പന്ത്രണ്ട് ദിവസത്തെ ഇടിവിന് വിരാമം, ഫസ്റ്റ് ഗിയറിലിട്ട് കുതിച്ച് സ്വര്‍ണവില

പന്ത്രണ്ട് ദിവസത്തെ ഇടിവിന് വിരാമം, ഫസ്റ്റ് ഗിയറിലിട്ട് കുതിച്ച് സ്വര്‍ണവില

കൊച്ചി: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. എട്ടാം തീയതിക്ക് ശേഷമുള്ള ദിവസങ്ങളില്‍ 2300 രൂപ ഇടിഞ്ഞ സ്വര്‍ണവില ഇന്ന് 400 രൂപയാണ് വര്‍ധിച്ചത്. 73,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 9230 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഈ മാസം ഒന്‍പതാം തീയതി മുതലാണ് ഇടിവ് രേഖപ്പെടുത്താന്‍ തുടങ്ങിയത്. എട്ടിന് രേഖപ്പെടുത്തിയ 75,760 രൂപയാണ് റെക്കോര്‍ഡ് ഉയരം. പിന്നീടുള്ള ദിവസങ്ങളില്‍ വില കുറഞ്ഞതല്ലാതെ വര്‍ധന ഉണ്ടായിട്ടില്ല. പന്ത്രണ്ട് ദിവസത്തിനിടെ 2300 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില ഉയര്‍ന്നത്.

ഈ മാസാദ്യം 73,200 രൂപയായിരുന്നു സ്വര്‍ണവില. ഒരാഴ്ചയ്ക്കിടെ 2500 രൂപയിലധികം വര്‍ധിച്ച ശേഷമാണ് 9-ാം തീയതി മുതല്‍ കുറയാന്‍ തുടങ്ങിയത്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക തീരുവ വര്‍ധിപ്പിച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

മകളുടെ കൈ പിടിച്ച് മണ്ഡപത്തിലേക്ക്; ആര്യയും സിബിനും വിവാഹിതരായി

മകളുടെ കൈ പിടിച്ച് മണ്ഡപത്തിലേക്ക്; ആര്യയും സിബിനും വിവാഹിതരായി

നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. കൊറിയോ​ഗ്രഫറും ഡിജെയുമായ സിബിൻ ബെഞ്ചമിനാണ് വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങൾ ആര്യ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ‘സ്നേഹം നിറഞ്ഞ ദിവസം, ഒരു ജീവിതകാലത്തേക്ക്’- എന്ന ക്യാപ്ഷനോടെയാണ് ആര്യ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

താരങ്ങളടക്കം നിരവധി പേരാണ് നവദമ്പതികൾക്ക് വിവാഹമം​ഗളാശംസകൾ നേർന്നിരിക്കുന്നത്. പ്രിയ മണി, ഷംന കാസിം, അശ്വതി ശ്രീകാന്ത്, അര്‍ച്ചന സുശീലന്‍ തുടങ്ങി നിരവധി പേരാണ് ആശംസകൾ അറിയിച്ചത്. മകൾ ഖുഷിയുടെ കൈ പിടിച്ചാണ് ആര്യ വിവാഹ വേദിയിലെത്തിയത്.

നിറ ചിരിയോടെ ആര്യയ്ക്കും സിബിനുമരികിൽ നിൽക്കുന്ന ഖുഷിയെ ചിത്രങ്ങളിൽ കാണാം. ഇക്കഴിഞ്ഞ മേയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വര്‍ഷങ്ങളായി ആര്യയുടെ അടുത്ത സുഹൃത്താണ് സിബിന്‍. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ആര്യയ്ക്ക് ആദ്യ വിവാഹത്തില്‍ പിറന്ന മകളാണ് ഖുഷി. സിബിനും ആദ്യ വിവാഹത്തില്‍ ഒരു മകനുണ്ട്.

എം.എസ് സി ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി കോഴ്സ് പഠിക്കാം

എം.എസ് സി ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി കോഴ്സ് പഠിക്കാം

കാലിക്കറ്റ് സർവകലാശാലാ സ്കൂൾ ഓഫ് ഹെൽത് സയൻസസിൽ എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി പ്രോഗ്രാമിന് എൻ.ആർ.ഐ. ക്വാട്ടയിൽ രണ്ട് സീറ്റൊഴിവുണ്ട്. യോഗ്യത : ബി.എസ് സി. ഫുഡ് ടെക്‌നോളജി / ബി.വോക്. ഫുഡ് സയൻസ്.

താത്പര്യമുള്ളവർ ആഗസ്റ്റ് 21-ന് വൈകീട്ട് നാലു മണിക്ക് മുൻപായി നേരിട്ടോ dshs@uoc.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്കോ പാസ്പോട്ട്, വിസ, ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട്, അസൽ ചലാൻ, എസ്.എസ്.എൽ.സി, പ്ലസ്‌ടു, ബിരുദ മാർക്ക് ലിസ്റ്റ് / സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8089841996.

ഭക്ഷണത്തിന്റെ ഗുണനിലവാരം, സുരക്ഷ, പ്രോസസ്സിംഗ് സാങ്കേതിക വിദ്യകൾ തുടങ്ങിയ കാര്യങ്ങൾ എം.എസ്.സി ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി കോഴ്‌സുകളിലൂടെ പഠിക്കാം.

ഭക്ഷ്യ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന ഫാക്ടറികൾ, ഗവേഷണ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ലഭിക്കും. വിദേശ്യ രാജ്യങ്ങളിലെ ഭക്ഷ്യ വ്യവസായ മേഖലയിലും എം.എസ്.സി ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി ബിരുദധാരികൾക്ക് മികച്ച അവസരങ്ങൾ ആണ് ഉള്ളത്.

ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം; മലപ്പുറം സ്വദേശിയായ 11 കാരി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം; മലപ്പുറം സ്വദേശിയായ 11 കാരി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

മലപ്പുറം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസ്സുള്ള കുട്ടിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കടുത്ത പനിയെത്തുടര്‍ന്ന് ഇന്നലെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ മൈക്രോ ബയോളജി ലാബില്‍ നടത്തിയ സ്രവ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് സ്ഥിരീകരിച്ചത്. കുട്ടിക്ക് എങ്ങനെയാണ് രോഗം ബാധിച്ചത് എന്നതടക്കമുള്ള പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിലവില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച രണ്ടുപേരാണ് ചികിത്സയിലുള്ളത്. ഇതില്‍ മൂന്നു മാസം പ്രായമുള്ള കുട്ടിയും ഉള്‍പ്പെടുന്നു. അതീവഗുരുതരാവസ്ഥയിലുള്ള കുട്ടി അതിതീവ്ര പരിചരണ വിഭാഗത്തിലാണ് ചികിത്സയിലുള്ളത്. അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളോടെ ഒരു 49 കാരനെക്കൂടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

തൊടുപുഴ: മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. ഇടുക്കി രാജാക്കാട് സ്വദേശി വെട്ടികുളം വീട്ടില്‍ മധു (57) ആണ് മരിച്ചത്. ഈ മാസം 14 ന് രാത്രി ഏഴ് മണിയോടെയാണ് മകന്‍ സുധീഷ് മദ്യലഹരിയില്‍ അമ്മയെയും അച്ഛനെയും മര്‍ദിച്ചത്.

മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മധു ഇന്ന് രാവിലെയാണ് മരിച്ചത്. മദ്യപിച്ചെത്തിയ സുധീഷ് അമ്മയെ മര്‍ദിക്കുന്നത് കണ്ട പിതാവ് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സുധിഷ് അച്ഛന്‍ മധുവിനെ മര്‍ദിച്ചത്.

മര്‍ദനമേറ്റ് അവശനിലയില്‍ റോഡില്‍ കിടന്നിരുന്ന മധുവിനെ പ്രദേശവാസികള്‍ ചേര്‍ന്ന് ആദ്യം രാജാക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് തൊടുപുഴയിലേക്ക് കൊണ്ടുപോവുകയായിരുന്നു. സുധിഷ് നിലവില്‍ റിമാന്‍ഡിലാണ്.

ന്യൂനമര്‍ദ്ദ പാത്തി: അടുത്ത നാലുദിവസം കൂടി മഴ, ജാഗ്രത

ന്യൂനമര്‍ദ്ദ പാത്തി: അടുത്ത നാലുദിവസം കൂടി മഴ, ജാഗ്രത

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെയും ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലുദിവസം കൂടി മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നേരിയ/ ഇടത്തരം മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. എവിടെയും ശക്തമായ മഴയ്ക്കുള്ള സാധ്യത ഇല്ലാത്തതിനാല്‍ ഈ ദിവസങ്ങളില്‍ ഒരു ജില്ലയിലും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അലര്‍ട്ട് ഇല്ല.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യുനമര്‍ദ്ദം ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി നിലക്കൊള്ളുകയാണ്. അറബിക്കടലില്‍ തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെയാണ് ന്യുനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നത്. ഇതിന്റെ സ്വാധീനഫലമായാണ് വരുംദിവസങ്ങളിലും മഴ ലഭിക്കുക എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കര്‍ണാടക തീരത്ത് ഇന്നും (20/08/2025) ലക്ഷദ്വീപ് പ്രദേശത്ത് (21/08/2025 & 22/08/2025) തീയതികളിലും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.