ഇന്ന് തുലാം പത്ത്; മഴയുത്സവമാക്കി പത്താമുദയം, ഇനി തെയ്യക്കാലം

ഇന്ന് തുലാം പത്ത്; മഴയുത്സവമാക്കി പത്താമുദയം, ഇനി തെയ്യക്കാലം

കണ്ണൂര്‍: ഇന്ന് തുലാം പത്ത്, വടക്കെ മലബാറില്‍ ഇനി തെയ്യക്കാലം. ഇടവപ്പാതിയോടെ നടയടച്ചാണ് തുലാം പത്തെന്ന പത്താമുദയം പതിവായി പിറക്കുക. ഇക്കുറി കനത്ത മഴയുടെ അകമ്പടിയോടെയാണ് വടക്കെ മലബാര്‍ തുലാം പത്തിനെ വരവേറ്റത്. ഇന്ന് മുതല്‍ വടക്കെ മലബാറില്‍ തെയ്യക്കാവുകള്‍ സജീവമാകും.

തെയ്യക്കാവുകളില്‍ പത്താമുദയപൂജ ഒരനുഷ്ഠാനമാണ്. ഇക്കുറിയും ഒന്നിനും ഒരു കുറവുണ്ടായിരുന്നില്ല. പത്താമുദയം വിത്തിടലിന്റെ ദിനമാണ് കൃഷിക്കാര്‍ക്ക് പ്രധാനപ്പെട്ട ഒരു ദിവസം. കന്നി കൊയ്ത്ത് കഴിഞ്ഞുള്ള കാര്‍ഷിക ആഘോഷം. സൂര്യന്‍ ഏറ്റവും ബലവാനായി വരുന്നത് ഈ ദിവസം കൂടിയാണിന്ന്. സൂര്യനെ ആരാധിക്കുന്ന ദിനം. മണ്ണിനോടും കൃഷിയോടും മലയാളിക്കുണ്ടായിരുന്ന മമതയുടെ പ്രതീകം കൂടിയാണ് പത്താമുദയ ആചാരങ്ങള്‍.

ഓരോ കളിയാട്ടവും ഒരു ഉത്സവം എന്നതില്‍ ഉപരി ഒരു ഒത്തുചേരല്‍ കൂടിയാണ്. മുതിര്‍ന്ന തലമുറ മുതല്‍ പിഞ്ചുകുട്ടികള്‍ വരെ ഒന്നിച്ചു കൂടിയിട്ടുള്ള ഭക്ഷണം പാകം ചെയ്യല്‍, പൊട്ടന്‍ തെയ്യത്തിന്റെ മേലേരി ചാടല്‍ വിഷ്ണുമൂര്‍ത്തിക്കുള്ള ഗോവിന്ദ വിളി. വിണ്ണിലെ ദൈവങ്ങള്‍ മണ്ണിലേക്കിറങ്ങുന്ന പുണ്യ മുഹൂര്‍ത്തങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. അള്ളടസ്വരൂപം മുതല്‍ വടക്കിന്റെ തട്ടകമാകെ വ്യാപിച്ചു കിടക്കുന്ന മന്ത്രമൂര്‍ത്തികളുടെയും ഉഗ്രസ്വരൂപിണികളുടെയും ഉറഞ്ഞാട്ടത്തിനുള്ള കാലത്തിനും തുടക്കമാകുന്നു.

പത്താംമുദയത്തിന് കുടുംബത്തിലെ കാരണവരും കാര്‍ണോത്തിയും ചേര്‍ന്ന് സൂര്യനെ കിണ്ടിയും വിളക്കും കാണിക്കുന്ന ചടങ്ങുണ്ട്. തുടര്‍ന്ന് കന്നുകാലികള്‍ക്ക് ഭക്ഷണം നല്‍കുന്ന ചടങ്ങുമുണ്ട്. ഈ ദിവസം വീടുകളില്‍ തെരുവെക്കുക എന്ന ചടങ്ങും നടക്കുന്നു. പത്താമുദയത്തോട് അനുബന്ധിച്ച് പെരളശ്ശേരി സുബ്രഹ്മണ്യ ക്ഷേത്രത്തിലെ വിശേഷ ചടങ്ങുകള്‍ക്ക് ഇക്കുറിയും ഭക്തജന തിരക്കുണ്ടായി. മഴയെ അവഗണിച്ചു കൊണ്ടാണ് ദൂരദേശങ്ങളില്‍ നിന്നു പോലും തീര്‍ത്ഥാടകരെത്തിയത്. ഉച്ചയ്ക്ക് വീടുകളില്‍ പപ്പടവും പായസവും കൂട്ടിയുള്ള സദ്യ ഉണ്ടാവും. പിതൃക്കളെ അനുസ്മരിച്ച ശേഷമായിരിക്കും സദ്യ


വിളമ്പുക.

വാരിയെല്ലിന് പരിക്കേറ്റതിന് പിന്നാലെ ആന്തരിക രക്തസ്രാവം; ശ്രേയസ് അയ്യര്‍ ഐസിയുവില്‍

വാരിയെല്ലിന് പരിക്കേറ്റതിന് പിന്നാലെ ആന്തരിക രക്തസ്രാവം; ശ്രേയസ് അയ്യര്‍ ഐസിയുവില്‍

മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെ വാരിയെല്ലിന് പരിക്കേറ്റ് ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് സിഡ്നിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇന്ത്യന്‍ ഏകദിന വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഐസിയുവില്‍. ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലക്‌സ് കാരിയെ പുറത്താക്കാന്‍ ബാക്ക്വേര്‍ഡ് പോയിന്റില്‍ നിന്ന് പിന്നിലേക്ക് ഓടി ക്യാച്ച് എടുക്കുന്നതിനിടെ വീണ അയ്യറുടെ ഇടത് വാരിയെല്ലിനാണ് പരിക്കേറ്റത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പരിക്കേറ്റതിനെ തുടര്‍ന്ന് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയ ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ‘കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശ്രേയസ് ഐസിയുവില്‍ ആയിരുന്നു. ആന്തരിക രക്തസ്രാവം കണ്ടെത്തി, അദ്ദേഹത്തെ ഉടന്‍ തന്നെ അഡ്മിറ്റ് ചെയ്യേണ്ടിവന്നു. രക്തസ്രാവം മൂലം അണുബാധ ഉണ്ടാവാതിരിക്കാന്‍ സുഖംപ്രാപിക്കുന്നത് അനുസരിച്ച് രണ്ട് മുതല്‍ ഏഴ് ദിവസം വരെ അദ്ദേഹം നിരീക്ഷണത്തില്‍ തുടരും.’- ബന്ധപ്പെട്ടവര്‍ പിടിഐയോട് പറഞ്ഞു.

‘ടീം ഡോക്ടറും ഫിസിയോയും ഒന്നിനും കാത്തുനില്‍ക്കാതെ ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണ്. പക്ഷേ ഉടന്‍ തന്നെ ചികിത്സ ലഭ്യമാക്കിയിരുന്നില്ലെങ്കില്‍ ആരോഗ്യനില കൂടുതല്‍ വഷളാവുമായിരുന്നു. അവന്‍ ഒരു കരുത്തനായ വ്യക്തിയാണ്, ഉടന്‍ തന്നെ സുഖം പ്രാപിക്കും,’- ബന്ധപ്പെട്ട വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

തുടക്കത്തില്‍, അയ്യര്‍ ഏകദേശം മൂന്ന് ആഴ്ച കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.എന്നാല്‍ സുഖംപ്രാപിക്കാനുള്ള കാലയളവ് ദീര്‍ഘിക്കാനാണ് സാധ്യത. ‘ആന്തരിക രക്തസ്രാവം ഉള്ളതിനാല്‍, അദ്ദേഹത്തിന് തീര്‍ച്ചയായും സുഖം പ്രാപിക്കാന്‍ കൂടുതല്‍ സമയം ആവശ്യമായി വരും, ഈ ഘട്ടത്തില്‍, മത്സര ക്രിക്കറ്റിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവ് എപ്പോള്‍ എന്ന് കൃത്യമായി പറയാന്‍ പ്രയാസമാണ്,’- വൃത്തങ്ങള്‍ പറഞ്ഞു.

ജസ്റ്റിസ് സൂര്യകാന്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും; ബിആര്‍ ഗവായ് ശുപാര്‍ശ കേന്ദ്രത്തിന് കൈമാറി

ജസ്റ്റിസ് സൂര്യകാന്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും; ബിആര്‍ ഗവായ് ശുപാര്‍ശ കേന്ദ്രത്തിന് കൈമാറി

ഡല്‍ഹി: ജസ്റ്റിസ് സൂര്യകാന്ത് രാജ്യത്തിന്റെ അടുത്ത ചീഫ് ജസ്റ്റിസ് ആകും. ഇത് സംബന്ധിച്ച ശുപാര്‍ശ കേന്ദ്രത്തിന് നിലവിലെ ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ് കൈമാറി. ബിആര്‍ ഗവായിക്ക് ശേഷം സുപ്രീം കോടതിയിലെ ഏറ്റവും സീനിയര്‍ ജസ്റ്റിസാണ് സൂര്യകാന്ത്.

നവംബര്‍ 23നാണ് നിലവിലെ ചീഫ് ജസ്റ്റിസ് സ്ഥാനമൊഴിയുക. 24ന് ഇന്ത്യയുടെ അന്‍പത്തിമൂന്നാമത് ചീഫ് ജസ്റ്റിസായി സൂര്യകാന്ത് ചുമതലയേല്‍ക്കും. ജസ്റ്റിസ് സൂര്യകാന്ത് 2027 ഫെബ്രുവരി ഒന്‍പത് വരെ പദവിയില്‍ തുടരും. 38ാം വയസില്‍ ഹരിയാനയുടെ പ്രായംകുറഞ്ഞ അഡ്വക്കറ്റ് ജനറലായാണ് സൂര്യകാന്ത് കരിയര്‍ തുടങ്ങിയത്. 2004ല്‍ 42ാം വയസില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജിയായി. ജഡ്ജിയായി ചേര്‍ന്നതിന് ശേഷവും അദ്ദേഹം പഠനം തുടര്‍ന്നു. 2011ല്‍ എല്‍എല്‍ബി മാസ്റ്റേഴ്‌സ് ബിരുദദാരിയായി. 14 വര്‍ഷം ഹൈകോടതി ജഡ്ജിയുടെ പദവിവഹിച്ച അദ്ദേഹം 2018 ഹിമാചല്‍പ്രദേശ് ചീഫ് ജസ്റ്റിസായി. 2019 മെയ് 24നാണ് സുപ്രീംകോടതിയിലേക്ക് എത്തുന്നത്.

2019 മെയ് പതിനാലിനാണ് ബിആര്‍ ഗവായ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റത്. സുപ്രീം കോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം 65 വയസ്സാണ്.

മോന്‍താ ചുഴലിക്കാറ്റ്: മുന്നറിയിപ്പില്‍ മാറ്റം,അഞ്ചു ജില്ലകളില്‍ തീവ്രമഴ

മോന്‍താ ചുഴലിക്കാറ്റ്: മുന്നറിയിപ്പില്‍ മാറ്റം,അഞ്ചു ജില്ലകളില്‍ തീവ്രമഴ

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ മോന്‍താ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ചുഴലിക്കാറ്റിന്റെയും അറബിക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദത്തിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട തീവ്രമഴ ലഭിക്കുമെന്നായിരുന്നു പ്രവചനം. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ക്ക് പുറമേ കോട്ടയം, പത്തനംതിട്ട ജില്ലകളിലും ഒറ്റപ്പെട്ട തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി നിലവിലെ മൂന്ന് ജില്ലകളില്‍ നിന്ന് അഞ്ചു ജില്ലകളിലേക്ക് ഓറഞ്ച് അലര്‍ട്ട് നീട്ടി.

മോന്‍താ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴയ്‌ക്കൊപ്പം കേരളത്തീരത്ത് ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. മണിക്കൂറില്‍ 74 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ അടക്കം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇന്ന് തിരുവനന്തപുരം, കൊല്ലം, ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

പൊലീസ് ജീപ്പ് കാനയിലേക്ക് മറിഞ്ഞു; ദിലീപ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് പരിക്ക്

പൊലീസ് ജീപ്പ് കാനയിലേക്ക് മറിഞ്ഞു; ദിലീപ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് പരിക്ക്

തൃശൂര്‍: ദേശീയപാത കുട്ടനെല്ലൂരില്‍ പൊലീസ് വാഹനം നിയന്ത്രണം തെറ്റി കാനയിലേക്ക് മറിഞ്ഞു. എറണാകുളത്തു നിന്നും തൃശൂര്‍ പൊലീസ് അക്കാദമിയിലേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

വാഹനത്തില്‍ ഉണ്ടായിരുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ്, ഡ്രൈവര്‍ പത്മകുമാര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ബൈജു പൗലോസിന്റെ കൈക്ക് പൊട്ടലേറ്റു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടിയെ ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ബൈജു പൗലോസ്.

കുപ്രസിദ്ധ മോഷ്ടാവിനെ വർക്കല പോലീസ് പിടികൂടി

കുപ്രസിദ്ധ മോഷ്ടാവിനെ വർക്കല പോലീസ് പിടികൂടി

തമിഴ്നാട്ടിൽ മോഷണം നടത്തിയ ശേഷം വിനോദസഞ്ചാരികൾക്കൊപ്പം ടൂറിസ്റ്റായി വർക്കലയിലെത്തിയ കുപ്രസിദ്ധ മോഷ്ടാവിനെ ടൂറിസം പോലീസ് പിടികൂടി. കോയമ്പത്തൂർ സൗത്ത് ഭാഗത്ത് കെമ്പട്ടി നഗറിൽ താമസിക്കുന്ന 26 വയസ്സുള്ള മണികണ്ഠൻ ആണ് ഇന്ന് വർക്കല പോലീസിന്റെ പിടിയിലായത്.

കോയമ്പത്തൂർ ഭാഗത്തെ ഫ്രൂട്ട്സ് കട കുത്തിത്തുറന്ന് ഒരു ലക്ഷത്തി എൺപത്തയ്യായിരം രൂപ കവർന്ന കേസിലെ പ്രധാനിയാണ് വർക്കലയിൽ പിടിയിലായ മണികണ്ഠൻ. മണികണ്ഠനോടൊപ്പം കവർച്ചാ സംഘത്തിൽ ഉണ്ടായിരുന്ന മറ്റു രണ്ടു പേരെ കോയമ്പത്തൂർ പോലീസ് ഇതിനോടകം പിടികൂടിയിരുന്നു. മോഷണത്തിനു ശേഷം ഒളിവിൽ പോയ പ്രതിക്ക് വേണ്ടി കോയമ്പത്തൂർ പോലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിരുന്നു.

കോയമ്പത്തൂരിൽ നിന്നും വർക്കലയിലേക്ക് എത്തിയ വിനോദയാത്ര സംഘത്തോടൊപ്പം പ്രതിയും ഒപ്പം കൂടി വർക്കലയിൽ എത്തുകയായിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതി വർക്കലയിൽ എത്തി എന്നുള്ള വിവരം മനസ്സിലാക്കിയ കോയമ്പത്തൂർ പോലീസ് വർക്കലയിലെത്തി.

വർക്കല ഡിവൈഎസ്പിയുടെ നിർദ്ദേശാനുസരണം വർക്കല ടൂറിസം പോലീസ് നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിൽ സ്വകാര്യ റിസോർട്ടിൽ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. തുടർന്ന് പ്രതിയെ കോയമ്പത്തൂർ പോലീസിന് കൈമാറി.
ഇതര സംസ്ഥാനങ്ങളിൽ നിന്നും ക്രിമിനൽ കേസുകൾ ഉൾപ്പെടുന്നവർക്ക് സുരക്ഷിതമായ ഒളിത്താവളങ്ങൾ ആയി മാറുകയാണ് വർക്കല വിനോദസഞ്ചാര മേഖല
പ്രതിയെ കോയമ്പത്തൂരിൽ എത്തിച്ച് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് സംഘം അറിയിച്ചു.