by Midhun HP News | Oct 15, 2025 | Latest News, കേരളം
കൊല്ലം: കടയ്ക്കലില്‍ ഒന്‍പതാം ക്ലാസുകാരി പ്രസവിച്ച സംഭവത്തില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍. ആശുപത്രി അധികൃതര്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് പീഡനവിവരം പുറത്തറിഞ്ഞതും പ്രതിയെ അറസ്റ്റ് ചെയ്തതും. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇയാള്‍ നിരന്തരം പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.
അമ്മ വീട്ടിലില്ലാത്ത സമയങ്ങളില്‍ പ്രതി സ്ഥിരമായി ഉപദ്രവിച്ചിരുന്നെന്നാണ് കുട്ടിയുടെ മൊഴി. കണ്ണൂര്‍ സ്വദേശിയായ പ്രതിയെ വാഗമണ്ണിലെ ഒരു ഹോട്ടലില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. കുട്ടിയുടെ അച്ഛന്‍ ഉപേക്ഷിച്ചുപോയതിന് ശേഷമാണ് ഇയാള്‍ അമ്മയ്‌ക്കൊപ്പം താമസം തുടങ്ങിയത്.
പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. കഴിഞ്ഞ ദിവസം കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന കാര്യം അറിഞ്ഞത്. പെണ്‍കുഞ്ഞിനാണ് ഒന്‍പതാം ക്ലാസുകാരി ജന്മം നല്‍കിയത്. അമ്മയുടെ ആദ്യ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് രണ്ടാമത് വിവാഹം കഴിച്ചിരുന്നു. ആ ബന്ധത്തിലാണ് ഈ പെണ്‍കുട്ടി ജനിക്കുന്നത്. രണ്ടാം ഭര്‍ത്താവും മരിച്ചതോടെ രണ്ട് വര്‍ഷമായി പ്രതിക്കൊപ്പമാണ് പെണ്‍കുട്ടിയും മാതാവും താമസിച്ചിരുന്നത്. ഹോം നഴ്സായി ജോലി ചെയ്യുകയാണ് പെണ്‍കുട്ടിയുടെ അമ്മ. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


by Midhun HP News | Oct 15, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: പ്രശസ്ത നടൻ പങ്കജ് ധീർ (68) അന്തരിച്ചു. ബി ആർ ചോപ്രയുടെ മഹാഭാരതം പരമ്പരയിൽ കർണന്റെ വേഷം അഭിനയിച്ചാണ് പങ്കജ് പ്രേക്ഷക മനം കവർന്നത്. ഏറെ നാളുകളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ് ആരോഗ്യനില വഷളാവുകയും അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നുവെന്നാണ് വിവരം.
1988 ൽ സംപ്രേഷണം ചെയ്ത മഹാഭാരത്തിലെ കർണന്റെ വേഷം പങ്കജിന്റെ എക്കാലവും ഓർത്തിരിക്കുന്ന കഥാപാത്രങ്ങളിലൊന്നാണ്. ചന്ദ്രകാന്ത, ബധോ ബാഹു, സീ ഹൊറർ ഷോ, കാനൂൻ തുടങ്ങിയ ടിവി സീരിയലുകളും സോൾജിയർ, ആന്ദാസ്, ബാദ്ഷാ, തുംകോ നാ ഭൂൽ പായേംഗേ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
മൈ ഫാദർ ഗോഡ്ഫാദർ എന്ന സിനിമയും പങ്കജ് സംവിധാനം ചെയ്തിട്ടുണ്ട്. അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ, ഇർഫാൻ ഖാൻ തുടങ്ങിയ താരങ്ങൾക്കൊപ്പവും പങ്കജ് മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. 1990 ൽ കെ മധു സംവിധാനം ചെയ്ത രണ്ടാം വരവ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചിരുന്നു. സംസ്കാരം ബുധനാഴ്ച വൈകുന്നേരം 4.30ന് മുംബൈയിലെ സാന്താക്രൂസിനടുത്തുള്ള പവൻ ഹാൻസ് ശ്മശാനത്തിൽ നടക്കും.


by Midhun HP News | Oct 15, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഈ വർഷത്തെ നാവികസേനാ ദിനാഘോഷം തിരുവനന്തപുരത്ത്. പ്രധാന വേദിയായ ശംഖുമുഖത്ത് ഡിസംബർ നാലിനു നടക്കുന്ന ആഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയാകും. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തിയേക്കും. ആഘോഷത്തിന് സൗകര്യമൊരുക്കാൻ 14 കോടി രൂപ ചെലവിൽ ശംഖുമുഖത്ത് 360 മീറ്റർ കടൽഭിത്തി പുതുതായി നിർമിക്കും. 1971ലെ ഇന്ത്യ – പാക്ക് യുദ്ധത്തിൽ ‘ഓപ്പറേഷൻ ട്രൈഡന്റ്’ എന്ന പേരിൽ കറാച്ചി ഉന്നമിട്ട് നാവികസേന വിജയകരമായി നടത്തിയ ദൗത്യത്തിന്റെ സ്മരണാർഥമാണു ദിനാഘോഷം. സ്ഥിരമായി ഡൽഹിയിൽ നടത്തിയിരുന്ന ആഘോഷം 2022 മുതലാണ് മറ്റിടങ്ങളിലേക്കു മാറ്റാൻ തീരുമാനിച്ചത്.
വിശാഖപട്ടണം, മഹാരാഷ്ട്രയിലെ സിന്ധുദുർഗ് , ഒഡീഷയിലെ പുരി എന്നിവിടങ്ങളിലായിരുന്നു മുൻവർഷങ്ങളിലെ ദിനാഘോഷം. സേനയുടെ ആയുധക്കരുത്തിന്റെയും പ്രതിരോധശേഷിയുടെയും കാഴ്ചവിരുന്നൊരുക്കുന്ന അഭ്യാസപ്രകടനങ്ങൾക്ക് ശംഖുമുഖം വേദിയാവും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നാവികസേനയുടെ പടക്കപ്പലുകളും അന്തർവാഹിനികളും യുദ്ധവിമാനങ്ങളും മറ്റു സന്നാഹങ്ങളും തിരുവനന്തപുരത്തേക്കെത്തും. ആഘോഷത്തിനു തൊട്ടുമുൻപുള്ള ദിവസങ്ങളിൽ സേനാ വിമാനങ്ങളുടെ പരിശീലനപ്പറക്കലുമുണ്ടാകും.


by Midhun HP News | Oct 15, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം ∙ മത്സ്യോൽപാദനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള തീരത്ത് ചെറിയ മത്സ്യങ്ങളെ പിടിക്കുന്നത് കർശനമായി തടയാൻ ഫിഷറീസ് വകുപ്പ്. മത്തി ഉൾപ്പെടെയുള്ള മത്സ്യങ്ങളെ പൂർണ വളർച്ചയെത്തും മുൻപ് പിടികൂടുന്നതു മത്സ്യോൽപാദനത്തെ പ്രതികൂലമായി ബാധിക്കുന്ന പശ്ചാത്തലത്തിലാണു നീക്കം.കേന്ദ്ര സർക്കാരിന്റെ മറൈൻ ഫിഷറീസ് റഗുലേഷൻസ് ആക്ട് പ്രകാരം ഓരോ തീര സംസ്ഥാനവും മത്സ്യങ്ങളെ പിടിക്കുന്നതിനായി എംഎൽഎസ് (മിനിമം ലീഗൽ സൈസ്) ഏർപ്പെടുത്തണമെന്ന് നിഷ്കർഷിച്ചിരുന്നു. കേരളം, തമിഴ്നാട്, ഗോവ, ഒഡീഷ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾ തങ്ങളുടെ എംഎൽഎസ് പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും രാജ്യത്താകെ ഏകീകരിച്ചിട്ടില്ല.
കേരള മറൈൻ ഫിഷറീസ് വകുപ്പിന്റെ ഉത്തരവു പ്രകാരം 10 സെന്റീമീറ്ററിൽ കുറവു വലുപ്പമുള്ള മത്തി പിടിക്കാൻ അനുവാദമില്ല. അയല (20 സെ.മീ), നെയ്മീൻ (45 സെ.മീ), കടൽ വരാൽ (60 സെ.മീ), ആവോലി (25 സെ.മീ) എന്നിങ്ങനെയാണ് കേരളത്തിൽ മറ്റു മത്സ്യങ്ങളുടെ പരമാവധി കുറഞ്ഞ വലുപ്പം.വലുപ്പമാകും മുൻപ് പിടിക്കുന്നതു വഴി മത്സ്യങ്ങളുടെ വളർച്ചയും പ്രജനനവും തടസ്സപ്പെടുന്നതായി കണ്ടെത്തി.
ചിലയിനം ചെറു മത്സ്യങ്ങൾ വലിയ മത്സ്യങ്ങളുടെയും മറ്റു സമുദ്ര ജീവികളുടെയും ആഹാരമാണ്. ചെറു മത്സ്യങ്ങൾ ഇല്ലാതാകുന്നതു വഴി സമുദ്ര പരിസ്ഥിതിയും തകിടം മറിയുന്നു. ചെറുമത്സ്യങ്ങളെ തീറ്റ, വളം എന്നിവ നിർമിക്കാനായി മാറ്റുകയാണെന്നും കണ്ടെത്തി. നിർദേശം ലംഘിക്കുന്ന യാനങ്ങളുടെ ലൈസൻസ് റദ്ദാക്കാനും പിഴ ഈടാക്കാനുമാണു തീരുമാനം.


by Midhun HP News | Oct 15, 2025 | Latest News, ദേശീയ വാർത്ത
കാലിഫോര്‍ണിയ: കൗമാരക്കാരുടെ സുരക്ഷ സംബന്ധിച്ചുള്ള പരാതി പ്രളയങ്ങള്‍ക്ക് പിന്നാലെ ഇന്‍സ്റ്റഗ്രാമിലെ ടീന്‍ അക്കൗണ്ടുകളില്‍ മെറ്റ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. മെറ്റയുടെ പുത്തന്‍ പോളിസി അനുസരിച്ച് പിജി-13 സിനിമ റേറ്റിംഗ് അടിസ്ഥാനമാക്കിയുള്ള ഉള്ളടക്കങ്ങള്‍ മാത്രമേ ഇന്‍സ്റ്റ കൗമര അക്കൗണ്ടുകളില്‍ ഇനി മുതല്‍ ദൃശ്യമാക്കുകയുള്ളൂ. ഇത് 18 വയസിന് താഴെ പ്രായമുള്ള കൗമാരക്കാരുടെ ഇന്‍സ്റ്റ അക്കൗണ്ടുകളില്‍ ഡിഫോള്‍ട്ടായി പ്രത്യക്ഷപ്പെടുന്ന ഫീച്ചറാണ്. അതായത്, 18 വയസിന് താഴെയുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉടമകള്‍ക്ക് പിജി-13 റേറ്റിംഗ് ലഭിച്ച സിനിമകളില്‍ കാണാനാവുന്ന ഉള്ളടക്കങ്ങള്‍ മാത്രമേ പ്ലാറ്റ്‌ഫോമില്‍ ദൃശ്യമാവുകയുള്ളൂ.
ടീന്‍ അക്കൗണ്ടുകളില്‍ ഈ നിയന്ത്രണം എടുത്തു മാറ്റണമെങ്കില്‍ മാതാപിതാക്കള്‍ അതിന് അനുമതി നല്‍കണം. കൗമാരക്കാര്‍ക്ക് കൂടുതല്‍ നിയന്ത്രണം ആവശ്യമാണെന്ന് തോന്നുന്ന മാതാപിതാക്കളെ ലക്ഷ്യമിട്ട് പുതിയ സ്റ്റിക്‌ടര്‍ സെറ്റിംഗ് അവതരിപ്പിക്കുന്നതായും മെറ്റ പ്രഖ്യാപിച്ചു.
ഇന്‍സ്റ്റഗ്രാം ടീന്‍ അക്കൗണ്ടുകളില്‍ കൂടുതല്‍ നിയന്ത്രണം
ഇന്‍സ്റ്റഗ്രാമില്‍ കൗമാര അക്കൗണ്ടുകള്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച ശേഷം മെറ്റ നടത്തുന്ന ഏറ്റവും വലിയ അപ്‌ഡേറ്റാണിത്. ടീന്‍ അക്കൗണ്ടുള്ളവര്‍ക്ക് ഒരു വര്‍ഷമായി ഉള്ളടക്കങ്ങളില്‍ നിയന്ത്രണമുണ്ടായിരുന്നു. ഇതിപ്പോള്‍ കൂടുതല്‍ കടുപ്പിക്കുകയാണ് മെറ്റ. ‘ലോകമെമ്പാടുമുള്ള കോടിക്കണക്കിന് കൗമാരക്കാരാണ് ടീന്‍ അക്കൗണ്ടുകള്‍ ഇന്‍സ്റ്റയില്‍ ഉപയോഗിക്കുന്നത്. കൗമാരക്കാർ പലരും ഈ നിയന്ത്രണങ്ങൾ മറികടക്കാന്‍ ശ്രമിച്ചേക്കാമെന്ന് ഞങ്ങൾക്കറിയാം. അതുകൊണ്ടാണ്, പ്രായപൂര്‍ത്തിയായവരെന്ന് അവകാശപ്പെട്ടാലും കൗമാരക്കാരില്‍ നിന്ന് ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ ഞങ്ങൾ പ്രായ പ്രവചന സാങ്കേതികവിദ്യ പ്ലാറ്റ്‌ഫോമില്‍ ഉപയോഗിക്കുന്നത്. ഒരു സംവിധാനവും 100 ശതമാനവും മികവുറ്റതല്ല എന്ന് ഞങ്ങള്‍ക്കറിയാം. അതിനാല്‍ ഘട്ടം ഘട്ടമായി ഇന്‍സ്റ്റഗ്രാമിനെ പുതുക്കാനാണ് കമ്പനി ആഗ്രഹിക്കുന്നത്. കൗമാരക്കാരെ സുരക്ഷിതരാക്കാന്‍ മെറ്റ കിണഞ്ഞുപരിശ്രമിക്കുന്നുണ്ടെന്ന് മാതാപിതാക്കള്‍ക്ക് ഉറപ്പുനല്‍കുന്ന അപ്‌ഡേറ്റാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നതെന്നും’- മെറ്റ വിശദീകരിച്ചു.
ഇന്‍സ്റ്റഗ്രാമിലെ 13+ നിയന്ത്രണത്തിന് കീഴില്‍ വരുന്ന അക്കൗണ്ടുകളില്‍ യൂസര്‍മാര്‍ക്ക് എല്ലാ ഉള്ളടക്കങ്ങളും ദൃശ്യമാവില്ല. ലൈംഗിക ഉള്ളടക്കങ്ങള്‍ ഇന്‍സ്റ്റഗ്രാം ഇത്തരം യൂസര്‍മാരില്‍ നിന്ന് നേരത്തെതന്നെ തടഞ്ഞിരുന്നു. പ്രായത്തിന് അനുയോജ്യമല്ലാത്ത ഉള്ളടക്കം പതിവായി പങ്കിടുന്ന അക്കൗണ്ടുകളെ കൗമാരക്കാർക്ക് ഇനി പിന്തുടരാനും കഴിയില്ല. അവർ ഇതിനകം അത്തരം അക്കൗണ്ടുകൾ പിന്തുടരുന്നുണ്ടെങ്കിൽ, അവർക്ക് ഇനി അവരുടെ ഉള്ളടക്കം കാണാനോ സംവദിക്കാനോ, അവരിൽ നിന്ന് നേരിട്ടുള്ള സന്ദേശങ്ങൾ അയയ്ക്കാനോ സ്വീകരിക്കാനോ, പോസ്റ്റുകൾക്ക് കീഴിലുള്ള കമന്‍റുകള്‍ കാണാനോ കഴിയില്ല. ചില സെര്‍ച്ച് വാക്കുകളും ഇന്‍സ്റ്റഗ്രാം തടയും. കൂടാതെ മെറ്റയുടെ എഐ ചാറ്റ്ബോട്ട് പ്രായത്തിന് അനുയോജ്യമല്ലാത്ത പ്രതികരണങ്ങൾ ഇന്‍സ്റ്റഗ്രാം കൗമാര ഉപയോക്താക്കള്‍ക്ക് നൽകില്ലെന്നും കമ്പനി വ്യക്തമാക്കി.
കൂടുതല്‍ നിയന്ത്രണം വേണോ? അതുമുണ്ട്!
കൗമാര അക്കൗണ്ടുകളിലെ പുതിയ കണ്ടന്‍റ് നിയന്ത്രണങ്ങളെ കുറിച്ച് വിശദീകരിക്കുന്ന വീഡിയോ മെറ്റ പുറത്തുവിട്ടിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലെ സെറ്റിംഗ്‌സില്‍ പ്രവേശിച്ച് ടീന്‍ അക്കൗണ്ട് സെറ്റിംഗ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. അതില്‍ വാട്ട് യു സീ എന്നൊരു ഓപ്ഷന്‍ കാണാം. ഇതില്‍ ക്ലിക്ക് ചെയ്‌ത് കണ്ടന്‍റ് സെറ്റിംഗ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. അതില്‍ 13+ ആണോ ഡിഫോള്‍ട്ടായി കിടക്കുന്നത് എന്ന് നോക്കുക. അല്ലെങ്കില്‍ 13+ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്‌ത് ഉറപ്പുവരുത്തുക. കണ്ടന്‍റുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് 13+ന് തൊട്ടുമുകളിലായി കാണുന്ന ലിമിറ്റഡ‍് കണ്ടന്‍റ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കാം. ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ എന്ത് കാണുന്നു എന്ന കാര്യത്തില്‍ മാതാപിതാക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണം നല്‍കുന്ന ഫീച്ചറാണ് ലിമിറ്റഡ് കണ്ടന്‍റ്. 13+ പോലെ തന്നെ ഇതിലും കമന്‍റുകളും മെസേജുകള്‍ക്കും നിയന്ത്രണമുണ്ട്. ഇന്‍സ്റ്റയില്‍ ആദ്യ ഘട്ടത്തില്‍ യുഎസിലും യുകെയിലും ഓസ്ട്രേലിയയിലും കാനഡയിലും എത്തിയിരിക്കുന്ന പുത്തന്‍ ഫീച്ചറുകള്‍ വരും മാസങ്ങളില്‍ മറ്റ് രാജ്യങ്ങളിലേക്കുമെത്തും.


by Midhun HP News | Oct 15, 2025 | Latest News, ജില്ലാ വാർത്ത, മരണം
ചിറയിൻകീഴ് തിട്ടയിൽ മുക്ക് തിട്ടയിൽ വീട്ടിൽ രാധാമണി അമ്മ (68) നിര്യാതയായി.
മകൾ: രജനി (അശ്വതി)
മരണാനന്തര ചടങ്ങ് : 19/10/25 (ശനിയാഴ്ച)
Recent Comments