by Midhun HP News | Mar 1, 2025 | Latest News, കേരളം
കോട്ടയം: പരാതിക്കാരിയെ ലൈംഗികബന്ധത്തിന് നിർബന്ധിച്ച എഎസ്‌ഐ വിജിലൻസ് പിടിയിൽ. കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ബിജുവാണ് അറസ്റ്റിലായത്. പരാതിക്കാരിയിൽ നിന്ന് കൈക്കൂലിയായി മദ്യക്കുപ്പിയും ഇയാൾ വാങ്ങിയിരുന്നു.
സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഗാന്ധിനഗർ സ്റ്റേഷനിൽ പരാതിക്കാരി ഒരു കേസ് നൽകിയിരുന്നു. ഇതിന്റെ അന്വേഷണം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. എന്നാൽ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി വ്യാഴാഴ്ച വീണ്ടും സ്റ്റേഷനിലെത്തി. സിഐ അവധിയായതിനാൽ എഎസ്‌ഐ ബിജുവിനോടാണ് കാര്യങ്ങൾ സംസാരിച്ചത്.
ഇതിനിടെ ബിജു പരാതിക്കാരിയോട് ലൈംഗികബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പരാതിക്കാരി കോട്ടയം വിജിലൻസ് ഓഫീസിലെത്തി വിവരങ്ങൾ ധരിപ്പിച്ചു. വിജിലൻസ് സംഘത്തിന്റെ നിർദേശപ്രകാരം കോട്ടയം മാങ്ങാനത്തുള്ള ഒരു ഹോട്ടലിൽ എത്തണമെന്ന് പരാതിക്കാരി ബിജുവിനോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഹോട്ടലിൽ എത്തിയപ്പോഴാണ് വിജിലൻസ് പിടികൂടിയത്.
by Midhun HP News | Mar 1, 2025 | Latest News, കേരളം
തിരുവനന്തപുരം: അടിയന്തര ആവശ്യത്തിനായി പൊലീസ്, ഫയര്‍, ആംബുലന്‍സ് എന്നീ സേവനങ്ങള്‍ക്ക് ഏത് നമ്പറില്‍ വിളിക്കും എന്ന് ആശങ്കപ്പെടേണ്ട. ഇനി എല്ലാ സേവനങ്ങളും ഒരൊറ്റ നമ്പറില്‍ വിളിച്ചാല്‍ മതി. 112 എന്ന നമ്പറില്‍ വിളിച്ചാല്‍ കാര്യം നടക്കും. അടിയന്തര സേവനങ്ങള്‍ക്ക് രാജ്യം മുഴുവന്‍ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേയ്ക്ക് മാറുന്നതിന്റെ ഭാഗമായുള്ള ഇആര്‍എസ്എസ് (എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം) സംവിധാനത്തിന്റെ ഭാഗമായാണ് പൊലീസ് സേവനങ്ങള്‍ 100 ല്‍ നിന്ന് 112 എന്ന നമ്പറിലേയ്ക്ക് മാറ്റിയിരിക്കുന്നത്. കേരള പൊലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഇക്കാര്യം പൊതുജനങ്ങളെ അറിയിച്ചിരിക്കുന്നത്.
കേരളത്തില്‍ എവിടെ നിന്ന് 112 ലേയ്ക്ക് വിളിച്ചാലും തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേയ്ക്കാവും കാള്‍ എത്തുന്നത്. ഉദ്യോഗസ്ഥര്‍ അതിവേഗം വിവരങ്ങള്‍ ശേഖരിച്ച് സേവനമെത്തേണ്ട സ്ഥലത്തിനു സമീപമുള്ള പൊലീസ് വാഹനത്തിലേയ്ക്ക് സന്ദേശം കൈമാറും.
ജിപിഎസ് സഹായത്തോടെ ഓരോ പൊലീസ് വാഹനവും എവിടെയുണ്ടെന്ന് കണ്‍ട്രോള്‍ റൂമില്‍ അറിയാനാകും. ആ വാഹനത്തില്‍ ഘടിപ്പിച്ച ടാബിലേയ്ക്കാണ് സന്ദേശമെത്തിക്കുന്നത്. ഇതനുസരിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അതിവേഗം പ്രവര്‍ത്തിക്കാം. ജില്ലാ കണ്‍ട്രോള്‍ റൂമികളിലേയ്ക്കും സമാനമായി സന്ദേശം നല്‍കും.
ഔട്ട് ഗോയിങ് സൗകര്യം ഇല്ലാത്തതോ താല്‍ക്കാലികമായി പ്രവര്‍ത്തന രഹിതമായിരിക്കുന്നതോ ആയ നമ്പരുകളില്‍ നിന്നു പോലും 112 എന്ന നമ്പറിലേയ്ക്ക് വിളിക്കാം. മൊബൈല്‍ ഫോണുകളില്‍ നിന്നും ലാന്‍ഡ് ഫോണില്‍ നിന്നും ഈ സൗകര്യം ലഭ്യമാണ്. പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍ ആപ്പിലെ ടീട ബട്ടണ്‍ വഴിയും നിങ്ങള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.
by Midhun HP News | Mar 1, 2025 | Latest News, കേരളം
കൊല്ലം: മദ്യലഹരിയില്‍ തീവണ്ടിപ്പാളത്തില്‍ കിടന്നയാളിനെ രക്ഷിച്ച് വീട്ടിലെത്തിച്ച് മടങ്ങിയ യുവാവിനെ ഇരുപതുകാരന്‍ വെട്ടിക്കൊന്നു. കിടപ്രം വടക്ക് പുതുവയലില്‍ വീട്ടില്‍ ചെമ്മീന്‍ കര്‍ഷക തൊഴിലാളി സുരേഷ് ആണ് മരിച്ചത്. 42 വയസ്സായിരുന്നു.
ആക്രമണത്തിനുശേഷം ഒളിവില്‍പ്പോയ മരംകയറ്റത്തൊഴിലാളി കിടപ്രം വടക്ക് ലക്ഷംവീട് കാട്ടുവരമ്പില്‍ അമ്പാടി (20)യെ കിഴക്കെ കല്ലട പൊലീസും നാട്ടുകാരും ചേര്‍ന്ന് രാത്രി പതിനൊന്നരയോടെ പിടികൂടി. വെള്ളിയാഴ്ച രാത്രി ഏഴരയോടെ അമ്പാടിയുടെ വീടിന് സമീപത്തുവച്ചാണ് സുരേഷിന് വെട്ടേറ്റത്.
സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നത് ഇങ്ങനെ; ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അമ്പാടി. വെള്ളിയാഴ്ച വൈകീട്ട് പടിഞ്ഞാറെ കല്ലട കല്ലുംമൂട്ടില്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ പ്രശ്‌നങ്ങളുണ്ടാക്കിയ അമ്പാടിയെ നാട്ടുകാര്‍ ഓടിച്ചുവിട്ടു.
തുടര്‍ന്ന് മദ്യലഹരിയില്‍ സമീപത്തെ തീവണ്ടിപ്പാതയിലേക്ക് കയറി ആത്മഹത്യാഭീഷണി മുഴക്കിയ പ്രതിയെ നാട്ടുകാര്‍ താഴെയിറക്കി. കൂട്ടത്തിലുണ്ടായിരുന്ന സുരേഷ്, അമ്പാടിയെ വീട്ടിലെത്തിച്ച ശേഷം മടങ്ങി. വീട്ടിനുള്ളിലേക്ക് കയറിപ്പോയ അമ്പാടി കൊടുവാളുമായി ഇറങ്ങിവന്ന് പിന്നിലൂടെയെത്തി സുരേഷിന്റെ കഴുത്തിന് വെട്ടുകയായിരുന്നു.
പഞ്ചായത്ത് അംഗവും നാട്ടുകാരും ചേര്‍ന്ന് സുരേഷിനെ ശാസ്താംകോട്ട ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ശാസ്താംകോട്ട ഡിവൈഎസ്പി, കിഴക്കേ കല്ലട എസ്എച്ച്ഒ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് എത്തി മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരേതനായ സുധാകരനാണ് സുരേഷിന്റെ അച്ഛന്‍. അമ്മ; മണിയമ്മ
by Midhun HP News | Mar 1, 2025 | Latest News, കേരളം
കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പത്താം ക്ലാസുകാരൻ മരിച്ച സംഭവത്തിൽ ആക്രമിച്ച വിദ്യാർഥികളുടെ ഇൻസ്റ്റഗ്രാം ഗ്രൂപ്പ് ചാറ്റ് പുറത്ത് വന്നു. അക്രമിസംഘത്തിൽപ്പെട്ടവർ പരസ്പരം സംസാരിക്കുന്ന ശബ്ദ സന്ദേശങ്ങളാണ് പുറത്തു വന്നത്. “ഷഹബാസിനെ കൊല്ലുമെന്ന പറഞ്ഞാൽ കൊന്നിരിക്കും” എന്ന് ചാറ്റിൽ പറയുന്നു.
കൂട്ടത്തല്ലിൽ മരിച്ചു കഴിഞ്ഞാൽ പ്രശ്നമില്ലെന്നും കേസെടുക്കില്ല പോലീസ് എന്നും ഗ്രൂപ്പ് ചാറ്റിൽ പറയുന്നു. “ഷഹബാസിനെ കൊല്ലുമെന്ന പറഞ്ഞാൽ കൊന്നിരിക്കും” എന്നും ചാറ്റിൽ പറയുന്നു. ഷഹബാസിന്റെ കണ്ണൊന്ന് പോയി എന്നും ചാറ്റിൽ വിദ്യാർത്ഥികൾ പരസ്പരം പറയുന്നുണ്ട്. ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ മർദനം എന്ന ഷഹബാസിൻ്റെ പിതാവിൻ്റെ ആരോപണം ശരി വയ്ക്കുന്നതാണ് പുറത്തുവന്ന ശബ്ദ സന്ദേശം. എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം ഗ്രൂപ്പ് ഉണ്ടാക്കി. ഇത് വഴിയാണ് സംഘർഷം ആസൂത്രണം ചെയ്തിരുന്നത്.
അഞ്ച് വിദ്യാർത്ഥികളെയാണ് പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത്. കൂടുതൽ പേരെ സംഭവത്തിൽ കസ്റ്റഡിയിലെടുക്കും. മുഹമ്മദ് ഷഹബാസിനെ മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഗുരുതരമായി പരുക്കേറ്റ മുഹമ്മദ് ഷഹബാസ് ഇന്നലെ രാത്രി 12.30ഓടെയാണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു മുഹമ്മദ് ഷഹബാസ്. തലച്ചോറിന് 70% ക്ഷതം ഏറ്റ കുട്ടി കോമയിലായിരുന്നു.
by Midhun HP News | Mar 1, 2025 | Latest News, കേരളം
ന്യൂഡല്‍ഹി: രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും സാധാരണയില്‍ കൂടുതല്‍ ഉഷ്ണതരംഗ സാഹചര്യങ്ങളും താപനിലയും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്. 1901 ന് ശേഷം ഏറ്റവും ചൂടേറിയ മാസം 2025 ഫെബ്രുവരിയാണെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. ഈ മാസം ശരാശരി താപനില 22.04 ഡിഗ്രി സെല്‍ഷ്യസ് ആണ്. 20.7ഡിഗ്രി സെല്‍ഷ്യസ് ശരാശരി വരുന്ന സ്ഥാനത്താണിത്. രാജ്യത്തിന്റെ മധ്യ, തെക്കന്‍ പ്രദേശങ്ങളിലും ഫെബ്രുവരിയില്‍ ഉയര്‍ന്ന താപ നില അനുഭവപ്പെട്ടു.
ജനുവരി മുതല്‍ ഫെബ്രുവരി വരെ രാജ്യത്ത് 59 ശതമാനം മഴക്കുറവ് രേഖപ്പെടുത്തി. മധ്യ ഇന്ത്യയില്‍ 89 ശതമാനം മഴക്കുറവും വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ 64 ശതമാനം മഴക്കുറവും രേഖപ്പെടുത്തി. ഇന്ത്യയുടെ തെക്കന്‍ ഭാഗങ്ങളും വടക്കു കിഴക്കന്‍ ഇന്ത്യയുടെ ഒറ്റപ്പെട്ട ഭാഗങ്ങളും ഒഴികെ, ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും സാധാരണയില്‍ കൂടുതലും കുറഞ്ഞ താപനിലയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. രാജ്യത്തിന്റെ വടക്കു കിഴക്കന്‍ മേഖലകള്‍, വടക്ക് ഭാഗങ്ങള്‍ തെക്കുപടിഞ്ഞാറന്‍ മേഖലകള്‍, തെക്ക് ഭാഗങ്ങള്‍ എന്നിവിടങ്ങളിലെല്ലാം സാധാരണയില്‍ കൂടുതല്‍ താപനിലയും ഉഷ്ണതരംഗവും ഉണ്ടാകുമെന്ന പ്രവചനം കാര്‍ഷിക രംഗത്ത് ആശങ്കകള്‍ ഉണ്ടാക്കുന്നുണ്ട്. പഞ്ചാബിലും ഹരിയാനയിലും ഗോതമ്പ് പോലുള്ള റാബി വിളകളുടെ വിളവെടുപ്പ് മാര്‍ച്ച് പകുതിയോടെ ആരംഭിക്കും.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇന്ത്യയില്‍ ഗോതമ്പ് ഉല്‍പ്പാദനത്തില്‍ പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ വില കുതിച്ചുയരുകയാണ്. ഗോതമ്പ് ഉല്‍പ്പാദനത്തെ താപനില വര്‍ധിച്ചു നില്‍ക്കുന്നത് സാരമായി ബാധിക്കും. മാര്‍ച്ചിലെ താപ നില നിര്‍ണായകമാകുമെന്നാണ് കര്‍ണാലിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഗോതമ്പ് ആന്റ് ബാര്‍ലി റിസര്‍ച്ചിലെ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്. ചൂടില്‍ ഇതുവരെ കുറവ് രേഖപ്പെടുത്തിയിട്ടില്ലെന്ന് ഐഐഡബ്ല്യുബിആര്‍ ഡയറക്ടര്‍ ഡോ.രത്തന്‍ കുമാര്‍ സിംഗ് പറഞ്ഞു. 2025 മാര്‍ച്ചില്‍ സാധാരണ മഴ ഉണ്ടാകുമെന്നും ഐഎംഡി പ്രവചിക്കുന്നു.
by Midhun HP News | Mar 1, 2025 | Latest News, കേരളം
കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന്‍റെ മരണത്തില്‍ കൊലക്കുറ്റം ചുമത്തി പൊലീസ്. കുറ്റാരോപിതരായ അഞ്ച് വിദ്യാർത്ഥികളെയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നിൽ ഹാജരാക്കാൻ രക്ഷിതാക്കൾക്ക് നിർദേശം നല്‍കി. ഇന്നലെ കസ്റ്റഡിയിൽ എടുത്ത അഞ്ച് പേരെയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിൽ ഹാജരാക്കിയ ശേഷം രക്ഷിതാക്കൾക്കൊപ്പം വിട്ടിരുന്നു. ഷഹബാസിന്‍റെ തലയ്ക്ക് അടിയേറ്റത് നഞ്ചക്ക് ഉപയോഗിച്ചാണെന്നു പൊലീസ് പറയുന്നു.
Recent Comments