കോഴിക്കോട് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം

കോഴിക്കോട് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം

കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ 43കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

രോഗിയുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്നാണ് വിവരം. കോഴിക്കോട്ട് ആറു പേരാണ് ഇതുവരെ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. കോഴിക്കോടിന് പുറമെ, മലപ്പുറം, വയനാട് ജില്ലകളിലും അമീബിക് മസ്തിഷ്‌ക ജ്വരം കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് പല ജില്ലകളിലും അമീബിക് മസ്തിഷ്‌കജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.

എട്ട് മാസം,129.68 കിലോഗ്രാം; ഹൈബ്രിഡ് കഞ്ചാവ് കടത്തിന്റെ ഹബ്ബായി കേരളം

എട്ട് മാസം,129.68 കിലോഗ്രാം; ഹൈബ്രിഡ് കഞ്ചാവ് കടത്തിന്റെ ഹബ്ബായി കേരളം

കൊച്ചി: വിമാനത്താവളങ്ങള്‍ വഴിയുള്ള ഹൈബ്രിഡ് കഞ്ചാവ് കള്ളക്കടത്തിന്റെ ഹബ്ബായി കേരളം. ഈ വര്‍ഷം ഇതുവരെ 129.68 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് ആണ് സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ നിന്ന് പിടിച്ചത്. 2022 മുതല്‍ മൂന്ന് വര്‍ഷത്തിനിടെ ഈ കണക്കില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022 -23 വര്‍ഷത്തില്‍ സംസ്ഥാനത്ത് ഹൈബ്രിഡ് കഞ്ചാവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. 2024-25 കാലത്ത് ഇത് 89.11 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചു. ഈ വര്‍ഷം എട്ട് മാസം പിന്നിടുമ്പോള്‍ മാത്രം കണക്ക് 129.68 കിലോഗ്രാം ആയി ഉയര്‍ന്നു.

പിടിച്ച ഹൈബ്രിഡ് ഹൈബ്രിഡ് / ഹൈഡ്രോപോണിക് കഞ്ചാവിന്റെ കണക്കുകള്‍ മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്നും സംസ്ഥാനത്തേക്ക് കടത്തുന്ന ഇവയുടെ യഥാര്‍ത്ഥ അളവ് വളരെ കൂടുതലാണെന്നും കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ ജിഎസ്ടി (കേരളം, ലക്ഷദ്വീപ്) ചീഫ് കമ്മീഷണര്‍ ഷെയ്ഖ് ഖാദിര്‍ റഹ്മാന്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.

സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തില്‍ നിന്നും 6 ശതമാനമായി കുറയ്ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്വര്‍ണക്കടത്ത് കുറയ്ക്കാന്‍ ഇടയാക്കി. സ്വ‍ർണക്കടത്തിനെ കടത്തിവെട്ടും വിധത്തിലാണ് സംസ്ഥാനത്തേക്കുള്ള ഹൈബ്രിഡ് അല്ലെങ്കില്‍ ഹൈഡ്രോപോണിക് കഞ്ചാവിന്റെ ഇടപാടുകള്‍. ഇത്തരം ലഹരി വസ്തുക്കളുടെ ഉപഭോഗത്തിനും ഇടപാടിനുമുള്ള കേന്ദ്രമായി കേരളം അതിവേഗം മാറുകയാണ്. സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ ഓരോ ആഴ്ചയും രണ്ടോ മൂന്നോ തവണ ഇത്തരം കഞ്ചാവ് പിടിക്കുന്ന നിലയുണ്ട്.

മണ്ണില്ലാതെ അത്യാധുനിക കൃഷി സാഹചര്യങ്ങളിലാണ് ഹൈഡ്രോപോണിക് കഞ്ചാവ് വളര്‍ത്തുന്നത്. സാധാരണ കഞ്ചാവിനെക്കാള്‍ ഇതിന്റെ മയക്കുമരുന്ന് അളവ് 40 ശതമാനം കൂടുതലാണ്. ഏകദേശം ഒരു കോടി രൂപയാണ് ഒരു കിലോ ഹൈഡ്രോപോണിക് കഞ്ചാവിന് അന്താരാഷ്ട്ര വിപണിയില്‍ മൂല്യം. കേരളത്തിന് പുറമെ മുംബൈ പോലുള്ള മറ്റ് പ്രധാന വിമാനത്താവളങ്ങളിലും ഹൈഡ്രോപോണിക് കഞ്ചാവിന്റെ കള്ളക്കടത്ത് വര്‍ദ്ധിച്ചിട്ടുണ്ട്. കള്ളക്കടത്ത് രീതിയിലും മുന്‍കാലങ്ങളെ അപേക്ഷിച്ച് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. നേരത്തെ തായ്ലന്‍ഡില്‍ നിന്നാണ് കഞ്ചാവിന്റെ ഭൂരിഭാഗവും രാജ്യത്തേക്ക് എത്തിയിരുന്നത്. ഇതോടെ തായ്‌ലന്‍ഡ് പോലുള്ള രാജ്യത്തു നിന്നുള്ള വിമാനങ്ങള്‍ സമഗ്രമായി പരിശോധിക്കാന്‍ തുടങ്ങി. ഇതോടെ കള്ളക്കടത്തുകാര്‍ അവരുടെ പ്രവര്‍ത്തനരീതി മാറ്റി. ചില സന്ദര്‍ഭങ്ങളില്‍ ദുബായ് വഴിയും കള്ളക്കടത്ത് വര്‍ധിച്ചതായും ഷെയ്ഖ് ഖാദിര്‍ റഹ്മാന്‍ പറയുന്നു.

ബാഗേജ് പരിശോധിക്കാന്‍ സ്നിഫര്‍ നായ്ക്കള്‍

സംസ്ഥാനത്തേക്ക് കടത്തുന്ന ഹൈബ്രിഡ് കഞ്ചാവിന്റെ അളവ് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് കസ്റ്റംസ്. ഇതിനായി ബാഗേജ് പരിശോധിക്കാന്‍ സ്നിഫര്‍ നായ്ക്കളെ ഉള്‍പ്പെടെ എത്തിക്കാന്‍ ആണ് നീക്കം. കൊച്ചി വിമാനത്താവളത്തില്‍ ഇതിനകം രണ്ട് നായ്ക്കളുണ്ട്, ലോജിസ്റ്റിക്സ് ഡയറക്ടറേറ്റിന് കീഴിലുള്ള കസ്റ്റംസ് കെ9 സ്ഥാപനത്തോട് എട്ട് നായ്ക്കളെ കൂടി നല്‍കാന്‍ കസ്റ്റംസ് വകുപ്പ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. രണ്ട് മാസത്തിനുള്ളില്‍ ഡോഗ് സ്‌ക്വാഡ് പ്രവര്‍ത്തനം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നു. തിരുവനന്തപുരം, കണ്ണൂര്‍, കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിലേക്ക് ഹാന്‍ഡ്ലര്‍മാര്‍ക്കൊപ്പം രണ്ട് നായ്ക്കളെ വീതം വിന്യസിക്കാനാണ് പദ്ധതിയിടുന്നതെന്നും കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ ജിഎസ്ടി ചീഫ് കമ്മീഷണര്‍ ഷെയ്ഖ് ഖാദിര്‍ റഹ്മാന്‍ പറയുന്നു.

ഹരിത കര്‍മസേനയും തൊഴിലുറപ്പ് തൊഴിലാളികളും, പഞ്ചായത്ത് പ്രസിഡന്റിന്റെ സേവ് ദ ഡേറ്റ് വേറെ ലെവല്‍!

ഹരിത കര്‍മസേനയും തൊഴിലുറപ്പ് തൊഴിലാളികളും, പഞ്ചായത്ത് പ്രസിഡന്റിന്റെ സേവ് ദ ഡേറ്റ് വേറെ ലെവല്‍!

തൊടുപുഴ: സേവ് ദ ഡേറ്റില്‍ വെറൈറ്റി ഐഡിയകളാണ് ഓരോരുത്തരും പരീക്ഷിക്കുന്നത്. ഹരിത പഞ്ചായത്തായ ഇരട്ടയാറില്‍ നിന്നാണ് വ്യത്യസ്തമായൊരു സേവ് ദ ഡേറ്റ് വന്നിരിക്കുന്നത്. ഹരിതചട്ടം പാലിച്ചുകൊണ്ടൊരു സേവ് ദ ഡേറ്റ്. പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് വിളയില്‍ നായകനായും പ്രതിശ്രുത വധു ആതിര നായികയായും എത്തുമ്പോള്‍ ഹരിതകര്‍മസേനാംഗങ്ങളും തൊഴിലുറപ്പ് തൊഴിലാളികളും സ്‌കൂളും കുട്ടികളുമൊക്കയായി കഥാപാത്രങ്ങളായി അണിനിരക്കുന്ന ഈ സേവ് ദ ഡേറ്റ് വൈറലായിരിക്കുകയാണ്.

ഇരട്ടയാര്‍ പഞ്ചായത്ത് പരിസരം വൃത്തിയാക്കുന്ന ഹരിതകര്‍മസേനാംഗങ്ങളാണ് വിഡിയോയിലെ ആദ്യ ദൃശ്യങ്ങള്‍. റോഡ് മുറിച്ചുകടന്ന് വരുന്ന പ്രതിശ്രുത വധു ആതിര വഴിയില്‍ കിടന്ന പ്ലാസ്റ്റിക് കുപ്പി എടുത്ത് ബോട്ടില്‍ ബൂത്തിലിടുന്നു. ഇത് കാണുന്ന പഞ്ചായത്ത് പ്രസിഡന്റ്. അവിടെ പ്രണയം പൂവിടുകയായിരുന്നു. കൂലിപ്പണി ചെയ്യുന്നവരേയും, ഹരിത കര്‍മസേന അംഗങ്ങളേയും ഒക്കെ ചേര്‍ത്ത് പിടിക്കുന്ന പഞ്ചായത്ത് പ്രസിഡന്റ്. ഒരു പൊതുപ്രവര്‍ത്തകന്റെ ജീവിതമാണ് പിന്നീടുള്ള ദൃശ്യങ്ങളിലുള്ളത്.

മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ നേട്ടം കൈവരിച്ച പഞ്ചായത്താണ് ഇരട്ടയാര്‍. ആ സന്ദേശം ‘സേവ് ദ ഡേറ്റി’ല്‍ക്കൂടിയും ഉള്‍പ്പെടുത്താന്‍ ആനന്ദും ആതിരയും തീരുമാനിക്കുകയായിരുന്നു. ഒപ്പം പഞ്ചായത്തിന്റെ നേട്ടത്തിനുവേണ്ടി പ്രവര്‍ത്തിച്ചവരെയും കൂട്ടി. സിപിഐ ജില്ലാകമ്മിറ്റിയംഗം, എഐവൈഎഫ് ജില്ലാപ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ ആനന്ദ് വഹിക്കുന്നുണ്ട്. പ്രതി ശ്രുതവധു മേലേചിന്നാര്‍ സ്വദേശി ആതിര ഇടുക്കി ജില്ലാ ആശുപത്രിയിലെ അക്കൗണ്ടന്റാണ്. വ്യാഴാഴ്ച ഇരട്ടയാര്‍ സെയ്ന്റ് തോമസ് ഫൊറോന പള്ളി പാരിഷ് ഹാളിലാണ് വിവാഹം.

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ; വടക്കന്‍ കേരളത്തില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ; വടക്കന്‍ കേരളത്തില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ഒഡിഷ തീരത്തിനു സമീപത്തെ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുകയാണ്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

വ്യാഴാഴ്ചയും വെള്ളിയാഴ്ചയും തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

ആറ്റിങ്ങലിൽ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ആറ്റിങ്ങലിൽ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പതിനെട്ടാം മൈൽ സ്വദേശിനി കീർത്തന (17)യാണ് സ്വന്തം കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൈമനം പോളിടെക്നിക്കിലെ വിദ്യാർത്ഥിനിയാണ് കീർത്തന. ഇന്നലെ വൈകുന്നേരം 3.30 ഓടെയാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. വേണുഗോപാലിന്റെയും അനിതയുടേയും മകളാണ് മരിച്ച കീർത്തന. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ആറ്റിങ്ങൽ പോലിസ് കേസെടുത്തു.

‘ബ്രേക്ക് അപ്പിന് ശേഷം മറ്റെയാളുടെ ഭാവി നശിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്’; റാപ്പര്‍ വേടന് മുന്‍കൂര്‍ ജാമ്യം

‘ബ്രേക്ക് അപ്പിന് ശേഷം മറ്റെയാളുടെ ഭാവി നശിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്’; റാപ്പര്‍ വേടന് മുന്‍കൂര്‍ ജാമ്യം

കൊച്ചിയില്‍ റാപ്പര്‍ വേടന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഓരോ കേസിലെയും സാഹചര്യങ്ങള്‍ വ്യത്യസ്തമാണെന്നും ബ്രേക്ക് അപ്പ് ആയതിന് ശേഷം മറ്റെയാളുടെ ഭാവി നശിപ്പിക്കാന്‍ ശ്രമിക്കാറുണ്ടെന്നും മുന്‍കൂര്‍ ജാമ്യം നിഷേധിച്ചാല്‍ നീതി നിഷേധമാകുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സെപ്റ്റംബര്‍ 9 ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാനും വേടന് നിര്‍ദേശം നല്‍കി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് മുന്‍കൂര്‍ ജാമ്യാപേക്ഷ വിധിച്ചത്.

എറണാകുളം, തൃക്കാക്കര പൊലീസ് ബലാത്സംഗക്കുറ്റം ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് വിധി. 2021-2023 കാലയളവില്‍ വിവിധ ഫ്ളാറ്റുകളില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് വേടനെതിരായ പരാതിയില്‍. വ്യക്തിഹത്യ ചെയ്യാനാണ് പരാതിക്കാരിയുടെ ശ്രമമെന്നും തനിക്കും മാനേജര്‍ക്കും ഭീഷണി സന്ദേശങ്ങള്‍ ലഭിക്കാറുണ്ടെന്നുമാണ് വേടന്റെ വാദം.

ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെയാണ് ബലാത്സംഗമാകുന്നത് എന്നായിരുന്നു പരാതിക്കാരിയോട് ഹെക്കോടതിയുടെ ചോദ്യം. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കരുതെന്നും ഹൈക്കോടതി ആവര്‍ത്തിച്ചിരുന്നു. സുപ്രിംകോടതി വിധിയെ പരാതിക്കാരിയുടെ അഭിഭാഷക വ്യക്തമായി മനസിലാക്കിയിട്ടില്ലെന്നാണ് ഹൈക്കോടതി ഉയര്‍ത്തിയ വിമര്‍ശനം.