മാനന്തവാടിയില്‍ കാണാതായ 4 വയസുകാരിയെ തട്ടിക്കൊണ്ടുപോയതെന്ന് സ്ഥിരീകരണം, പ്രതി പൊലീസ് പിടിയിൽ

മാനന്തവാടിയില്‍ കാണാതായ 4 വയസുകാരിയെ തട്ടിക്കൊണ്ടുപോയതെന്ന് സ്ഥിരീകരണം, പ്രതി പൊലീസ് പിടിയിൽ

വയനാട്: വയനാട് മാനന്തവാടിയിൽ നാലു വയസ്സുകാരിയെ കാണാതായ സംഭവം തട്ടിക്കൊണ്ടു പോകൽ തന്നെയെന്ന് സ്ഥിരീകരിച്ചു. സംഭവത്തില്‍ പ്രതി പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെ പൊലീസ് പിടികൂടി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസ്സുകാരിയെ കാണാതായത്. പിന്നാലെ രണ്ടു മണിക്കൂറിനു ശേഷം 7 കിലോമീറ്റർ അകലെ വെച്ച് കുട്ടിയെ കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ സ്കൂട്ടറിൽ ഇരുത്തി ഒരാൾ കൊണ്ടുപോകുന്നത് പൊലീസ് കണ്ടെത്തിയിരുന്നു.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാല് വയസ്സുകാരിയെ ആണ് പെട്ടന്ന് കാണാതായത്. നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിന് ഒടുവില്‍ രണ്ട് മണിക്കൂറിന് ശേഷം 9.45 ഓടെ തരുവണയില്‍ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. ദ്വാരകയില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള സ്ഥലത്ത് കുട്ടി എങ്ങനെ എത്തിപ്പെട്ടുവെന്ന അന്വേഷണത്തിലായിരുന്നു പൊലീസ്. അന്വേഷണത്തില്‍ ചില സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കുകയും ചെയ്തു. ഇതില്‍ സ്കൂട്ടറില്‍ ഒരാള്‍ കുട്ടിയെ കൊണ്ടുപോകുന്നതിന്‍റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.

ചെങ്കുളത്ത് മഹാദേവ ക്ഷേത്രത്തിലെ ഉത്സവം ഇന്നുമുതൽ

ചെങ്കുളത്ത് മഹാദേവ ക്ഷേത്രത്തിലെ ഉത്സവം ഇന്നുമുതൽ

ആറ്റിങ്ങൽ ചെങ്കുളത്ത് മഹാ ദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം ഇന്ന് മുതൽ 15 വരെ നടക്കും. ഇന്ന് 8.30 ന് അഖണ്ഡ നാമ ജപം, 12 ന് നാഗരൂട്ട്, 7.30 ന് നൃത്ത വിസ്മ‌യവും അരങ്ങേറ്റവും.

12 ന് 7.30 ന് നാരായണീയ പാരായണം, വൈകിട്ട് 6.30 ന് നൃത്ത സന്ധ്യ, രാത്രി 8 ന് വിൽപ്പാട്ട്,

13ന് വൈകിട്ട് 6.30 ന് അലങ്കാര ദീപാരാധന, 7.30 ന് നൃത്ത വിസ്മയം നാട്യതരംഗം,

14 ന് 12 ന് അന്നദാനം, വൈകിട്ട് 6.30 ന് താലപ്പൊലി ഘോഷയാത്ര, രാത്രി 9 ന് ഗാനമേള,

15 ന് 11.30 ന് സദ്യ, രാത്രി 7.30 ന് ഭജൻ, 9 ന് 108 കുടംധാര, ഇളനീരാട്ടം, തുടർന്ന് യാമപൂജ, രാത്രി 11 ന് ബാലെ, തുടർന്ന് ചലച്ചിത്ര – സീരിയൽ താരം ശാലു മേനോനും സംഘവും അവതരിപ്പിക്കുന്ന നൃത്ത പരിപാടി – ‘നാഗവല്ലി മനോഹരി’യും അരങ്ങേറും.

പാന്‍ കാര്‍ഡ് നിബന്ധനകളില്‍ വന്‍ മാറ്റം; പുതിയ ഇളവുകള്‍ അറിയാം

പാന്‍ കാര്‍ഡ് നിബന്ധനകളില്‍ വന്‍ മാറ്റം; പുതിയ ഇളവുകള്‍ അറിയാം

ഡല്‍ഹി: രാജ്യത്തെ ആദായനികുതി നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി പാന്‍ കാര്‍ഡ് നിര്‍ബന്ധമായ ഇടപാടുകളുടെ പരിധിയില്‍ പുതിയ മാറ്റങ്ങള്‍ വരുത്തുന്നു. പുതിയ ആദായനികുതി നിയമത്തിന്റെ കരട് പ്രകാരം, ദൈനംദിന സാമ്പത്തിക ഇടപാടുകളില്‍ സാധാരണക്കാര്‍ക്ക് വലിയ ഇളവുകള്‍ ലഭിക്കും. ഏപ്രില്‍ ഒന്നുമുതല്‍ പുതിയ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരും.

ചെറുകിട ഇടപാടുകളേക്കാള്‍ ഉയര്‍ന്ന മൂല്യമുള്ളവയില്‍ കൃത്യമായ നിരീക്ഷണം ഏര്‍പ്പെടുത്തുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ബാങ്ക് നിക്ഷേപം, വാഹനം വാങ്ങല്‍, റിയല്‍ എസ്റ്റേറ്റ്, ഇന്‍ഷുറന്‍സ് തുടങ്ങി വിവിധ മേഖലകളെ ബാധിക്കുന്ന അഞ്ച് മാറ്റങ്ങളാണ് പ്രധാനം.

ബാങ്ക് ഇടപാടുകള്‍ – ഒരു സാമ്പത്തിക വര്‍ഷം ഒന്നോ അതിലധികമോ ബാങ്ക് അക്കൗണ്ടുകളിലായി 10 ലക്ഷം രൂപയോ അതില്‍ കൂടുതലോ നിക്ഷേപിക്കുകയോ പിന്‍വലിക്കുകയോ ചെയ്യുമ്പോള്‍ മാത്രമേ പാന്‍ വിവരങ്ങള്‍ നല്‍കേണ്ടതുള്ളൂ. ബാങ്കിലോ സഹകരണ ബാങ്കിലോ ഒരു ദിവസം 50,000 രൂപയില്‍ കൂടുതല്‍ നിക്ഷേപിച്ചാല്‍ നിലവില്‍ പാന്‍ വിവരങ്ങള്‍ നല്‍കേണ്ടതുണ്ടായിരുന്നു. ചെറുകിട ഇടപാടുകള്‍ വിട്ട് വര്‍ഷത്തില്‍ മൊത്തം നടത്തുന്നവയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാല്‍ സാധാരണക്കാരുടെ ബാങ്കിങ് നടപടിക്രമങ്ങള്‍ ലളിതമാകാന്‍ ഇത് സഹായിക്കും.

വാഹനം വാങ്ങുന്നതില്‍ ഇളവ് – വാഹനങ്ങള്‍ വാങ്ങുമ്പോള്‍ പാന്‍ കാര്‍ഡ് നല്‍കേണ്ട തുകയുടെ പരിധി 5 ലക്ഷം രൂപയായി ഉയര്‍ത്തി. നിലവില്‍ ഏതൊരു വാഹനത്തിനും പാന്‍ കാര്‍ഡ് നിര്‍ബന്ധമായിരുന്നു. എന്നാല്‍ ഇനി മുതല്‍ 5 ലക്ഷത്തിന് താഴെ വിലയുള്ള കാറുകള്‍ വാങ്ങുമ്പോള്‍ പാന്‍ കാര്‍ഡ് നല്‍കേണ്ടതില്ല. അതേസമയം, ഉയര്‍ന്ന വിലയുള്ള ഇരുചക്ര വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാകും.

ഹോട്ടല്‍, റെസ്റ്റോറന്റ് – ഹോട്ടല്‍, റെസ്റ്റോറന്റ്, ബാങ്ക്വറ്റ് ഹാള്‍, കണ്‍വെന്‍ഷന്‍ സെന്റര്‍, ഇവന്റ് മാനേജര്‍മാര്‍ എന്നിവര്‍ക്ക് നല്‍കുന്ന പേയ്മെന്റുകള്‍ ഒരു ലക്ഷം രൂപ കടന്നാല്‍ മാത്രമേ പാന്‍ നല്‍കേണ്ടതുള്ളൂ. നിലവില്‍ 50,000 രൂപയ്ക്ക് മുകളിലുള്ള ഹോട്ടല്‍ അല്ലെങ്കില്‍ റെസ്റ്റോറന്റ് ബില്ലുകള്‍ക്ക് പാന്‍ നല്‍കണമായിരുന്നു.

വസ്തു ഇടപാടുകള്‍ – വസ്തു വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുമ്പോള്‍ പാന്‍ കാര്‍ഡ് ആവശ്യമായ കുറഞ്ഞ തുക 10 ലക്ഷത്തില്‍ നിന്നും 20 ലക്ഷം രൂപയായി സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. വസ്തു വില വര്‍ധിക്കുന്നത് കണക്കിലെടുത്താണ് ഈ മാറ്റം.

ഇന്‍ഷുറന്‍സ് അക്കൗണ്ടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധം – ഇന്‍ഷുറന്‍സ് മേഖലയില്‍ പുതിയ അക്കൗണ്ടുകള്‍ തുടങ്ങുമ്പോള്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നിലവില്‍ വാര്‍ഷിക പ്രീമിയം 50,000 രൂപക്ക് മുകളിലുള്ളവര്‍ക്ക് മാത്രമേ പാന്‍ നിര്‍ബന്ധമുണ്ടായിരുന്നുള്ളൂ. ഇനി മുതല്‍ എല്ലാ ഇന്‍ഷുറന്‍സ് അക്കൗണ്ടുകള്‍ക്കും പാന്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കേണ്ടി വരും. കൂടാതെ ക്രിപ്‌റ്റോ ഇടപാടുകളുടെ വിവരങ്ങള്‍ എക്‌സ്‌ചേഞ്ചുകള്‍ നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യണം, ഡിജിറ്റല്‍ കറന്‍സി ഔദ്യോഗിക പണമിടപാടായി അംഗീകരിക്കുക തുടങ്ങിയ മാറ്റങ്ങളും കരട് റിപ്പോര്‍ട്ടിലുണ്ട്.

പി കെ ശശി യുഡിഎഫിലേക്ക്?; ഒറ്റപ്പാലത്ത് സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് നീക്കം

പി കെ ശശി യുഡിഎഫിലേക്ക്?; ഒറ്റപ്പാലത്ത് സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് നീക്കം

പാലക്കാട്: ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തില്‍ സിപിഎം നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന പി കെ ശശിയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം. മുന്‍ എംഎല്‍എയും കെടിഡിസി ചെയര്‍മാനുമായ പി കെ റിപ്പോര്‍ട്ട് ചെയ്തു.

സിപിഎം മുന്‍ എംഎല്‍എയായ പി കെ ശശി പാലക്കാട്ട് ഒരുകാലത്ത് പ്രബലനായ രാഷ്ട്രീയ നേതാവായിരുന്നു. ശശിയുമായി ചര്‍ച്ച നടക്കുകയാണെന്നും, അന്തിമ തീരുമാനം എടുക്കുന്നതുവരെ ഒറ്റപ്പാലത്തേക്ക് ബദല്‍ സ്ഥാനാര്‍ത്ഥിയെയും പ്രോത്സാഹിപ്പിക്കരുതെന്ന് ജില്ലാ നേതാക്കള്‍ക്ക് അനൗപചാരികമായി നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, കോണ്‍ഗ്രസ് നീക്കം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പി കെ ശശി നിഷേധിച്ചു. ‘അങ്ങനെയൊന്നും ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല. അത്തരമൊരു ചര്‍ച്ച നടന്നിട്ടില്ല’. പി കെ ശശി പറഞ്ഞു. സമീപകാല തെരഞ്ഞെടുപ്പുകളില്‍ സിപിഎം വിജയിച്ചുകൊണ്ടിരിക്കുന്ന മണ്ഡലമാണ് ഒറ്റപ്പാലം. ഇവിടെ രാഷ്ട്രീയ സ്വാധീനമുള്ള പി കെ ശശി സ്ഥാനാര്‍ത്ഥിയായാല്‍ മത്സരഫലം മാറ്റാനാകുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

‘ശശി മത്സരിച്ചാല്‍ ഒറ്റപ്പാലത്ത് ജയിക്കാന്‍ സാധ്യതയുണ്ട്. അദ്ദേഹത്തിന് ഇപ്പോഴും വിശ്വസ്തമായ ഒരു സംഘടനാ അടിത്തറയുണ്ട്. താഴെത്തട്ടിലുള്ള തൊഴിലാളികള്‍ക്കിടയിലും സഹകരണ മേഖലാ ശൃംഖലകള്‍ക്കിടയിലും അദ്ദേഹത്തിന് ഗണ്യമായ സ്വാധീനമുണ്ട്. ‘ പേര് വെളിപ്പെടുത്താത്ത ഒരു മുതിര്‍ന്ന കെപിസിസി നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

2021-ല്‍, സിപിഎമ്മിന്റെ കെ പ്രേംകുമാര്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ 15,152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പ്രേംകുമാറിന് 74,859 വോട്ടുകള്‍ ലഭിച്ചപ്പോള്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി സരിന് 59.707 വോട്ടുകളാണ് ലഭിച്ചത്. ശശി യുഡിഎഫ് പക്ഷത്തേക്ക് വന്നാല്‍, ആ വിടവ് നികത്താനാകുമെന്നും മികച്ച പോരാട്ടം കാഴ്ചവെക്കാനാകുമെന്നുമാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

‘അതേസമയം, പി കെ ശശി യുഡിഎഫ് വാഗ്ദാനം സ്വീകരിക്കാന്‍ തയ്യാറാകുമോ, അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ യുഡിഎഫിന്റെ കൂട്ടായ തീരുമാനം എടുക്കല്‍, ശശി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമോ, അതോ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്രനായി മത്സരിക്കുമോ എന്നതുള്‍പ്പെടെ നിരവധി നിര്‍ണായക വശങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. ഈ വിഷയങ്ങള്‍ ഇതുവരെ വിശദമായി ചര്‍ച്ച ചെയ്ത് അന്തിമമാക്കിയിട്ടില്ല.’ കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു.

‘പി കെ ശശി കടന്നു വന്നാല്‍, അത് വെറുമൊരു വ്യക്തിഗത കൂറുമാറ്റമാകില്ല, മറിച്ച് മുഴുവന്‍ രാഷ്ട്രീയ വ്യവസ്ഥയെയും ബാധിക്കും.’ ചര്‍ച്ചകളില്‍ പങ്കാളിയയാ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സൂചിപ്പിച്ചു. ശശി യുഡിഎഫിലേക്ക് വന്നാല്‍, ഒറ്റപ്പാലം സീറ്റിലേക്ക് പരിഗണിച്ചിരുന്ന കെ.പി.സി.സി സെക്രട്ടറി പി. ഹരിഗോവിന്ദനെ ഷൊര്‍ണൂര്‍ അടക്കം മറ്റു മണ്ഡലങ്ങളിലേക്ക് പരിഗണിച്ചേക്കും.

സിപിഎമ്മിലെ ശശിയുടെ ആഭ്യന്തര യുദ്ധം

സിപിഎം ജില്ലാ നേതൃത്വവുമായി പി കെ ശശി വര്‍ഷങ്ങളായി ഇടഞ്ഞു നില്‍ക്കുകയാണ്. വിവാദങ്ങളും അച്ചടക്ക നടപടികളും മൂലം ശശി പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട നിലയിലാണ്. ശശി പാര്‍ട്ടി വിടാനുള്ള സാധ്യത സിപിഎം നേതാക്കള്‍ പരസ്യമായി തള്ളിക്കളഞ്ഞെങ്കിലും, അദ്ദേഹത്തിന്റെ വര്‍ദ്ധിച്ചുവരുന്ന അകല്‍ച്ച സ്വകാര്യമായി അവര്‍ അംഗീകരിച്ചു. ”അദ്ദേഹത്തിന് അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം, പക്ഷേ സിപിഎം വിടുന്നത് എളുപ്പമല്ല. ഒറ്റപ്പാലത്ത് നിന്ന് ആര് മത്സരിച്ചാലും എല്‍ഡിഎഫ് ഉയര്‍ന്ന ഭൂരിപക്ഷത്തോടെ സീറ്റ് നിലനിര്‍ത്തും.” ഒരു മുതിര്‍ന്ന സിപിഎം ജില്ലാ നേതാവ് പറഞ്ഞു.

ബിജു മേനോന്‍ അനൂപിന് 15 ലക്ഷം നല്‍കണം; നഷ്ടം നികത്തിയില്ലെങ്കില്‍ സഹകരിക്കില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

ബിജു മേനോന്‍ അനൂപിന് 15 ലക്ഷം നല്‍കണം; നഷ്ടം നികത്തിയില്ലെങ്കില്‍ സഹകരിക്കില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

നടന്‍ ബിജു മേനോനെതിരായ നിര്‍മാതാവ് അനൂപ് കണ്ണന്റെ പരാതിയില്‍ നിലപാട് വ്യക്തമാക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ബിജു മേനോന്‍ അനൂപ് കണ്ണന് 15 ലക്ഷം രൂപ നല്‍കണമെന്നാണ് നിര്‍മാതാക്കളുടെ സംഘടനയുടെ അറിയിപ്പ്. ഈ തുക ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന ചിത്രത്തിലെ ബിജു മേനോന്റെ പ്രതിഫലത്തില്‍ നിന്നും ഈടാക്കാനാണ് തീരുമാനം.

അതേസമയം നഷ്ടം നികത്താന്‍ ബിജു മേനോന്‍ തയ്യാറായില്ലെങ്കില്‍ ഭാവിയില്‍ സഹകരിക്കില്ലെന്നും നിര്‍മാതാക്കളുടെ സംഘടന അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കത്ത് ബിജു മേനോന് നല്‍കിയെന്നാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ അറിയിച്ചത്.
ബിജു മേനോന്‍ നായകനായ നടന്ന സംഭവം എന്ന സിനിമയുടെ നിര്‍മാതാവാണ് അനൂപ് കണ്ണന്‍. ഈ ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി 10 ദിവസം നല്‍കാമെന്ന കരാറില്‍ ബിജു മേനോന്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ രണ്ടര മണിക്കൂര്‍ മാത്രമാണ് താരം നല്‍കിയത്. ഇതോടെ തനിക്ക് 25 ലക്ഷം രൂപ നഷ്ടമായെന്നാണ് അനൂപ് കണ്ണന്‍ നിര്‍മാതാക്കളുടെ സംഘടനയ്ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞത്.

നേരത്തെ സംവിധായകനും നിര്‍മാതാവുമായ ബി ഉണ്ണികൃഷ്ണനാണ് ബിജു മേനോന്റെ പേര് പരസ്യമായി ഉന്നയിച്ചത്. ബിജു മേനോന്‍ കാരണം ഒരു നിര്‍മാതാവിന് 25 ലക്ഷം രൂപ നഷ്ടമായെന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞത്. പിന്നാലെയാണ് അനൂപും രംഗത്തെത്തിയത്. ബിജു മേനോനേയും അദ്ദേഹത്തിന്റെ മാനേജരേയും ബന്ധപ്പെടാന്‍ താന്‍ ഒരുപാട് ശ്രമിച്ചുവെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും അനൂപ് പറഞ്ഞിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ള കേസ്; എൻ വാസുവിന് ജാമ്യം, കുറ്റപത്രം സമര്‍പ്പിക്കാത്തതിനാൽ സ്വഭാവിക ജാമ്യം നേടി പുറത്തേക്ക്

ശബരിമല സ്വര്‍ണക്കൊള്ള കേസ്; എൻ വാസുവിന് ജാമ്യം, കുറ്റപത്രം സമര്‍പ്പിക്കാത്തതിനാൽ സ്വഭാവിക ജാമ്യം നേടി പുറത്തേക്ക്

കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ ജയിലിൽ കഴിയുന്ന ദേവസ്വം മുൻ കമ്മീഷ്ണറും പ്രസിഡന്‍റുമായ എൻ. വാസുവും പുറത്തേക്ക്. കൊല്ലം വിജിലന്‍സ് കോടതി എൻ വാസുവിന് സ്വഭാവിക ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. എസ്ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തത് പഴുതാക്കിയാണ് ഇപ്പോള്‍ കേസിലെ പ്രതിയായ എൻ വാസുവും ജാമ്യം നേടുന്നത്. ദേവസ്വം മുൻ പ്രസിഡന്‍റും കമ്മീഷണറുമായ എൻ വാസു കട്ടിള പാളി കേസിലെ മൂന്നാം പ്രതിയാണ്. അതേസമയം, കേസിലെ പ്രതികളായ പങ്കജ് ഭണ്ഡാരി, ഗോവർദ്ധൻ, കെ എസ് ബൈജു എന്നിവരുടെ റിമാൻഡ് 14 ദിവസത്തേയ്ക്ക് കൂടെ നീട്ടി. എൻ വാസു സമർപ്പിച്ച സ്വാഭാവിക ജാമ്യ ഹർജിയിൽ വാദം പൂര്‍ത്തിയായശേഷമാണ് ഇന്ന് ജാമ്യം അനുവദിച്ചുകൊണ്ട് വിധി പറഞ്ഞത്.

വാസുവിന്‍റെ റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് സ്വഭാവിക ജാമ്യം ലഭിച്ചത്. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് ജാമ്യ ഹര്‍ജി നൽകിയിരുന്നത്. വിവേചനം കാണിക്കാൻ പറ്റില്ലെന്നായിരുന്നു നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി വ്യക്തമാക്കിയിരുന്നത്. ഇതോടെ ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ഇതുവരെ അഞ്ചു പ്രതികൾ ജാമ്യം നേടി പുറത്തിറങ്ങി. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പടെ മൂന്ന് പ്രതികൾക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. കുറ്റപത്രം നൽകുന്നത് ഇനിയും വൈകിയാൽ കേസിലെ പ്രതിയായ എ പത്മകുമാറും സ്വഭാവിക ജാമ്യം തേടി പുറത്തിറങ്ങാനുള്ള സാഹചര്യമൊരുങ്ങും. തന്ത്രി കണ്ഠര് രാജീവരുടെ രണ്ട് കേസുകളിലെയും ജാമ്യ ഹർജികളിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു. ഈ മാസം 18 നാണ് വിധി പറയുന്നത്.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ സമര്‍പ്പിച്ച മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീം കോടതി അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് നീട്ടി.ജയശ്രീയിലെ അറസ്റ്റ് നേരത്തെ സുപ്രീം കോടതി തടഞ്ഞിരുന്നു. ഈ ഉത്തരവാണ് നീട്ടിയത്. ജയശ്രീയുടെ മുൻകൂര്‍ ജാമ്യാഹര്‍ജി പരിഗണിക്കുന്നതിനിടെ ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ആർക്കും മൂൻകൂർ ജാമ്യം നൽകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ശബരിമലയിലെ മുഴുവൻ സ്വർണ്ണവും അടിച്ചു മാറ്റിയെന് ഇന്നലെ വാർത്ത കണ്ടുവെന്നും കൊടിമരത്തിൽ നിന്നടക്കം സ്വർണ്ണം പോയെന്ന് വാർത്ത വായിച്ചുവെന്നും കോടതി വിമര്‍ശിച്ചു. ജയശ്രീക്ക് ചികിത്സയ്ക്ക് എംയിസിൽ സജ്ജീകരണം നൽകാമെന്ന് പറഞ്ഞ കോടതി കേരളത്തിൽ എംയിസ് ഉണ്ടോയെന്നും ചോദിച്ചു. ഇല്ലെങ്കിൽ മറ്റ് ആശുപത്രികളിയിൽ സൗകര്യം നൽകാമെന്നും കോടതി പറഞ്ഞു.