വെഞ്ഞാറമൂട് മേൽപ്പാലം നിർമ്മാണം തുടങ്ങുന്നു; ഇന്ന് മുതൽ ഗതാഗത നിയന്ത്രണം; മറ്റു വഴികൾ ഇങ്ങനെ

വെഞ്ഞാറമൂട് മേൽപ്പാലം നിർമ്മാണം തുടങ്ങുന്നു; ഇന്ന് മുതൽ ഗതാഗത നിയന്ത്രണം; മറ്റു വഴികൾ ഇങ്ങനെ

തിരുവനന്തപുരം: ഗതാഗത കുരുക്കിൽ പൊറുതി മുട്ടിയ വെഞ്ഞാറമൂടിൽ മേൽപ്പാലം നിർമാണം തുടങ്ങുന്നു. ഇതിൻ്റെ ഭാഗമായി പുതുക്കിയ ട്രാഫിക് നിയന്ത്രണങ്ങൾ ഇന്ന് മുതൽ കർശനമായി നടപ്പിലാക്കും. കെ.എസ് ആർ ടി.സി വാഹന യാത്രികരുടേയും മറ്റ് യാത്രാ – ചരക്കു വാഹനങ്ങളുടേയും ബുദ്ധിമുട്ടുകൾ പരമാവധി കുറച്ചുകൊണ്ടാണ് ഗതാഗത നിയന്ത്രണം. ഡി.കെ മുരളി എം എൽ എ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് തീരുമാനം.

ഒരുതരത്തിലുമുള്ള ഹെവി വാഹനങ്ങളും ഇന്ന് മുതൽ വെഞ്ഞാറമൂട് ഭാഗത്തേക്ക് കടന്നു വരാൻ അനുവദിക്കില്ല. തിരുവനന്തപുരത്ത് നിന്ന് വരുന്ന ഹെവി വാഹനങ്ങൾ കന്യാകുളങ്ങരയിൽ നിന്ന് ഇടത്തേക്കും വെമ്പായത്ത് നിന്ന് വലത്തേക്കും തിരിഞ്ഞു പോകണം. കൊട്ടാരക്കര ഭാഗത്ത് നിന്ന് വരുന്ന ഹെവി വാഹനങ്ങൾ കിളിമാനൂർ, കാരേറ്റ് വാമനപുരം ജംഗ്ഷനുകളിൽ നിന്ന് വലത്തേക്കു മാത്രം തിരിഞ്ഞ് പോകണം. കൊട്ടാരക്കര നിന്നും തിരുവനന്തപുരത്തേക്ക് പോകേണ്ട കെ.എസ് ആർ ടി സി ബസുകൾ അമ്പലമുക്കിൽ നിന്ന് വെഞ്ഞാറമൂട് സ്റ്റാൻ്റിൽ എത്തി തിരിച്ച് നാഗരുകുഴി വഴി പിരപ്പൻക്കോട്ടെത്തി പോകണം.

തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കരയിലേക്ക് പോകേണ്ട കെ.എസ് ആർ ടി സി വാഹനങ്ങൾ തൈക്കാട് സമന്വയ നഗർ തിരിഞ്ഞ് മൈത്രീ നഗറിലെത്തി ആറ്റിങ്ങൽ റോഡിലേക്ക് തിരിയണം. പിന്നീട് മുക്കുന്നുർ നിന്ന് വലത്തേക്ക് തിരിഞ്ഞ് ത്രിവേണി ജംഗ്ഷൻ വഴി ആലന്തറ ഭാഗത്ത് എം.സി റോഡിലെത്തി പോകണം. കല്ലറ ഭാഗത്തേക്ക് പോകേണ്ട ബസുകൾ വെഞ്ഞാറമൂട് സ്റ്റാൻഡിലെത്തി പോകാവുന്നതാണ്.
തിരുവനന്തപുരത്ത് നിന്നും പോത്തൻകോട് ഭാഗത്ത് നിന്നും വെഞ്ഞാറമൂട്ടിൽ എത്തേണ്ട കെ.എസ് ആർ ടി സി വാഹനങ്ങൾക്ക് തൈക്കാട് നിന്ന് വയ്യേറ്റ് പെട്രോൾ പമ്പിൻ്റെ ഭാഗത്തെത്തി യാത്രക്കാരെ ഇറക്കി തിരികെ പോകാവുന്നതാണ്. ആറ്റിങ്ങൽ – നെടുമങ്ങാട് റോഡിൽ നിലവിൽ വാഹന നിയന്ത്രണമില്ല.

ദീപാവലിക്ക് ഹരിത പടക്കങ്ങൾ ഉപയോഗിക്കാം; അനുമതി നൽകി സുപ്രീംകോടതി

ദീപാവലിക്ക് ഹരിത പടക്കങ്ങൾ ഉപയോഗിക്കാം; അനുമതി നൽകി സുപ്രീംകോടതി

ഡൽഹിയിൽ പടക്ക നിരോധനത്തിന് ഇളവ് വരുത്തി സുപ്രീംകോടതി. ദീപാവലി ദിവസവും അതിനുമുൻപും ഹരിത പടക്കങ്ങൾ ഉപയോഗിക്കാമെന്ന് കോടതി അനുമതി നൽകി. ഈ മാസം 18നും 21നും ഇടയിൽ ഹരിത പടക്കങ്ങൾ പൊട്ടിക്കാൻ ആണ് അനുമതി. പടക്കങ്ങൾ പൊട്ടിക്കാൻ സമയക്രമവും കോടതി നിശ്ചയിച്ചു. രാവിലെ ആറു മണിക്കും ഏഴുമണിക്കും ഇടയിലും രാത്രി എട്ട് മുതൽ പത്തുമണിവരെയും പടക്കങ്ങൾ ഉപയോഗിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ഹരിത പടക്കങ്ങൾ ഉണ്ടാക്കുന്ന ഇടങ്ങളിൽ പെട്രോളിംഗ് പരിശോധനകൾ നടത്തണം. വ്യാജ പടക്കങ്ങൾ കണ്ടെത്തിയാൽ ലൈസൻസ് സസ്പെൻഡ് ചെയ്യാനും സുപ്രീംകോടതി നിർദേശം നൽകി. 18 നും 21 നും ഇടയിലെ AQI റിപ്പോർട്ട് മലിനീകരണ നിയന്ത്രണ ബോർഡ് സമർപ്പിക്കാനും നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് നേരെ പിഴയീടാകുമെന്നും കോടതി പറഞ്ഞു. സുപ്രീംകോടതി ഉത്തരവ് കൃത്യമായി നടപ്പിലാക്കുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി മഞ്ജിന്ദർ സിംഗ് സിസ്ര പ്രതികരിച്ചു.

തുലാവര്‍ഷത്തിന് പുറമേ ന്യൂനമര്‍ദ്ദവും; നാളെയും മറ്റന്നാളും തീവ്രമഴ, ഓറഞ്ച് അലര്‍ട്ട്

തുലാവര്‍ഷത്തിന് പുറമേ ന്യൂനമര്‍ദ്ദവും; നാളെയും മറ്റന്നാളും തീവ്രമഴ, ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: തുലാവര്‍ഷത്തിന്റെയും അറബിക്കടലില്‍ രൂപപ്പെടാന്‍ സാധ്യതയുള്ള ന്യൂനമര്‍ദ്ദത്തിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഞായറാഴ്ച വരെ ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും തീവ്രമഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമാണ് തീവ്രമഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്.

തെക്കു കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി ഞായറാഴ്ചയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. ഇതിന് പുറമേ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ (തുലാവര്‍ഷം) കൂടി എത്തുന്നതാണ് വരുംദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായി മഴ ലഭിക്കുമെന്ന കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തിന് അടിസ്ഥാനം. വ്യാഴാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം ജില്ലയിലുമാണ് ഒറ്റപ്പെട്ട തീവ്രമഴ പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം ഉള്ളത്. മുന്നറിയിപ്പിന്റെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും ശനിയാഴ്ച ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മുന്നറിയിപ്പ് വകവെയ്ക്കാതെ ട്രെക്കിങ്ങ്; യുവാക്കള്‍ കാട്ടിനുള്ളില്‍ കുടുങ്ങി, രക്ഷകരായി വനംവകുപ്പ്, ഇമ്പോസിഷന്‍ ശിക്ഷ

മുന്നറിയിപ്പ് വകവെയ്ക്കാതെ ട്രെക്കിങ്ങ്; യുവാക്കള്‍ കാട്ടിനുള്ളില്‍ കുടുങ്ങി, രക്ഷകരായി വനംവകുപ്പ്, ഇമ്പോസിഷന്‍ ശിക്ഷ

കൊല്ലം: നിരവധി വന്യമൃഗങ്ങള്‍ ഉള്ള വനമേഖലയായതിനാല്‍ കയറരുത് എന്ന മുന്നറിയിപ്പ് നിലനില്‍ക്കെ, തെന്മല രാജാക്കൂപ്പില്‍ കയറി കാട്ടിനുള്ളില്‍ കുടുങ്ങിയ യുവാക്കളെ മണിക്കൂറുകള്‍ക്കകം രക്ഷിച്ചു. വനമേഖലയായതിനാല്‍ അവിടേക്ക് ട്രെക്കിങ്ങ് നിരോധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് നിലനില്‍ക്കെയാണ് യുവാക്കള്‍ അനധികൃതമായി കാട്ടില്‍ പ്രവേശിച്ചത്. തുടര്‍ന്ന് പൊലീസും വനംവകുപ്പും ചേര്‍ന്നാണ് യുവാക്കളെ രക്ഷിച്ചത്.

കരുനാഗപ്പള്ളി സ്വദേശികളായ യുവാക്കള്‍ രാവിലെ ഏഴരയോടെയാണ് രാജക്കൂപ്പിലെത്തിയത്. എന്നാല്‍ കടുത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഇവര്‍ക്ക് വഴി തെറ്റി. വഴി കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തങ്ങള്‍ കാട്ടിനുള്ളില്‍ കുടുങ്ങി എന്ന് മനസിലാക്കിയ ഇവര്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിക്കുകയായിരുന്നു. പൊലീസ് ഉടന്‍ തന്നെ ആര്യങ്കാവ് റേഞ്ച് ഓഫീസില്‍ വിവരമറിയിച്ചു.

തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ യുവാക്കളെ ഫോണിലൂടെ ബന്ധപ്പെട്ട് ഇവര്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷന്‍ അയക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മോശം നെറ്റ്‌വര്‍ക്ക് ലഭിക്കുന്ന സ്ഥലമായതിനാല്‍ യുവാക്കള്‍ക്ക് അതിന് സാധിച്ചില്ല. കാട്ടിനുള്ളില്‍ നെറ്റവര്‍ക്ക് ലഭിക്കുന്ന ഒരു സ്ഥലത്തേക്ക് മാറിയശേഷമാണ് ഇവര്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലൊക്കേഷന്‍ അയച്ചത്. ഇത് പിന്തുടര്‍ന്നെത്തി വനം വകുപ്പ് ഇവരെ രക്ഷിക്കുകയായിരുന്നു.

ഒരു യൂട്യൂബ് വീഡിയോ കണ്ടാണ് യുവാക്കള്‍ രാജാക്കൂപ്പിലേക്കെത്തിയത്. യൂട്യൂബ് ചാനലിനെതിരെ കേസെടുക്കണോ എന്ന് ആലോചിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അനധികൃതമായി വനമേഖലയില്‍ പ്രവേശിച്ചതിന് ഇവര്‍ക്കെതിരെ കേസ് എടുക്കാതെ വനം വകുപ്പ് ഇമ്പോസിഷന്‍ ശിക്ഷയായി നല്‍കി. നിരവധി വന്യമൃഗങ്ങള്‍ ഉള്ള വനമേഖലയായ രാജാക്കൂപ്പിലേക്ക് കയറരുത് എന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍ അവഗണിച്ചാണ് ഇവിടേക്ക് സഞ്ചാരികള്‍ എത്തുന്നത്.

‘ഇത് കോഹ് ലിയെയും രോഹിത്തിനെയും കാണാനുള്ള അവസാന അവസരം; അവര്‍ ചാംപ്യന്മാര്‍’

‘ഇത് കോഹ് ലിയെയും രോഹിത്തിനെയും കാണാനുള്ള അവസാന അവസരം; അവര്‍ ചാംപ്യന്മാര്‍’

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര ഞായറാഴ്ച പെര്‍ത്തില്‍ ആരംഭിക്കുകയാണ്. മാസങ്ങള്‍ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ് ലിയും കടുത്ത പരിശീലനത്തിലാണ്. ഇരുവരും അടുത്ത ഏകദിന ലോകകപ്പ് വരെ ഉണ്ടാവുമോ എന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ, ഇരുതാരങ്ങളും ഓസ്‌ട്രേലിയയ്‌ക്കെതിരെ കളിക്കുന്നത് കാണാനുള്ള ആകാംക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍. അതിനിടെ രോഹിത്തിനെയും കോഹ് ലിയെയും കാണാനുള്ള ഓസ്ട്രേലിയന്‍ ആരാധകരുടെ അവസാന അവസരമായിരിക്കാം ഇതെന്ന് പറഞ്ഞ് ആരാധകരുടെ ആവേശം കൂട്ടിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്.

‘ഞായറാഴ്ച പെര്‍ത്തില്‍ ആരംഭിക്കുന്ന ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പര ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. കാരണം ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ കോഹ് ലിയും രോഹിത്തും കളിക്കുന്നത് സ്വന്തം നാട്ടില്‍ കാണാന്‍ ഓസ്‌ട്രേലിയന്‍ ആരാധകര്‍ക്കുള്ള അവസാന അവസരമായിരിക്കാം ഇത്’- പാറ്റ് കമ്മിന്‍സ് പറഞ്ഞു. പുറംവേദന കാരണം 32 കാരനായ കമ്മിന്‍സ് പരമ്പരയില്‍ കളിക്കുന്നില്ല.

‘കഴിഞ്ഞ 15 വര്‍ഷമായി കോഹ്ലിയും രോഹിത്തും മിക്കവാറും എല്ലാ ഇന്ത്യന്‍ ടീമുകളുടെയും ഭാഗമാണ്. അതിനാല്‍ ഓസ്ട്രേലിയന്‍ ആരാധകര്‍ക്ക് അവര്‍ ഇവിടെ കളിക്കുന്നത് കാണാനുള്ള അവസാന അവസരമായിരിക്കാം ഇത്,’- കമ്മിന്‍സ് ജിയോഹോട്ട്സ്റ്റാറിനോട് പറഞ്ഞു.

‘അവര്‍ ഇന്ത്യയുടെ ചാംപ്യന്മാരാണ്, എല്ലായ്‌പ്പോഴും അവര്‍ക്ക് മികച്ച പിന്തുണ ലഭിക്കുന്നു. ഞങ്ങള്‍ അവര്‍ക്കെതിരെ കളിക്കുമ്പോഴെല്ലാം ആവേശം കൊണ്ട് കാണികളുടെ ശബ്ദം ഉയരാറുണ്ട്. പെര്‍ത്തിന് പുറമേ അഡലെയ്ഡിലും സിഡ്നിയിലുമായി നടക്കുന്ന പരമ്പര നഷ്ടമായതില്‍ നിരാശയുണ്ട്. ഇന്ത്യയ്ക്കെതിരായ വൈറ്റ്-ബോള്‍ പരമ്പര നഷ്ടമാകുന്നത് വിഷമകരമാണ്. ഓസ്‌ട്രേലിയയില്‍ ഇതിനകം തന്നെ വളരെയധികം ആവേശം നിറഞ്ഞിട്ടുണ്ട്. ഇതുപോലുള്ള ഒരു വലിയ പരമ്പര നഷ്ടപ്പെടുന്നത് എല്ലായ്‌പ്പോഴും ഉള്‍ക്കൊള്ളാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്.’- പാറ്റ് കമ്മിന്‍സ് കൂട്ടിച്ചേര്‍ത്തു.

‘ഏകദിന ലോകകപ്പിനോട് അടുക്കുമ്പോള്‍, ഞങ്ങളുടെ 15 അംഗ ടീം എന്തായിരിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയാം. ഞങ്ങള്‍ മികച്ച സ്ഥാനത്താണെന്ന് ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. കഴിഞ്ഞ ലോകകപ്പില്‍ കളിക്കാത്ത യുവതാരങ്ങളെ കളിപ്പിക്കാന്‍ ശ്രമിക്കുക. അവര്‍ക്ക് എന്തുചെയ്യാന്‍ കഴിയുമെന്ന് കാണുക’- ഓസ്‌ട്രേലിയയുടെ പകരം ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിന് പാറ്റ് കമ്മിന്‍സ് ഉപദേശം നല്‍കി. ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയയുടെ അഞ്ച് മത്സരങ്ങളുള്ള ടി20 അന്താരാഷ്ട്ര പരമ്പര ഒക്ടോബര്‍ 29 മുതലാണ്.

യു കെ വിസ ലഭിക്കാൻ പുതിയ പരീക്ഷണം; ഇംഗ്ലീഷിൽ കടുത്ത പരീക്ഷ പാസാകണം; വിദ്യാർത്ഥികൾക്കും തിരിച്ചടി

യു കെ വിസ ലഭിക്കാൻ പുതിയ പരീക്ഷണം; ഇംഗ്ലീഷിൽ കടുത്ത പരീക്ഷ പാസാകണം; വിദ്യാർത്ഥികൾക്കും തിരിച്ചടി

ലണ്ടൻ: ഇനി മുതൽ യു കെ സ്‌കിൽഡ് വിസ ലഭിക്കണമെങ്കിൽ ‘കട്ടിയേറിയ’ ഒരു ഇംഗ്ലീഷ് ടെസ്റ്റും കൂടി പാസ്സാകണം. ‘സെക്യൂർ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ് ‘ എന്നാണ് പുതിയ പരീക്ഷയുടെ പേര്. യു കെ ഹോം ഓഫീസ് അംഗീകരിച്ച ഏജൻസിയാകും പരീക്ഷ നടത്തുക. അടുത്ത വർഷം ജനുവരി 8 മുതൽ ഈ പരീക്ഷ കൂടി പാസായാൽ മാത്രമേ വിസ അനുവദിക്കുകയുള്ളു എന്ന് അധികൃതർ വ്യക്തമാക്കി.

വർധിച്ച് വരുന്ന കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിനായി ഭാഗമായി നിരവധി മാറ്റങ്ങളാണ് യു കെ സർക്കാർ നടത്തുന്നത്. അതിന്റെ ഭാഗമായി ആണ് പുതിയ പരീക്ഷയുടെ പ്രഖ്യാപനവും.

അപേക്ഷകരുടെ ഇംഗ്ലീഷ് ഭാഷയിലെ വായന,എഴുത്ത്,സംസാരം എന്നിവയുടെ നിലവാരം എ ലെവൽ അല്ലെങ്കിൽ പ്ലസ് ടുവിന് തുല്യമായ ബി 2 തലത്തിൽ ഉള്ളതാകണം എന്നാണ് പുതിയ നിയമം. ഈ പരീക്ഷയുടെ മാർക്കും കൂടി പരിഗണിച്ച് മാത്രമേ വിസ അനുവദിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം സ്വീകരിക്കൂ.

നിങ്ങൾ ഈ രാജ്യത്തേക്ക് വരണമെന്ന് ആഗ്രഹിക്കുണ്ടെങ്കിൽ ഞങ്ങളുടെ ഭാഷ പഠിക്കണം. എന്നാൽ മാത്രമേ നിങ്ങൾ പ്രതീക്ഷിക്കുന്ന തരത്തിൽ ജോലി നേടാൻ സാധിക്കുകയുള്ളു എന്ന് യു കെ ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് പറഞ്ഞു.

രാജ്യത്തെക്ക് കടന്ന് വരാനും രാജ്യ പുരോഗതിക്ക് സംഭാവന നൽകുന്നവരെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യും. എന്നാൽ ഭാഷ പഠിക്കാതെ, നാടിന് ഒരു സംഭാവനയും നൽകാൻ കഴിയാത്ത കുടിയേറ്റക്കാർ ഇവിടെ വരുന്നത് അംഗീകരിക്കാനാവില്ല എന്നും അവർ വ്യക്തമാക്കി.

പുതിയ നീക്കത്തിലൂടെ യുകെയിലേക്ക് വരുന്ന ആളുകളുടെ എണ്ണം പ്രതിവർഷം 100,000 വരെ കുറയ്ക്കുമെന്ന് ആണ് അധികൃതരുടെ കണക്കുകൂട്ടൽ. ആശ്രിത വിസയിൽ രാജ്യത്ത് എത്തുന്നവരുടെ കാര്യത്തിലും സമാനമായ നീക്കം വരും വർഷങ്ങളിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

ഡിഗ്രി തലത്തിലുള്ള കോഴ്സുകൾ പഠിക്കാൻ എത്തിയ വിദ്യാർത്ഥികൾക്ക് തൊഴിൽ കണ്ടെത്താനായി മുൻപ് രണ്ട് വർഷം സമയം അനുവദിച്ചിരുന്നു. അത് വെട്ടിച്ചുരുക്കി 18 മാസമാക്കും. ഈ തീരുമാനം 2027 ജനുവരി മുതൽ നടപ്പിലാകുമെന്നും അധികൃതർ അറിയിച്ചു.