അഞ്ചുതെങ്ങിൽ രണ്ടു വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു

അഞ്ചുതെങ്ങിൽ രണ്ടു വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു

ചിറയിൻകീഴ്: അഞ്ചുതെങ്ങിൽ വീട്ടുപടിക്കൽ ഇരുന്ന രണ്ടു വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു. അഞ്ചുതെങ്ങ് പുത്തൻമണ്ണ് ലക്ഷംവീട്ടിൽ സുജിത ജോൺബോസ്കോ ദമ്പതികളുടെ മകൾ ഐറ ജോൺ (2) നാണ് പരുക്ക് പറ്റിയത്. ചൊവ്വാഴ്ച വൈകുന്നേരം 7നാണ് സംഭവം. വീടിൻ്റെ വാതിൽക്കൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഓടിവന്ന തെരുവ് നായ കടിച്ച് പരുക്ക് ഏൽപ്പിച്ചു. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ കുട്ടിയെ കടിച്ച് വലിച്ച് കൊണ്ട് പോകുവാൻ ശ്രമിക്കുന്നത് ആയിരുന്നു.

നാട്ടുകാരും വീട്ടുകാരും ബഹളം വെച്ച് നായയെ പിൻതിരിപ്പിക്കുവാൻ ശ്രമിച്ചെങ്കിലും നായ തുടരെ തുടരെ കുട്ടിയെ കടിച്ചു. വടിയുമായി എത്തിയ അയൽവാസി നായയെ തല്ലി ഓടിച്ച് ആണ് കുട്ടിയെ രക്ഷിച്ചത്. ഉടൻ തന്നെ കുട്ടിയെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ ശരീരത്തിൽ ആറോളം മുറുവ്കൾ സംഭവിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ട് ആഴ്ചകൾക്കിടെ അഞ്ചുതെങ്ങ് മേഖലയിലെ വിവിധ പ്രാദേശങ്ങളിൽ കുട്ടികൾക്കും മുതിർന്നവർക്ക്മുൾപ്പെടെ മുപ്പത്തോളം പേർക്കാണ് തെരുവ് നായ അക്രമത്തിൽ പരുക്ക് പറ്റിയിട്ടുള്ളത്.

പകലും രാത്രിയും തെരുവിലിറങ്ങി നടക്കാൻ പറ്റാത്ത സ്ഥിതിയിലായിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരത്തെ സംഭവത്തോടെ വീടുകൾക്കുള്ളിൽ ഇരിക്കുന്നവരെയും തെരുവിനായ്ക്കൾ ആക്രമിക്കുന്ന അവസ്ഥ എത്തിയിട്ടുണ്ട്. തെരുവ് നായ്ക്കൾ എടുത്ത് ചാടുന്നത് കൊണ്ട് ഇരുചക്രവാഹനം അടക്കമുള്ള വാഹനങ്ങൾ പലപ്പോഴും അപകടത്തിൽപ്പെട്ട് യാത്രക്കാർക്ക് ഗുരുതരമായ പരിക്കേൽക്കുന്ന അവസ്ഥയുണ്ടാകുന്നു. എത്രയും പെട്ടെന്ന് തെരുവ് നായ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുവാൻ പഞ്ചായത്ത് അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

എസ് എസ് എൽ സി, ഹയർ സെക്കൻ്ററി പരീക്ഷകൾ ഇന്നു മുതൽ

എസ് എസ് എൽ സി, ഹയർ സെക്കൻ്ററി പരീക്ഷകൾ ഇന്നു മുതൽ

എസ്എസ്എൽസി, ഹയർ സെക്കൻഡ റി പരീക്ഷകൾക്ക് ഇന്നു തുടക്കം. യുദ്ധം കണക്കിലെടുത്ത് ഗൾഫിലെ ഇന്നത്തെ എസ്എസ്എൽസി പരീക്ഷയും ഇന്നും നാളെയും മറ്റന്നാളും നടത്താനിരുന്ന ഹയർ സെക്കൻഡറി പരീക്ഷകളും മാറ്റിവച്ചു. കേരളത്തിൽ 4,17,497 വിദ്യാർഥികളും ഗൾഫിൽ 633 വിദ്യാർഥികളും ലക്ഷദ്വീപിൽ 386 വിദ്യാർഥികളുമാണ് എസ്എസ്എൽസി പരീക്ഷയ്ക്കു റജിസ്റ്റർ ചെയ്തിരിക്കുന്നത് (ആകെ 4,18,516 പേർ). മേയ് മൂന്നാം വാരമാണു ഫലപ്രഖ്യാപനം.

ഹയർ സെക്കൻഡറിയിൽ പ്ലസ് വൺ പരീക്ഷകൾ ഇന്നും പ്ലസ് ടു പരീക്ഷകൾ നാളെയും തുടങ്ങും. ഇന്ന് ആരംഭിക്കുന്ന പ്ലസ് വൺ പരീക്ഷ 4,11,025 വിദ്യാർഥികളും നാളെ ആരംഭിക്കുന്ന പ്ലസ് ടു പരീക്ഷ 4,52,437 പേരും എഴുതും. മേയ് 22ന് ഫലപ്രഖ്യാ പനം. വിഎച്ച്എസ്ഇയിൽ 26,829 വിദ്യാർഥികൾ ഒന്നാം വർഷ പരീക്ഷയും 26,826 വിദ്യാർഥികൾ രണ്ടാംവർഷ പരീക്ഷയും എഴുതും.

ക്ഷേത്രോത്സവത്തിനിടെ യുവാവിനെ കൊലപ്പെടുത്തിയ കേസ്: രണ്ട് പ്രതികൾ പിടിയിൽ; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

ക്ഷേത്രോത്സവത്തിനിടെ യുവാവിനെ കൊലപ്പെടുത്തിയ കേസ്: രണ്ട് പ്രതികൾ പിടിയിൽ; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

കൊല്ലം: ശക്തികുളങ്ങര മരുത്തടി ദേവീക്ഷേത്രത്തിലെ തങ്കയങ്കി ഘോഷയാത്രയ്ക്കിടെയുണ്ടായ സംഘർഷത്തിൽ പത്തൊൻപതുകാരനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾ പോലീസ് പിടിയിലായി. മരുത്തടി കന്നിമേൽചേരി സ്വദേശി സുനിൽകുമാർ (58), മരുത്തടി സന്തോഷ് നിവാസിൽ രതീഷ് (51) എന്നിവരെയാണ് ശക്തികുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.

ഉത്സവലഹരിക്കിടയിൽ ക്രൂരത

കഴിഞ്ഞ തിങ്കളാഴ്ച (02.03.2026) വെളുപ്പിനായിരുന്നു നാടിനെ നടുക്കിയ സംഭവം. പുത്തൂർ ഐവർകാല ഈസ്റ്റ് ‘സോപാനം’ വീട്ടിൽ ജയസേനന്റെ മകൻ ഹരികൃഷ്ണൻ (19) ആണ് അക്രമിസംഘത്തിന്റെ മർദ്ദനമേറ്റ് കൊല്ലപ്പെട്ടത്.
ഉത്സവത്തോടനുബന്ധിച്ചുള്ള തങ്കയങ്കി ഘോഷയാത്രയ്ക്കിടെ ഉണ്ടായ നിസ്സാര തർക്കമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്. പ്രതികൾ ഉൾപ്പെട്ട സംഘം ഹരികൃഷ്ണനെയും സഹോദരൻ ജയകൃഷ്ണനെയും ബന്ധുവായ രാജേഷിനെയും വളഞ്ഞിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹരികൃഷ്ണനെ ഉടൻ കൊല്ലം ജില്ലാ ആശുപത്രിയിലും പിന്നീട് മേവറത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും നില വഷളായി. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം ഒളിവിൽ പോയ മറ്റ് പ്രതികളെ കണ്ടെത്താൻ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. സിറ്റി പോലീസ് കമ്മീഷണർ ഹേമലത എം. ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം കൊല്ലം എ.സി.പി രാജേഷിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

ശക്തികുളങ്ങര പോലീസ് ഇൻസ്‌പെക്ടർ പ്രസാദ് എം.ആറിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഒളിവിൽ പോയ പ്രതികൾ ജില്ല വിട്ടു പോകാതിരിക്കാൻ അതിർത്തികളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. “ഉത്സവാഘോഷങ്ങൾക്കിടയിലെ ഇത്തരം അക്രമങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നും കുറ്റവാളികൾ എത്ര ഉന്നതരായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും” പോലീസ് വൃത്തങ്ങൾ അറിയിച്ചു.

സഞ്ജു വീണ്ടും തിളങ്ങുമോ?, പ്രതീക്ഷയോടെ ആരാധകര്‍; ഇന്ത്യ- ഇംഗ്ലണ്ട് സെമി ഇന്ന്

സഞ്ജു വീണ്ടും തിളങ്ങുമോ?, പ്രതീക്ഷയോടെ ആരാധകര്‍; ഇന്ത്യ- ഇംഗ്ലണ്ട് സെമി ഇന്ന്

മുംബൈ: ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിന്റെ എതിരാളി ആരെന്ന് ഇന്നറിയാം. വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ വരുമ്പോള്‍ മികച്ച മത്സരം തന്നെയാണ് കാണികള്‍ പ്രതീക്ഷിക്കുന്നത്.

ഒന്നാം റാങ്കുകാരും നിലവിലെ ജേതാക്കളുമായ ഇന്ത്യ കിരീടം നിലനിര്‍ത്താനുള്ള യാത്രയിലാണെങ്കില്‍ 2022ലെ ജേതാക്കളായ ഇംഗ്ലണ്ട് കപ്പ് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ്. മത്സരം വൈകീട്ട് ഏഴുമണി മുതലാണ്. ഇരുടീമുകളും സൂപ്പര്‍ എട്ടിലെ അവസാന മത്സരം കളിച്ച ഇലവനെ നിലനിര്‍ത്തിയേക്കും.

കഴിഞ്ഞ രണ്ടു ലോകകപ്പ് സെമിയിലും ഇരു ടീമുകളും ഏറ്റുമുട്ടിയിരുന്നു. 2022ല്‍ ഇന്ത്യയെ തോല്‍പ്പിച്ച ഇംഗ്ലണ്ട് ഫൈനലും ജയിച്ച് കിരീടം ഉയര്‍ത്തി. 2024ല്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് മുന്നേറിയ ഇന്ത്യയും കിരീടം ചൂടി. ഇക്കുറി ഇരുടീമുകളുടെയും സെമി പ്രവേശനത്തിലും സമാനതയുണ്ട്. പ്രാഥമിക റൗണ്ടില്‍ വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റ ഇംഗ്ലണ്ട് സൂപ്പര്‍ എട്ടില്‍ എല്ലാ മത്സരങ്ങളും ജയിച്ചപ്പോള്‍ പ്രാഥമിക റൗണ്ടില്‍ നാലും ജയിച്ച ഇന്ത്യ സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റു.

ഫോം ഔട്ടായതിനാല്‍ ആദ്യ മത്സരങ്ങളില്‍ ഇലവനില്‍ ഇടംകിട്ടാതിരുന്ന മലയാളി താരം സഞ്ജു സാംസണ്‍, സെമി ഫൈനലാകുമ്പോള്‍ ടീമിന്റെ ഏറ്റവും വലിയ പ്രതീക്ഷയായിരിക്കുകയാണ്. സൂപ്പര്‍ എട്ടിലെ നിര്‍ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 50 പന്തില്‍ 97 റണ്‍സുമായി പുറത്താകാതെ നിന്ന സഞ്ജുവില്‍ നിന്ന് ടീം ഏറെ പ്രതീക്ഷിക്കുന്നുണ്ട്. ബൗളിങ്ങില്‍ ജസ്പ്രീത് ബുമ്ര സ്ഥിരതയോടെ ടീമിന്റെ വിശ്വാസം കാക്കുമ്പോള്‍ മിസ്റ്ററി സ്പിന്നിലൂടെ വരുണ്‍ ചക്രവര്‍ത്തി ബ്രേക്ക് ത്രൂ നല്‍കുന്നു.

ഒറ്റയടിക്ക് 720 രൂപ കുറഞ്ഞു, സ്വര്‍ണവില വീണ്ടും 1,20,000ല്‍ താഴെ; നാലുദിവസത്തിനിടെ ഇടിഞ്ഞത് 7000

ഒറ്റയടിക്ക് 720 രൂപ കുറഞ്ഞു, സ്വര്‍ണവില വീണ്ടും 1,20,000ല്‍ താഴെ; നാലുദിവസത്തിനിടെ ഇടിഞ്ഞത് 7000

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് 720 രൂപ കുറഞ്ഞതോടെ സ്വര്‍ണവില വീണ്ടും 1,20,000ല്‍ താഴെയെത്തി. 1,19,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 90 രൂപയാണ് കുറഞ്ഞത്. 14,990 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. നാലുദിവസത്തിനിടെ 7000 രൂപയാണ് കുറഞ്ഞത്. ഇന്നലെ മാത്രം പവന് 2280 രൂപയാണ് കുറഞ്ഞത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് ഇടിവ് രേഖപ്പെടുത്തിയത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.