by Midhun HP News | Oct 27, 2025 | Latest News, ജില്ലാ വാർത്ത
ഇന്ന് മുതൽ സ്വകാര്യ ബസുകളിൽ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ട്രാൻസ്‌പോർട്ട് കമ്മീഷണർ സി എച്ച് നാഗരാജുവിന് ഇതിനായുള്ള ചുമതല നൽകി. ജീവനക്കാർ ലഹരി ഉപയോഗിക്കുന്നു എന്ന് കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു.
സ്വകാര്യ ബസുകളിലെ ജീവനക്കാർ വ്യാപകമായി ലഹരി ഉപയോഗിക്കുന്നുവെന്ന വാർത്ത വന്നതിന് പിന്നാലെയാണ് തീരുമാനം. കാരുണ്യയാത്രയുടെ പേരിൽ പണം പിരിച്ച് ഡ്രൈവർ എംഡിഎംഎ വാങ്ങിയെന്ന സന്ദേശം ഇന്നലെ പുറത്തുവന്നിരുന്നു. ആലുവയിലെ ചങ്ക്‌സ് ഡ്രൈവേഴ്‌സ് എന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണ് സന്ദേശം വന്നത്
ഇത് വാർത്തയായതോടെയാണ് മന്ത്രിയുടെ ഇടപെടൽ. വാട്‌സാപ്പ് സന്ദേശം കൃത്യമായി പരിശോധിക്കും. സ്വകാര്യ ബസ് ജീവനക്കാർ ലഹരി ഉപയോഗിച്ചോ, ഉണ്ടെങ്കിൽ എവിടെ നിന്ന് തുടങ്ങി എല്ലാ കാര്യങ്ങളും അന്വേഷിക്കും. എക്‌സൈസിനെ കൂടി ഉൾപ്പെടുത്തിയാകും പരിശോധനയെന്നും മന്ത്രി പറഞ്ഞു.


by Midhun HP News | Oct 27, 2025 | Latest News, ജില്ലാ വാർത്ത
‘ദേശീയ വിദ്യാഭ്യാസ നയം നടപ്പാകുമല്ലോ. നിങ്ങൾ വി.ഡി. സവർക്കർ രാജ്യദ്രോഹിയെന്ന് പറയുന്നു, ശരിയല്ല. എത്രയോ പതിറ്റാണ്ടുകൾ ആൻഡമാനിൽ തടവിൽ കഴിഞ്ഞ വി.ഡി. സവർക്കറെ നിങ്ങൾ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് ദ്രോഹിക്കുന്നു, ഞങ്ങൾ പഠിപ്പിക്കും. ഹെഡ്ഗേവാർ, ദീൻ ദയാൽ ഉപാധ്യായ… അവരൊക്കെ പാഠ്യപദ്ധതിയുടെ ഭാഗമാകും. കോൺഗ്രസ് തമസ്കരിച്ച എല്ലാ ചരിത്രവും ശരിയായ നിലയിൽ കുട്ടികളെ പഠിപ്പിക്കണം. നെഹ്റുവിന്‍റെയും ഇന്ദിര ഗാന്ധിയുടെയും മാത്രം ചരിത്രം പഠിച്ചാൽ മതി എന്നാണോ? കാര്യങ്ങൾ ശരിയായ നിലയിൽ പഠിക്കണം, അതിനുള്ള സംവിധാനങ്ങളുണ്ടാകും. ഇഷ്ടമില്ലാത്തവർ പഠിക്കേണ്ട.’ കെ. സുരേന്ദ്രൻ പറഞ്ഞു.
കേരളം ഒരു പ്രത്യേക രാജ്യമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് ശരിയല്ല എന്ന് കൂടി തെളിഞ്ഞിരിക്കുകയാണ്. ഇത് നടപ്പാകും, നടപ്പാക്കേണ്ടിവരും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് അത് നേരത്തെ മനസ്സിലായി. പിണറായി വിജയന് മനസ്സിലായി എന്ന് വിചാരിക്കുന്നു. കരിക്കുലം പരിഷ്കരണത്തിലും ഇടപെടാൻ സാധിക്കും. വിദ്യാഭ്യാസം കൺകറന്‍റ് ലിസ്റ്റിൽ ഉള്ളതാണ്. കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടപെടാം -സുരേന്ദ്രൻ പറഞ്ഞു.
സി.പി.ഐയെ പോലെ ഇത്രയും നിലപാടില്ലാത്ത ഒരു പാർട്ടി ഈ രാജ്യത്തുണ്ടോ? സി.പി.ഐ എപ്പോഴും കുരയ്ക്കും, പക്ഷേ കടിക്കില്ല. സി.പി.ഐക്കുള്ള ഏറ്റവും വലിയ ഗുണം അതാണ്. ബിനോയ് വിശ്വം എന്തെല്ലാം പറഞ്ഞു.സി.പി.ഐ പറഞ്ഞു, മാവോയിസ്റ്റ് വേട്ട നടപ്പാവില്ലെന്ന്. മാവോയിസ്റ്റുകളെ എല്ലാ വർഷവും ഇവിടെ വെടിവെച്ച് കൊല്ലുകയാണ്. സി.പി.ഐ പറഞ്ഞു പൂരം കലക്കി, ഉടൻ നടപടിയെടുക്കണം, അജിത് കുമാറിനെ മൂക്കിൽ കയറ്റണം. അജിത് കുമാർ അതാ അവിടെ ഇരിക്കുന്നു. -കെ. സുരേന്ദ്രൻ പരിഹസിച്ചു.


by Midhun HP News | Oct 27, 2025 | Latest News, കേരളം
കൊച്ചി: നവ ആശയങ്ങളുടെയും വിനോദത്തിന്റെയും സംഗമവേദിയായ സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ രണ്ടാം പതിപ്പ് ഒരുങ്ങുന്നു. കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടി ജനുവരി 29 മുതൽ ഫെബ്രുവരി ഒന്ന് വരെ കൊച്ചിയിലാണ് നടക്കുക.
ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ നടന്ന ചടങ്ങിൽ ഹൈബി ഈഡൻ എംപി, ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം എം ജോസഫ്, ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ വേണു രാജാമണി, ജെയിൻ യൂണിവേഴ്സിറ്റി പ്രൊ-വൈസ് ചാൻസലർ പ്രൊഫ. ഡോ. ജെ. ലത, ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ, ജെയിൻ യൂണിവേഴ്സിറ്റി കൊച്ചി ഹെഡ് ഓഫ് ഓപ്പറേഷൻസ് സുബി കുര്യൻ എന്നിവർ ചേർന്ന് രണ്ടാം എഡിഷൻ്റെ ലോഗോ പ്രകാശനം ചെയ്തു.
ആദ്യ പതിപ്പിന്റെ വൻ വിജയത്തെ തുടർന്നാണ് രണ്ടാം പതിപ്പ് സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസം, സാങ്കേതികവിദ്യ, എർത്ത്, സംരംഭകത്വം, വെൽനസ്, ഫുഡ്, കൾച്ചർ ആൻഡ് ലിറ്ററേച്ചർ എന്നിങ്ങനെ ഏഴ് ട്രാക്കുകളിലായാണ് നാലു ദിവസം നീണ്ടു നിൽക്കുന്ന ഉച്ചകോടി വിഭാവനം ചെയ്തിരിക്കുന്നത്. രണ്ടുലക്ഷത്തിലധികം പേർ പങ്കെടുക്കുന്ന സമ്മിറ്റിൽ 400-ൽ അധികം വിദഗ്ധർ, മുപ്പതിലധികം കലാകാരന്മാർ എന്നിവർ വിവിധ സെഷനുകളിൽ പങ്കുചേരും. 30-ൽ അധികം പാനൽ ചർച്ചകളും 50-ൽ അധികം വർക്ഷോപ്പുകളും മാസ്റ്റർക്ലാസുകളും ഒരുക്കിയിട്ടുണ്ട്.
ആഗോള ചിന്തകർ, നയരൂപകർത്താക്കൾ, വ്യവസായ പ്രമുഖർ, അക്കാദമിക് വിദഗ്ധർ,വിദ്യാർത്ഥികൾ എന്നിവർക്കൊപ്പം സാധാരണക്കാർക്കു കൂടി പങ്കാളിത്തം ഉറപ്പാക്കുന്നുവെന്നതാണ് ഇത്തവണത്തെ പ്രത്യേകത. കേരളത്തിന്റെ ഭാവിയെക്കുറിച്ച് സാധാരണക്കാരുടെ അഭിപ്രായങ്ങളും ആശയങ്ങളും സ്വീകരിക്കുകയും മികച്ച ആശയങ്ങൾ വിദഗ്ദ്ധർക്ക് മുന്നിൽ അവതരിപ്പിക്കാൻ അവസരം നൽകുകയും ചെയ്യും. ഇതിന്റെ ഭാഗമായി, പൊതുജനങ്ങളിൽ നിന്ന് ഭാവി കേരളത്തെ കുറിച്ചുള്ള അഭിപ്രായങ്ങളും ആശയങ്ങളും ശേഖരിക്കുന്നതിനുള്ള പ്രത്യേക ക്യാമ്പയിനും ഉച്ചകോടിക്ക് മുന്നോടിയായി ആരംഭിക്കും.
ആദ്യ പതിപ്പിലുണ്ടായിരുന്ന സെലിബ്രിറ്റി പ്രകടനങ്ങൾ, റോബോ വേഴ്സ്, സ്റ്റുഡന്റ്സ് ബിനാലെ, മ്യൂസിക് നൈറ്റ്, ഫുഡ് സ്ട്രീറ്റ്, ഫ്ലീ മാർക്കറ്റ്, ഡാൻസ് കൊച്ചി തുടങ്ങിയവ ഇത്തവണയും അരങ്ങേറും. ഇവ കൂടാതെ, ഓട്ടോ എക്സ്പോ,ഇ-സ്പോർട്സ് ഗെയിം വേഴ്സ്, ഹ്യൂമൻ ലൈബ്രറി,ഡ്രോൺഷോ എന്നിവ ഇത്തവണത്തെ മുഖ്യ ആകർഷണങ്ങളാണ്. കേരളത്തിലെ ഏറ്റവും വലിയ ഓട്ടോ എക്സ്പോ, ഇ-സ്പോർട്സ് ഗെയിം വേഴ്സ് എന്നിവയ്ക്ക് കൊച്ചി സാക്ഷ്യം വഹിക്കും. രണ്ടാം എഡിഷന് മുന്നോടിയായി സ്കൂൾ-കോളജ് വിദ്യാർത്ഥികൾക്കായി ഐഡിയ ഫെസ്റ്റ്, സ്പീക്ക് ഫോർ ഫ്യൂച്ചർ എന്നീ പ്രോഗ്രാമുകളും ആരംഭിച്ചിട്ടുണ്ട്.
ഹൈബ്രിഡ് ഇന്നൊവേഷൻ മത്സരമായ ഐഡിയ ഫെസ്റ്റ് 2025ന് കേരളത്തിലെ കോളേജുകളിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും കേരളത്തിലെയും ഗൾഫ് മേഖലയിലെയും പ്ലസ് ടു വിദ്യാർത്ഥികൾക്കും ടീമുകളായി പങ്കെടുക്കാം. നവംബർ ആദ്യവാരം നടക്കുന്ന ഓൺലൈൻ ഡിസൈൻ തിങ്കിംഗ് ശില്പശാലയ്ക്ക് ശേഷം നവംബർ 21, 22 തീയതികളിൽ ക്യാമ്പസിൽ ഐഡിയഫെസ്റ്റ് മത്സരം അരങ്ങേറും. ഇതിന് പുറമെ, വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന പ്രസംഗ മത്സരമായ സ്പീക്ക് ഫോർ ഫ്യൂച്ചറിൽ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കും 11, 12 വിദ്യാർത്ഥികൾക്കും സൗജന്യമായി പങ്കെടുക്കാം. ‘ഭാവി എന്റെ കാഴ്ചപ്പാടിൽ’ എന്ന വിഷയത്തെ ആസ്പദമാക്കി അഞ്ച് മിനിറ്റിൽ കവിയാത്ത പ്രസംഗം വീഡിയോ രൂപത്തിൽ തയാറാക്കി, #SpeakForTheFuture എന്ന ഹാഷ്ടാഗോടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും സംഘാടകർക്ക് സമർപ്പിക്കുകയുമാണ് വേണ്ടത്. 2026 ജനുവരി 10 ആണ് അവസാന തീയതി.
സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ ഭാഗമായി ദീർഘവീക്ഷണത്തോടെ രൂപം നൽകിയ ഫ്യൂച്ചർ കേരള മിഷന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോവുക എന്നതും രണ്ടാം ഉച്ചകോടിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. കേരളം നേരിടുന്ന രൂക്ഷമായ പാരിസ്ഥിതിക പ്രശ്നമായ കുളവാഴ നിർമാർജനം ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾക്ക് ‘ഫ്യൂച്ചർ കേരള മിഷൻ’ തുടക്കം കുറിച്ചിരുന്നു. ഈ പദ്ധതികളെല്ലാം നിലവിൽ വിജയകരമായി മുന്നേറുകയാണ്.
ഏഴ് ദിവസം നീണ്ടുനിന്ന ആദ്യ ഉച്ചകോടി, കേരളം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ സംഗമങ്ങളിൽ ഒന്നായിരുന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ ചർച്ച ചെയ്ത വിദഗ്ദ്ധരുടെ ഏറ്റവും വലിയ സംഗമം എന്ന നിലയിൽ ഉച്ചകോടി ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇടം നേടിയിരുന്നു. ഒരു ലക്ഷത്തിലധികം പേർ പങ്കെടുത്ത സമ്മിറ്റിൽ 317 പ്രഭാഷകരും 15-ലധികം ദേശീയ-അന്തർദേശീയ കലാകാരന്മാരും അണിനിരന്നു.
വിജ്ഞാനത്തിനും വിനോദത്തിനും തുല്യപ്രാധാന്യം നൽകിയ ഉച്ചകോടിയിൽ 115-ലധികം സെഷനുകൾ, 50-ലധികം മാസ്റ്റർക്ലാസുകൾ, വർക്ക്‌ഷോപ്പുകൾ എന്നിവ നടന്നു. കൂടാതെ, 50-ലധികം ടെക് മേധാവികൾ പങ്കെടുത്ത സിഇഒ ലോഞ്ചിയോൺ, 30-ലധികം സ്കൂൾ മേധാവികൾ പങ്കെടുത്ത പ്രിൻസിപ്പൽമാരുടെ സമ്മേളനം, 100-ലധികം ഡിജിറ്റൽ ക്രിയേറ്റർമാർ അണിനിരന്ന ഇൻഫ്ലുവൻസർ മീറ്റ്, ഡാൻസ് കൊച്ചി, ഗ്രാഫിറ്റി വാളുകൾ, മിക്സഡ് റിയാലിറ്റി ന്യൂസ് സ്പ്രെഡ് തുടങ്ങി 50-ലധികം പ്രത്യേക പരിപാടികളും അരങ്ങേറി. കേരളത്തിൽ ആദ്യമായി ടെസ്‌ല കാർ എത്തിയതും ആദ്യ പതിപ്പിന്റെ മുഖ്യ ആകർഷണമായിരുന്നു. 1.5 കോടിയിലധികം ഓൺലൈൻ ഇംപ്രഷനുകളും 200-ലധികം ദേശീയ-ആഗോള മാധ്യമ വാർത്തകളും 125 മണിക്കൂറിലധികം വീഡിയോ ഉള്ളടക്കവും സൃഷ്ടിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ ലോഗോ പ്രകാശനം നിർവഹിച്ച ഉച്ചകോടിയുടെ ഭാഗമായി ഏഴോളം ബാൻഡുകളുടെ പ്രകടനവും ക്യാമ്പസിൽ അരങ്ങേറി.
“സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിപ്പിക്കുന്ന ഒരു മികച്ച വേദിയാണ് സമ്മിറ്റ് ഓഫ് ഫ്യൂച്ചർ. മത്സ്യബന്ധന സമൂഹം നേരിടുന്ന പ്രശ്നങ്ങൾ മുതൽ എഐ, റോബോട്ടിക്സ് പോലുള്ള നൂതന സാങ്കേതികവിദ്യകൾ വരെ ഇവിടെ ചർച്ചയാകും. ഇത് കേവലം ഒരു ഒത്തുചേരൽ അല്ല, മറിച്ച് പങ്കെടുക്കുന്ന ഓരോ വ്യക്തിക്കും ജീവിതത്തിൽ പ്രയോജനപ്പെടുത്താൻ കഴിയുന്ന പുതിയ ആശയങ്ങൾ നൽകുന്ന ഒന്നായി ഈ ഉച്ചകോടി മാറും.” – ഹൈബി ഈഡൻ എം.പി പറഞ്ഞു.
യുവജനങ്ങളും, വലിയ ആശയങ്ങളും, യഥാർത്ഥ മാറ്റങ്ങളും ഒത്തുചേരുന്ന ഒരിടമെന്ന രീതിയിലാണ് സമ്മിറ്റ് ഓഫ് ഫ്യൂച്ചർ വിഭാവനം ചെയ്തതെന്ന് യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ് പറഞ്ഞു. ഒരു ഇവന്റ് എന്നതിലുപരി, പ്രയോജനകരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരിടമാണിത്. ഇതിലൂടെ വിവിധ മേഖലകളെ കോർത്തിണക്കി സുസ്ഥിരവും സുരക്ഷിതവുമായ ഒരു സമൂഹത്തെ വാർത്തെടുക്കുകയാണ് ലക്ഷ്യം. ഇവയെ അടിസ്ഥാനമാക്കിയുള്ള പ്രത്യേക സമ്മിറ്റ് ട്രാക്കുകളും വിജ്ഞാനാധിഷ്ഠിത എന്റർടെയ്മെന്റുകളും രണ്ടാം പതിപ്പിന്റെ മുഖ്യ ആകർഷണമാകുമെന്നും അദ്ദേഹം പറഞ്ഞു.
by Midhun HP News | Oct 27, 2025 | Latest News, സിനിമ
ഡോണ്‍ പാലത്തറയുടെ ചിത്രത്തില്‍ പാര്‍വതി തിരുവോത്തും ദിലീഷ് പോത്തനും. ഡോണ്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പാര്‍വതിയും ദിലീഷുമെത്തുന്നത്. ജോമോന്‍ ജേക്കബ് ആണ് സിനിമയുടെ നിര്‍മാണം. നവംബര്‍ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും.
അലക്‌സ് ജോസഫാണ് സിനിമയുടെ ഛായാഗ്രഹണം. ഡോണിന്റെ 1956 മധ്യതിരുവിതാംകൂര്‍ എന്ന സിനിമയുടെ ഛായാഗ്രഹണവും അലക്‌സ് ആയിരുന്നു. 2023 ല്‍ പുറത്തിറങ്ങിയ ഫാമിലിയ്ക്ക് ശേഷം ഡോണ്‍ പാലത്തറ ഒരുക്കുന്ന ചിത്രമാണിത്. പാര്‍വതിയ്ക്ക് ദിലീഷ് പോത്തനുമൊപ്പം രാജേഷ് മാധവന്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
മലയാളത്തില്‍ പാര്‍വതിയുടേതായി ഒടുവിലെത്തിയ സിനിമ ഉള്ളൊഴുക്കാണ്. ഉര്‍വശിയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തിയിരുന്നു. മികച്ച പ്രതികരണങ്ങളാണ് ഉള്ളൊഴുക്കും പാര്‍വതിയുടെ പ്രകടനവും നേടിയത്. അതേസമയം, ഹൃത്വിക് റോഷന്‍ നിര്‍മിക്കുന്ന വെബ് സീരീസിന്റെ തിരക്കുകളിലാണ് പാര്‍വതി ഇപ്പോള്‍. ആമസോണ്‍ പ്രൈമിനായി ഒരുക്കുന്ന സ്റ്റോം എന്ന് പേരിട്ടിരിക്കുന്ന സീരീസില്‍ സബ ആസാദ്, സൃഷ്ടി ശ്രീവാത്സവ, അലയ എഫ്, രമ ശര്‍മ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അജിത്പാല്‍ സിങ് ആണ് സീരിസിന്റെ സംവിധാനം. മുംബൈയില്‍ നടക്കുന്ന കഥയാണ് സീരീസ് പറയുന്നത്.


by Midhun HP News | Oct 27, 2025 | Latest News, കേരളം
ആലപ്പുഴ: പിഎം ശ്രീ വിഷയത്തില്‍ അനുനയനീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ഉച്ചക്ക് മുഖ്യമന്ത്രി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 3.30ന് ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ വച്ചാണ് കൂടിക്കാഴ്ച.
സിപിഎം അടിയന്തര സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മുഖ്യമന്ത്രി ആലപ്പുഴയിലേക്ക് തിരിച്ചു. പിഎം ശ്രീ വിഷയം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. എംഒയു ഒപ്പിടാന്‍ ഇടയായ സാഹചര്യം മുഖ്യമന്ത്രി തന്നെ എല്‍ഡിഎഫ് യോഗത്തില്‍ വിശദീകരിക്കും. പിഎം ശ്രീ കരാര്‍ പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച ചെയ്യാതെ ഒപ്പിടേണ്ടി വന്നതിന്റെ സാഹചര്യം മുഖ്യമന്ത്രി സെക്രട്ടേറിയറ്റില്‍ വിശദീകരിച്ചതായാണ് വിവരം.
സിപിഐയുമായി ചര്‍ച്ച ചെയ്തു കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാവുമെന്നാണ് സിപിഎം നേതൃത്വം പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് സമവായനീക്കം നടത്തുന്നത്. അതേസമയം ആലപ്പുഴയില്‍ പിഎം ശ്രീ വിഷയത്തില്‍ നയപരമായ തീരുമാനം കൈക്കൊള്ളാനായി വിളിച്ചുചേര്‍ത്ത സിപിഐ എക്‌സിക്യൂട്ടീവ് യോഗം ആരംഭിച്ചു. യോഗത്തില്‍ ആശയപരമായും രാഷ്ട്രീയപരമായും ഏറ്റവും ശരിയായ തീരുമാനം കൈക്കൊള്ളുമെന്നും ബിനോയ് വിശ്വം യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് പറഞ്ഞു.


by Midhun HP News | Oct 27, 2025 | Latest News, ജില്ലാ വാർത്ത
കോട്ടയം: പുതുപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധവുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഉമ്മന്‍ ചാണ്ടിയെ അപമാനിച്ചുവെന്നാരോപിച്ചാണ് എംഎല്‍എയുടെ എകാംഗ പ്രതിഷേധം. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഒന്നും ചെയ്യാതെ പാതിവഴിയില്‍ പണി ഉപേക്ഷിച്ച മിനി സിവില്‍സ്റ്റേഷന് ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കി ഉദ്ഘാടനം നിര്‍വഹിക്കുന്നത് അദ്ദേഹത്തെ അപമാനിക്കുകയാണെന്നും ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘എന്റെ പിതാവ് നേതൃത്വം കൊടുത്ത് പണിത കമ്യൂണിറ്റി ഹാള്‍ ഇവിടെയുണ്ട്. വേണമെങ്കില്‍ അതിന് അദ്ദേഹത്തിന്റെ പേരിടാം. അതിന് ഇഎംഎസിന്റെ പേരാണ് ഇട്ടത്. പണി പൂര്‍ത്തിയാകാത്ത സ്റ്റേഡിയത്തിന് അദ്ദേഹത്തിന്റെ പേര് ഇട്ട് പഞ്ചായത്ത് അപമാനിക്കുകയാണ്. പുതുപ്പള്ളിയോട് കാണിക്കുന്ന അവഗണന കേരളത്തിലെ ജനം കാണട്ടെ. അദ്ദേഹത്തെ അപമാനിക്കാണ് ഇത്തരമൊരു ഉദ്ഘാടനം നടത്തിയത്. ഇതൊന്നും കേരളം അംഗീകരിക്കില്ല. അതില്‍ പ്രതിഷേധിച്ചാണ് ഒരുമകന്‍ എന്ന നിലയിലും ജനപ്രതിനിധിയെന്ന നിലയിലും പ്രതിഷേധം ഇരിക്കുന്നത്’ – ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പുതുപ്പള്ളിയിലെ ജനങ്ങള്‍ തിരിച്ചറിയുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. പുതുപ്പള്ളിയിലെ വികസന സദസ്സിന്റെ പ്രചാരണ ബോര്‍ഡില്‍ അനുവാദമില്ലാതെ തന്റെ ചിത്രം വെച്ചിരിക്കുന്നു. കേരളത്തില്‍ യുഡിഎഫ് ബഹിഷ്‌കരിച്ച ചടങ്ങില്‍ താന്‍ പങ്കെടുക്കുന്നുവെന്ന രീതിയില്‍ പ്രചാരണം നടത്തുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.


Recent Comments