിനൊപ്പം ഉണ്ണികൃഷ്ണന്‍ പോറ്റിയെ കണ്ടിരുന്നതായും തന്ത്രിയുടെ വിശദീകരണത്തില്‍ പറയുന്നു.