by Midhun HP News | Aug 7, 2026 | Latest News, കേരളം
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പൊലീസ് പിടിയില്‍. പെരുനാട് സ്വദേശി അജികുമാര്‍ (52) ആണ് അറസ്റ്റിലായത്. പോക്‌സോ കേസില്‍ മൂന്നു പേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. കുട്ടിയുടെ അച്ഛനും പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. കേസില്‍ ആകെ ഏഴുപേരാണ് പ്രതികളായിട്ടുള്ളത്. പീഡനക്കേസിലെ പ്രതികളായ അച്ഛനും മറ്റൊരാളും വിദേശത്താണ്. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് ഊര്‍ജ്ജിതമാക്കി.
ഏഴാം ക്ലാസിലെ അവധിക്കാലത്താണ് പിതാവ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. പിന്നീട് പലവട്ടം പീഡനം തുടര്‍ന്നതായാണ് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുള്ളത്. സഹപാഠികളോടാണ് പെണ്‍കുട്ടി ആദ്യം പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ വഴി പൊലീസില്‍ വിവരം ലഭിക്കുകയായിരുന്നു. വ്യത്യസ്ത കാലയളവില്‍ നടന്ന കേസുകളായതുകൊണ്ട് പ്രത്യേകം എഫ്‌ഐആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.


by Midhun HP News | Aug 7, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നില്‍ ആസൂത്രിത ഗൂഢാലോചനയുണ്ടായെന്ന് സിബിഐ കണ്ടെത്തല്‍. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) വിദഗ്ധര്‍ക്കും ചോര്‍ച്ചയില്‍ നിര്‍ണായ പങ്കുണ്ടെന്നും സിബിഐ വ്യക്തമാക്കുന്നു. അവസാന നിമിഷം ചോദ്യപേപ്പര്‍ ചോര്‍ന്നതല്ല, പകരം കൃത്യമായ ആസൂത്രണം ചോര്‍ച്ചയ്ക്ക് പിന്നിലുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് സിബിഐ ഇക്കാര്യം വിശദീകരിക്കുന്നത്.
നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) ഓഫീസില്‍ നിന്ന് മൂന്ന് സബ്ജക്ട് വിദഗ്ധര്‍ വ്യത്യസ്ത മാര്‍ഗ്ഗങ്ങളിലൂടെ പരീക്ഷാ ചോദ്യങ്ങള്‍ പുറത്തെത്തിച്ചതായാണ് കണ്ടെത്തിയത്. ഒരാള്‍ ചോദ്യങ്ങള്‍ ചെറിയ കടലാസ് കഷണങ്ങളില്‍ എഴുതി ഒളിപ്പിച്ചാണ് പുറത്തെത്തിച്ചത്. മറ്റ് രണ്ടുപേര്‍ ചോദ്യങ്ങള്‍ കാണാതെ പഠിച്ച് ഹോട്ടല്‍ മുറികളിലെത്തി കടലാസില്‍ എഴുതുകയോ എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ അടയാളപ്പെടുത്തുകയോ ചെയ്തുവെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്.
എന്‍ടിഎ നിയോഗിച്ച ബയോളജി വിദഗ്ധന്‍ മനീഷ ഗുരുനാഥ് മന്ധാരെ, കെമിസ്ട്രി വിദഗ്ധന്‍ പ്രഹ്ലാദ് വിത്തല്‍റാവു കുല്‍ക്കര്‍ണി, ഫിസിക്‌സ് വിദഗ്ധ മനീഷ സഞ്ജയ് ഹവാല്‍ദര്‍ എന്നിവരാണ് ഗൂഢാലോചനയില്‍ പങ്കാളികളായത്. ഇവര്‍ തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത്, നീറ്റ് പരീക്ഷയ്ക്ക് മുമ്പ് ചോദ്യപേപ്പര്‍ പുറത്തു കടത്തുകയായിരുന്നുവെന്ന് സിബിഐ വ്യക്തമാക്കുന്നു.
എന്‍ടിഎ ഓഫീസിന്റെ ‘കോണ്‍ഫിഡന്‍ഷ്യല്‍ സെക്ഷനില്‍’ നിന്ന് പുറത്തുകടക്കുമ്പോള്‍ ഇവരെ ശരീരപരിശോധനയ്ക്ക് വിധേയരാക്കിയില്ലെന്നതാണ് ചോദ്യങ്ങള്‍ പുറത്തെത്തിക്കാന്‍ ഇവരെ സഹായിച്ചതെന്ന് സി.ബി.ഐ വ്യക്തമാക്കുന്നു. ഇവിടെ സിസിടിവി ദൃശ്യങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള പ്രത്യേക കണ്‍ട്രോള്‍ റൂമും ഉണ്ടായിരുന്നില്ല. അനദികൃത സാമ്പത്തിക നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് ഇവര്‍ ചോദ്യപേപ്പര്‍ കടത്തിയതെന്നും സിബിഐ സൂചിപ്പിക്കുന്നു.
പ്രഹ്ലാദ് വിത്തല്‍റാവു കുല്‍ക്കര്‍ണി ചെറിയ കടലാസ് കഷണങ്ങളില്‍ കെമിസ്ട്രിയിലെ 135 ചോദ്യങ്ങളും അവയുടെ ഓപ്ഷനുകളും ചുരുക്ക രൂപത്തില്‍ എഴുതിയെടുത്തു. മറ്റൊരു പ്രതിയായ മനീഷ വാഗ്മറെ പ്രത്യേക കോച്ചിംഗ് ക്ലാസുകള്‍ സംഘടിപ്പിക്കുകയും വിദ്യാര്‍ഥികള്‍ക്ക് ചോദ്യങ്ങളും ഉത്തരങ്ങളും പറഞ്ഞു കൊടുക്കുകയും ചെയ്തു. ബയോഝലി വിഷയങ്ങള്‍ കൈകാര്യം ചെയ്ത മനീഷ മന്ധാരെ, തന്റെ ഹോട്ടല്‍ മുറിയിലെത്തി മനഃപാഠമാക്കിയ ചോദ്യങ്ങള്‍ എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ കുറിച്ചുവെന്നും സിബിഐ വ്യക്തമാക്കുന്നു.
പരീക്ഷാ പ്രക്രിയകള്‍ക്ക് മുമ്പേ തന്നെ ഈ മൂന്ന് സബ്ജക്ട് വിദഗ്ധരുമായും കോച്ചിങ് ഓപ്പറേറ്റര്‍മാരും ഇടനിലക്കാരും ബന്ധം സ്ഥാപിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയതായി സിബിഐ കണ്ടെത്തി. അവര്‍ തുടര്‍ച്ചയായി ആശയവിനിമയം നടത്തിയിരുന്നതായും, കൂടിക്കാഴ്ചകള്‍ സംഘടിപ്പിച്ചിരുന്നതായും, ചോദ്യങ്ങള്‍ കൈമാറുന്നതിന് പ്രതിഫലമായി പണം സുരക്ഷിതമായി ലഭിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നതായും സിബിഐ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
പൂനെ ഡോ. അഭാങ് പ്രഭു മെഡിക്കല്‍ അക്കാദമി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ തേജസ് ഹര്‍ഷദ്കുമാര്‍ ഷാ, രേണുകായ് കരിയര്‍ സെന്റര്‍ മാനേജിംഗ് പാര്‍ട്ണര്‍ ശിവരാജ് മോട്ടെഗാവോങ്കര്‍, സിദ്ധിവിനായക് ആശുപത്രി ഉടമ ഡോ. മനോജ് ഭഗവന്റാവു ഷിരുരെ എന്നിവരും ഈ ഓപ്പറേഷനില്‍ പങ്കാളികളാണെന്ന് കുറ്റപത്രത്തില്‍ സൂചിപ്പിക്കുന്നു. ചോദ്യപേപ്പര്‍ ചോര്‍ന്നു കിട്ടിയ ശേഷം, പ്രതികളില്‍ ഒരാള്‍ തന്റെ ഒറിജിനല്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും ഒപ്പിട്ട ബ്ലാങ്ക് ചെക്കും ഈടായി കൈമാറിയിരുന്നതായും സിബിഐ വ്യക്തമാക്കുന്നു.


by Midhun HP News | Aug 7, 2026 | Latest News, കേരളം
തിരുവനന്തപുരം: സഹകരണബാങ്ക് വഴി ഗുണഭോക്താക്കളുടെ കൈവശം ക്ഷേമപെൻഷൻ തുക നേരിട്ടെത്തിക്കുന്നത് തടഞ്ഞ സർക്കാർ നടപടിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രാജ്യത്തിനു മാതൃകയായ കേരളത്തിലെ സാമൂഹ്യക്ഷേമ പെൻഷൻ വിതരണ സംവിധാനം അട്ടിമറിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കം അംഗീകരിക്കാൻ കഴിയില്ല. പാവപ്പെട്ടവരുടെ കൈകളിൽ നേരിട്ട് പെൻഷൻ തുക എത്തിക്കുന്ന ജനകീയമായ പെൻഷൻ വിതരണ പദ്ധതിയാണ് സർക്കാർ പുതിയ ഉത്തരവിലൂടെ തകിടം മറിക്കാനൊരുങ്ങുന്നതെന്ന് പിണറായി വിജയൻ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
സഹകരണ സംഘങ്ങൾ വഴിയുള്ള വീട്ടുപടിക്കലെ പെൻഷൻ വിതരണം നിർത്തലാക്കാനുള്ള ഈ നീക്കം പതിയെ പെൻഷൻ പദ്ധതി തന്നെ അവസാനിപ്പിക്കാനുള്ള യുഡിഎഫ് അജണ്ടയുടെ ആദ്യപടിയാണ്. ഡി.ബി.ടി അല്ലാതെ വാതിൽപ്പടി പെൻഷൻ വാങ്ങുന്നവർ ബാങ്കിംഗ് സേവന മേഖലക്കു പുറത്തുള്ളവരാണ്. ഇവരിൽ ബഹുഭൂരിപക്ഷവും അടിസ്ഥാന വിഭാഗത്തിൽ നിന്നുള്ളവരും ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരുമാണ്. സമൂഹത്തിന്റെ കരുതൽ വേണ്ടതായിട്ടുള്ള ഇവർക്കെല്ലാം തന്നെ വലിയ തിരിച്ചടിയാണ് പുതിയ ഉത്തരവ്.
സാമൂഹ്യ സുരക്ഷാ പെൻഷൻ അവകാശമല്ലെന്നും സർക്കാരിന്റെ ഔദാര്യമാണെന്നുമുള്ള വികല വലതുപക്ഷ നയത്തിന്റെ പ്രതിഫലനമാണ് യുഡിഎഫ് സർക്കാരിന്റെ പുതിയ ഉത്തരവെന്നു വ്യക്തമാണ്. ജനകീയ പെൻഷൻ വിതരണ സംവിധാനമില്ലാതാക്കി വയോജനങ്ങളെയും ഭിന്നശേഷിക്കാരെയും ബുദ്ധിമുട്ടിക്കുന്നത് കടുത്ത അനീതിയാണ്. പുതിയ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നും ആവശ്യമുള്ള മുഴുവൻ ഗുണഭോക്താക്കൾക്കും സഹകരണ സംഘങ്ങൾ വഴി വീട്ടിൽ നേരിട്ട് പെൻഷൻ എത്തിക്കുന്ന രീതി പുനഃസ്ഥാപിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.
പിണറായി വിജയന്റെ കുറിപ്പിന്റെ പൂർണരൂപം:
രാജ്യത്തിനു മാതൃകയായ കേരളത്തിലെ സാമൂഹ്യക്ഷേമ പെൻഷൻ വിതരണ സംവിധാനം അട്ടിമറിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കം അംഗീകരിക്കാൻ കഴിയില്ല. പാവപ്പെട്ടവരുടെ കൈകളിൽ നേരിട്ട് പെൻഷൻ തുക എത്തിക്കുന്ന ജനകീയമായ പെൻഷൻ വിതരണ പദ്ധതിയാണ് സർക്കാർ പുതിയ ഉത്തരവിലൂടെ തകിടം മറിക്കാനൊരുങ്ങുന്നത്. പത്ത് വർഷക്കാലമായി ഡി.ബി.ടി സ്വയം തെരഞ്ഞെടുത്തവരൊഴികെ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവരിലെ പകുതിയോളം പേർക്കും ബാങ്കുകൾ കയറിയിറങ്ങാതെ തങ്ങളുടെ വീട്ടുപടിക്കൽ പെൻഷൻ തുക ലഭ്യമായിരുന്നു. ആ സിസ്റ്റമാണ് യുഡിഎഫ് സർക്കാർ നിർവീര്യമാക്കാൻ ശ്രമിക്കുന്നത്.
കിടപ്പുരോഗികൾ ഒഴികെയുള്ള മുഴുവൻ ഗുണഭോക്താക്കൾക്കും പെൻഷൻ വിതരണം ഡി.ബി.ടി വഴി ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിലേക്ക് മാത്രമാക്കാനാണ് സർക്കാരിന്റെ ഏറ്റവും പുതിയ ഉത്തരവ്. സഹകരണ സംഘങ്ങൾ വഴിയുള്ള വീട്ടുപടിക്കലെ പെൻഷൻ വിതരണം നിർത്തലാക്കാനുള്ള ഈ നീക്കം പതിയെ പെൻഷൻ പദ്ധതി തന്നെ അവസാനിപ്പിക്കാനുള്ള യുഡിഎഫ് അജണ്ടയുടെ ആദ്യപടിയാണ്. ഡി.ബി.ടി അല്ലാതെ വാതിൽപ്പടി പെൻഷൻ വാങ്ങുന്നവർ ബാങ്കിംഗ് സേവന മേഖലക്കു പുറത്തുള്ളവരാണ്. ഇവരിൽ ബഹുഭൂരിപക്ഷവും അടിസ്ഥാന വിഭാഗത്തിൽ നിന്നുള്ളവരും ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരുമാണ്. സമൂഹത്തിന്റെ കരുതൽ വേണ്ടതായിട്ടുള്ള ഇവർക്കെല്ലാം തന്നെ വലിയ തിരിച്ചടിയാണ് പുതിയ ഉത്തരവ്. സാമൂഹ്യ സുരക്ഷാ പെൻഷൻ അവകാശമല്ലെന്നും സർക്കാരിന്റെ ഔദാര്യമാണെന്നുമുള്ള വികല വലതുപക്ഷ നയത്തിന്റെ പ്രതിഫലനമാണ് യുഡിഎഫ് സർക്കാരിന്റെ പുതിയ ഉത്തരവെന്നു വ്യക്തമാണ്.
തൊടു സാങ്കേതിക ന്യായങ്ങൾക്കൊപ്പം ഡി.ബി.ടി സംബന്ധിച്ച കേന്ദ്ര നിർദ്ദേശങ്ങൾ പാലിക്കപ്പെടാത്തതിനാൽ കേന്ദ്രസർക്കാർ നൽകുന്ന സാമ്പത്തിക സഹായങ്ങൾ സംസ്ഥാനത്തിന് നഷ്ടപ്പെടുന്ന സാഹചര്യമുണ്ട് എന്ന വാദം കൂടി നിരത്തിയാണ് യുഡിഎഫ് സർക്കാർ ഈ നീക്കത്തിന് ന്യായീകരണം ചമയ്ക്കുന്നത്. കേരളത്തിൽ ഒരു മാസം ആകെ വിതരണം ചെയ്യുന്ന സാമൂഹ്യസുരക്ഷാ പെൻഷൻ തുകയുടെ കേവലം 1% മാത്രമാണ് കേന്ദ്രവിഹിതം. ഈ വിഹിതം കിട്ടുന്നതാകട്ടെ ആകെ പെൻഷൻ ലഭിക്കുന്നവരുടെ 13.5% ആളുകൾക്ക് മാത്രവും. 86% പേർക്കും മുഴുവൻ തുകയും നൽകുന്നത് സംസ്ഥാനമാണ്. അതിനാൽ തന്നെ, പെൻഷൻ വിതരണ രീതിയെപ്പറ്റിയുള്ള കേന്ദ്ര തിട്ടൂരങ്ങളെ തള്ളിക്കളഞ്ഞാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോയിരുന്നത്. എന്നാൽ കേന്ദ്രനിർദ്ദേശം ഒരു അവസരമായി കണ്ടുകൊണ്ട് യുഡിഎഫ് സർക്കാർ പെൻഷൻ പദ്ധതിയെ തന്നെ ദുർബലമാക്കാൻ ശ്രമിക്കുകയാണ്.
ജനകീയ പെൻഷൻ വിതരണ സംവിധാനമില്ലാതാക്കി വയോജനങ്ങളെയും ഭിന്നശേഷിക്കാരെയും ബുദ്ധിമുട്ടിക്കുന്നത് കടുത്ത അനീതിയാണ്. പുതിയ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നും ആവശ്യമുള്ള മുഴുവൻ ഗുണഭോക്താക്കൾക്കും സഹകരണ സംഘങ്ങൾ വഴി വീട്ടിൽ നേരിട്ട് പെൻഷൻ എത്തിക്കുന്ന രീതി പുനഃസ്ഥാപിക്കണമെന്നും സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിക്കുകയാണ്.
by Midhun HP News | Aug 7, 2026 | Latest News, കേരളം
ഗുരുവായൂർ: അഷ്ടമിരോഹിണി ആഘോഷങ്ങളോട് അനുബന്ധിച്ച് ഗുരുവായൂർ ശ്രീ കൃഷ്ണക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകളിലൊന്നായ ‘അപ്പം’ വഴിപാടിന്റെ മുൻകൂട്ടി ബുക്കിംഗ് ആരംഭിച്ചു. ക്ഷേത്രത്തിലെ അഡ്വാൻസ് ബുക്കിംഗ് കൗണ്ടറുകൾ വഴിയും ദേവസ്വത്തിന്റെ ഔദ്യോഗിക പോർട്ടൽ വഴിയും ഭക്തർക്ക് ഇപ്പോൾ വഴിപാട് ബുക്ക് ചെയ്യാം.
ഒരു അപ്പം രസീതിന് 35 രൂപയാണ് ദേവസ്വം നിശ്ചയിച്ചിരിക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഘട്ടത്തിൽ ഒരാൾക്ക് പരമാവധി 20 അപ്പം വഴിപാടുകൾ വരെ ബുക്ക് ചെയ്യാം. എന്നാൽ അഷ്ടമിരോഹിണിയുടെ തലേദിവസമായ സെപ്റ്റംബർ 3-ന് കൗണ്ടറുകൾ വഴിയുള്ള ബുക്കിംഗിൽ നിയന്ത്രണമുണ്ടാകും. അന്നേദിവസം കൂടുതൽ ഭക്തർക്ക് വഴിപാട് ലഭിക്കുന്നതിനായി ഒരാൾക്ക് പരമാവധി 10 അപ്പം രസീതുകൾ മാത്രമേ നൽകുകയുള്ളൂവെന്ന് ദേവസ്വം ഭാരവാഹികൾ വ്യക്തമാക്കി.
ക്ഷേത്രത്തിൽ പുതുതായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച വെർച്വൽ ക്യൂ ദർശന സംവിധാനത്തിന് മികച്ച പിന്തുണയാണ് ഭക്തരിൽ നിന്ന് ലഭിക്കുന്നത്. സംവിധാനം ആരംഭിച്ച് ആദ്യ രണ്ട് ദിവസത്തിനുള്ളിൽ മാത്രം 3,088 ഭക്തർ വെർച്വൽ ക്യൂ വഴി ദർശനം പൂർത്തിയാക്കി.ഓഗസ്റ്റ് 4-നാണ് കൂടുതൽ സുഗമമായ ദർശനം ഉറപ്പാക്കുന്നതിനായി ദേവസ്വം ട്രയൽ റൺ ആരംഭിച്ചത്. പ്രതിദിനം 2,400 സ്ലോട്ടുകൾ വീതം രണ്ട് ദിവസങ്ങളിലായി 4,800 പേരാണ് ഓൺലൈൻ വഴി സ്ലോട്ടുകൾ ബുക്ക് ചെയ്തിരുന്നത്. ആദ്യ ദിനം സ്ലോട്ട് ബുക്ക് ചെയ്തതിൽ 1,482 പേർ ദർശനം നടത്തി. രണ്ടാം ദിനം 1,606 ഭക്തർ വെർച്വൽ ക്യൂ വഴി ദർശനം പൂർത്തിയാക്കി.
നിലവിൽ ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് വെർച്വൽ ക്യൂ വഴി ഭക്തർക്ക് ദർശന സൗകര്യമുള്ളത്. രാവിലെ 7:00 മണി മുതൽ ഉച്ചയ്ക്ക് 12:00 മണി വരെ മണിക്കൂർ ഇടവേളകളിലും, വൈകിട്ട് 4:00 മണി മുതൽ 5:00 മണി വരെയുമാണ് വെർച്വൽ ക്യൂ അനുവദിച്ചിരിക്കുന്നത്. സെപ്റ്റംബർ മാസത്തേക്കുള്ള വെർച്വൽ ക്യൂ ദർശനത്തിനായുള്ള ഓൺലൈൻ ബുക്കിംഗ് ഉടൻ തന്നെ ആരംഭിക്കുമെന്നും ദേവസ്വം അറിയിച്ചു.
by Midhun HP News | Aug 7, 2026 | Latest News, കേരളം
ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ വ്യാഴാഴ്ച നടന്ന മെയിൽ വാർഡ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ മുനിസിപ്പാലിറ്റി ചെയർമാനെ കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോക്ടർമാർ ബഹിഷ്കരിച്ചു.
ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലെ ഡോക്ടറോട് മുനിസിപ്പാലിറ്റി ചെയർമാൻ മര്യാദയില്ലാതെ പെരുമാറിയ സംഭവത്തിൽ ഡോക്ടർമാർക്കിടയിൽ ശക്തമായ പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ ബഹിഷ്കരണ നടപടി സംഘടിപ്പിച്ചത്. ആരോഗ്യപ്രവർത്തകരുടെ ആത്മാഭിമാനത്തെയും ഔദ്യോഗിക കർത്തവ്യനിർവഹണത്തെയും ചോദ്യം ചെയ്യുന്ന ഇത്തരം പെരുമാറ്റങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് കെ.ജി.എം.ഒ.എ വ്യക്തമാക്കി.
ഡോക്ടർമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കും സുരക്ഷിതവും പരസ്പര ബഹുമാനം നിലനിൽക്കുന്നതുമായ തൊഴിൽസാഹചര്യം ഉറപ്പാക്കേണ്ടത് എല്ലാ ജനപ്രതിനിധികളുടെയും ഭരണാധികാരികളുടെയും ഉത്തരവാദിത്തമാണെന്നും, ആരോഗ്യരംഗത്ത് സേവനം ചെയ്യുന്നവരോട് അപമര്യാദയായി പെരുമാറുന്ന പ്രവണതകൾക്കെതിരെ ശക്തമായ നിലപാട് തുടർന്നും സ്വീകരിക്കുമെന്നും കെ.ജി.എം.ഒ.എ അറിയിച്ചു.
ആരോഗ്യപ്രവർത്തകരുടെ സുരക്ഷയും അന്തസ്സും സംരക്ഷിക്കുന്നതിൽ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും, ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനമായ ഇടപെടൽ ഉണ്ടാകണമെന്നും കെ.ജി.എം.ഒ.എ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കെ.ജി.എം.ഒ.എ തിരുവനന്തപുരം ജില്ലാ കമ്മിറ്റി
by Midhun HP News | Aug 7, 2026 | Latest News, കേരളം
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാതിരക്ക് പരിഹരിക്കുന്നതിനായി ദക്ഷിണ റെയിൽവേയും മറ്റ് റെയിൽവേ സോണുകളും ചേർന്ന് 112 ഓണം സ്പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 6 വരെയുള്ള സമയത്താണ് ഈ ട്രെയിനുകൾ ഓടുക. മറുനാടൻ മലയാളികൾക്കും വിദ്യാർത്ഥികൾക്കും വിനോദസഞ്ചാരികൾക്കും നാട്ടിലേക്ക് എളുപ്പത്തിൽ എത്താൻ സൗകര്യമൊരുക്കുന്നതിനാണ് ദക്ഷിണ റെയിൽവേ, സൗത്ത് വെസ്റ്റേൺ റെയിൽവേ , സൗത്ത് സെൻട്രൽ റെയിൽവേ , സൗത്ത് ഈസ്റ്റേൺ റെയിൽവേ എന്നിവയുമായി ചേർന്ന് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
പ്രധാന ട്രെയിനുകളും സർവീസ് ദിവസങ്ങളും
1. ചെന്നൈ – കേരള റൂട്ട്
06119/06120 ചെന്നൈ സെൻട്രൽ – കൊല്ലം – ചെന്നൈ സെൻട്രൽ (ബുധൻ/വ്യാഴം): ഓഗസ്റ്റ് 19 മുതൽ സെപ്റ്റംബർ 3 വരെ (ആരക്കോണം, പാലക്കാട്, തൃശ്ശൂർ, കോട്ടയം വഴി).
06117/06118 ചെന്നൈ സെൻട്രൽ – കൊല്ലം – ചെന്നൈ സെൻട്രൽ (വ്യാഴം, ശനി/വെള്ളി, ഞായർ): ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 6 വരെ 7 ട്രിപ്പുകൾ വീതം.
06110/06109 തിരുവനന്തപുരം – താമ്പരം – തിരുവനന്തപുരം (ബുധൻ/വ്യാഴം): പുനലൂർ, ചെങ്കോട്ട, മധുര വഴി.
06126/06125 മംഗളൂരു – ചെന്നൈ എഗ്‌മോർ – മംഗളൂരു (തിങ്കൾ/ചൊവ്വ): പാലക്കാട്, ഈറോഡ് വഴി.
2. ബംഗളൂരു / മൈസൂരു – കേരള റൂട്ട്
06555/06556 എസ്.എം.വി.ടി ബംഗളൂരു – തിരുവനന്തപുരം നോർത്ത് (വെള്ളി/ഞായർ): ഓഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 6 വരെ.
06523/06524 എസ്.എം.വി.ടി ബംഗളൂരു – തിരുവനന്തപുരം നോർത്ത് (തിങ്കൾ/ചൊവ്വ): ഓഗസ്റ്റ് 17 മുതൽ സെപ്റ്റംബർ 1 വരെ.
06547/06548 എസ്.എം.വി.ടി ബംഗളൂരു – തിരുവനന്തപുരം നോർത്ത് (ബുധൻ/വ്യാഴം): ഓഗസ്റ്റ് 19 മുതൽ സെപ്റ്റംബർ 3 വരെ.
06147/06148 എറണാകുളം – എസ്.എം.വി.ടി ബംഗളൂരു (ഞായർ/തിങ്കൾ): ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 7 വരെ.
06227/06228, 06229/06230 മൈസൂരു – കണ്ണൂർ – ബാംഗ്ലൂർ കന്റോൺമെന്റ്: ഓഗസ്റ്റ് 25, 29 തീയതികളിൽ പ്രത്യേക സർവീസ്.
3. ഹൈദരാബാദ് / സിക്കന്ദരാബാദ് – കേരള റൂട്ട്
07193/07194 ഹൈദരാബാദ് – കൊല്ലം – ഹൈദരാബാദ് (ശനി/തിങ്കൾ): ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 7 വരെ.
07195/07196 ചെർലാപ്പള്ളി – കൊല്ലം – ചെർലാപ്പള്ളി (വെള്ളി/ശനി): ഓഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 5 വരെ.
07097/07098 ഹൈദരാബാദ് – മംഗളൂരു സെൻട്രൽ (ബുധൻ/വ്യാഴം): കണ്ണൂർ, ഷൊർണൂർ വഴി.
4. മറ്റ് പ്രധാന സർവീസുകൾ
06081/06082 തിരുവനന്തപുരം നോർത്ത് – സാന്ത്രാഗച്ചി (കൊൽക്കത്ത) (വെള്ളി/തിങ്കൾ): ഓഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 7 വരെ.
07313/07314 ഹൂബ്ലി – കൊല്ലം – ഹൂബ്ലി (ഞായർ/തിങ്കൾ): ബെംഗളൂരു, പാലക്കാട് വഴി.
അവധി ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് ഈ ട്രെയിനുകളിലേക്കുള്ള ഓൺലൈൻ, കൗണ്ടർ ടിക്കറ്റ് ബുക്കിംഗുകൾ ഉടൻ ആരംഭിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
Recent Comments