by Midhun HP News | Aug 15, 2025 | Latest News, കേരളം
കണ്ണൂര്‍: തളിപ്പറമ്പറില്‍ ആക്രമണത്തില്‍ പരിക്കേറ്റ് 13 വര്‍ഷമായി കിടപ്പിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു. കണ്ണൂര്‍ അരിയില്‍ വള്ളേരി മോഹനനാണ്(60) ആണ് മരിച്ചത്. 2012 ഫെബ്രുവരി 21 നാണ് മോഹനന്‍ ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം 13 വര്‍ഷത്തിലേറെയായി കിടപ്പിലായിരുന്നു. കണ്ണൂര്‍ എകെജി ആശുപത്രിയില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു മരണം. മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നാണ് സിപിഎം ആരോപണം.

അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മോഹനന് നേരെ ആക്രമണം ഉണ്ടായത്. മോഹനനെ വീട്ടില്‍ നിന്നും വിളിച്ചിറക്കിക്കൊണ്ട് പോയാണ് ആക്രമിച്ചത്. തലയിലുള്‍പ്പടെ ശരീരമാസകലം വെട്ടേറ്റ മോഹനന്‍ ഏറെക്കാലമായി ചികിത്സയില്‍ കഴിഞ്ഞ് വരികയായിരുന്നു. ആരോഗ്യനില വഷളായതോടെ കഴിഞ്ഞ ദിവസമാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മോഹനന്റെ മരണത്തിന് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ആക്രമണം സംബന്ധിച്ച ചര്‍ച്ചകളും സജീവമായി. ഇതോടെ ആരോപണങ്ങള്‍ തള്ളി ലീഗും രംഗത്തെത്തി. മോഹനന്റെ മരണം സിപിഎം രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു എന്നാണ് ലീഗിന്റെ ആക്ഷേപം. കടന്നല്‍ക്കുത്തേറ്റ് ചികിത്സയിലിരിക്കെയാണ് മോഹനന്റെ മരണം എന്നാണ് ഇവര്‍ ഉയര്‍ത്തുന്ന പ്രതിരോധം.

by Midhun HP News | Aug 15, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,240 രൂപയായി. ഗ്രാമിന് ആനുപാതികമായി പത്തുരൂപയാണ് കുറഞ്ഞത്. 9280 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ കഴിഞ്ഞ ശനിയാഴ്ച മുതലാണ് ഇടിവ് രേഖപ്പെടുത്താന്‍ തുടങ്ങിയത്. എട്ടിന് രേഖപ്പെടുത്തിയ 75,760 രൂപയാണ് റെക്കോര്‍ഡ് ഉയരം. അഞ്ചു ദിവസത്തിനിടെ പവന് 1500 രൂപയിലധികമാണ് കുറഞ്ഞത്.

കഴിഞ്ഞ മാസം 23ന് 75,000 കടന്ന് കുതിച്ച സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ താഴുന്ന കാഴ്ചയാണ് ദൃശ്യമായത്. 74,000ല്‍ താഴെ പോയ സ്വര്‍ണവിലയാണ് പിന്നീട് കുതിച്ച് ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചത്. ഈ മാസാദ്യം 73,200 രൂപയായിരുന്നു സ്വര്‍ണവില. ഒരാഴ്ചയ്ക്കിടെ 2500 രൂപയിലധികം വര്‍ധിച്ച ശേഷമാണ് ശനിയാഴ്ച മുതല്‍ കുറയാന്‍ തുടങ്ങിയത്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക തീരുവ വര്‍ധിപ്പിച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.


by Midhun HP News | Aug 15, 2025 | Latest News, കേരളം
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിന് മുകളിലുള്ള ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
ഇന്ന് എട്ടു ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


22-ാം തീയതി മുതല്‍ മഴ ദുര്‍ബലമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഓഗസ്റ്റ് 27 ഓടെ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ – പശ്ചിമ ബംഗാള്‍ തീരത്തു പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. അങ്ങനെയെങ്കില്‍ ഈ മാസം അവസാനത്തോടെ സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

by Midhun HP News | Aug 15, 2025 | Latest News, കേരളം
കോഴിക്കോട്: താമരശ്ശേരിയില്‍ അസുഖം ബാധിച്ച് മരിച്ച നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ രക്ത, സ്രവ സാംപിളുകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. മരണകാരണം സ്ഥീരികരിക്കാന്‍ കഴിയാത്ത പശ്ചാത്തലത്തിലാണ് നടപടി. പനിയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

കോരങ്ങാട് ആനപ്പാറ പൊയിൽ സനൂപിന്‍റെ മകൾ അനയ (9) ആണ് ഇന്നലെ വൈകീട്ടാണ് മരിച്ചത്. കുട്ടിയുടെ രണ്ട് സഹോദരങ്ങളും അച്ഛന്‍റെ സഹോദരനും ഒരു സഹപാഠിയും പനി ബാധിച്ച് ആശുപത്രിയിലാണ്. ഈ സാഹചര്യത്തിൽ കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന വാര്‍ഡില്‍ ഇന്ന് ആരോഗ്യവകുപ്പ് പനി സര്‍വേ നടത്തും.

കോരങ്ങാട് എൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് അനയ. താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ് കുട്ടിയെ ആദ്യം എത്തിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കഴിഞ്ഞ ദിവസം വരെ സ്കൂളിൽ പോയിരുന്ന കുട്ടിക്ക് പെട്ടെന്നാണ് പനി ബാധിച്ചത്. ആശുപത്രിയിൽ എത്തിച്ച അന്ന് തന്നെ മരണം സംഭവിക്കുകയും ചെയ്തു. ലാബ് പരിശോധന ഫലങ്ങളും പോസ്റ്റുമോർട്ടം റിപ്പോർട്ടും ലഭിച്ചാൽ മാത്രമേ മരണ കാരണം വ്യക്തമാവുകയുള്ളൂവെന്ന് അധികൃതർ സൂചിപ്പിച്ചു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്ന് മതിയായ ചികിത്സ കിട്ടിയില്ലെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു.

by Midhun HP News | Aug 15, 2025 | Latest News, കേരളം
തിരുവനന്തപുരം: അടിയന്തര സേവനങ്ങള്‍ക്കുള്ള ടോള്‍ ഫ്രീ നമ്പറായ 112ലെ പരിഷ്‌കരിച്ച സേവനങ്ങള്‍ ഇന്നു മുതല്‍. പൊലീസ് ആസ്ഥാനത്ത് രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിച്ചു. പൊലീസ്, ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് എന്നിങ്ങനെ അടിയന്തര സേവനങ്ങള്‍ക്കു വിളിക്കാനുള്ള നമ്പരാണ് 112.
സാങ്കേതിക വിദ്യയുടെ സഹായത്തോടെ സേവനത്തിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കുകയും അതിവേഗ പ്രതികരണവുമാണ് പുതിയ തലമുറ 112 ലക്ഷ്യമിടുന്നത്. പുതിയ വേര്‍ഷന്‍ ഇആര്‍എസ്എസ് നിലവില്‍ വരുന്നതോടെ നിലവിലുള്ളതിനേക്കാളും മൂന്ന് മിനിറ്റോളം സമയം റെസ്‌പോണ്‍സ് ടൈമില്‍ കുറവ് വരുത്താന്‍ കഴിയുമെന്നും പൊലീസ് പറയുന്നു.

കേരള പൊലീസ് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ്
പരിഷ്കരിച്ച 112 സേവനങ്ങൾക്ക് ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചു.
പോലീസ്, ഫയർ, ആംബുലൻസ് എന്നിങ്ങനെ എല്ലാ അടിയന്തര സേവനങ്ങൾക്കും വിളിക്കാവുന്ന നമ്പരാണ് 112.
സാങ്കേതിക വിദ്യയുടെ സഹായത്തോടെ സേവനത്തിന്റെ ലഭ്യത വർദ്ധിപ്പിക്കുകയും അതിവേഗ പ്രതികരണവുമാണ് പുതിയ തലമുറ 112 ലക്ഷ്യമിടുന്നത്.
പുതിയ വേർഷൻ ഇ ആർ എസ് എസ് നിലവിൽ വരുന്നതോടെ നിലവിലുള്ളതിനേക്കാളും മൂന്ന് മിനിറ്റോളം സമയം റെസ്പോൺസ് ടൈമിൽ കുറവ് വരുത്താൻ കഴിയും.
പരിഷ്കരിച്ച ERSS ന്റെ സവിശേഷതകൾ
a) നിലവിൽ പൊതു ജനങ്ങൾക്ക് പരാതികൾ രജിസ്റ്റർ ചെയ്യാനുള്ള ആശയവിനിമയ സംവിധാനങ്ങളായ Call , SoS , SMS , ഇമെയിൽ സംവിധാനങ്ങൾക്ക് പുറമെ whatsapp , Web request , chat Bot എന്നിവ മുഖേനയും പരാതികൾ രജിസ്റ്റർ ചെയ്യുവാനുള്ള സൗകര്യവും പുതിയ സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
b) LBS (Location Based Service), ELS (Emergency Location Service) സംവിധാനം ഉപയോഗിച്ച് പരാതിക്കാരൻ പറയാതെ തന്നെ അദ്ദേഹത്തിന്റെ ലൊക്കേഷൻ തത്സമയം തിരിച്ചറിയാൻ കഴിയുകയും അതുവഴി എത്രയും വേഗം പോലീസ് സഹായം നൽകാൻ സാധിക്കുകയും ചെയ്യും.
c) തടസ്സമില്ലാതെ ആശയ വിനിമയം നടത്തുന്നതിനായി മുഴുവൻ പോലീസ് വാഹനങ്ങളിലും ടാബ് ലെറ്റ് കമ്പ്യൂട്ടർ , മൊബൈൽ ഫോൺ , ജി പി എസ് സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
d) അടിയന്തര ഘട്ടങ്ങളിൽ മറ്റുള്ളവരെ അറിയിക്കുന്നതിനും നിർണായക സാഹചര്യങ്ങളിൽ വേഗത്തിൽ സഹായം സാധ്യമാക്കുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന IoT സുരക്ഷാ ഉപകരണങ്ങൾ ERSS സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ കൂടുതൽ സുരക്ഷ ഉറപ്പാക്കുവാൻ സാധിക്കുന്നതാണ്.
e) മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പരാതികൾ സ്വീകരിക്കുന്നതിനും ആവശ്യമെങ്കിൽ ലഭിച്ച പരാതികൾ മറ്റു സംസ്ഥാനത്തേക്കു കൈമാറുവാനും സാധിക്കും.
f) 112 ഇന്ത്യ ആപ്ലിക്കേഷൻ മുഖാന്തിരം ലഭ്യമാക്കിയിരിക്കുന്ന TRACK ME സംവിധാനം ഉപയോഗിച്ച് പോലീസുമായി നിരന്തരം ബന്ധപ്പെടാവുന്നതും ആവശ്യഘട്ടത്തിൽ പോലീസ് സേവനം ഉറപ്പു വരുത്താവുന്നതുമാണ്. ഇതിനായി 112 ഇന്ത്യ ആപ്പ് സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. യാത്ര പോകുന്ന അവസരത്തിലും ഒറ്റക്ക് ആയിരിക്കുമ്പോഴുള്ള സാഹചര്യത്തിലും പൊതു ജനങ്ങൾക്ക് ഈ സേവനം ഉപയോഗിക്കാവുന്നതാണ്.
കേരളത്തിൽ എവിടെ നിന്ന് 112 ലേയ്ക്ക് വിളിച്ചാലും തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കൺട്രോൾ റൂമിലേയ്ക്കാവും കാൾ എത്തുന്നത്. ഉദ്യോഗസ്ഥർ അതിവേഗം വിവരങ്ങൾ ശേഖരിച്ച് സേവനമെത്തേണ്ട സ്ഥലത്തിനു സമീപമുള്ള പോലീസ് വാഹനത്തിലേയ്ക്ക് സന്ദേശം കൈമാറും.
ജിപിഎസ് സഹായത്തോടെ ഓരോ പോലീസ് വാഹനവും എവിടെയുണ്ടെന്ന് കൺട്രോൾ റൂമിൽ അറിയാനാകും. ആ വാഹനത്തിൽ ഘടിപ്പിച്ച ടാബിലേയ്ക്കാണ് സന്ദേശമെത്തിക്കുന്നത്. ഇതനുസരിച്ച് പോലീസ് ഉദ്യോഗസ്ഥർക്ക് അതിവേഗം പ്രവർത്തിക്കാം.

ഔട്ട് ഗോയിങ് സൗകര്യം ഇല്ലാത്തതോ താത്കാലികമായി പ്രവർത്തന രഹിതമായിരിക്കുന്നതോ ആയ നമ്പരുകളിൽ നിന്നു പോലും 112 എന്ന നമ്പറിലേയ്ക്ക് വിളിക്കാം. മൊബൈൽ ഫോണുകളിൽ നിന്നും ലാൻഡ് ഫോണിൽ നിന്നും ഈ സൗകര്യം ലഭ്യമാണ്. പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ ആപ്പിലെ SoS ബട്ടൺ വഴിയും ഈ സേവനം പ്രയോജനപ്പെടുത്താം.

by Midhun HP News | Aug 15, 2025 | Latest News, കേരളം
തമിഴ്‌നാട്: ബന്ധുവായ പെണ്‍കുട്ടിയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്നു വാഗ്ദാനം നല്‍കി പെണ്‍വാണിഭ സംഘത്തിനു കൈമാറിയെന്ന കേസില്‍ നടി മിനു മുനിറിനെ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈ തിരുമംഗലം പൊലീസാണു ഇന്നലെ നടിയെ കേരളത്തിലെത്തി കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ചെന്നൈയിലെ രഹസ്യ കേന്ദ്രത്തിലേക്കു മാറ്റി. വിശദമായ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തിയേക്കും.

2014ല്‍ 16 വയസ്സ് മാത്രമുണ്ടായിരുന്ന പെണ്‍കുട്ടിയെ സിനിമയില്‍ അഭിനയിപ്പിക്കാം എന്ന വാഗ്ദാനം നല്‍കി മിനു ചെന്നൈ തിരുമംഗലത്തെ ഫ്‌ലാറ്റില്‍ എത്തിക്കുകയായിരുന്നു. ഓഡിഷന്‍ എന്നു പറഞ്ഞാണു കൊണ്ടുപോയത്. അവിടെയുണ്ടായിരുന്ന 6 പുരുഷന്‍മാര്‍ അപമര്യാദയായി പെരുമാറിയെന്നും അഡ്ജസ്റ്റ് ചെയ്യാന്‍ മിനു ആവശ്യപ്പെട്ടെന്നുമാണു പരാതി.

ചെന്നൈയില്‍ നിന്നു രക്ഷപ്പെട്ടു നാട്ടിലെത്തിയ പെണ്‍കുട്ടി മീനുവുമായി അകന്നു കഴിയുകയായിരുന്നു. ഇതിനു പിന്നാലെയാണു യുവതി ദുരനുഭവം തുറന്നു പറഞ്ഞത്. തുടര്‍ന്നു ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കി. സംഭവം നടന്നതു തിരുമംഗലം പൊലീസ് പരിധിയില്‍ ആയതിനാല്‍ കേസ് തിരുമംഗലം പൊലീസിനു കൈമാറുകയായിരുന്നു.

Recent Comments