സ്വര്‍ണവില 92,000ലേക്ക്

സ്വര്‍ണവില 92,000ലേക്ക്

കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. സ്വര്‍ണവില 92,000ലേക്ക് അടുക്കുകയാണ്. ഇന്ന് പവന് 240 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 91,960 രൂപയാണ് ഇന്നത്തെ പവന്‍ വില. ഗ്രാമിന് ആനുപാതികമായി 30 രൂപയാണ് വര്‍ധിച്ചത്. 11,495 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

എട്ടിനാണ് സ്വര്‍ണവില 90,000 ആദ്യമായി കടന്നത്. തൊട്ടടുത്ത ദിവസം 91,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് കണ്ടത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകിയെത്തുന്നതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം. അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

‘ഷാഫിയെ ആക്രമിച്ചത് ഇടതുമുന്നണി കൺവീനറുടെ സന്തതസഹചാരി’; ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്

‘ഷാഫിയെ ആക്രമിച്ചത് ഇടതുമുന്നണി കൺവീനറുടെ സന്തതസഹചാരി’; ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്

കോഴിക്കോട്: ഷാഫി പറമ്പിൽ എംപിയെ മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി. കോൺ​ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് പരാതി നൽകിയത്. പേരാമ്പ്ര ഡിവൈഎസ്‌പി സുനിൽ, വടകര ഡിവൈഎസ്‌പി ഹരിപ്രസാദ്, ഷാഫിയെ തല്ലിയ പൊലീസുകാരൻ എന്നിവരുടെ പേരിൽ നടപടി വേണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളതെന്ന് പ്രവീൺകുമാർ അറിയിച്ചു.

എൽഡിഎഫ് കൺവീനറുടെ സന്തതസഹചാരിയായ ആറോളം പൊലീസുകാരുണ്ട്. ഇവരിലൊരാളാണ് എംപിയെ ആക്രമിച്ചതെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ നടപടിയുണ്ടായില്ലെങ്കിൽ കോഴിക്കോട് റൂറൽ എസ്‍പി കെ ഇ ബൈജുവിന്റെ വീടിനു മുന്നിൽ കോൺഗ്രസ് ഉപരോധമിരിക്കുമെന്നും ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ പറഞ്ഞു.

പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷാഫി പറമ്പിൽ എംപി രണ്ടുദിവസത്തിനകം ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആശുപത്രി അധികൃതർ സൂചിപ്പിച്ചു. കോഴിക്കോട് സ്വകാര്യാശുപത്രിയിലാണ് ഷാഫി ചികിത്സയിലുള്ളത്. മൂക്കിന് പരിക്കേറ്റ ഷാഫിയെ ശസ്ത്രക്രിയക്ക്‌ വിധേയനാക്കിയിരുന്നു.

തിരഞ്ഞത് ഇരുന്നൂറിലേറെ സിസിടിവി ദൃശ്യങ്ങൾ; പോക്സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ‌

തിരഞ്ഞത് ഇരുന്നൂറിലേറെ സിസിടിവി ദൃശ്യങ്ങൾ; പോക്സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ‌

കണ്ണൂർ: പോക്സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ‌. കണ്ണൂർ സ്വദേശി ഫൈസൽ ആണ് പിടിയിലായത്. പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം കാണിച്ചെന്ന പരാതിയെത്തുടർന്നാണ് ബാലുശ്ശേരി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.കുറ്റ്യാടി പത്തിരിപ്പറ്റ എന്ന സ്ഥലത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. മോട്ടോർ സൈക്കിളിൽ എത്തിയാണ് ഇയാൾ കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നത്. ഇരുന്നൂറിലേറെ സിസിടിവികളിലെ ദൃശ്യങ്ങൾ പരിശോധിച്ചും സൈബർ സെൽ സഹായത്തോടെയുമാണ് പ്രതിയെ കണ്ടെത്തിയത്. ‌

‘യുദ്ധം അവസാനിച്ചു’, ഗാസ സമാധാന ഉച്ചകോടിക്ക് മുന്‍പ് ട്രംപിന്റെ പ്രഖ്യാപനം

‘യുദ്ധം അവസാനിച്ചു’, ഗാസ സമാധാന ഉച്ചകോടിക്ക് മുന്‍പ് ട്രംപിന്റെ പ്രഖ്യാപനം

വാഷിങ്ടണ്‍: ഗാസയിലെ ഇസ്രയേല്‍ – ഹമാസ് യുദ്ധം അവസാനിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗാസയിലെ യുദ്ധം പൂര്‍ണമായും അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഈജിപ്തിലെ കയ്റോയിലെ ഷരം അല്‍ ശൈഖില്‍ നടക്കുന്ന അന്താരാഷ്ട്ര ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ തിരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. വെടിനിര്‍ത്തല്‍ നിലനില്‍ക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഈജിപ്ഷ്യന്‍ പ്രസിഡന്റ് എല്‍-സിസിയും സംയുക്തമായി അധ്യക്ഷത വഹിക്കുന്ന ഉച്ചകോടിയില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും. അതേസമയം, ഉച്ചകോടിക്ക് മുന്‍പ് തന്നെ ബന്ദിമോചനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം ഹമാസും അറിയിച്ചിട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍പ്രകാരം തിങ്കളാഴ്ച ഉച്ചവരെയാണ് ഹമാസിന് ബന്ദിമോചനത്തിന് സമയം നല്‍കിയത്. 47 ഇസ്രയേല്‍ ബന്ദികളെയാണ് ഹമാസ് കൈമാറേണ്ടത്. ഇതില്‍ 20 പേരെങ്കിലും ജീവനോടെയുണ്ടെന്നാണ് കണക്ക്. പകരം, ഇസ്രായേല്‍ 250 പലസ്തീന്‍ തടവുകാരെയും 1,700 ല്‍ അധികം തടവുകാരെയും വിട്ടയക്കും.

യുവതി കിണറ്റില്‍ ചാടി, രക്ഷാപ്രവര്‍ത്തനത്തിനിടെ അപകടം, കൊല്ലത്ത് മൂന്ന് മരണം; ഒരാള്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍

യുവതി കിണറ്റില്‍ ചാടി, രക്ഷാപ്രവര്‍ത്തനത്തിനിടെ അപകടം, കൊല്ലത്ത് മൂന്ന് മരണം; ഒരാള്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍

കൊല്ലം: കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ കൊല്ലം നെടുവത്തൂരില്‍ മൂന്ന് പേര്‍ മരിച്ചു. കിണറിന്റെ കൈവരി ഇടിഞ്ഞാണ് അപകടം. മരിച്ചവരില്‍ ഒരാള്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനാണ്.

നെടുവത്തൂര്‍ സ്വദേശി അര്‍ച്ചനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. അര്‍ച്ചനയ്ക്ക് പുറമെ കൊട്ടാരക്കരയിലെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ആറ്റിങ്ങല്‍ സ്വദേശി സോണി, അര്‍ച്ചനയുടെ സുഹൃത്ത് ശിവകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. മൂന്ന് കൂട്ടികളുടെ അമ്മയാണ് മരിച്ച അര്‍ച്ചന. രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. യുവതി കിണറ്റില്‍ ചാടിയെന്ന സന്ദേശം അനുസരിച്ചായിരുന്നു ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തിയത്. 80 അടിയോളം താഴ്ചയുള്ള കിണറില്‍ ഈ സമയത്ത് യുവതി കിടക്കുകയായിരുന്നു.

ഇതിനിടെ, അര്‍ച്ചനയെ രക്ഷിക്കാന്‍ സോണി കിണറിലേക്കിറങ്ങുകയായിരുന്നു. ഇതിനിടെയാണ് കിണറിന്റെ കൈവരി തകര്‍ന്ന് താഴേക്ക് പതിച്ചത്. സോണിയുടെയും അര്‍ച്ചനയുടെയും ശരീരത്തിലേക്ക് കല്ലുള്‍പ്പെടെ പതിക്കുകയായിരുന്നു. കിണറിന്റെ കൈവരിക്ക് സമീപം നില്‍ക്കുകയായിരുന്ന ശിവകൃഷ്ണനും കിണറിലേക്ക് വീഴുകയായിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ്‌ : സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഇന്നു മുതൽ

തദ്ദേശ തെരഞ്ഞെടുപ്പ്‌ : സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഇന്നു മുതൽ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഇന്ന് ആരംഭിക്കും. ​ഗ്രാമപഞ്ചായത്തുകളിലെ സംവരണ നറുക്കെടുപ്പാണ് ഇന്നാരംഭിക്കുന്നത്. 941 പഞ്ചായത്തുകളിലേക്ക്‌ 13 മുതൽ 16 വരെയാണ് നറുക്കെടുപ്പ്. സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവർഗ സ്ത്രീ, പട്ടികജാതി, പട്ടികവർഗം എന്നീ സംവരണങ്ങളാണ്‌ നറുക്കെടുപ്പിലൂടെ നിശ്ചയിക്കുക.

152 ബ്‌ളോക്ക് പഞ്ചായത്തുകളിലെ നിയോജകമണ്ഡലങ്ങളുടെ സംവരണം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 18 ന് രാവിലെ 10നാണ്. അതത് ജില്ലകളിലെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് നറുക്കെടുപ്പ് നടക്കുക. 14 ജില്ലാപഞ്ചായത്തുകളിലേയ്ക്കുള്ള സംവരണം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 21 ന് രാവിലെ 10ന് നടക്കും.

ഒക്ടോബര്‍ 17ന് തിരുവനന്തപുരം സ്വരാജ് ഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10ന് തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെയും, ഉച്ചയ്ക്ക് 2ന് കൊല്ലം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെയും വാര്‍ഡ് സംവരണത്തിനുള്ള നറുക്കെടുപ്പ് നടത്തും. ഒക്ടോബര്‍ 18ന് കൊച്ചി കോര്‍പ്പറേഷന്‍ ടൗണ്‍ഹാളില്‍ രാവിലെ 10ന് കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെയും, 11.30ന് തൃശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെയും നറുക്കെടുപ്പ് നടത്തും.

ഒക്ടോബര്‍ 21 ന് കോഴിക്കോട് മാനാഞ്ചിറ ടൗണ്‍ഹാളില്‍ രാവിലെ 10ന് കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെയും, 11.30ന് കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെയും നറുക്കെടുപ്പ് നടത്തും. മട്ടന്നൂര്‍ ഒഴികെയുള്ള 86 മുനിസിപ്പല്‍ കൗണ്‍സിലുകളിലേയ്ക്കുള്ള വാര്‍ഡ് സംവരണത്തിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 16ന് അതാത് ജില്ലകളിലെ വിജ്ഞാപനം ചെയ്തിട്ടുള്ള സ്ഥലങ്ങളില്‍ രാവിലെ 10ന് നടക്കും.