വിഡി സതീശന്റെ പത്രിക സ്വീകരിച്ചു; എല്‍ഡിഎഫ്-എന്‍ഡിഎ പരാതി തള്ളി

വിഡി സതീശന്റെ പത്രിക സ്വീകരിച്ചു; എല്‍ഡിഎഫ്-എന്‍ഡിഎ പരാതി തള്ളി

കൊച്ചി: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നാമനിര്‍ദേശ പത്രികയ്ക്കെതിരായ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. യഥാര്‍ഥ വരുമാനം കാണിച്ചില്ലെന്ന് ആരോപിച്ച് എല്‍ഡിഎഫും എന്‍ഡിഎയുമാണ് പരാതി നല്‍കിയത്. നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധനയ്ക്ക് മുമ്പാണ് പറവൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ടൈസണ്‍ മാസ്റ്ററും എന്‍ഡിഎയും പരാതി നല്‍കിയത്. സൂക്ഷ്മ പരിശോധനയ്‌ക്കൊടുവിലാണ് വിഡി സതീശന്റെ പത്രിക അംഗീകരിച്ചത്.

അഭിഭാഷകനായ വിഡി സതീശന്റെ വരുമാനത്തിന്റെ യഥാര്‍ഥ സ്രോതസ് കാണിച്ചില്ല, ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനത്തിന്റെ പിഴ അടച്ചതിന്റെ കുടിശികയുടെയും വിവരങ്ങള്‍ കാണിച്ചില്ല, കൈവശമുള്ള സ്വര്‍ണത്തിന്റെ മൂല്യം പത്രികയില്‍ കാണിച്ചില്ല എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു പരാതി.

അതേസമയം, വിഡി സതീശന്റെ അപരസ്ഥാനാര്‍ഥി കെബി സതീശന്റെ പത്രിക സ്വീകരിച്ചു. കെബി സതീശന്റെ പത്രികയ്‌ക്കെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. പോക്‌സോ കേസ് പ്രതിയായതിനാല്‍ കെസി സതീശന്റെ പത്രിക തള്ളണമെന്നായിരുന്നു കോണ്‍ഗ്രസ് വാദം.

ഗുരുവായൂരില്‍ ഏപ്രില്‍ രണ്ടിനും മൂന്നിനും നാലമ്പല പ്രവേശന നിയന്ത്രണം; വിശദാംശങ്ങള്‍

ഗുരുവായൂരില്‍ ഏപ്രില്‍ രണ്ടിനും മൂന്നിനും നാലമ്പല പ്രവേശന നിയന്ത്രണം; വിശദാംശങ്ങള്‍

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ രണ്ടിനും മൂന്നിനും നാലമ്പല പ്രവേശനത്തിന് നിയന്ത്രണം. ഗുരുവായൂരപ്പന് ശുദ്ധി, ശ്രീഭൂതബലി ചടങ്ങുകള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അന്നേ ദിവസങ്ങളില്‍ വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം അത്താഴപൂജ കഴിയുന്നതുവരെ നാലമ്പലത്തില്‍ ഭക്തര്‍ക്ക് പ്രവേശനമുണ്ടായിരിക്കുന്നതല്ലെന്ന് ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു. ഉപദേവശുദ്ധി ചടങ്ങുകള്‍ ഏപ്രില്‍ 4,5,6 തീയതികളില്‍ നടക്കും.

എവിടെയെങ്കിലും ഉറച്ചുനില്‍ക്ക്!; ഉച്ചയോടെ ഒറ്റയടിക്ക് 1880 രൂപ വര്‍ധിച്ചു, സ്വര്‍ണവില 1,05,000ലേക്ക്

എവിടെയെങ്കിലും ഉറച്ചുനില്‍ക്ക്!; ഉച്ചയോടെ ഒറ്റയടിക്ക് 1880 രൂപ വര്‍ധിച്ചു, സ്വര്‍ണവില 1,05,000ലേക്ക്

കൊച്ചി: ആഗോള വിപണിയില്‍ എണ്ണ വില കുറഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനത്ത് തിരിച്ചുകയറി വീണ്ടും ഒരു ലക്ഷത്തിന് മുകളിലെത്തിയ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. രാവിലെ പവന് ഒറ്റയടിക്ക് 2160 രൂപയാണ് കുറഞ്ഞത്. എന്നാല്‍ ഉച്ചയോടെ തിരിച്ചുകയറുകയായിരുന്നു. 1880 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,04,800 രൂപയായി ഉയര്‍ന്നു. ഗ്രാമിന് ആനുപാതികമായി 235 രൂപയാണ് വര്‍ധിച്ചത്. 13,100 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

മാസങ്ങള്‍ക്ക് ശേഷം ഇന്നലെ ഒരു ലക്ഷത്തിന് താഴെയെത്തിയ സ്വര്‍ണവില വൈകിട്ടോടെയാണ് തിരിച്ച് ഒരു ലക്ഷത്തിന് മുകളില്‍ എത്തിയത്. തുടര്‍ന്ന് രാത്രിയോടെ വീണ്ടും ഉയര്‍ന്ന് 1,05,000ന് മുകളില്‍ എത്തി. ഇന്നലെ വലിയ തോതിലുള്ള ചാഞ്ചാട്ടമാണ് വിപണിയില്‍ ദൃശ്യമായത്. രാവിലെയും ഉച്ചയ്ക്കുമായി ഏഴായിരത്തിലധികം രൂപ ഇടിഞ്ഞ ശേഷമാണ് സ്വര്‍ണവില തിരിച്ചുകയറിയത്. തുടര്‍ന്ന് ഇന്ന് രാവിലെ വില കുറയുകയായിരുന്നു.

യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാനുമായി ചര്‍ച്ച നടത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളെ തുടര്‍ന്ന് എണ്ണവില 15 ശതമാനം ഇടിഞ്ഞതിന് പിന്നാലെയാണ് സ്വര്‍ണവില തിരിച്ചുകയറിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ഊര്‍ജ്ജ പ്രതിസന്ധി രൂക്ഷമാക്കി എണ്ണവില ബാരലിന് 110 ഡോളര്‍ കടന്നും കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇതിന്റെ പ്രതിഫലനമെന്നോണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില താഴ്ന്നത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതാണ് സ്വര്‍ണവില ഒരു ലക്ഷം കടന്നു കുതിക്കാന്‍ കാരണം. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവില്‍ ലഹരിവില്‍പ്പന; മയക്കുമരുന്നുമായി യുവതി പിടിയില്‍

ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവില്‍ ലഹരിവില്‍പ്പന; മയക്കുമരുന്നുമായി യുവതി പിടിയില്‍

തൃശൂര്‍: ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവില്‍ ലഹരിവില്‍പ്പന നടത്തിയ യുവതി പിടിയില്‍. തൃപ്രയാറിലെ ജിംനേഷ്യത്തില്‍ ജോലി ചെയ്ത് വരുന്ന പെരിങ്ങോട്ടുകര താന്ന്യം സ്വദേശി ചിറയത്ത് വീട്ടില്‍ ശ്രീലക്ഷ്മി (30) ആണ് അറസ്റ്റിലായത്. വന്‍തോതില്‍ ലഹരിമരുന്ന് വില്‍പന നടത്തിയിരുന്ന യുവതിയെ തൃശ്ശൂര്‍ റൂറല്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.

ഇവരില്‍ നിന്ന് 2.270 കിലോഗ്രാം ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു. കൂടാതെ മയക്ക് മരുന്ന് വില്‍പ്പന നടത്തി അനധികൃതമായി സമ്പാദിച്ച 90500/ രൂപയും, ഹാഷിഷ് ഓയില്‍ ചില്ലറ വില്‍പ്പന നടത്താനായി ഉപയോഗിക്കുന്ന് 50 ഒഴിഞ്ഞ ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകളും പിടിച്ചെടുത്തു.

കരയാമുട്ടം സൊസൈറ്റിക്ക് സമീപമുള്ള വാടകവീട്ടില്‍ വെച്ചാണ് തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും വലപ്പാട് പൊലീസും ചേര്‍ന്ന് പ്രതിയെ പിടികൂടിയത്.

തീരദേശ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നതായി ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരി ഉപയോഗിക്കുന്ന കുട്ടികളെ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ലഹരിയുടെ ഉറവിടം കണ്ടെത്തിയത്. പൊലീസ്-എക്‌സൈസ് പരിശോധനകള്‍ ഒഴിവാക്കാന്‍ അതീവ ജാഗ്രതയോടെയായിരുന്നു ഇവരുടെ ഇടപാടുകള്‍. ഇവരുടെ വിശ്വസ്തരായ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഇവര്‍ ലഹരിമരുന്ന് കൈമാറിയിരുന്നത്.

യുവതിക്ക് മയക്ക് മരുന്ന് എത്തിച്ച് നല്‍കിയയാളെക്കുറിച്ചുള്ള നിര്‍ണ്ണായകവിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നും അന്വേഷിച്ചുവരികയാണ്. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാര്‍ ഐ പി എസ് ന്റെ നേതൃത്വത്തില്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി അബ്ദുല്‍ സലാം, വാടാനപ്പള്ളി ഐഎസ്എച്ച്ഒ മാത്യു, വലപ്പാട് എസ്‌ഐ എബിന്‍, ഡാന്‍സാഫ് എസ്‌ഐമാരായ സി ആര്‍ പ്രദീപ്, ഷൈന്‍, എഎസ്‌ഐ ലിജു ഇയ്യാനി, എസസിപിഒ ബിജു, സിപിഒമാരായ നിഷാന്ത്, സുര്‍ജിത്ത് സാഗര്‍, വലപ്പാട് സ്റ്റേഷനിലെ എസ്‌ഐ ഉണ്ണി, സിയാദ്, സൈനുദ്ദീന്‍, സിപിഒ ശാലീന എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നൽകിയ പരാതി തള്ളി

രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നൽകിയ പരാതി തള്ളി

പത്രികയിൽ ബംഗളൂരുവിലെ വീടിൻ്റെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കാണിച്ച് യുഡിഎഫ് സ്ഥാനാർഥി കെ.എസ്.ശബരിനാഥൻ പരാതി നൽകുകയാ യിരുന്നു. സൂക്ഷ്മപരിശോധനയ്ക്കിടെ പത്രിക മാറ്റിവയ്ക്കുകയായിരുന്നു. പിന്നീട് വരണാധികാരി യുഡിഎഫിൻ്റെ പരാതി തള്ളുകയായിരുന്നു. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി വ്യക്തമാക്കി. ബംഗളൂരുവിലെ വസ്തുവിന് കരമടച്ചതിൻ്റെ രേഖകൾ സഹിതമാണ് കോൺഗ്രസ് പരാതി ഉന്നയിച്ചിരുന്നത്.

ബംഗളൂരുവിലെ 200 കോടി രൂപ വിലവരുന്ന ഈ വീടിൻ്റെ വിവരങ്ങൾ രാജീവ് ച ന്ദ്രശേഖർ പത്രികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് കോൺഗ്രസിൻ്റെ പരാതി.

ഇരുന്നൂറ് കിലോ തുണി പുഴുങ്ങി ഉണക്കിയെടുത്തു, കൈപ്പന്തങ്ങള്‍ റെഡി; പൂരാവേശത്തില്‍ ആറാട്ടുപുഴ

ഇരുന്നൂറ് കിലോ തുണി പുഴുങ്ങി ഉണക്കിയെടുത്തു, കൈപ്പന്തങ്ങള്‍ റെഡി; പൂരാവേശത്തില്‍ ആറാട്ടുപുഴ

തൃശൂര്‍: ആറാട്ടുപുഴ പൂരത്തിനുള്ള കൈപ്പന്തങ്ങള്‍ ഒരുങ്ങി. രണ്ട് വീതം ഒറ്റപ്പന്തങ്ങളും മുപ്പന്തങ്ങളും 18 ആറ് നാഴി പന്തങ്ങളുമാണ് ആദ്യ ഘട്ടത്തില്‍ മുല്ലമൊട്ടിന്റെ ആകൃതിയില്‍ ചുറ്റി തയ്യാറാക്കിയിട്ടുള്ളത്.

ആറാട്ടുപുഴ ശാസ്താവിന്റെ തിരുവാതിര വിളക്കിനാണ് ആദ്യമായി പന്തം കത്തിക്കുന്നത്. തുടര്‍ന്ന് പെരുവനം പൂരം, ആറാട്ടുപുഴ തറക്കല്‍ പൂരം, ആറാട്ടുപുഴ പൂരം എന്നി ദിവസങ്ങളിലും പന്തം കത്തിക്കും. ഓരോ എഴുന്നള്ളിപ്പ് കഴിയുമ്പോഴും പന്തങ്ങള്‍ വീണ്ടും ചുറ്റി തയ്യാറാക്കും.

ശാസ്താവ് എഴുന്നള്ളുമ്പോള്‍ തിരുമുമ്പില്‍ ഒറ്റ പന്തവും അതിന് പിന്നിലായി മുപ്പന്തവും മുപ്പന്തത്തിന് ഇരുവശങ്ങളിലും 6 നാഴി പന്തങ്ങളുമാണ് പിടിക്കുക. ഓടില്‍ തീര്‍ത്ത പന്തത്തിന്റെ നാഴികള്‍ ഓരോ വര്‍ഷവും പോളീഷ് ചെയ്യും. മനോഹരമായി പന്തങ്ങള്‍ ചുറ്റുന്നതിനായി ഒരു നാഴിക്ക് അര കിലോ തുണി വേണ്ടി വരും. ഇതിനായി തിരുപ്പൂരില്‍ നിന്നും കൊണ്ടു വന്ന ഇരുന്നൂറ് കിലോ തുണി മന്ദാരകടവില്‍ വെച്ച് പുഴുങ്ങി അലക്കി ഉണക്കിയെടുക്കുകയാണ് ചെ

യ്യുക. വെളിച്ചെണ്ണയിലാണ് പന്തം കത്തിക്കുന്നത്. ആദ്യകാലങ്ങളില്‍ വൃശ്ചിക മാസത്തില്‍ വെളിച്ചെണ്ണ ആട്ടി വലിയ ഭരണികളിലാക്കി നെല്ലിട്ട് സംഭരിച്ച് വെയ്ക്കാറുണ്ടായിരുന്നു. ഇതില്‍ നിന്നും തെളിഞ്ഞു കിട്ടുന്ന വെളിച്ചെണ്ണയാണ് പന്തം കത്തിക്കാന്‍ ഉപയോഗിക്കാറ്. ഒരു ആറ് നാഴി പന്തം മൂന്ന് മണിക്കൂര്‍ കത്തണമെങ്കില്‍ 15 കിലോ വെളിച്ചെണ്ണ വേണ്ടി വരും. എഴുന്നള്ളിപ്പ് സമയത്ത് ഇരുപത് മിനിറ്റ് കൂടുമ്പോള്‍ പന്തം വെളിച്ചെണ്ണയില്‍ നനച്ചു കൊണ്ടിരിക്കും. ഇലക്ട്രിസിറ്റി സാര്‍വ്വത്രികമാകുന്നതിന് മുമ്പ് കൈപ്പന്തത്തിന്റെ പ്രകാശത്തിലാണ് പൂരം നടത്തി വന്നിരുന്നത്. കോലവും തിടമ്പും ആനച്ചമയങ്ങളും മറ്റും കൂടുതല്‍ ശോഭയോടെയും തിളക്കത്തോടെയും ദര്‍ശിക്കുന്നതിനു വേണ്ടിയാണ് പന്തങ്ങള്‍ വെളിച്ചെണ്ണയില്‍ കത്തിക്കുന്നത്.

ഊരകം എം എസ് ഭരതന്റെ നേതൃത്വത്തില്‍ ശശി, കുട്ടപ്പന്‍ എന്നിവരാണ് ആറാട്ടുപുഴ പത്തായപ്പുരയില്‍ വെച്ച് കൈപ്പന്തങ്ങള്‍ തയ്യാറാക്കിയത്.