by Midhun HP News | Oct 3, 2026 | Latest News, കേരളം
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ചികിത്സാപിഴവ് പരാതി. ഹെർണിയ സർജറിക്ക് വിധേയ ആയി ചികിത്സയിൽ കഴിയവേ മരിച്ച ചങ്ങനാശ്ശേരി സ്വദേശി ഹസീനയുടെ കുടുംബമാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ആദ്യം താക്കോൽദ്വാര ശസ്ത്രക്രിയയും പിന്നീട് വയറുതുറന്നുള്ള ശസ്ത്രക്രിയയും നടത്തിയിരുന്നു.

ഇതിനിടെ പിഴവുണ്ടായി എന്നാണ് കുടുംബത്തിന്റെ പരാതി. കഴിഞ്ഞ മാസം 18 നാണ് സർജറി നടത്തിയത്. ഡിസ്ചാർജ് ചെയ്തതിന് ശേഷവും കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ ചെയ്ത് സ്ഥലത്ത് അണുബാധയുണ്ടായതിനെ തുടർന്ന് വയർ തുറന്നു ശസ്ത്രക്രിയ ചെയ്തു. ഇതിനിടെയുണ്ടായ പിഴവ് എന്നാണ് കുടുബത്തിന്റെ പരാതി.

എന്നാൽ ചികിത്സ പിഴവ് ഉണ്ടായിട്ടില്ല എന്നാണ് ആശുപത്രിയുടെ വിശദീകരണം. ശസ്ത്രക്രിയക്ക് ശേഷമുള്ള അണുബാധയാണ് മരണകാരണം എന്നും ആശുപത്രി അധികൃതർ ചൂണ്ടിക്കാണിക്കുന്നു.


by Midhun HP News | Oct 3, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഇന്ത്യയിലെ അതിസമ്പന്നന്മാരുടെ പട്ടികയില്‍ അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി മുന്നില്‍. 11270 കോടി ഡോളറാണ് ഗൗതം അദാനിയുടെ ആസ്തി. രണ്ടാം സ്ഥാനത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയാണ്. 8630 കോടി ഡോളറാണ് മുകേഷ് അംബാനിയുടെ സ്വത്ത്. ഫോബ്സ് മാസിക പുറത്തുവിട്ട പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളി എന്ന പദവി ഇക്കൊല്ലവും എംഎ യൂസഫലി നിലനിര്‍ത്തി.
പട്ടികയില്‍ 47-ാം സ്ഥാനത്താണ് എംഎ യൂസഫലി. 575 കോടി ഡോളറാണ് യൂസഫലിയുടെ ആസ്തി. 900 കോടി ഡോളര്‍ ആസ്തിയുള്ള മുത്തൂറ്റ് കുടുംബം ഇതിലും മുന്നിലാണെങ്കിലും ( 24-ാം സ്ഥാനത്ത്) വ്യക്തിഗത ആസ്തിയില്‍ യൂസഫലി തന്നെയാണ് ഒന്നാമന്. ജോയ് ആലുക്കാസ് 540 കോടി ഡോളര്‍, രവി പിള്ള 410 കോടി ഡോളര്‍, സണ്ണി വര്‍ക്കി 400 കോടി ഡോളര്‍, പിഎന്‍സി മേനോന് 390 കോടി ഡോളര്‍, ടി എസ് കല്യാണരാമന് 365 കോടി ഡോളര്‍ എന്നിവരാണ് പട്ടികയിലുള്ള മറ്റു മലയാളി സമ്പന്നര്‍.
പട്ടികയില്‍ മൂന്നാം സ്ഥാനത്ത് സാവിത്രി ജിന്‍ഡാല്‍ ആണ്. 3980 കോടി ഡോളര്‍ ആണ് ആസ്തി. ലക്ഷ്മി മിത്തല്‍, സുനില്‍ മിത്തല്‍, സൈറസ് പൂനാവാല, ശിവ് നാടാര്‍, ദിലീപ് സാങ് വി, കുമാര്‍ ബിര്‍ള, ഹിന്ദുജ കുടുംബം എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.




by Midhun HP News | Oct 3, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തും തേനി ജില്ലയിലും മഴ പെയ്യാന്‍ പ്രത്യേക പ്രാര്‍ത്ഥനയുമായി തമിഴ്നാട്ടിലെ കര്‍ഷകര്‍. തേനി ജില്ലയിലെ കര്‍ഷകര്‍ വെള്ളിയാഴ്ച വീരപാണ്ടി ഗൗമാരിയമ്മന്‍ ക്ഷേത്രത്തില്‍ വരുണപൂജ നടത്തി. കമ്പം വാലി വാട്ടര്‍ യൂസേഴ്സ് അസോസിയേഷന്റെ നേതൃത്വതത്തില്‍ കര്‍ഷകരും പൊതുജനങ്ങളും ചേര്‍ന്നാണ് പൂജയും യാഗവും സംഘടിപ്പിച്ചത്.

തേനി, മധുര, ഡിണ്ടിഗല്‍, ശിവഗംഗ, രാമനാഥപുരം എന്നീ അഞ്ച് ജില്ലകളുടെ പ്രധാന ജലസ്രോതസ്സായ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴയ്ക്കായി അവര്‍ പാര്‍ത്ഥിച്ചു. നിലവിൽ 116.85 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്.

കഴിഞ്ഞ ജൂലൈയിലും മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പ്രദേശങ്ങളിൽ മഴ ലഭിക്കുന്നതിനും കൃഷിക്ക് ആവശ്യത്തിന് വെള്ളം ലഭ്യമാക്കുന്നതിനുമായി തമിഴ്നാട്ടിലെ കർഷക സംഘടനകളുടെ നേതൃത്വത്തിൽ സർവമത പ്രാർഥന നടത്തിയിരുന്നു. അണക്കെട്ടിൽ നിന്നും തമിഴ്നാട്ടിലേക്ക് വെള്ളം തുറന്നുവിടുന്ന തേക്കടിയിലെ ഷട്ടറിന് സമീപത്താണ് അഞ്ച് ജില്ലാ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ പ്രാർഥന നടത്തിയിരുന്നത്.


by Midhun HP News | Oct 3, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിൽ അസാധാരണ ഇടപെടൽ നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ. വിദ്യാഭ്യാസ വകുപ്പിലെ താൽക്കാലിക നിയമനങ്ങളുടെ ഫയൽ വിളിച്ച് വരുത്തി മുഖ്യമന്ത്രി വെട്ടിതിരുത്തി.
വെട്ടിയ പേരുകൾക്ക് പകരം മുഖ്യമന്ത്രിക്ക് താൽപ്പര്യമുള്ള പേരുകൾ എഴുതി ചേർത്ത് ഫയൽ തിരിച്ചയച്ചു. ബിആർസി, എസ്എസ്കെ, എസ്സിഇആർടി ഓഫീസുകളിലെ താൽക്കാലിക നിയമനങ്ങളിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. താൽക്കാലിക നിയമനങ്ങൾക്കായി അന്തിമമായി തയ്യാറാക്കിയ ലിസ്റ്റാണ് ഈ നിലയിൽ മുഖ്യമന്ത്രി ഇടപെട്ട് തിരുത്തിയത്. താത്ക്കാലിക നിയമനങ്ങളുടെ ഫയൽ വിളിച്ചു വരുത്തി മുഖ്യമന്ത്രി വെട്ടുന്നത് അസാധാരണ നടപടിയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മുഖ്യമന്ത്രിയുടെ അസാധാരണ നീക്കത്തിൽ വിദ്യാഭ്യാസ വകുപ്പിന് കടുത്ത എതിർപ്പ് ഉയർന്നിട്ടുണ്ട്. യുഡിഎഫ് എംഎൽഎമാരുടെയും അതത് മണ്ഡലങ്ങളിലെ യുഡിഎഫ് നേതൃത്വത്തിൻ്റെയും ശുപാർശ അനുസരിച്ച് മുസ്ലിം ലീഗ് നേതൃത്വുമായി ആശയവിനിമയം നടത്തിയാണ് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ്റെ ഓഫീസ് പട്ടിക തയ്യാറാക്കിയത്. ഓരോ വകുപ്പിലും നടത്തേണ്ട താൽക്കാലിക നിയമനങ്ങളുടെ പട്ടിക തയ്യാറാക്കുന്ന ചുമതല അതത് വകുപ്പുകളുടേതാണ്. ഇതിനനുസരിച്ചാണ് വിദ്യാഭ്യാസ വകുപ്പ് താൽക്കാലിക നിയമനത്തിനുള്ള പട്ടിക തയ്യാറാക്കിയത്.

മുഖ്യമന്ത്രി തിരുത്തി കൈമാറിയ താൽക്കാലിക നിയമനങ്ങളുടെ പട്ടിക അതേപടി പുറത്തിറക്കാനാവില്ലെന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്. മുഖ്യമന്ത്രി തിരുത്തുന്നതിന് മുമ്പ് പട്ടികയിൽ ഉണ്ടായിരുന്ന ചില പേരുകൾ വീണ്ടും ഉൾപ്പെടുത്തണമെന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്. ഇതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതൃത്വവുമായി ആശയവിനിമയം നടത്തുകയാണ് വിദ്യാഭ്യാസ വകുപ്പ്. മുസ്ലിം ലീഗിന് കൂടി താൽപ്പര്യമുള്ള ചില പേരുകൾ ഉൾപ്പെടുത്തിയതിന് ശേഷം മാത്രമേ പട്ടിക പുറത്തിറക്കാൻ കഴിയൂ എന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്. എന്നാൽ താൻ തന്ന പട്ടിക അതേപടി പുറത്തിറക്കണമെന്ന നിലപാടിൽ മുഖ്യമന്ത്രി ഉറച്ച് നിന്നാൽ വിദ്യാഭ്യാസ വകുപ്പിന് മുന്നിൽ മറ്റുവഴികളില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മുഖ്യമന്ത്രി വി ഡി സതീശൻ സ്വന്തം നിലയിൽ തീരുമാനങ്ങൾ എടുത്ത് പോകുന്നു എന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിൻ്റെ വിമർശനത്തിൻ്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ ഇടപെടൽ ചർച്ചയാകുന്നത്.

യുഡിഎഫിൽ കൂടിയാലോചനയില്ലെന്നും പല കാര്യങ്ങളും അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും കഴിഞ്ഞ ദിവസം യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് വാർത്താസമ്മേളനം നടത്തി പ്രതികരിച്ചിരുന്നു. അടൂർ പ്രകാശിൻ്റെ പരസ്യപ്രതികരണത്തിൽ മുസ്ലിം ലീഗ് നേതൃത്വത്തിന് അസംതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് മുസ്ലിം ലീഗിൻ്റെ വകുപ്പിലും മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.


by Midhun HP News | Oct 3, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: ആഗോള വിപണിയില്‍ ഇന്ധന വില കുറയ്ക്കുന്നതിന് ഇന്ധനശേഖരത്തില്‍ നിന്ന് എണ്ണ അനുവദിക്കാന്‍ തീരുമാനിച്ച് ജി7 രാജ്യങ്ങള്‍. അടുത്ത നാലുമാസത്തിനിടെ 10 കോടി ബാരല്‍ എണ്ണ വിപണിയില്‍ എത്തിക്കാനാണ് ജി7 രാജ്യങ്ങള്‍ക്ക് ഇടയില്‍ ധാരണയായത്. ആഗോള തലത്തില്‍ എണ്ണവില കുറയ്ക്കുന്നതിന് ഇന്ധനശേഖരത്തില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ എണ്ണ അനുവദിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.

ഇതിന് പിന്നാലെ ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞിട്ടുണ്ട്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 102 ഡോളറില്‍ എത്തി നില്‍ക്കുകയാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് യുകെയില്‍ ഡീസല്‍ വില ചരിത്രത്തിലാദ്യമായി ലിറ്ററിന് രണ്ട് പൗണ്ടിലേക്ക് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജി7 രാജ്യങ്ങള്‍ യോഗ്യം ചേര്‍ന്ന് അടിയന്തരമായി ഇന്ധനശേഖരത്തില്‍ നിന്ന് എണ്ണ അനുവദിക്കാന്‍ തീരുമാനിച്ചത്.

യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ കൂടുതല്‍ എണ്ണ ശേഖരം വിപണിയില്‍ എത്തിക്കാന്‍ തയ്യാറായില്ലെങ്കില്‍ അമേരിക്കയില്‍ നിന്നുള്ള ഡീസല്‍ കയറ്റുമതി നിരോധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫ്രാന്‍സ്, കാനഡ, ജര്‍മ്മനി, ഇറ്റലി, ജപ്പാന്, യുകെ, അമേരിക്ക എന്നിവ അടങ്ങുന്നതാണ് ജി7 രാജ്യങ്ങള്‍.


by Midhun HP News | Oct 3, 2026 | Latest News, ദേശീയ വാർത്ത
റിയാദ്: സൗദി അറേബ്യയിലെ തായിഫ്-റാനിയ റോഡിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. കോട്ടയം അയര്‍ക്കുന്നം സ്വദേശിനി ജെയ്സി മോള് മാത്യു (36), കുറുമല്ലൂര്‍ സ്വദേശിനി ആനച്ചേരി അഞ്ചാകുന്നേല്‍ ജോബിന ജോണി (26) എന്നിവരാണ് അപകടത്തില്‍ മരിച്ച മലയാളി നഴ്സുമാര്‍.
ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന സഹപ്രവര്‍ത്തകരും തമിഴ്നാട് സ്വദേശികളുമായ വിജയലക്ഷ്മി (36), ഹെപ്സിബ (33) എന്നിവരും വാഹനം ഓടിച്ചിരുന്ന സൗദി പൗരനുമാണ് മരണപ്പെട്ട മറ്റുള്ളവര്‍. ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. തായിഫ് ഗവര്‍ണറേറ്റിലെ അല്‍ ഗാഫ, അല്‍ അവെയ്ല ക്ലിനിക്കുകളില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്.



Recent Comments