തദ്ദേശ തെരഞ്ഞെടുപ്പ്‌ : സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഇന്നു മുതൽ

തദ്ദേശ തെരഞ്ഞെടുപ്പ്‌ : സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഇന്നു മുതൽ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഇന്ന് ആരംഭിക്കും. ​ഗ്രാമപഞ്ചായത്തുകളിലെ സംവരണ നറുക്കെടുപ്പാണ് ഇന്നാരംഭിക്കുന്നത്. 941 പഞ്ചായത്തുകളിലേക്ക്‌ 13 മുതൽ 16 വരെയാണ് നറുക്കെടുപ്പ്. സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവർഗ സ്ത്രീ, പട്ടികജാതി, പട്ടികവർഗം എന്നീ സംവരണങ്ങളാണ്‌ നറുക്കെടുപ്പിലൂടെ നിശ്ചയിക്കുക.

152 ബ്‌ളോക്ക് പഞ്ചായത്തുകളിലെ നിയോജകമണ്ഡലങ്ങളുടെ സംവരണം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 18 ന് രാവിലെ 10നാണ്. അതത് ജില്ലകളിലെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് നറുക്കെടുപ്പ് നടക്കുക. 14 ജില്ലാപഞ്ചായത്തുകളിലേയ്ക്കുള്ള സംവരണം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 21 ന് രാവിലെ 10ന് നടക്കും.

ഒക്ടോബര്‍ 17ന് തിരുവനന്തപുരം സ്വരാജ് ഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10ന് തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെയും, ഉച്ചയ്ക്ക് 2ന് കൊല്ലം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെയും വാര്‍ഡ് സംവരണത്തിനുള്ള നറുക്കെടുപ്പ് നടത്തും. ഒക്ടോബര്‍ 18ന് കൊച്ചി കോര്‍പ്പറേഷന്‍ ടൗണ്‍ഹാളില്‍ രാവിലെ 10ന് കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെയും, 11.30ന് തൃശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെയും നറുക്കെടുപ്പ് നടത്തും.

ഒക്ടോബര്‍ 21 ന് കോഴിക്കോട് മാനാഞ്ചിറ ടൗണ്‍ഹാളില്‍ രാവിലെ 10ന് കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെയും, 11.30ന് കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെയും നറുക്കെടുപ്പ് നടത്തും. മട്ടന്നൂര്‍ ഒഴികെയുള്ള 86 മുനിസിപ്പല്‍ കൗണ്‍സിലുകളിലേയ്ക്കുള്ള വാര്‍ഡ് സംവരണത്തിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 16ന് അതാത് ജില്ലകളിലെ വിജ്ഞാപനം ചെയ്തിട്ടുള്ള സ്ഥലങ്ങളില്‍ രാവിലെ 10ന് നടക്കും.

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നു നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്. നാളെയും മറ്റന്നാളും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും 16-ാം തീയതി പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

കള്ളക്കടൽ ജാഗ്രതാ നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ (14/10/2025) വൈകുന്നേരം 05.30 മുതൽ 16/10/2025 രാത്രി 11.30 വരെ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം (ആലപ്പാട്ട്‌ മുതൽ ഇടവ വരെ) തീരങ്ങളിൽ 0.8 മുതൽ 1.1 മീറ്റർ വരെയും; കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിൽ 1.0 മുതൽ 1.1 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കേണ്ടതാണ്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

ഇന്ത്യക്കാരുടെ കൈയ്യില്‍ 34,600 ടണ്‍ സ്വര്‍ണം! ഓഹരി നിക്ഷേപത്തിന്റെ മൂന്നിരട്ടിയിലധികം മൂല്യം

ഇന്ത്യക്കാരുടെ കൈയ്യില്‍ 34,600 ടണ്‍ സ്വര്‍ണം! ഓഹരി നിക്ഷേപത്തിന്റെ മൂന്നിരട്ടിയിലധികം മൂല്യം

ഇന്ത്യക്കാരുടെ കൈവശമുള്ള സ്വര്‍ണത്തിന്റെ അളവ് പുറത്തുവിട്ട് മോര്‍ഗന്‍ സ്റ്റാന്‍ലി. 2025 ജൂണ്‍ മാസത്തെ കണക്കനുസരിച്ച് ഇന്ത്യക്കാര്‍ 34,600 ടണ്‍ സ്വര്‍ണം കൈവശം വെക്കുന്നു. ഇതിന്റെ നിലവിലെ മൂല്യം ഏകദേശം 300 ലക്ഷം കോടി രൂപയോളം വരും. ഈ സ്വര്‍ണ ശേഖരം രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ ഏതാണ്ട് 88.8 ശതമാനത്തോളം വരുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യന്‍ കുടുംബങ്ങളുടെ കൈവശമുള്ള ഓഹരി നിക്ഷേപത്തിന്റെ 3.1 മടങ്ങ് അധികമാണ് സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ മൂല്യം. 2025 ജൂണ്‍ വരെയുള്ള ഒരു വര്‍ഷത്തെ ആഗോള സ്വര്‍ണ ഡിമാന്‍ഡിന്റെ 26 ശതമാനവും ഇന്ത്യയില്‍ നിന്നാണ് . 5 വര്‍ഷത്തെ ശരാശരി 23% ആയിരുന്നു. 28 ശതമാനം ഡിമാന്‍ഡുമായി ചൈന മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. സാംസ്‌കാരികപരമായ അടുപ്പം, നിക്ഷേപപരമായ ആവശ്യം, സാമ്പത്തിക ഘടകങ്ങള്‍ എന്നിവ കാരണം ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ വിപണികളിലൊന്നാണ് ഇന്ത്യ.

ആഭരണങ്ങള്‍ക്ക് പ്രാധാന്യം കുറയുന്നു; നിക്ഷേപം കൂടുന്നു
സ്വര്‍ണത്തിനുള്ള ഡിമാന്‍ഡില്‍ മൂന്നില്‍ രണ്ട് ഭാഗവും ആഭരണങ്ങള്‍ക്കാണെങ്കിലും, സ്വര്‍ണ ബിസ്‌ക്കറ്റുകളുടെയും നാണയങ്ങളുടെയും ഡിമാന്‍ഡ് വര്‍ധിച്ചുവരുന്നു. 2020 ജൂണില്‍ 23.9 ശതമാനമായിരുന്ന ഈ ഡിമാന്റ് 2025 ജൂണില്‍ 32 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്വര്‍ണത്തിന്റെ ഉപഭോഗം 750 ടണ്ണിനും 840 ടണ്ണിനും ഇടയിലായി ഒതുങ്ങിനില്‍ക്കുകയാണ്. 2011-ലെ ഏറ്റവും ഉയര്‍ന്ന ഉപഭോഗമായ 1,145 ടണ്ണിനെ അപേക്ഷിച്ച് ഇത് കുറവാണ്. എങ്കിലും, ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില കുത്തനെ ഉയര്‍ന്നതോടെ ഉപഭോഗത്തിന്റെ മൂല്യം റെക്കോര്‍ഡ് നിലയിലെത്തി.

വഴിമാറുന്ന നിക്ഷേപം
കുടുംബങ്ങളുടെ സമ്പാദ്യം ഓഹരി പോലുള്ളവയിലേക്ക് മാറുന്ന പ്രവണത വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. കുടുംബങ്ങളുടെ സമ്പാദ്യത്തില്‍ ബാങ്ക് നിക്ഷേപങ്ങളുടെ പങ്ക് കുറഞ്ഞു. 2024 സാമ്പത്തിക വര്‍ഷത്തില്‍ 40 ശതമാനമായിരുന്നത് 2025-ല്‍ 35 ശതമാനമായി. കോവിഡിന് മുമ്പ് ഇത് 46 ശതമാനമായിരുന്നു. അതേസമയം, ഓഹരി നിക്ഷേപം 2024-ലെ 8.7 ശതമാനത്തില്‍ നിന്ന് 2025-ല്‍ 15.1 ശതമാനമായി ഉയര്‍ന്ന് സര്‍വ്വകാല റെക്കോര്‍ഡ് രേഖപ്പെടുത്തി. കോവിഡിന് മുമ്പ് ഇത് 4 ശതമാനം മാത്രമായിരുന്നു.

മൂന്നര വയസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്തു

മൂന്നര വയസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്തു

കൊച്ചി: എറണാകുളം വടക്കന്‍ പറവൂര്‍ നീണ്ടുരില്‍ മൂന്നര വയസുകാരിയുടെ ചെവി തെരുവ് നായ കടിച്ചെടുത്തു. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. വീടിനോട് ചേര്‍ന്ന് കളിക്കുന്നതിനിടെയായിരുന്നു മൂന്നര വയസുകാരി നിഹാരയുടെ ചെവി തെരുവ് നായ കടിച്ചെടുത്തത്. കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു. പേ വിഷബാധയുണ്ടോയെന്ന് സംശയമുണ്ട്. കഴിഞ്ഞ ദിവസം ഗുരുവായൂരിലും സമാനമായ രീതിയില്‍ തെരുവ് നായ ആക്രമണമുണ്ടായിരുന്നു. ഗുരുവായൂര്‍ സ്വദേശി വഹീദയെ ആണ് നായ ആക്രമിച്ചത്. പുല്ല് പറിക്കുന്നതിനിടെയാണ് വീട്ടമ്മയുടെ ചെവി തെരുവുനായ കടിച്ചെടുത്തത്.

ആലംകോട് വാഹനാപകടം; ഒരാൾക്ക് പരിക്ക്

ആലംകോട് വാഹനാപകടം; ഒരാൾക്ക് പരിക്ക്

ആറ്റിങ്ങൽ: ആലംകോട് ജംഗ്ഷന് സമീപം ബൈക്കും കാറും കൂട്ടിമുട്ടി ബൈക്ക് യാത്രികന് ഗുരുതര പരുക്ക്. പരുക്കേറ്റയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയതായാണ് പ്രാഥമിക വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

പിടിച്ചെടുത്ത വാഹനം തിരികെ കിട്ടണം, ദുൽഖർ സൽമാൻ കസ്റ്റംസിൽ അപേക്ഷ നൽകി

പിടിച്ചെടുത്ത വാഹനം തിരികെ കിട്ടണം, ദുൽഖർ സൽമാൻ കസ്റ്റംസിൽ അപേക്ഷ നൽകി

കൊച്ചി: ഓപ്പറേഷൻ നുംഖോറിൽ പിടിച്ചെടുത്ത വാഹനം തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ കസ്റ്റംസിന് അപേക്ഷ നൽകി. വാഹനം താത്കാലികമായി വിട്ട് കിട്ടണമെന്നാണ് ആവശ്യം. പ്രൊവിഷണൽ റിലീസിന് വേണ്ട അപേക്ഷയാണ് നൽകിയത്. അഭിഭാഷകൻ വഴി നേരിട്ടാണ് അപേക്ഷ നൽകിയത്. രേഖകൾ പരിശോധിച്ച് കസ്റ്റംസ് അഡീഷണൽ കമ്മീഷണർ ഇക്കാര്യത്തിൽ തീരുമാനമെടുക്കും.

ദുൽഖറിന്റെ അപേക്ഷയിൽ പത്ത് ദിവസത്തിനകം കസ്റ്റംസ് തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് നേരത്തെ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിശദമായ വാദം കേട്ട കോടതി കസ്റ്റംസ് അഡീഷണർ കമ്മീഷണർ ദുൽഖറിന്‍റെ ആവശ്യം പരിഗണിക്കണമെന്ന് ഇടക്കാല ഉത്തരവിടുകയായിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് ലാന്‍ഡ് റോവര്‍ വിട്ടുകിട്ടാന് ദുല്‍ഖര്‍ അപേക്ഷ നല്‍കിയത്.
ഭൂട്ടാനില്‍ നിന്ന് കടത്തി ഇന്ത്യയിലെത്തിച്ച കൂടുതല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് കസ്റ്റംസ്. അന്വേഷണം തുടങ്ങി ഒരു മാസമാകാനിരിക്കെ ആദ്യ ഘട്ടത്തില്‍ കണ്ടെത്തിയ 39 വാഹനങ്ങള്‍ക്കപ്പുറം കൂടുതലായൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കേസില്‍ ഷൈൻ മോട്ടോഴ്സ് ഉടമകള്‍ കോയമ്പത്തൂരിലെ ഇടനില സംഘമാണെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. ഫോറൻസിക് പരിശോധനയ്ക്കായി നല്‍കിയ രേഖകളുടെയും ഇലക്ട്രോണിക് തെളിവുകളുടെയും വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ഇ.ഡി.