സ്‌കൂള്‍ ശാസ്ത്രോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗത്തില്‍നിന്ന് രാഹുലിനെ ഒഴിവാക്കി

സ്‌കൂള്‍ ശാസ്ത്രോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗത്തില്‍നിന്ന് രാഹുലിനെ ഒഴിവാക്കി

തിരുവനന്തപുരം: കേരള സ്‌കൂള്‍ ശാസ്ത്രോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗത്തില്‍നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഒഴിവാക്കി. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി തന്നെയാണ് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയത്. രാഹുലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണു നടപടി.

നവംബര്‍ 7 മുതല്‍ പാലക്കാട്ട് നടക്കുന്ന ശാസ്ത്രോല്‍സവത്തിന്റെ സംഘാടക സമിതി രൂപീകരിക്കാനായി തിങ്കളാഴ്ച പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരാനിരിക്കുന്ന യോഗത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അധ്യക്ഷന്‍ ആയിരുന്നു.

തദ്ദേശമന്ത്രി എംബി.രാജേഷാണ് പരിപാടിയുടെ ഉദ്ഘാടകന്‍. ഇതു സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പ് ക്ഷണക്കത്ത് പുറത്തിറക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് രാഹുലില്‍നിന്ന് ദുരനുഭവം ഉണ്ടായെന്നു ചൂണ്ടിക്കാട്ടി യുവനടി ഉള്‍പ്പെടെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഈ സാഹചര്യത്തില്‍ രാഹുലിനെ അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിവാക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കുകയായിരുന്നു.

യോഗത്തിന്റെ സുഗമമായ നടത്തിപ്പിന് മുന്‍ഗണന നല്‍കുന്നതിനാല്‍ രാഹുല്‍ പങ്കെടുക്കാതെ മാറി നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് ശാസ്‌ത്രോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ചേരുന്നത്. മന്ത്രിമാരായ എം ബി രാജേഷ്, കെ കൃഷ്ണന്‍കുട്ടി, ജില്ലയിലെ എംഎല്‍എമാര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മേധാവികള്‍, പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. എല്ലാ സംഘാടക സമിതി അംഗങ്ങളെയും മറ്റ് ക്ഷണിക്കപ്പെട്ട അതിഥികളെയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും മന്ത്രി അറിയിച്ചു.

രാഹുലിനെതിരെ ഒരു പരാതിയും ഇല്ല, എംഎല്‍എ സ്ഥാനം രാജി വയ്‌ക്കേണ്ടതില്ലെന്ന് ദീപാ ദാസ്മുന്‍ഷി

രാഹുലിനെതിരെ ഒരു പരാതിയും ഇല്ല, എംഎല്‍എ സ്ഥാനം രാജി വയ്‌ക്കേണ്ടതില്ലെന്ന് ദീപാ ദാസ്മുന്‍ഷി

തൃശൂര്‍: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ രാജിവെച്ചതാണ്, സ്ഥാനത്തുനിന്ന് നീക്കിയതല്ലെന്നും രാഹുലിനെതിരെ ഒരു പരാതിയും പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ലെന്നും ദിപാ ദാസ് മുന്‍ഷി പറഞ്ഞു.

എംഎല്‍എ സ്ഥാനത്തുനിന്ന് രാഹുല്‍ മാറേണ്ട കാര്യമില്ല. അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ട നേതാവാണ്. പ്രതിപക്ഷം രാജി ആവശ്യപ്പെടുമ്പോള്‍ സ്വന്തം പാര്‍ട്ടിയിലെ കാര്യങ്ങള്‍ കൂടി കാണണമെന്നും ദീപാ ദാസ് മുന്‍ഷി.

പാര്‍ട്ടി അന്വേഷണം ഇല്ല. രാഹുല്‍ വിഷയം അടഞ്ഞ അധ്യായമാണെന്നും പരാതി ഇല്ലാത്തതിനാല്‍ പാര്‍ട്ടി അന്വേഷണം നടത്തേണ്ട കാര്യമില്ലെന്നും ദിപാ ദാസ് മുന്‍ഷി പറഞ്ഞു.

ആള്‍ത്താമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിലേക്കുള്ള ഓടയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

ആള്‍ത്താമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിലേക്കുള്ള ഓടയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

കോതമംഗലം: കോതമംഗലം ഊന്നുകല്ലില്‍ ആള്‍ത്താമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിലേക്കുള്ള ഓടയില്‍ സ്ത്രീയുടെ മൃതദേഹം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. കുറുപ്പംപടി സ്വദേശി വൈദികന്റെ ഉടമസ്ഥതയിലുള്ളതാണ് ഇരുനില വീടും മുന്‍പിലുള്ള ഹോട്ടലും. ഹോട്ടല്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.

ദേശീയപാതയുടെ അരികില്‍ മൃഗാശുപത്രിക്കു സമീപമുള്ള വീടിന്റെ വര്‍ക്ക് ഏരിയയോടു ചേര്‍ന്നുള്ള ഓടയുടെ മാന്‍ഹോള്‍ വഴിയാണു മൃതദേഹം തിരുകിക്കയറ്റിയത്. വൈദികന്‍ വെള്ളിയാഴ്ച വീട്ടിലെത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. പരിസരത്ത് ദുര്‍ഗന്ധം വമിക്കുന്ന കാര്യം അദ്ദേഹം പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണു മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച വൈദികന്‍ എത്തിയപ്പോള്‍ വര്‍ക്ക് ഏരിയയുടെ ഗ്രില്ല് തകര്‍ന്നതും തറയില്‍ രക്തക്കറയും കണ്ടു. മോഷണശ്രമമെന്നു കരുതി പൊലീസില്‍ അറിയിച്ചിരുന്നു. അന്നു പൊലീസും ഫൊറന്‍സിക് സംഘവും പരിശോധന നടത്തിയതാണ്.

ഉച്ചയോടെ കണ്ടെത്തിയ മൃതദേഹം നടപടികള്‍ക്കു ശേഷം വൈകിട്ട് ആറോടെയാണ് ഓടയുടെ സ്ലാബ് നീക്കി പുറത്തെടുത്തത്. 60 വയസ്സ് തോന്നിക്കുന്ന സ്ത്രീയുടെ അഴുകിയ നിലയിലുള്ള മൃതദേഹത്തില്‍ വസ്ത്രവും ആഭരണങ്ങളും ഉണ്ടായിരുന്നില്ല. ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി രാത്രി മൃതദേഹം എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. സംഭവം കൊലപാതകമാണെന്നു പൊലീസ് സ്ഥിരീകരിച്ചു. വേങ്ങൂര്‍ സ്വദേശിനിയെ (61) കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കാണാതായതായി കുറുപ്പംപടി പൊലീസ് സ്റ്റേഷനില്‍ പരാതിയുണ്ട്. ഇവരുടെ ബന്ധുക്കളെ എത്തിച്ചെങ്കിലും മൃതദേഹം അഴുകിയ നിലയിലായതിനാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

പള്ളിക്കൽ മടവൂരിൽ എടിഎമ്മിൽ പണമെടുക്കാനെത്തിയ 16കാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

പള്ളിക്കൽ മടവൂരിൽ എടിഎമ്മിൽ പണമെടുക്കാനെത്തിയ 16കാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

പള്ളിക്കൽ: മടവൂരിൽ എടിഎമ്മിൽ പണമെടുക്കാനെത്തിയ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. മയ്യനാട് സ്വദേശി അനിരുദ്ധനെയാണ് പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ എട്ടു മണിക്കാണ് സംഭവം. എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്.മടവൂർ ജംഗ്ഷനിലുള്ള സ്വകാര്യ ബാങ്കിന്റെ എടിഎമ്മിൽ പണമെടുക്കാൻ എത്തിയതായിരുന്നു പെൺകുട്ടി.

കുട്ടി എടിഎമ്മിലേക്ക് കയറവേ അകത്തുണ്ടായിരുന്ന പ്രതി, അവിടെ പണമില്ലെന്ന് പറഞ്ഞ് കുട്ടിയെ അടുത്തുള്ള എസ്ബിഐ എടിഎമ്മിലേക്ക് കൂട്ടിക്കൊണ്ടുപോയി. എടിഎമ്മിൽ കയറിയ പ്രതി മെഷീനിൽ കാർഡ് ഇട്ട ശേഷം പെൺകുട്ടിയോട് ഭാഷ തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു. കുട്ടി മെഷീനിൽ ബട്ടൻ അമർത്തുന്നതിനിടെ ഇയാൾ പിറകിലൂടെ വന്ന് ലൈംഗികാതിക്രമം നടത്തി. പെട്ടെന്ന് കുതറി ഓടിയ പെൺകുട്ടി വിവരം മാതാവിനോട് പറയുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത പള്ളിക്കൽ പൊലീസ് എടിഎമ്മിലെ സിസിടിവി പരിശോധിച്ച് പ്രതിയാരാണെന്ന് വ്യക്തത നേടി. അതിക്രമത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കഴിഞ്ഞ ദിവസം രാത്രിയോടെ പൊലീസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വെഞ്ഞാറമൂട് സപ്ലൈകോ ഗോഡൗണിൽ നിന്നും അരികടത്ത്.. ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു

വെഞ്ഞാറമൂട് സപ്ലൈകോ ഗോഡൗണിൽ നിന്നും അരികടത്ത്.. ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു

വെഞ്ഞാറമൂട് സപ്ലൈകോ ഗോഡൗണിൽ നിന്നും കഴിഞ്ഞ ചൊവ്വാഴ്ച അരി കടത്തിയ സംഭവത്തിൽ ഡിപ്പോയിലെ ചാർജ്ജുള്ള സീനിയർ അസിസ്റ്റന്റ് പേരൂർക്കട സ്വദേശി ധർമ്മ ചന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. ഡിപ്പോയിൽ നിന്നും റേഷനരി ഒരു സ്വകാര്യ വാഹനത്തിൽ കടത്താൻ ശ്രമിക്കവേ നാട്ടുകാരും യൂണിയൻ തൊഴിലാളികളും ചേർന്ന് തടഞ്ഞിടുകയായിരുന്നു. ഈ സംഭവത്തിൽ ഡിപ്പോയിലെ ചുമതലക്കാരനായ ധർമ്മചന്ദ്രനെ തിരുവനന്തപുരത്ത് നിന്നും പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എന്നാൽ റേഷനരി ആർക്കുവേണ്ടിയാണ് കടത്തിയതെന്നോ സംഭവത്തിൽ ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ട് എന്നോ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

കൊല്ലം ഓയൂരിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

കൊല്ലം ഓയൂരിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

കൊല്ലം: കൊല്ലം ഓയൂരിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചാണ് അപകടമുണ്ടായത്. റോഡുവിള സ്വദേശി മുഹമ്മദ്‌ അലി (23), കരിങ്ങന്നൂർ സ്വദേശി അമ്പാടി സുരേഷ് (23) എന്നിവരാണ് മരിച്ചത്. രാത്രി 11.30 യോടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവാക്കളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാറിൽ ഇവരുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അഹ്സന് ​​ഗുതുതരമായി പരിക്കേറ്റു. ഇയാളെ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.