രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു

രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു

ലഖ്‌നൗ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം ഉത്തർപ്രദേശിലെ പൂർവാഞ്ചൽ എക്സ്പ്രസ് വേയിൽ അപകടത്തിൽപ്പെട്ടു. അപകീർത്തി കേസിൽ കോടതിയിൽ ഹാജരാകാനായി ലഖ്‌നൗവിൽനിന്ന് സുൽത്താൻപൂരിലേക്ക് പോകുന്നതിനിടെ തിങ്കളാഴ്ച രാവിലെയാണ് സംഭവം. രാഹുൽ ഗാന്ധി സുരക്ഷിതനാണെന്നും അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കുകളില്ലെന്നും പൊലീസ് അറിയിച്ചു

തിങ്കളാഴ്ച രാവിലെ 10.15 ഓടെയായിരുന്നു അപകടം. പ്രാദേശിക കോൺഗ്രസ് നേതാക്കൾ സഞ്ചരിച്ചിരുന്ന, വ്യൂഹത്തിന്റെ മുൻനിരയിലുണ്ടായിരുന്ന സ്വകാര്യ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടത്തിന് വഴിവെച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതോടെ തൊട്ടുപിന്നാലെയെത്തിയ അകമ്പടി വാഹനങ്ങൾ ഒന്നിനുപുറകെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു. രാഹുൽ സഞ്ചരിച്ചിരുന്ന വാഹനത്തിന് യാതൊരു കേടുപാടുകളും സംഭവിച്ചില്ല.

അപകടം ഗുരുതരമല്ലെന്ന് ഉറപ്പുവരുത്തിയതിനെത്തുടർന്ന് വാഹനവ്യൂഹം ഏതാനും മിനിറ്റുകൾക്കകം സുൽത്താൻപൂരിലേക്കുള്ള യാത്ര പുനരാരംഭിച്ചു. കനത്ത പൊലീസ് സുരക്ഷാ സന്നാഹങ്ങളോടെ നീങ്ങിയ വാഹനവ്യൂഹം 11.15 ഓടെ സുൽത്താൻപൂർ കോടതിയിലെത്തുമെന്നാണ് കണക്കുകൂട്ടുന്നത്. കോടതി പരിസരത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

2018-ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബെംഗളൂരുവിൽ നടന്ന പൊതുറാലിയിൽ അന്നത്തെ ബിജെപി ദേശീയ അധ്യക്ഷനായിരുന്ന അമിത് ഷായ്‌ക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ വിവാദ പരാമർശമാണ് കേസിന് ആധാരം. പ്രാദേശിക ബിജെപി നേതാവ് നൽകിയ അപകീർത്തി ഹർജിയിലാണ് സുൽത്താൻപൂർ കോടതി കേസ് പരിഗണിക്കുന്നത്. ഈ കേസിന്റെ തുടർനടപടികളിൽ നേരിട്ട് പങ്കുചേരാനാണ് രാഹുൽ ഗാന്ധി സുൽത്താൻപൂരിലെത്തുന്നത്.

മൂന്നാം ടി20യിലും ഇഷാന്‍ കിഷനില്ല; വൈഭവിന് വീണ്ടും അവസരം?

മൂന്നാം ടി20യിലും ഇഷാന്‍ കിഷനില്ല; വൈഭവിന് വീണ്ടും അവസരം?

വെല്ലിങ്ടന്‍: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20 മത്സരത്തില്‍ നിന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ പുറത്ത്. പരിക്കിനെ തുടര്‍ന്ന് വെല്ലിങ്ടനില്‍ നടക്കുന്ന മത്സരത്തില്‍ അദ്ദേഹത്തിന് കളിക്കാനാകില്ലെന്ന് ബിസിസിഐ സ്ഥിരീകരിച്ചു. പരമ്പരയിലെ ആദ്യ മത്സരത്തിനിടെയാണ് ഇഷാന് തുടയുടെ അടിഭാഗത്ത് പരിക്കേറ്റത്. പരിക്ക് പൂര്‍ണമായി ഭേദമാകാത്തതിനാല്‍ ഒക്ടോബര്‍ ചൊവ്വാഴ്ച നടക്കുന്ന മൂന്നാം ടി20യില്‍ താരം കളിക്കില്ല. നിലവില്‍ ബിസിസിഐ മെഡിക്കല്‍ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്.

ഇഷാന് പകരക്കാരനായി കുമാര്‍ കുശാഗ്രയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, കഴിഞ്ഞ മത്സരത്തില്‍ താരത്തിന് പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. ഇഷാന്റെ അഭാവത്തില്‍ രണ്ടാം ടി20 മത്സരത്തില്‍ മൂന്നാം നമ്പറിലാണ് യുവതാരം വൈഭവ് സൂര്യവംശി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത്. 8 പന്തില്‍ 4 റണ്‍സ് മാത്രം എടുത്ത് വൈഭവ് പുറത്തായിരുന്നു. ഓപ്പണറായി മാത്രം കളിച്ചു ശീലമുള്ള വൈഭവിന് വണ്‍ ഡൗണ്‍ പൊസിഷനില്‍ തിളങ്ങാന്‍ കഴിഞ്ഞില്ല.

ആര്‍ അശ്വിന്‍, ദിനേഷ് കാര്‍ത്തിക് തുടങ്ങിയ മുന്‍ താരങ്ങള്‍ വൈഭവിനെ അദ്ദേഹത്തിന്റെ സ്ഥിരം പൊസിഷനായ ഓപ്പണിങ്ങില്‍ തന്നെ കളിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മലയാളി താരം സഞ്ജു സാംസണെ മൂന്നാം നമ്പരിലേക്ക് മാറ്റണമെന്നും മുന്‍ താരങ്ങള്‍ ആവശ്യപ്പെടുന്നു. മൂന്നാം ടി20യിലും ഇഷാന്‍ പുറത്തായ സാഹചര്യത്തില്‍, വൈഭവ് സൂര്യവംശിക്ക് തന്റെ പ്രതിഭ തെളിയിക്കാന്‍ മറ്റൊരു അവസരം കൂടി ലഭിക്കുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

തിരിച്ചുവന്ന് ഓഹരി വിപണി, സെന്‍സെക്‌സ് 200 പോയിന്റ് മുന്നേറി; എണ്ണവില ഇടിഞ്ഞു

തിരിച്ചുവന്ന് ഓഹരി വിപണി, സെന്‍സെക്‌സ് 200 പോയിന്റ് മുന്നേറി; എണ്ണവില ഇടിഞ്ഞു

മുംബൈ: കഴിഞ്ഞയാഴ്ച കനത്ത നഷ്ടം നേരിട്ട ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം. ഈ വാരത്തിന്റെ തുടക്കമായ ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ വലിയതോതിലുള്ള തിരിച്ചുവരവാണ് ഓഹരി വിപണി നടത്തിയത്. നിലവില്‍ സെന്‍സെക്‌സ് 200 പോയിന്റിന് മുകളിലാണ്.

കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍ വാങ്ങിക്കൂട്ടാമെന്ന ചിന്തയാണ് വിപണിയെ സ്വാധീനിച്ച ഒരു ഘടകം. ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞതാണ് മറ്റൊരു കാരണം. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 114 ഡോളറിലേക്കാണ് താഴ്ന്നത്. കഴിഞ്ഞ ദിവസം ആറുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എണ്ണവില എത്തിയിരുന്നു. സൗദി അറേബ്യയില്‍ യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ ആക്രമണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ എണ്ണവില ഉയരാന്‍ കാരണം. വെള്ളിയാഴ്ച വലിയ തോതിലുള്ള മുന്നേറ്റത്തിന് ശേഷമാണ് ഇന്ന് എണ്ണവില കുറഞ്ഞത്.

വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയതും ഇന്ന് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചു. വെള്ളിയാഴ്ച 887 കോടിയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വാങ്ങിയത്. ഏഷ്യന്‍ വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളും വിപണിയില്‍ പ്രതിഫലിച്ചു. ഏഷ്യന്‍ വിപണികളെല്ലാം ഇന്ന് നേട്ടത്തിന്റെ പാതയിലാണ്. ശ്രീറാം ഫിനാന്‍സ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി ലൈഫ് ഓഹരികള്‍ നഷ്ടം നേരിട്ടപ്പോള്‍ കൊട്ടക് മഹീന്ദ്ര, ബിഎസ്ഇ ലിമിറ്റഡ്, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, അദാനി പോര്‍ട്‌സ് ഓഹരികള്‍ നേട്ടം സ്വന്തമാക്കി.

സ്വർണ്ണമെഡൽ സ്വപ്നങ്ങളുമായി പ്രവാസി പ്രതിഭകൾ

സ്വർണ്ണമെഡൽ സ്വപ്നങ്ങളുമായി പ്രവാസി പ്രതിഭകൾ

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയുടെ ട്രാക്കിലും ഫീൽഡിലും സുവർണ്ണ നേട്ടങ്ങൾ ലക്ഷ്യമിട്ട് യുഎഇയിലെ കേരള സിലബസ് സ്കൂളുകളിൽനിന്നുള്ള 26 അംഗ വിദ്യാർത്ഥി കായിക സംഘം കോഴിക്കോട്ടെത്തി. ഞായറാഴ്ചയാണ് പ്രവാസി മലയാളി വിദ്യാർഥികളുടെ സംഘം മത്സരങ്ങൾക്കായി കേരളത്തിലെത്തിയത്.

ദുബായ് ഗൾഫ് മോഡൽ സ്കൂൾ, അബുദാബി മോഡൽ പ്രൈവറ്റ് സ്കൂൾ, ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ, ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള കായിക പ്രതിഭകളാണ് ഇത്തവണ കേരളത്തിന്റെ കായിക മാമാങ്കത്തിൽ അണിനിരക്കുന്നത്. ചിട്ടയായ പരിശീലനവും തയ്യാറെടുപ്പുകളും പൂർത്തിയാക്കിയാണ് വിദ്യാർത്ഥികൾ മെഡൽ പ്രതീക്ഷകളോടെ എത്തിയിരിക്കുന്നത്.

കായികമേളയ്ക്കായി കുട്ടികൾ മാസങ്ങളായി കൃത്യമായ പരിശീലനത്തിലായിരുന്നുവെന്നും മികച്ച പ്രകടനത്തിലൂടെ മെഡലുകൾ നേടാനാകുമെന്നാണ് പ്രതീക്ഷയെന്നും ഗൾഫ് മോഡൽ സ്കൂൾ കായികവിഭാഗം മേധാവി സുമേഷ് കുമാർ വ്യക്തമാക്കി. പ്രവാസലോകത്ത് പഠിച്ചു വളരുന്ന മലയാളി വിദ്യാർത്ഥികൾക്ക് നാട്ടിലെ കായിക താരങ്ങളോടൊപ്പം നേരിട്ട് മാറ്റുരയ്ക്കാനുള്ള സുവർണ്ണാവസരമാണ് സംസ്ഥാന സ്കൂൾ കായികമേള വഴി തുറന്നുകിട്ടിയിരിക്കുന്നത്.

2024-ലാണ് പ്രവാസി വിദ്യാർഥികൾക്ക് സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ആദ്യമായി ഔദ്യോഗികമായി അനുമതി നൽകിയത്. അന്നുമുതൽ തുടർച്ചയായി വലിയ ആവേശത്തോടെയാണ് യുഎഇയിലെ കേരള ബോർഡ് സ്കൂളുകൾ കായികമേളയെ വരവേൽക്കുന്നത്. പുതിയ തലമുറയിലെ പ്രവാസി കായികതാരങ്ങളുടെ പങ്കാളിത്തം മത്സരങ്ങളുടെ മാറ്റുകൂട്ടുമെന്നാണ് സംഘാടകരുടെ വിലയിരുത്തൽ.

ആറ്റിങ്ങൽ ബി ആർ സിയിൽ ഡയപ്പർ ചാലഞ്ചിലേക്ക് സഹായഹസ്തവുമായി പെരുംകുളം എ.എം.എൽ.പി.എസ്: ഡയപ്പറുകൾ കൈമാറി

ആറ്റിങ്ങൽ ബി ആർ സിയിൽ ഡയപ്പർ ചാലഞ്ചിലേക്ക് സഹായഹസ്തവുമായി പെരുംകുളം എ.എം.എൽ.പി.എസ്: ഡയപ്പറുകൾ കൈമാറി

പെരുംകുളം: ആറ്റിങ്ങൽ ബി.ആർ.സി. നടപ്പിലാക്കുന്ന ഡയപ്പർ ചാലഞ്ചിലേക്ക് പെരുംകുളം എ.എം.എൽ.പി. സ്കൂളിന്റെ സ്നേഹസമ്മാനം. സ്കൂളിലെ വിദ്യാർത്ഥികളും, രക്ഷിതാക്കളും, അധ്യാപകരും ചേർന്ന് സമാഹരിച്ച ഡയപ്പറുകൾ ബി.പി.സി. ജമീൽ ഏറ്റുവാങ്ങി.

​ആറ്റിങ്ങൽ ബി ആർ സി യിൽ വെച്ച് നടന്ന ചടങ്ങിൽ ബി.ആർ.സി ട്രെയിനർമാരായ സുവീഷ്, കിരൺ, ആനന്ദ്, സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ പ്രീത, എലിസബത്ത്, സ്കൂൾ ഹെഡ്മാസ്റ്റർ പ്രവീൺ, അധ്യാപകരായ റീന, മുംതാസ്, സബീർ, കൃഷ്ണരാജ് എന്നിവർ പങ്കെടുത്തു. കൂടാതെ വിദ്യാർത്ഥി പ്രതിനിധികളായ നദ, അമാൻ അഫീഫ് തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. സാമൂഹിക പ്രതിബദ്ധത മുൻനിർത്തി സ്കൂൾ സമൂഹത്തിന്റെ പങ്കാളിത്തത്തോടെ നടത്തിയ ഈ കൂട്ടായ്മ മാതൃകാപരമായ ഒന്നായി മാറിയിരിക്കുകയാണ്.

ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; ദുബൈയില്‍ പ്രവാസി മലയാളി മരിച്ചു

ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; ദുബൈയില്‍ പ്രവാസി മലയാളി മരിച്ചു

ദുബൈ: ദുബൈയില്‍ ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് പ്രവാസി മലയാളി മരിച്ചു. രഞ്ജിത്ത് വിജയന്‍(52) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകരും സുരക്ഷാ ജീവനക്കാരും സിപിആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ദുബൈ ആസ്ഥാനമായ എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സൊല്യൂഷന്‍സ് കമ്പനിയില്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ വിഭാഗം ജനറല്‍ മാനേജരായിരുന്നു. 26 വര്‍ഷമായി ഈകമ്പനിയിലെ ജീവനക്കാരനായിരുന്നു രഞ്ജിത്ത് വിജയന്‍.

വരാന്ത്യത്തില്‍ ഇന്‍ഡോര്‍ കോര്‍ട്ട് ബുക്ക് ചെയ്ത് ഏകദേശം രണ്ട് മണിക്കൂറോളം രാവിലെ 8 മുതല്‍ 10 വരെയാണ് രഞ്ജിത്ത് സുഹൃത്തുക്കള്‍ക്കൊപ്പം ബാഡ്മിന്റണ്‍ കളിക്കാറുണ്ട്. പ്രാഥമിക മരണ റിപ്പോര്‍ട്ടില്‍ ഹൃദയാഘാതമാണ് മരണകാരണമായി കണ്ടെത്തിയിട്ടുള്ളത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ നടക്കുകയാണ്. യുഎഇയില്‍ താമസിക്കുന്ന ഭാര്യ രശ്മി, മകന്‍ ഋത്വിക്.