by Midhun HP News | Jul 25, 2026 | Latest News, കേരളം
നീറ്റ് പരീക്ഷാക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാര്‍ത്ഥി സമരം അനുദിനം ശക്തമാവുകയാണ്. സമരത്തിന് പിന്തുണയുമായി സിനിമാ ലോകത്തു നിന്നും നിരവധി പേരാണ് രംഗത്തെത്തുന്നത്. മലയാള സിനിമയിലെ മുന്‍നിര താരങ്ങളടക്കം മണ്ണിലിറങ്ങിയാണ് സമരത്തിന് പിന്തുണയറിയിച്ചത്. ഇതിനിടെ അവതാരകയും ഇന്‍ഫ്‌ളുവന്‍സറുമായ പേളി മാണിയുടെ നിലപാട് വലിയ വിവാദമായി മാറിയിരുന്നു.
സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളോട് ഒരു ലക്ഷ്യവും ജീവനേക്കാള്‍ വലുതല്ലെന്നും വീട്ടിലേക്ക് മടങ്ങാനുമാണ് പേളി പറഞ്ഞത്. തന്റെ നിലപാടിനെ വിമര്‍ശിച്ചവരെ പേളി ബ്ലോക്ക് ചെയ്തതും പിന്നാലെ തന്റെ ഇഷ്ടനിറം കാവിയാണെന്ന പ്രഖ്യാപനവുമെല്ലാം പേളിയ്ക്ക് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ താരത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
ഇതിനിടെ പേളിയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിലും വലിയ ഇടിവുണ്ടായിട്ടുണ്ട്. നേരത്തെ 5.7 മില്യണ്‍ ഫോളോവേഴ്‌സായിരുന്നു പേളിയ്ക്ക് ഉണ്ടായിരുന്നത്. വിവാദത്തോടെ ഇത് 5.5 ലേക്ക് കുറഞ്ഞിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലെന്നത് പോലെ യൂട്യൂബിലും പേളി അണ്‍ഫോളോയിങ് നേരിടുന്നുണ്ട്. സമരത്തെക്കുറിച്ചുള്ള പേളിയുടെ നിലപാടിനെ ചോദ്യം ചെയ്ത് നിരവധി പേരാണ് ഇതിനോടകം തന്നെ രംഗത്തെത്തിയിരിക്കുന്നത്.
ഇതിനിടെ സംവിധാകന്‍ സിബി മലയിലിന്റെ മകനുമായുള്ള വാക്‌പോരും പേളിയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. പേളിയുടെ പോസ്റ്റില്‍ വിമര്‍ശനവുമായി ജോ സിബി മലയില്‍ എത്തിയിരുന്നു. പിന്നീട് പേളിയ്‌ക്കെതിരെ നീണ്ടൊരു കുറിപ്പും ജോ പങ്കുവച്ചു. ഇതിനുള്ള മറുപടിയില്‍ പേളി നടത്തിയ പരാജയപ്പെട്ട സംവിധായകന്‍ എന്ന പ്രയോഗം താരത്തിന് കടുത്ത വിമര്‍ശനങ്ങളാണ് നേടിക്കൊടുത്തത്. പേളി ഉദ്ദേശിച്ച പരാജയപ്പെട്ട സംവിധായകന്‍ തന്റെ അച്ഛന്‍ സിബി മലയില്‍ ആണെന്ന ജോയുടെ മറുപടിയും വൈറലായിരുന്നു.

by Midhun HP News | Jul 25, 2026 | Latest News, കേരളം
തിരുവനന്തപുരം. ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്‍പ പാളികള്‍ വീണ്ടും സ്വര്‍ണം പൂശാനായി കഴിഞ്ഞ സെപ്റ്റംബറില്‍ ചെന്നൈയ്ക്കു കൊണ്ടുപോയ സമയത്തും സ്വര്‍ണക്കൊള്ള നടന്നെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തല്‍. കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്, മുന്‍ അംഗം എ അജികുമാര്‍ എന്നിവരുടെ അറസ്റ്റ് റിപ്പോര്‍ട്ടിലാണ് ഗുരുതരമായ പുതിയ വെളിപ്പെടുത്തല്‍.
ദ്വരപാലക ശില്‍പങ്ങളിലെ 12 പാളികള്‍ സ്വര്‍ണം പൂശാനായി കൊണ്ടുപോയതില്‍ 4 പാളികളില്‍ നിന്നു സ്വര്‍ണം വേര്‍തിരിച്ചെടുത്തെന്നും ശില്‍പപീഠത്തിലെ പാളികളില്‍ നിന്നു സ്വര്‍ണം അപഹരിച്ചെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെയും സ്വര്‍ണം പൂശിയ ചെന്നൈ സ്മാര്‍ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരിയുടെയും നേതൃത്വത്തില്‍ നടന്ന ഈ തട്ടിപ്പിന് ദേവസ്വം ബോര്‍ഡ് ഒത്താശ ചെയ്‌തെന്നും അന്വേഷണസംഘം ആരോപിക്കുന്നു.
ശരിയായ കരാര്‍ ഇല്ലാതെയായിരുന്നു പാളികള്‍ സ്വര്‍ണം പൂശാനായി കൊണ്ടുപോയത്. പിന്നീട് ഉണ്ണിക്കൃഷ്ണണന്‍ പോറ്റിയും തിരുവാഭരണം കമ്മിഷണര്‍ റജിലാലും ചേര്‍ന്ന് ബംഗളുരുവിലെ ബെള്ളാരിയില്‍ നിന്നു വാങ്ങിയ മുദ്രപ്പത്രത്തില്‍ വ്യാജ കരാര്‍ തയാറാക്കി. ഇതിന് ബോര്‍ഡ് ഒത്താശ ചെയ്‌തെന്നും എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു.
2019ല്‍ നടന്ന സ്വര്‍ണക്കൊള്ള മറയ്ക്കാനാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെയുള്ള മുഖ്യ പ്രതികള്‍ 2025ല്‍ വീണ്ടും ദേവസ്വം ബോര്‍ഡിന്റെ ഒത്താശയോടെ സ്വര്‍ണം പൂശല്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയെന്നായിരുന്നു എസ്‌ഐടി ആദ്യം ഹൈക്കോടതിയില്‍ അറിയിച്ചിരുന്നത്. അമൂല്യമായ ക്ഷേത്ര സ്വത്തുക്കള്‍ പുറത്തേക്കു കൊണ്ടുപോകരുതെന്ന ദേവസ്വം ചട്ടം ലംഘിച്ചെന്നും ഹൈക്കോടതി നിയോഗിച്ച സ്‌പെഷല്‍ കമ്മിഷണറെ അറിയിക്കാതെയാണ് ഇതു ചെയ്തതെന്നും വ്യക്തമായിരുന്നു. എന്നാല്‍ നടപടി ക്രമങ്ങളിലുണ്ടായ വീഴ്ചയ്ക്കപ്പുറം കഴിഞ്ഞ വര്‍ഷവും സ്വര്‍ണക്കൊള്ള നടന്നുവെന്നാണ് എസ്‌ഐടി ഇപ്പോള്‍ വെളിപ്പെടുത്തുന്നത്.
സ്വര്‍ണം പൂശാന്‍ പാളികളില്‍ ഇലക്ട്രോപ്ലേറ്റിങ് ആണ് നടത്തിയതെന്നും പഴയ പാളികളില്‍ നിന്ന് കേടുപാടുകള്‍ മൂലം നഷ്ടമായ 19.236 ഗ്രാം സ്വര്‍ണത്തിനു പകരം 29.940 ഗ്രാം അധികമായി പൂശിയെന്നുമായിരുന്നു കഴിഞ്ഞ ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. മടക്കിക്കൊണ്ടു വന്ന പാ ളികളില്‍ ആകെ 291.904 ഗ്രാം സ്വര്‍ണമുണ്ടെന്നും കണക്കാക്കിയിരുന്നു. എന്നാല്‍ ആ പാളികളില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചുള്ള തട്ടിപ്പ് നടന്നതായാണ് എസ്‌ഐടി കണ്ടെത്തല്‍. എന്നാല്‍ എത്ര സ്വര്‍ണമാണു കവര്‍ന്നതെന്നോ അത് എന്തു ചെയ്തുവെന്നോ വ്യക്തമല്ല. 2025ലെ സ്വര്‍ണം പൂശലുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് വൈകാതെയുണ്ടായേക്കും.

by Midhun HP News | Jul 25, 2026 | Latest News, കേരളം
തിരുവനന്തപുരം: കോളജ് വിദ്യര്‍ഥികള്‍ക്ക് പഠനാവശ്യത്തിനുള്ള ലാപ്‌ടോപ്പ് ഉള്‍പ്പടെ വാങ്ങാന്‍ ജെന്‍സി ടെക് വായ്പയുമായി കേരള ബാങ്ക്. ഒരുലക്ഷം രൂപ വരെ വായ്പ നല്‍കുന്ന പദ്ധതി 27ന് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യും. വായ്പ ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ വാങ്ങാനാവില്ല. എന്നാല്‍ ടാബ് വാങ്ങാം. വായ്പയുടെ തിരിച്ചടവ് കാലാവധി 30 മാസം. പലിശ 6.99 %.
വിദ്യാര്‍ഥികള്‍ രക്ഷിതാവുമായി ചേര്‍ന്നാണ് വായ്പക്ക് അപേക്ഷിക്കേണ്ടത്. രക്ഷിതാവിനെ കൂടാതെ ഒരുബന്ധുവിന്റെ കൂടി ജാമ്യം വേണം. സബില്‍ സ്‌കോര്‍ അടിസ്ഥാനമാക്കിയാണ് വായ്പ.
ജെന്‍സി ടെക് വായ്പ എടുക്കുന്നവര്‍ കേരള ബാങ്കില്‍ നിന്ന് വിദ്യാഭ്യാസ വായ്പ എടുത്താല്‍ അവര്‍ക്ക് പലിശയില്‍ അര ശതമാനം ഇളവ് നല്‍കുമെന്ന് ബാങ്ക് പ്രസിഡന്റ് പി മോഹനനും വൈസ് പ്രസിഡന്റ് ടിവി രാജേഷും പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതോടെ സിപിഎം നേതൃത്വത്തിലുള്ള മാനേജ്‌മെന്റ് മാറുമോയെന്ന ചോദ്യത്തിന് അത്തരമൊരു ആശങ്കയില്ലെന്ന് പി മോഹനന്‍ പറഞ്ഞു. നിയമപരമായും ജനാധിപത്യപരമായും തെരഞ്ഞെടുക്കപ്പെട്ട ഒരു ഡയറക്ടര്‍ ബോര്‍ഡ് ആണ് ബാങ്കിനുള്ളത്. ബാങ്ക് വേറിട്ട വഴിയിലൂടെയല്ല സഞ്ചരിക്കുന്നത്, റിസര്‍വ് ബാങ്ക്, നബാര്‍ഡ്, സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് കേരള ബാങ്കിനുള്ളതെന്നും ഭാരവാഹികള്‍ പറഞ്ഞു.

by Midhun HP News | Jul 25, 2026 | Latest News, കേരളം
തൃശൂര്‍: കുന്നംകുളം ചൂണ്ടലില്‍ സെന്‍സസ് എടുക്കാനെന്ന വ്യാജനെ വേഷം മാറിയെത്തിയ അയല്‍വാസിയായ യുവതി വയോധികയുടെ മാല കവര്‍ന്നു. ചൂണ്ടല്‍ മേലെങ്കാവ് ചാണശ്ശേരി വീട്ടില്‍ തങ്കമണി (80) യുടെ മൂന്ന് പവന്‍ മാലയാണ് കവര്‍ന്നത്. പിടിവലിയില്‍ മാലയുടെ പകുതി പൊട്ടിവീണു. വെള്ളി വൈകിട്ട് നാലിനാണ് സംഭവം.സെന്‍സസ് എടുക്കാന്‍ എന്ന പേരില്‍ വീട്ടിലെത്തിയ യുവതി ശുചി മുറിയില്‍ പോകണമെന്നാവശ്യപ്പെട്ടു. പുറത്തെ ശുചി മുറിയില്‍ പോയ ശേഷം യുവതി കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു.
വെള്ളം എടുക്കാനായി അടുക്കളയിലേക്ക് പോയ വയോധികയെ പിന്തുടര്‍ന്ന് വയോധികയുടെ തല പിടിച്ച് ചുമരില്‍ ഇടിച്ചതിനുശേഷം മൂന്ന് പവന്‍ തൂക്കം വരുന്ന മാല പൊട്ടിച്ച് കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. മകനും ഭാര്യയും ജോലിക്ക് പോയിരിക്കുകയായിരുന്നു.മാല പൊട്ടിക്കുന്നതിനിടെയുണ്ടായ പിടിവലിയില്‍ മാലയുടെ പകുതി മാത്രമാണ് മോഷ്ടാവിന്റെ കയ്യില്‍ കുടുങ്ങിയത്. ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റ് വീണ തങ്കമണി ബഹളം വെച്ചതോടെ സമീപത്തെ ബന്ധുക്കള്‍ ഓടിയെത്തി യുവതിയെ പിടികൂടി.
മോഷണത്തിനിടെ തലയ്ക്ക് പരിക്കേറ്റ ഇവരെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നംകുളം പൊലിസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

by Midhun HP News | Jul 25, 2026 | Latest News, കേരളം
കൊച്ചി: ഡല്‍ഹിയില്‍ കോക്രോച്ച് ജനതാപാർട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റാപ്പർ വേടന്‍റെ ആസാദി യാത്ര ഞായറാഴ്ച കൊച്ചിയില്‍ നടക്കും. ഭരണഘടന ഉയർത്തിപ്പിടിച്ച് വൈകിട്ട് 3നാണ് പദയാത്ര സംഘടിപ്പിക്കുന്നത്. ഡല്‍ഹി പ്രക്ഷോഭത്തെ അനുകൂലിച്ച് കഴിഞ്ഞ ദിവസം പനമ്പള്ളി നഗറിൽ സംഘടിപ്പിച്ച വേടൻ പങ്കെടുത്ത പരിപാടിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
വേടന്റെ മാനേജറായ വിഗ്നേഷിനും കണ്ടാലറിയാവുന്ന 99 പേര്‍ക്കെതിരെയുമായിരുന്നു എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് കേസെടുത്തത്. പൊലീസിന്റെ അനുമതിയില്ലാതെ പരിപാടി നടത്തിയെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെയാണ് നാളത്തെ ആസാദി യാത്ര.
വേടന്റെ പരിപാടിക്കെതിരെ കേസെടുത്തതിൽ രൂക്ഷ വിമർശനവുമായി സിപിഎം രംഗത്തെത്തിയിരുന്നു. ഡല്‍ഹിയില്‍ രാഹുല്‍ഗാന്ധിക്കൊപ്പം സമരം, കേരളത്തില്‍ സമരക്കാര്‍ക്കെതിരെ കേസ് എന്നതാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ ലൈന്‍ എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞത്. വേടനെതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

by Midhun HP News | Jul 25, 2026 | Latest News, കേരളം
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് ഇനി മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട. സൗകര്യപ്രദമായ സ്ലോട്ട് ബുക്ക് ചെയ്ത് ദര്‍ശനം നടത്തുന്നതിനുള്ള ഓണ്‍ലൈന്‍ ബുക്കിങ് സേവനം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആരംഭിച്ചു.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തുന്ന ഭക്തര്‍ക്ക് ഇനിമുതല്‍ ഓണ്‍ലൈന്‍ ബുക്കിങ് വഴി ദര്‍ശന സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴിയുന്ന ക്രമീകരണമാണ് ഒരുക്കുന്നത്. വിര്‍ച്വല്‍ ക്യൂ ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തി വരുന്നവര്‍ക്ക് സുഗമമമായ ദര്‍ശനം ഒരുക്കുകയാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ലക്ഷ്യം.
പരീക്ഷണാടിസ്ഥാനത്തില്‍ ഓഗസ്റ്റ് നാലുമുതല്‍ ആഴ്ചയില്‍ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിര്‍ച്വല്‍ ക്യൂ ബുക്കിങ് പ്രയോജനപ്പെടുത്താന്‍ കഴിയുക. ഇതിനായി ഭക്തര്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സെറ്റ് ആയ https://guruvayurdevaswom.in സന്ദര്‍ശിക്കുക. ഹൈക്കോടതി നിര്‍ദേശ പ്രകാരം ഭക്തര്‍ക്ക് സുഗമമമായ ദര്‍ശനം ഉറപ്പാക്കാനായി ദേവസ്വം മാനേജിങ് കമ്മിറ്റി എടുത്ത തീരുമാനപ്രകാരമാണ് ഓണ്‍ലൈന്‍ ബുക്കിങ് ദര്‍ശന സൗകര്യം ആരംഭിച്ചിരിക്കുന്നതെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.

Recent Comments