സജിത വധക്കേസ്: ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം, അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെന്ന് കോടതി

സജിത വധക്കേസ്: ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം, അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെന്ന് കോടതി

പാലക്കാട്: നെന്മാറ സജിത വധക്കേസില്‍ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ചെന്താമര നാലേകാല്‍ ലക്ഷം രൂപ പിഴയും ഒടുക്കണം. കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

കൊലപാതകം, തെളിവ് നശിപ്പിക്കല്‍, അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് തെളിഞ്ഞിരിക്കുന്നത്. കൊല ചെയ്യണം എന്ന് ഉദ്ദേശത്തോടുകൂടി മുന്‍വൈരാഗ്യത്തോടുകൂടിയാണ് പ്രതി കുറ്റകൃത്യം നടത്തിയതെന്ന് കോടതി നിരീക്ഷിച്ചിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെന്നായിരുന്നു വിധി പ്രസ്താവിക്കുമ്പോള്‍ കോടതി പറഞ്ഞത്. മുമ്പ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും അതുകൊണ്ടാണ് അങ്ങനെ കണക്കാക്കാന്‍ കഴിയാത്തതെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.

രണ്ട് വകുപ്പുകളിലായി ഇരട്ട ജീവപര്യന്തമാണ് വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. 302ാം വകുപ്പ് പ്രകാരം ജീവപര്യന്തം, 201ാം വകുപ്പ് പ്രകാരം അഞ്ച് വര്‍ഷം, 449ാം വകുപ്പ് പ്രകാരം ജീവപര്യന്തം എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്. നാല് ലക്ഷത്തി ഇരുപത്തിയയ്യായിരം രൂപയാണ് പിഴയായി ഒടുക്കേണ്ടത.് സജിതയുടെ മക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി.

പ്രതി നന്നാകുമെന്ന പ്രതീക്ഷയില്ലെന്നും പരോള്‍ നല്‍കേണ്ട സാഹചര്യമുണ്ടായാല്‍ സജിതയുടെ കുടുംബത്തിന് സുരക്ഷ ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. സജിതയുടെ മക്കളുടെ പുനരധിവാസം ഉറപ്പാക്കണമെന്നും കോടതി വിധി പ്രസ്താവിക്കുമ്പോള്‍ പറഞ്ഞു.

2019 ഓഗസ്റ്റ് 31-നാണ് അയല്‍വാസിയായിരുന്ന പോത്തുണ്ടി തിരുത്തംപാടം ബോയന്‍ കോളനിയില്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യ പിണങ്ങിപ്പോകാന്‍ കരണക്കാരിയാണ് എന്നാരോപിച്ചാണ് സജിതയെ പ്രതി വീട്ടില്‍ക്കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

കുടുംബപ്രശ്നം മൂലം ചെന്താമരയുടെ ഭാര്യയും മകളും അകന്നുകഴിയുകയായിരുന്നു. ഇതിനുകാരണം സജിതയും കുടുംബവും ദുര്‍മന്ത്രവാദം നടത്തുകയാണെന്ന് ചെന്താമര വിശ്വസിച്ചിരുന്നു. സജിത കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ ചെന്താമര പിന്നീട് സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയിരുന്നു.

ചിറയിൻകീഴ് പുളിമുട്ടു കടവിൽ രണ്ടര ലക്ഷം കാരച്ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

ചിറയിൻകീഴ് പുളിമുട്ടു കടവിൽ രണ്ടര ലക്ഷം കാരച്ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

ഉൾനാടൻ പൊതുജലാശയങ്ങളിലെ മത്സ്യ വിത്ത് നിക്ഷേപിക്കൽ പദ്ധതിയുടെ ഭാഗമായി, ചിറയിൻകീഴ് പുളിമുട്ടു കടവിൽ രണ്ടര ലക്ഷം കാരച്ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അഡ്വ. ഷൈലജ ബീഗം നിർവഹിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഷീജമേരി എ. പി, ഡോക്ടർ.വിഷ്ണു. എസ് . രാജ്, ബിജു, സുരേന്ദ്രൻ അഞ്ചുതെങ്ങ് എന്നിവർ പങ്കെടുത്തു.

കെ. അനിരുദ്ധൻ (90) അന്തരിച്ചു

കെ. അനിരുദ്ധൻ (90) അന്തരിച്ചു

ആറ്റിങ്ങൽ: ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന് സമീപം കെ.എ നിവാസിൽ (എം.ആർ.എ:39) കെ അനിരുദ്ധൻ (90) (റിട്ടയേർഡ് അധ്യാപകൻ, ആർ.എം.എൽ. പി.എസ്, മണനാക്ക്, സി.പി.ഐ.എം പച്ചംകുളം ബ്രാഞ്ചംഗം) മരണപ്പെട്ടു.

ഭാര്യ: കെ സുനന്ദ.
മക്കൾ: ബീന എ (റിട്ടയേർഡ് പ്രിൻസിപ്പാൾ, എസ്.എസ്.വി.ജി.എച്ച്.എസ്.എസ്, ചിറയിൻകീഴ്), ബിന്ദു എ (റിട്ടയേർഡ് അധ്യാപിക, ആർ.എം എൽ. പി.എസ്, മണനാക്ക്) ബിജു എ( ഇന്ത്യൻ റെയിൽവേ).

മരുമക്കൾ: കെ കൃഷ്ണകുമാർ (എ.ജിസ് ഓഫീസ്, തിരുവനന്തപുരം), എൻ വിക്രമൻ
(റിട്ടയേർഡ് മൃഗസംരക്ഷണവകുപ്പ്), എസ് സുജ (അധ്യാപിക, എസ്.എൻ. വി .എച്ച്.എസ്.എസ്,ആനാട്)

പെര്‍ത്തില്‍ കോഹ്‌ലി കൂളാണ്, സഹതാരങ്ങളെയും ചിരിപ്പിച്ച് പരിശീലനം

പെര്‍ത്തില്‍ കോഹ്‌ലി കൂളാണ്, സഹതാരങ്ങളെയും ചിരിപ്പിച്ച് പരിശീലനം

പെര്‍ത്ത്: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം നാളെ നടക്കാനിരിക്കെ നെറ്റ്‌സില്‍ ഹാപ്പിയായി വിരാട് കോഹ്‌ലി. മൈതാനത്ത് സഹതാരങ്ങള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ ഫണ്‍ മൊമന്റ്‌സുകളാക്കിയ താരത്തിന്റെ വിഡിയോ ആരാധകരും ഏറ്റെടുത്തു.

പ്രാക്ടീസ് സെഷനില്‍ വളരെ ഹാപ്പിയായി ചിരിയും കളിയുമായി നില്‍ക്കുന്ന വിരാട് കോഹ്‌ലിയെയാണ് വിഡിയോയില്‍ കാണാന്‍ കഴിയുന്നത്. രാജ്യന്തര ക്രിക്കറ്റില്‍ നിന്ന് ഏഴ് മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കോഹ്ലി ടീം ക്യാംപില്‍ എത്തുന്നത്. ഇന്ത്യക്കായി ഈ വര്‍ഷം ആദ്യം ചാംപ്യന്‍സ് ട്രോഫിയിലാണ് താരം അവസാനമായി കളിച്ചത്.

സ്റ്റാര്‍ സ്പോര്‍ട്സ് എക്സില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ കോഹ് ലിയെ സമ്മര്‍ദമില്ലാതെ കൂളായാണ് കാണുന്നത്. സഹതാരങ്ങശായ അര്‍ഷ്ദീപ് സിങ്, കെഎല്‍ രാഹുല്‍, അക്ഷര്‍ പട്ടേല്‍, യശസ്വി ജയ്സ്വാള്‍, ഹര്‍ഷിത് റാണ എന്നിവരുമായി ചിരിച്ച് ഉല്ലസിക്കുന്നതും കാണാം.രണ്ടാം ദിവസം പരിശീലനം പൂര്‍ത്തിയാക്കിയ കോഹ്‌ലി ആരാധകര്‍ക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്തും ഓട്ടോഗ്രാഫുകളും നല്‍കി.

ഓസ്ട്രേലിയന്‍ മണ്ണില്‍ ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡാണ് കോഹ്‌ലിക്കുള്ളത്. ഓസ്ട്രേലിയയില്‍ 29 ഏകദിനങ്ങളില്‍ നിന്ന് 51 ല്‍ കൂടുതല്‍ ശരാശരിയില്‍ 1327 റണ്‍സ് കോഹ്ലി നേടിയിട്ടുണ്ട്. ഹോബാര്‍ട്ടിലെ ബെല്ലെറിവ് ഓവലില്‍ ശ്രീലങ്കയ്ക്കെതിരെ നേടിയ 133* റണ്‍സാണ് താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം. ഓസ്‌ട്രേലിയന്‍ മണ്ണില്‍ കോഹ് ലിയുടെ അനുഭവ സമ്പത്ത് ഇന്ത്യക്ക് പരമ്പ നേട്ടത്തോടെ മടങ്ങാന്‍ സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

നിയുക്ത ശബരിമല മേൽശാന്തിയായി പ്രസാദ് ഇ.ഡി. തിരഞ്ഞെടുക്കപ്പെട്ടു

നിയുക്ത ശബരിമല മേൽശാന്തിയായി പ്രസാദ് ഇ.ഡി. തിരഞ്ഞെടുക്കപ്പെട്ടു

നിയുക്ത ശബരിമല മേൽശാന്തിയായി പ്രസാദ് ഇ.ഡി. തിരഞ്ഞെടുക്കപ്പെട്ടു. തൃശൂർ ചാലക്കുടി മറ്റത്തൂർകുന്ന് ഏറന്നൂർ മനയിലെ പ്രസാദ് ഇ.ഡി ശബരിമലയിലെ അടുത്ത മണ്ഡലകാലം മുതൽ ഒരു വർഷത്തേയ്ക്കുള്ള പുറപ്പെടാ മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടു. മാളികപ്പുറം മേൽശാന്തിയായി മനു നമ്പൂതിരിയും തിരഞ്ഞെടുക്കപ്പെട്ടു.

ഇടുക്കിയില്‍ ശക്തമായ മഴ, വീടുകളില്‍ വെള്ളം കയറി; മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കും

ഇടുക്കിയില്‍ ശക്തമായ മഴ, വീടുകളില്‍ വെള്ളം കയറി; മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കും

കട്ടപ്പന: കട്ടപ്പന: തുലാവര്‍ഷം ആരംഭിച്ചതിന് പിന്നാലെ ഇടുക്കി ജില്ലയില്‍ ശക്തായ മഴയാണ് പെയ്തിറങ്ങുന്നത്. നെടുങ്കണ്ടത്തും കട്ടപ്പനയിലും നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറി. കൂട്ടാര്‍, തേര്‍ഡ് ക്യാമ്പ്, സന്യാസിയോട, മുണ്ടിയെരുമ, തൂക്കുപാലം, താന്നിമൂട്, കല്ലാര്‍ തുടങ്ങിയ ടൗണുകള്‍ വെള്ളത്തിനടിയിലായി. കുമളിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വീടുകളില്‍ നിന്നും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

നെടുങ്കണ്ടം തൂക്കുപാലം മേഖലയില്‍ വാഹനങ്ങള്‍ ഒലിച്ചുപോയതായും റിപ്പോര്‍ട്ടുകളുണ്ട്. നിര്‍ത്തിയിട്ടിരുന്ന കാറും സ്‌കൂട്ടറുകളും ഉള്‍പ്പെടെയാണ് ഒലിച്ചുപോയത്. കുമളിയില്‍ തോട് കരകവില്‍ ഒഴുകിയതിനെ തുടര്‍ന്ന് വീട്ടില്‍ കുടുങ്ങിയ അഞ്ച് പേരെ രക്ഷപ്പെടുത്തി. 42 കുടുംബങ്ങളെയാണ് പ്രദേശത്ത് മാറ്റിപ്പാര്‍പ്പിച്ചത്.

അതേസമയം, വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് പരമാവധിയില്‍ എത്തുന്നതോടെ അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രാവിലെ 8.00 മണിയോടെ ഷട്ടറുകള്‍ തുറക്കാനാണ് തീരുമാനം. പരമാവധി 5,000 ക്യുസെക്സ് വരെ അധികജലം പുറത്തേക്ക് ഒഴുക്കി വിട്ടേക്കും. പെരിയാര്‍ നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.

ശനിയാഴ്ച പുലര്‍ച്ചെ മുന്ന് മണിക്ക് ഡാമിലെ ജലനിരപ്പ് 136.00 അടിയില്‍ എത്തി. നിലവില്‍ ജലനിരപ്പ് 137.8 അടി പിന്നിട്ട സാഹചര്യത്തിലാണ് മുല്ലപെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഘട്ടം ഘട്ടമായി തുറന്ന് പരമാവധി 5,000 ക്യൂസെക്സ് വരെ ജലം അണക്കെട്ടില്‍ നിന്നും പുറത്തേക്കൊഴുക്കാന്‍ തീരുമാനിച്ചത്. ജല നിരപ്പ് ക്രമീകരിക്കുന്നതിനുള്ള ആവശ്യമായ മുന്‍കരുതല്‍ നടപടികളും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, ഇടുക്കി ഡാമിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള ഡൈവേര്‍ഷന്‍ അണക്കെട്ടായ കല്ലാര്‍ ഡാമില്‍ നിന്നും ജലം പുറത്തേക്ക് ഒഴുക്കി തുടങ്ങി. ഡാമിലെ ജലനിരപ്പ് 824.5 മീറ്റര്‍ പിന്നിട്ട സാഹചര്യത്തിലാണ് നടപടി. നാല് ഷട്ടറുകള്‍ 60 സെന്റിമീറ്റര്‍ തുറന്ന് 160 ക്യൂമെക്‌സ് ജലമാണ് ഒഴുക്കിവിടുന്നത്.