‘അനന്തുവിന്റെ ഇന്‍സ്റ്റഗ്രാം വീഡിയോ മരണമൊഴി’; ആര്‍എസ്എസുകാരനായ നിതീഷ് നാരായണന്‍ പ്രതി

‘അനന്തുവിന്റെ ഇന്‍സ്റ്റഗ്രാം വീഡിയോ മരണമൊഴി’; ആര്‍എസ്എസുകാരനായ നിതീഷ് നാരായണന്‍ പ്രതി

കോട്ടയം: ആര്‍എസ്എസ് ശാഖയില്‍ ലൈംഗികാതിക്രമം നേരിട്ടുവെന്നാരോപിച്ചു ജീവനൊടുക്കിയ കാഞ്ഞിരപ്പള്ളി വഞ്ചിമല ചാമക്കാലായില്‍ അനന്തു അജിയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനെതിരെ തമ്പാനൂര്‍ പൊലീസ് പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനു കേസെടുത്തു. കേസ് പൊന്‍കുന്നം പൊലീസിനു കൈമാറിയതായി തമ്പാനൂര്‍ സിഐ അറിയിച്ചു. അനന്തു അജി മരണമൊഴിയായി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വിഡിയോയുടെ അടിസ്ഥാനത്തില്‍ ഐപിസി 377 പ്രകാരം പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനു കേസെടുക്കാമെന്ന് അഡീ.പബ്ലിക് പ്രോസിക്യൂട്ടര്‍ മനു കല്ലമ്പള്ളി നിയമോപദേശം നല്‍കിയിരുന്നു.

പീഡിപ്പിച്ചയാള്‍ നീതീഷ് മുരളിധരനാണെന്ന് അനന്തു വിഡിയോയില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് അനന്തുവിനെ തമ്പാനൂരിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍സ്റ്റഗ്രാമില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കിട്ടിയതോടെ അസ്വഭാവിക മരണത്തിന് തമ്പാനൂര്‍ പൊലീസ് കേസെടുത്തിരുന്നു. ആരെയും പ്രതി ചേര്‍ത്തിട്ടില്ല.

മലയാള മനോരമ പോത്തൻകോട് ലേഖകൻ ജി. നന്ദകുമാർ അന്തരിച്ചു

മലയാള മനോരമ പോത്തൻകോട് ലേഖകൻ ജി. നന്ദകുമാർ അന്തരിച്ചു

മലയാള മനോരമ പോത്തൻകോട് ലേഖകൻ ജി. നന്ദകുമാർ അന്തരിച്ചു. ബാംഗ്ലൂർ സത്യസായി മെഡിക്കൽ കോളേജ് ആശുപത്രിയിയിൽ ബൈപാസ് സർജറിക്ക് ശേഷം മടങ്ങിവരുന്നതിനിടെയാണ് അന്ത്യം. മാതൃഭൂമി കഴക്കൂട്ടം, പോത്തൻകോട് ലേഖകനായും മംഗളം തിരുവനന്തപുരം ബ്യൂറോയിലും നേരത്തെ ജോലി നോക്കിയിരുന്നു.

വർക്കലയിൽ നിയന്ത്രണം തെറ്റിയ ബൈക്ക് സ്കൂൾ ബസിലിടിച്ച്  യുവാവ് മരിച്ചു

വർക്കലയിൽ നിയന്ത്രണം തെറ്റിയ ബൈക്ക് സ്കൂൾ ബസിലിടിച്ച് യുവാവ് മരിച്ചു

മേൽവെട്ടൂർ വലയന്റകുഴി എസ്എസ് നിവാസിൽ വിഷ്ണു (32) ആണ് മരിച്ചത്. വെള്ളി വൈകിട്ട് 4.30 ഓടെ പുതിയ റോഡ് ജംഗ്ഷനിലാണ് അപകടം. അവിവാഹിതനാണ് വിഷ്ണു. അമ്മൻനട ജംഗ്ഷനിൽ നിന്നും വർക്കലയിലേക്ക് വരികയായിരുന്ന വിഷ്ണു സഞ്ചരിച്ച ബൈക്ക് നിയന്ത്രണം തെറ്റി സ്കൂൾ ബസിലിടിക്കുകയും ‘തുടർന്ന് ഇലക്ട്രിക് പോസ്റ്റിലിടിക്കുകയുമായിരുന്നു.

ഇടിയുടെ ആഘാതത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ വിഷ്ണു തൽക്ഷണം മരിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളെജിലേക്ക് മാറ്റി. വിഷ്ണു വർക്കല ഡിവൈഎഫ്ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയിരുന്നു.

മരുതിമലയില്‍നിന്ന് വീണ് 9-ാം ക്ലാസുകാരിക്ക് ദാരുണാന്ത്യം; സുഹൃത്തായ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

മരുതിമലയില്‍നിന്ന് വീണ് 9-ാം ക്ലാസുകാരിക്ക് ദാരുണാന്ത്യം; സുഹൃത്തായ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

കൊല്ലം: മരുതിമലയില്‍നിന്ന് വീണ് 9-ാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. അടൂര്‍ പെരിങ്ങാട് സ്വദേശി മീനു ആണ് മരിച്ചത്. പരിക്കേറ്റ പെണ്‍കുട്ടിയെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും ഒരേ ക്ലാസില്‍ പഠിക്കുന്നവരാണ്.

വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. അപകടകരമായ സ്ഥലത്തേക്ക് കുട്ടികള്‍ പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പിന്നീട് ഇരുവരും താഴെ വീണുകിടക്കുന്നതാണ് കണ്ടത്. പെണ്‍കുട്ടികള്‍ താഴേയ്ക്ക് ചാടിയതാണ് എന്നാണ് സംശയിക്കുന്നത്. കൊല്ലത്തെ ഇക്കോ ടൂറിസ്റ്റ് കേന്ദ്രമാണ് മരുതിമല.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ ഹനിക്കാന്‍ ഒരു സ്‌കൂളിനെയും അനുവദിക്കില്ല; വി ശിവന്‍കുട്ടി

വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ ഹനിക്കാന്‍ ഒരു സ്‌കൂളിനെയും അനുവദിക്കില്ല; വി ശിവന്‍കുട്ടി

കൊച്ചി:സംസ്ഥാനത്ത് വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ ഹനിക്കാന്‍ ഒരു സ്‌കൂളിനെയും അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കൊച്ചി സെന്റ് റീത്താസ് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ നിന്ന് മാറ്റി നിര്‍ത്തിയ സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹവും കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിന് ചേരാത്തതുമാണ്. ഒരു കുട്ടിയെ വിദ്യാലയത്തില്‍ നിന്ന് അകറ്റി നിര്‍ത്തുക എന്നത് സംസ്ഥാനം നേടിയെടുത്ത വിദ്യാഭ്യാസ നേട്ടങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കലാണ്. സര്‍ക്കാര്‍ ഈ വിഷയത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണ്. ഏതെങ്കിലും പ്രത്യേക വസ്ത്രത്തിന്റെ പേരിലോ വ്യക്തിപരമായ ഇഷ്ടങ്ങളുടെ പേരിലോ ഒരു കുട്ടിക്കും ആ അവകാശം നിഷേധിക്കപ്പെടാന്‍ പാടില്ല. ക്ലാസില്‍ നിന്ന് പുറത്താക്കപ്പെട്ട ആ കുഞ്ഞ് അനുഭവിച്ച മാനസിക സമ്മര്‍ദ്ദം വളരെ വലുതായിരിക്കും. സ്‌കൂളിന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റായ നിലപാടാണ് ആ കുഞ്ഞിനെ സമ്മര്‍ദ്ദത്തിലാക്കിയത്. ഇത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല.

വിദ്യാഭ്യാസം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തുല്യ ഉത്തരവാദിത്വമുള്ള വിഷയമാണ്. കേരളത്തിലെ വിദ്യാലയങ്ങള്‍ രാജ്യത്തും സംസ്ഥാനത്തും നിലവിലുള്ള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി വേണം പ്രവര്‍ത്തിക്കാന്‍. ഭരണഘടന ഉറപ്പുനല്‍കുന്ന വിദ്യാര്‍ഥികളുടെ മൗലിക അവകാശങ്ങളില്‍ കടന്നുകയറാനോ അതിനെതിരായി സ്വന്തം ചട്ടങ്ങള്‍ ഉണ്ടാക്കാനോ ഒരു സ്‌കൂള്‍ മാനേജ്‌മെന്റിനും അധികാരമില്ല. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതുമായ വിദ്യാഭ്യാസ അന്തരീക്ഷമാണ് കേരളത്തിലുള്ളത്. അതിന് വിഘാതം സൃഷ്ടിക്കുന്ന ഒരു നടപടിയും സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ല’- ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമല കീഴ്ശാന്തിയുടെ പരികര്‍മി’; എവിടെയൊക്കെ സ്വര്‍ണം പൂശിയെന്ന് മനസിലാക്കി’

‘ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമല കീഴ്ശാന്തിയുടെ പരികര്‍മി’; എവിടെയൊക്കെ സ്വര്‍ണം പൂശിയെന്ന് മനസിലാക്കി’

കൊച്ചി: ഉണ്ണികൃഷ്ണന്‍ പോറ്റി 2004 മുതല്‍ 2008വരെ ശബരിമല കീഴ്ശാന്തിയുടെ പരികര്‍മിയായിരുന്നെന്നും ശബരിമലയെ കുറിച്ച് കൃത്യമായ അറിവുള്ളയാളാണെന്നും പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍. ശബരിമല ശ്രീകോവില്‍ മേല്‍ക്കൂരയിലും ചുറ്റുഭാഗത്തും 1998ല്‍ സ്വര്‍ണം പതിച്ചതായി അറിവുള്ളയാളെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. നീതിന്യായവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് ശബരിമല ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ നിന്ന് തന്നെ ക്ഷേത്രമുതലുകള്‍ ദുരുപയോഗം ചെയ്ത് അനേകലക്ഷം ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയ പ്രതിക്ക് ജാമ്യം നല്‍കിയാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പൊലീസ് പറയുന്നു.

ദ്വാരപാലക ശില്‍പങ്ങളും പില്ലറുകളും പല സ്ഥലങ്ങളിലും പ്രദര്‍ശിപ്പിച്ച് ആചാരലംഘനം നടത്തുകയും തുടര്‍ന്ന് ശബരിമലയില്‍ എത്തിക്കുകയുമായിരുന്നു. ദുരുപയോഗം ചെയ്ത സ്വര്‍ണത്തിന് പകരം സ്വര്‍ണംപൂശുന്നതിനായി വിവിധ സ്‌പോണ്‍സര്‍മാരെ കണ്ടെത്തി അവരില്‍ നിന്ന് വലിയ അളവ് സ്വര്‍ണം വാങ്ങി അത് മുഴുവനായി കൈവശപ്പെടുത്തുകയും ചെയ്തു. കൂടുതല്‍ തെളിവ് ശേഖരിക്കുന്നതിനായി പ്രതിയെ മറ്റ് സംസ്ഥാനങ്ങളില്‍ ഉള്‍പ്പടെ കൊണ്ടുപോകേണ്ടതുണ്ട്. പ്രതി സമൂഹത്തില്‍ സ്വാധീനമുള്ളയാളും തെളിവ് നശളിപ്പിക്കാനും കേസിന്റെ അന്വേഷണം തടസ്സപ്പെടുത്താനും കഴിവുള്ളയാളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ 13 ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. രാവിലെ 10.30നാണ് പോറ്റിയെ പ്രത്യേക അന്വേഷണ സംഘം റാന്നി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലെത്തിച്ചത്. അഭിഭാഷകകരെ ഉള്‍പ്പെടെ പുറത്തിറക്കി രഹസ്യമായാണു നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇതു പൂര്‍ണമായും വിഡിയോയില്‍ ചിത്രീകരിച്ചു. ശബരിമലയിലെ 2 കിലോ സ്വര്‍ണം കവര്‍ന്നു എന്നതാണു കേസ്.