വടക്കന്‍ ജില്ലകളില്‍ മഴ സാധ്യത; നാലിടത്ത് യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റ്

വടക്കന്‍ ജില്ലകളില്‍ മഴ സാധ്യത; നാലിടത്ത് യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസമായി കാലവര്‍ഷത്തിനു നേരിയ ശമനമുണ്ടെങ്കിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ (Rain) തുടരും. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. കര്‍ണാടക തീരത്തും ഇന്ന് മത്സ്യബന്ധനം പാടില്ലെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വടക്കന്‍ കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 40 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മധ്യ അറബിക്കടല്‍ അതിനോട് ചേര്‍ന്ന തെക്കു കിഴക്കന്‍ അറബിക്കടല്‍, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്ന വടക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍ അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കുക.

ഹേമ കമ്മിറ്റി റിപ്പോർട്ട്; മൊഴി കൊടുത്തവർക്ക് താത്പര്യമില്ല, കേസുകൾ അവസാനിപ്പിക്കുന്നു

ഹേമ കമ്മിറ്റി റിപ്പോർട്ട്; മൊഴി കൊടുത്തവർക്ക് താത്പര്യമില്ല, കേസുകൾ അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: മലയാള സിനിമയിലെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോ​ഗിച്ച ഹേമ കമ്മിറ്റി (Hema Committee) റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത പൊലീസ് കേസുകളെല്ലാം അവസാനിപ്പിക്കുന്നു. മൊഴി കൊടുത്തവർക്ക് കേസുമായി മുന്നോട്ടു പോകാൻ താത്പര്യമില്ലാത്ത സാഹചര്യത്തിലാണ് നടപടി.

35 കേസുകളാണ് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്തിരുന്നത്. ആദ്യ ഘട്ടത്തിൽ 21 കേസുകൾ അവസാനിപ്പിച്ച പ്രത്യേക അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ശേഷിക്കുന്ന 14 കേസുകൾ കൂടി അവസാനിപ്പിച്ച് ഈ മാസം തന്നെ കോടതികളിൽ റിപ്പോർട്ട് നൽകാനാണ് പൊലീസ് ഒരുങ്ങുന്നത്. ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകുന്നതോടെ എല്ലാ കേസുകളും അവസാനിക്കും.

കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ച് വർഷങ്ങൾക്കു ശേഷമാണ് അതിലെ വിവരങ്ങൾ പുറത്തു വന്നത്. പിന്നാലെ തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ വെളിപ്പെടുത്തി പരാതിയുമായി പലരും രം​ഗത്തു വന്നു. ചില മൊഴികൾ ഞെട്ടിക്കുന്നതായിരുന്നു. റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തു വിടുന്നതിനെതിരെ ചിലർ കോടതിയെ സമീപിക്കുകയും ചെയ്തു.

പരാതികൾ കൂടിയതോടെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോ​ഗിച്ചു. കോടതി നിർദ്ദേശമനുസരിച്ച് മൊഴികളുടെ അടിസ്ഥാനത്തിൽ 35 കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തത്. നടൻമാരായ മുകേഷ്, മണിയൻപിള്ള രാജു, സിദ്ദിഖ്, സംവിധായകൻ രഞ്ജിത്ത് എന്നിവരുടെ പേരിലുള്ളതടക്കം 30 കേസുകളിൽ നേരത്തെ കുറ്റപത്രം നൽകിയിരുന്നു. ഈ കേസുകൾ തുടരും.

മുൻപ് മൊഴി നൽകിയ ഭൂരിപക്ഷം പേരും കേസുമായി മുന്നോട്ടു പോകാൻ താത്പര്യമില്ലെന്നു അറിയിച്ചു. ആദ്യ ഘട്ടത്തിൽ 21 കേസുകൾ അവസാനിപ്പിച്ച് കോടതിക്കു റിപ്പോർട്ട് നൽകി. ബാക്കി കേസുകളിലും പരാതിക്കാർ സമാന മറുപടി നൽകിയ സാഹചര്യത്തിലാണ് തുടർ നടപടികൾ പൂർത്തിയാക്കി 14 കേസുകൾ കൂടി പൊലീസ് അവസാനിപ്പിക്കുന്നത്.

പ്രതിഷ്ഠാദിനം; ശബരിമലനട നാളെ തുറക്കും

പ്രതിഷ്ഠാദിനം; ശബരിമലനട നാളെ തുറക്കും

പത്തനംതിട്ട: പ്രതിഷ്ഠാദിന പൂജകള്‍ക്കായി ശബരിമലനട (Sabarimala Temple) നാളെ തുറക്കും. ബുധനാഴ്ച വൈകീട്ട് അഞ്ചിന് മേല്‍ശാന്തി അരുണ്‍ കുമാര്‍ നമ്പൂതിരി ശ്രീകോവില്‍ തുറന്നു ദീപം തെളിയിക്കും. തുടര്‍ന്നു ഭക്തര്‍ക്ക് ദര്‍ശനം നടത്താം. മറ്റ് പ്രത്യേക പൂജകളില്ല.

വ്യാഴാഴ്ചയാണ് പ്രതിഷ്ഠാദിനം. രാവിലെ പതിവു പൂജകള്‍ നടക്കും. തുടര്‍ന്നു തന്ത്രി കണ്ഠര് രാജീവരുടേയും ബ്രഹ്മദത്തന്റേയും കാര്‍മികത്വത്തില്‍ പ്രതിഷ്ഠാദിന പൂജകളോടെ കലശവും കളഭവുമാടും.

ട്രാൻസ് ദമ്പതികളുടെ കുട്ടികളുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛൻ, അമ്മ ഒഴിവാക്കണം; ‘രക്ഷിതാക്കൾ’ എന്ന് ചേർക്കാമെന്ന് ഹൈക്കോടതി

ട്രാൻസ് ദമ്പതികളുടെ കുട്ടികളുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛൻ, അമ്മ ഒഴിവാക്കണം; ‘രക്ഷിതാക്കൾ’ എന്ന് ചേർക്കാമെന്ന് ഹൈക്കോടതി

കൊച്ചി: ട്രാൻസ്ജെൻഡർ ദമ്പതികളുടെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛൻ, അമ്മ എന്നതിന് പകരം രക്ഷിതാക്കൾ എന്ന് ചേർക്കണമെന്ന് ഹൈക്കോടതി. ട്രാൻസ് ദമ്പതികളായ കോഴിക്കോട് സ്വദേശികളായ സഹദും സിയയും നൽകിയ ഹർജിയിലാണ് ഉത്തരവ്. ട്രാൻസ് ദമ്പതികളുടെ മക്കൾക്കുള്ള അപേക്ഷയിൽ അച്ഛൻ, അമ്മ കോളങ്ങൾ ഒഴിവാക്കണമെന്നാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ ഉത്തരവിൽ നിർദേശിച്ചിട്ടുള്ളത്.

2023 ഫെബ്രുവരിയിലാണ് ദമ്പതികൾക്ക് കുഞ്ഞ് ജനിക്കുന്നത്. ഇതോടെ രാജ്യത്തെ ആദ്യ ട്രാൻജെൻഡർ രക്ഷിതാക്കളായി ഇവർ മാറി. കോഴിക്കോട് കോർപ്പറേഷനിൽ കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്യുകയും ജനന സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. എന്നാൽ അതിൽ പിതാവിന്റെ പേര് സിയ പാവൽ എന്നും അമ്മയുടെ പേര് സഹദ് എന്നും രേഖപ്പെടുത്തിയിരുന്നു.

എന്നാൽ അച്ഛന്റെയും അമ്മയുടേയും പേരുകൾ പ്രത്യേകം പരാമർശിക്കരുതെന്ന് ആവശ്യപ്പെട്ട് ദമ്പതികൾ കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി പരി​ഗണിച്ച കോടതി അച്ഛൻ, അമ്മ എന്നതിനു പകരം രക്ഷിതാക്കൾ എന്നു മാറ്റി പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാനാണ് നിർദേശം നൽകിയത്. കുഞ്ഞിന്റെ അമ്മ വർഷങ്ങൾക്കു മുൻപ് തന്നെ പുരുഷനായും അച്ഛൻ സ്ത്രീയായും മാറുകയും പുതിയ വ്യക്തിത്വത്തിൽ ജീവിക്കുകയുമായിരുന്നു. ജനന സർട്ടിഫിക്കറ്റിലാകട്ടെ ഇതിനെ വിരുദ്ധമായിട്ടായിരുന്നു രേഖപ്പെടുത്തിയിരുന്നത്.

ഒരു കോടിയുടെ ഭാ​ഗ്യശാലി ആര്?; ഭാ​ഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരു കോടിയുടെ ഭാ​ഗ്യശാലി ആര്?; ഭാ​ഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഭാഗ്യതാര BT 5 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. കട്ടപ്പനയിൽ വിറ്റ BE 860290 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 75 ലക്ഷം രൂപ തൃശൂരിൽ വിറ്റ BE 757918 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യൻ്റെ അസ്ഥികൂടം; കണ്ടെത്തിയത് കുളിക്കാനിറങ്ങിയ യുവാക്കൾ

തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യൻ്റെ അസ്ഥികൂടം; കണ്ടെത്തിയത് കുളിക്കാനിറങ്ങിയ യുവാക്കൾ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പില്‍ മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെത്തി. വെങ്ങാനൂരിലാണ് സംഭവം. പനങ്ങോട് ഏലാകരയിലാണ് ഇന്ന് രാവിലെ യുവാക്കള്‍ കുളിക്കാനെത്തിയത്. ഇതിനിടയിലാണ് ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യൻ്റെ അസ്ഥികുടം കണ്ടെത്തിയത്. പിന്നാലെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തിലെ ദുരൂഹത പൊലീസ് അന്വേഷിച്ച് വരികയാണ്. ഇതിനായി ഫോറന്‍സിക് വിദഗ്ധരടക്കം പരിശോധന നടത്തും.