‘എന്റെ മകളെ കൊന്നു കളഞ്ഞവനല്ലേ…?’; കോഴിക്കോട് ഡോക്ടര്‍ക്ക് വെട്ടേറ്റു

‘എന്റെ മകളെ കൊന്നു കളഞ്ഞവനല്ലേ…?’; കോഴിക്കോട് ഡോക്ടര്‍ക്ക് വെട്ടേറ്റു

കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് വെട്ടേറ്റു. ഡോക്ടര്‍ വിപിന്റെ തലയ്ക്കാണ് വെട്ടേറ്റത്. ഡോക്ടറെ ആക്രമിച്ച അനൂപ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡോക്ടറുടെ തലയ്ക്ക് ഗുരുതരമായ പരിക്കുണ്ട്.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒമ്പതു വയസ്സുകാരിയുടെ പിതാവാണ് ആക്രമിച്ച അനൂപ്. ആശുപത്രിയിലേക്ക് കടന്നുചെന്ന അനൂപ് വടിവാളുകൊണ്ട് ഡോക്ടറുടെ തലയില്‍ വെട്ടുകയായിരുന്നു. ‘എന്റെ മകളെ കൊന്നു കളഞ്ഞവനല്ലേ’ എന്നു ചോദിച്ചായിരുന്നു ആക്രമണം നടത്തിയത്.

‘എന്റെ കുട്ടിക്ക് നീതി ലഭിച്ചില്ലെന്നും’ അനൂപ് ആക്രോശിച്ചു. സാരമായി പരിക്കേറ്റ ഡോക്ടര്‍ വിപിനെ താമരശ്ശേരി ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഓഗസ്റ്റിലാണ് കുട്ടി അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ചത്.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയെ ആദ്യം ചികിത്സിച്ചത് താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു. ഈ സമയത്ത് ആശുപത്രി അധികൃതരുടെ ഭാഗത്ത് അലംഭാവം ഉണ്ടായിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. പനി ബാധിച്ച് എത്തിയ കുട്ടിക്ക് വേണ്ട ചികിത്സ നല്‍കിയില്ലെന്നായിരുന്നു കുടുംബം പരാതിപ്പെട്ടിരുന്നത്.

ഇടവയിൽ യുവതിക്ക് അമീബിക് മസ്‌തിഷ്‌കജ്വരം സ്ഥിരീകരിച്ചു

ഇടവയിൽ യുവതിക്ക് അമീബിക് മസ്‌തിഷ്‌കജ്വരം സ്ഥിരീകരിച്ചു

വർക്കല: ഇടവ വെൺകുളം മരക്കടമുക്ക് സ്വദേശിയായ 34 കാരിക്കാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. യുവതി നാല് ദിവസം മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കഴിഞ്ഞദിവസം വന്ന പരിശോധനാ റിപ്പോർട്ടിലാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചതെന്ന് ഇടവ ആരോഗ്യ വിഭാഗം അറിയിച്ചു.

രോഗബാധയുടെ ഉറവിടം വ്യക്തമായിട്ടില്ല. യുവതി കഴിഞ്ഞ ദിവസങ്ങളിലൊന്നിലും കുളത്തിലോ കെട്ടിക്കിടക്കുന്ന വെള്ളത്തിലോ കുളിച്ചിട്ടില്ലെന്നാണ് കുടുംബം വ്യക്തമാക്കുന്നത്. യുവതിയുടെ വീട്ടിൽ കിണർ ഇല്ലാത്തതിനാൽ പൂർണമായും പൈപ്പ് ലൈൻ വെള്ളം മാത്രമാണ് ഉപയോഗിക്കുന്നതെന്നും റിപ്പോർട്ട്. കഴിഞ്ഞ ദിവസം ആറ്റിങ്ങലിലും ഒരാൾക്ക് അമീബിക് മസ്‌തിഷ്കജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് ഇക്കൊല്ലം ഇതുവരെ 15 പേർക്കാണ് മസ്‌തിഷ്കജ്വരം ബാധിച്ചത്.

23 രൂപയ്ക്ക് പത്ത് കിലോ അധിക ബാഗേജ്; വൻ ഓഫറുമായി എയർ ഇന്ത്യ

23 രൂപയ്ക്ക് പത്ത് കിലോ അധിക ബാഗേജ്; വൻ ഓഫറുമായി എയർ ഇന്ത്യ

ദുബൈ: വെറും ഒരു ദിർഹം നൽകിയാൽ 10 കിലോ അധിക ബാഗേജ് കൊണ്ട് വരാൻ അവസരമൊരുക്കി എയർ ഇന്ത്യ. ഗൾഫിലുടനീളമുള്ള ഇന്ത്യൻ പ്രവാസികൾക്ക് ഈ ഓഫർ ഉപകാരപ്രദമാകും. ഇന്ത്യയിലെ ഉത്സവ സീസൺ ആരംഭിക്കുന്നതിന്റെ ഭാഗമായി ആണ് ഓഫർ പ്രഖ്യാപിച്ചതെന്ന് എയർ ഇന്ത്യ വ്യക്തമാക്കി.

ഈ വർഷം നവംബര്‍ 30 വരെയുള്ള യാത്രക്ക് ഒക്ടോബർ 31 ന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് അധിക ബാഗേജിനുള്ള ഓഫർ ലഭിക്കുകയുള്ളു. ബുക്കിങ് സമയത്ത് തന്നെ ഒരു ദിർഹം അധികമായി നൽകി ഈ ഓഫർ നിങ്ങളുടെ ടിക്കറ്റിൽ ഉൾപ്പെടുത്താൻ സാധിക്കും. യു എ ഇ, സൗദി അറേബ്യ, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ, ഖത്തർ തുടങ്ങിയ എല്ലാ ഗൾഫ് ഡെസ്റ്റിനേഷനുകളിൽ നിന്നും ടിക്കറ്റുകൾക്ക് ബുക്ക് ചെയ്യുന്നവർക്ക് ഓഫർ ലഭിക്കുമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി.

ഉത്സവ സീസൺ ആരംഭിക്കുന്ന സമയമാണ് വരാൻ ഇരിക്കുന്നത്. പ്രിയപ്പെട്ടവർക്കുള്ള സമ്മാനങ്ങളും അവശ്യവസ്തുക്കളും നാട്ടിലേക്ക് കൊണ്ട് പോകാൻ പ്രവാസികൾക്ക് ആഗ്രഹമുണ്ടാകും. അത് മനസിലാക്കിയാണ് ഓഫർ പ്രഖ്യാപിച്ചതെന്ന് എയർ ഇന്ത്യയുടെ ഗൾഫ്, മിഡിൽ ഈസ്റ്റ് & ആഫ്രിക്ക റീജിയണൽ മാനേജർ പി പി സിംഗ് പറഞ്ഞു.

വയനാട് ദുരന്തം: വായ്പ എഴുതിത്തള്ളാനാകില്ലെന്ന് കേന്ദ്രം; ചിറ്റമ്മ നയമെന്ന് ഹൈക്കോടതി, കടുത്ത വിമര്‍ശനം

വയനാട് ദുരന്തം: വായ്പ എഴുതിത്തള്ളാനാകില്ലെന്ന് കേന്ദ്രം; ചിറ്റമ്മ നയമെന്ന് ഹൈക്കോടതി, കടുത്ത വിമര്‍ശനം

കൊച്ചി: മുണ്ടക്കെ-ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്രത്തിന്റെ നിലപാടിനെ ഹൈക്കോടതി വിമര്‍ശിച്ചു. ബാങ്ക് വായ്പ എഴുതി തള്ളാന്‍ നിയമത്തില്‍ വ്യവസ്ഥയില്ല. അത് കേന്ദ്രത്തിന്റെ അധികാര പരിധിയില്‍ വരുന്നതല്ലെന്നും, അതത് ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡാണ് തീരുമാനം എടുക്കേണ്ടതെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അസ്വസ്ഥതപ്പെടുത്തുന്നതെന്ന് ഹൈക്കോടതി വിമര്‍ശിച്ചു.

ബാങ്ക് വായ്പ എഴുതി തള്ളാന്‍ താല്‍പ്പര്യമില്ലെങ്കില്‍ അക്കാര്യം തുറന്നു പറയാന്‍ ആര്‍ജവം കാണിക്കണം. കേന്ദ്രത്തിന് അധികാരമില്ലെന്ന ന്യായമല്ല പറയേണ്ടത്. ഇതാണ് സമീപനമെങ്കില്‍ കോടതിക്ക് കടുത്ത നിലപാട് എടുക്കേണ്ടി വരുമെന്നും കോടതി അഭിപ്രായപ്പെട്ടു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരുടെ വായ്പ തിരിച്ചുപിടിക്കല്‍ നടപടികള്‍ സ്റ്റേ ചെയ്യാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്നും കേരള ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചു.

ആര്‍ബിഐ സര്‍ക്കുലറില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് പരിമിതികളുണ്ടെന്നാണോ?. കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കാന്‍ തയ്യാറാണോ എന്നതാണ് പ്രധാനം? ഈ വിഷയത്തില്‍ നിങ്ങള്‍ അധികാരമില്ലാത്തവരാണെന്നല്ല. നടപടിയെടുക്കാന്‍ അടിസ്ഥാനപരമായി തയ്യാറാകാത്തതാണ്. ഇതുപോലുള്ള സന്ദര്‍ഭങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ പരാജയപ്പെടുത്തരുത്. കേന്ദ്രത്തിന്റെ ഔദാര്യമല്ല വേണ്ടത്. ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. കേന്ദ്രത്തിന് കീഴിലുള്ള ബാങ്കുകളുടെ വിവരങ്ങള്‍ കൈമാറാന്‍ കോടതി നിര്‍ദേശിച്ചു. ബാങ്കുകളെ കക്ഷിചേര്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

2024 ജൂലൈ 30 ന് വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച്. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ബാങ്കുകള്‍ ഇതിനകം തന്നെ വായ്പകള്‍ എഴുതിത്തള്ളിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ഇതാണെങ്കില്‍, അത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ ചിറ്റമ്മ മനോഭാവം ശരിയല്ല. ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കാനും കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകനോട് ഹൈക്കോടതി പറഞ്ഞു.

ബി പി എഡ്, ബി പി ഇ എസ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം

ബി പി എഡ്, ബി പി ഇ എസ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം

2025 – 26 അധ്യയന വര്‍ഷത്തെ കാലിക്കറ്റ് സർവകലാശാലാ പഠനവകുപ്പ്, സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളജുകൾ എന്നിവകളിലെ ബി പി എഡ്, ബി പി ഇ എസ്. (ഇന്റഗ്രേറ്റഡ്) പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈൻ രജിസ്ട്രേഷന്‍ ചെയ്യുന്നതിനുള്ള സൗകര്യം ഒക്ടോബർ 10-ന് വൈകീട്ട് അഞ്ച് മണി വരെ ലഭ്യമാകും.

ഒഴിവ് വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‍സൈറ്റില്‍ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് അതത് കോളജ് / സെന്ററുമായി ബന്ധപ്പെടേണ്ടതാണ്.

സംവരണ വിഭാഗങ്ങളിലെ അപേക്ഷകരുടെ അഭാവത്തില്‍ മറ്റ് വിഭാഗക്കാരെയും പരിഗണിക്കും. അപേക്ഷാ ഫീസ്: ജനറല്‍ വിഭാഗത്തിന് 975/- രൂപ., എസ്.സി. / എസ്.ടി. വിഭാഗത്തിന് 615/- രൂപ.

അപേക്ഷകർ സർവകലാശാലാ സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എജ്യൂക്കേഷനില്‍ നിന്നും ലഭിക്കുന്ന നിർദ്ദേശാനുസരണം അപേക്ഷയുടെ പകർപ്പ്, യോഗ്യത തെളിയിക്കുന്ന രേഖകള്‍, ചലാൻ റെസിപ്റ്റ്, സംവരണാനുകൂല്യം ലഭിക്കുന്നവർ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകള്‍, അസല്‍ സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുകള്‍ (കൈവശമുള്ളവര്‍), സ്പോര്‍ട്സ് കിറ്റ്, മെഡിക്കല്‍ സര്‍ട്ടഫിക്കറ്റ് എന്നിവ സഹിതം ഹാജരാവേണ്ടതാണ്.

യോഗ്യതാ പരീക്ഷ, കായിക ക്ഷമതാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/. ഫോണ്‍ : 0494 2407016, 2660600, 2407547 (സെന്റർ ഫോർ ഫിസിക്കൽ എജ്യൂക്കേഷൻ).

പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും; ഒന്നു മുതല്‍ പത്തു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ലൈഫ് ഇന്‍ഷൂറന്‍സുമായി കേരളം

പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും; ഒന്നു മുതല്‍ പത്തു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ലൈഫ് ഇന്‍ഷൂറന്‍സുമായി കേരളം

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയില്‍ മറ്റൊരു ചരിത്രനേട്ടം കുറിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. 35 ലക്ഷത്തോളം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ലൈഫ് ഇന്ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ കേരളം ഒരുങ്ങുന്നു. സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ് സംസ്ഥാന സിലബസ് സ്‌കൂളുകളില്‍ പഠിക്കുന്ന ഒന്നുമുതല്‍ പത്തുവരെയുള്ള വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇന്ഷുന്‍സ് പരിരക്ഷ നല്‍കാനാണ് തീരുമാനം.

അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഈ പദ്ധതിയില്‍ എല്ലാ വിദ്യാര്‍ഥികളുടെയും ഇന്‍ഷൂറന്‍സ് പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും. സ്‌കൂളുകളില്‍ അവര്‍ത്തിച്ചുണ്ടാകുന്ന അപകടത്തിന്റെ പശ്ചാത്തലത്തിലും കഴിഞ്ഞ വര്‍ഷം കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ 13 വയസുകാരന്‍ മിഥുന്‍ ഷോക്കേറ്റ് മരിക്കുകയും ചെയ്തിരുന്നതിന്റെയും അടിസ്ഥാനത്തിലാണ് നീക്കം. ഇത് സംബന്ധിച്ച് കഴിഞ്ഞയാഴ്ച വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ധനമന്ത്രി കെഎന്‍ ബാലഗോപാലുമായി കൂടിക്കാഴ്ച നടത്തി.

ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായും അടുത്ത ബജറ്റ് സമ്മേളനത്തില്‍ ഇത് അവതരിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ന്യൂഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഇന്‍ഷുറന്‍സ് വകുപ്പ് പദ്ധതിയുടെ സാധ്യതകളെക്കുറിച്ച് പ്രാഥമിക വിശകലനം നടത്തിയതായി ഇന്‍ഷുറന്‍സ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബുഷ്റ എസ് ദീപ പറഞ്ഞു. അപകടമരണത്തിനും, അപകടത്തെത്തുടര്‍ന്നുള്ള ഇന്‍-പേഷ്യന്റ്, ഔട്ട്-പേഷ്യന്റ് കണ്‍സള്‍ട്ടേഷനുകള്‍ക്കുമുള്ള ഓപ്ഷനുകളും പ്രീമിയങ്ങളും ഉള്‍പ്പെടെ ഇത് എങ്ങനെ നടപ്പാക്കാം എന്നതിനെക്കുറിച്ചുള്ള ഡാറ്റാഷീറ്റ് ഉള്‍പ്പടെ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിന് കൈമാറിയതായും അവര്‍ പറഞ്ഞു.