ഇറാന് നേരെ വീണ്ടും യുഎസ് ആക്രമണം; ഡ്രോണുകൾ വെടിവച്ചിട്ടു

ഇറാന് നേരെ വീണ്ടും യുഎസ് ആക്രമണം; ഡ്രോണുകൾ വെടിവച്ചിട്ടു

ടെഹ്റാൻ: ഇറാനു നേരെ വീണ്ടും ആക്രമണം നടത്തി യുഎസ്. ഇറാന്റെ ഭാ​ഗത്തു നിന്നു ആക്രമണ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ആക്രമിച്ചതെന്നു യുഎസ് അധികൃതർ വ്യക്തമാക്കി. സൈനിക കേന്ദ്രത്തിനും ഡ്രോണുകൾക്കും നേരെയാണ് ഏറ്റവും പുതിയ ആക്രമണം. ഹോർമുസ് കടലിടുക്കിനു ഭീഷണിയാണെന്നു കണ്ടെത്തിയ ഇറാന്റെ നാല് ഡ്രോണുകൾ യുഎസ് സൈന്യം വെടിവച്ചിട്ടു. അഞ്ചാമത്തെ ഡ്രോൺ വിക്ഷേപിക്കാൻ ഒരുങ്ങുന്നതിനിടെയാണ് സൈനിക കേന്ദ്രത്തിനു നേരെയും ആക്രമണമുണ്ടായത്. യുഎസ് ഉദ്യോ​ഗസ്ഥർ അസോസിയേറ്റഡ് പ്രസിനോടാണ് ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള സാധ്യമായ കരാറിനെക്കുറിച്ച് യുഎസും ഇറാനും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾക്കിടയിലാണ് വീണ്ടും വീണ്ടും ആക്രമണങ്ങൾ അരങ്ങേറുന്നത്. ഇതോടെ ചർച്ചകൾ കൂടുതൽ സങ്കീർമായ സ്ഥിതിയാണ്.

വെടിനിർത്തൽ കരാർ നിലനിൽക്കുന്നതിനിടെ തിങ്കളാഴ്ച ദക്ഷിണ ഇറാനിൽ യുഎസ് സൈന്യം ആക്രമണം നടത്തിയിരുന്നു. ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച ഇറാനിയൻ റെവല്യൂഷണറി ​ഗാർഡ് കോറിന്റെ ബോട്ടുകളും ഒരു മിസൈൽ വിക്ഷേപണ കേന്ദ്രവുമാണ് യുഎസ് ലക്ഷ്യമിട്ടത്. അമേരിക്കൻ സൈനികർക്കെതിരെയുള്ള ഭീഷണി തടയാനും തങ്ങളുടെ സൈനികരെ സംരക്ഷിക്കാനുമാണ് ആക്രമണം നടത്തിയതെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചത്.

ഹോർമുസിൽ മൈനുകൾ വിരിക്കാൻ ശ്രമിച്ച രണ്ട് ഐആർജിസി ബോട്ടുകൾ സൈന്യം തകർത്തിരുന്നു. അമേരിക്കൻ യുദ്ധ വിമാനങ്ങളെ ലക്ഷ്യം വച്ച ബന്ദർ അബ്ബാസിലെ മിസൈൽ കേന്ദ്രവും തകർത്തതനായി യുഎസ് സൈന്യം അവകാശപ്പെട്ടിരുന്നു.

ത്യാഗസ്മരണ പുതുക്കി വിശ്വാസികൾ; സംസ്ഥാനത്ത് ഇന്ന് ബലി പെരുന്നാൾ

ത്യാഗസ്മരണ പുതുക്കി വിശ്വാസികൾ; സംസ്ഥാനത്ത് ഇന്ന് ബലി പെരുന്നാൾ

തിരുവനന്തപുരം : ത്യാഗസ്മരണകൾ പുതുക്കി ഇസ്ലാം മത വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നു. രാവിലെ മുതൽ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്‌കാരങ്ങൾ നടക്കും. ജില്ലകളിൽ വിവിധ കേന്ദ്രങ്ങളിൽ ഈദ് ഗാഹ് നടക്കും. മഴസാധ്യത മുൻനിർത്തി കോഴിക്കോട് ബീച്ചിലെ ഈദ് ​ഗാഹ് ഒഴിവാക്കിയിട്ടുണ്ട്.

പ്രവാചകനായ ഇബ്രാഹീം നബി മകൻ ഇസ്‌മായിലിനെ ബലികൊടുക്കാൻ തയ്യാറായതിന്റെ ത്യാഗസ്‌മരണയിലാണ്‌ ബലിപെരുന്നാൾ ആഘോഷിക്കുന്നത്‌. ഹജ്ജ്കർമങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചൊവ്വാഴ്ച അറഫ നോമ്പ് പൂർത്തിയാക്കിയാണ് വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷത്തിലേക്ക് കടക്കുന്നത്.

പ്രവാചകനായ ഇബ്രാഹിം നബിയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അചഞ്ചലമായ ദൈവവിശ്വാസത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത ത്യാഗസന്നദ്ധതയുടെയും ഓർമ്മപ്പെടുത്തലാണ് ഈ സുദിനം. ഗൾഫ് നാടുകളിൽ ഇന്നലെയായിരുന്നു ബലി പെരുന്നാൾ. ബക്രീദിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് രണ്ട് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

‘ഗ്രാമ വണ്ടി’ വ്യാപകമാക്കാന്‍ കെഎസ്ആര്‍ടിസി; പ്രത്യേക റിസര്‍ച്ച് വിംഗ് ആരംഭിക്കുന്നു

‘ഗ്രാമ വണ്ടി’ വ്യാപകമാക്കാന്‍ കെഎസ്ആര്‍ടിസി; പ്രത്യേക റിസര്‍ച്ച് വിംഗ് ആരംഭിക്കുന്നു

തിരുവനന്തപുരം: ഗ്രാമപ്രദേശങ്ങളിലെ പൊതുഗതാഗത സൗകര്യം ശക്തിപ്പെടുത്തുന്നതിനായി ‘ഗ്രാമ വണ്ടി’പദ്ധതി കൂടുതല്‍ വ്യാപകമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക സ്ഥിതി, ദൈനംദിന പ്രവര്‍ത്തനങ്ങള്‍, നവീകരണ സാധ്യതകള്‍ എന്നിവ പഠിക്കുന്നതിനായി വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക റിസര്‍ച്ച് വിംഗ് ആരംഭിക്കും. ഗതാഗതമന്ത്രിയുടെ അധ്യക്ഷതയില്‍, കെഎസ്ആര്‍ടിസി സിഎംഡിയുടെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിന്റേതാണ് തീരുമാനം.

ശബരിമല മണ്ഡലകാല സര്‍വീസുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പുമായി സഹകരിച്ച് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഹൈഡ്രജന്‍ ഉള്‍പ്പെടെയുള്ള ഹരിത ഇന്ധന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള പരിസ്ഥിതി സൗഹൃദ പൊതുഗതാഗത സംവിധാനം ഘട്ടംഘട്ടമായി നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

ജനകീയവും ആധുനികവുമായ പൊതുഗതാഗത സംവിധാനമായി കെഎസ്ആര്‍ടിസിയെ മാറ്റിയെടുക്കുന്നതിനുള്ള സമഗ്ര നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് ഗതാഗത മന്ത്രി സിപി ജോണ്‍ അറിയിച്ചു. കെഎസ്ആര്‍ടിസിയിലെ ആശ്രിത നിയമനത്തിനായി ഗുണഭോക്താക്കള്‍ ഗതാഗതമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തില്‍, ആശ്രിത നിയമന നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. കെഎസ്ആര്‍ടിസിയിലെ ഒഴിവുകളിലേക്ക് പി.എസ്.സി മുഖേന നിയമന നടപടികള്‍ ആരംഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു.

കൊട്ടിയൂര്‍ വൈശാഖോത്സവത്തിനു ഇന്ന് തുടക്കം

കൊട്ടിയൂര്‍ വൈശാഖോത്സവത്തിനു ഇന്ന് തുടക്കം

കണ്ണൂര്‍: കൊട്ടിയൂര്‍ വൈശാഖോത്സവത്തിനു ഇന്ന് നെയ്യാട്ടത്തോടെ തുടക്കമാകും. രാത്രി സ്വയംഭൂവില്‍ നെയ്യഭിഷേകം നടക്കും. വയനാട്ടിലെ മുതിരേരി കാവില്‍ നിന്നുള്ള വാള്‍ സന്ധ്യയോടെ ഇക്കരെ കൊട്ടിയൂരിലേക്ക് എഴുന്നള്ളിച്ച് എത്തിക്കും. വാള്‍ ഇക്കരെ കൊട്ടിയൂരില്‍ ബലി ബിംബങ്ങള്‍ക്കൊപ്പം പ്രതിഷ്ഠിക്കും.

ചോതി വിളക്കു തെളിയിക്കുന്നതിനായി തേടന്‍ വാരിയര്‍ ഓടയും തീയും കൊണ്ടുവരും. രാത്രിയോടെ സ്ഥാനികര്‍ അക്കരെ പ്രവേശിച്ച് മണ്‍താലങ്ങളില്‍ ചോതി വിളക്ക് തെളിയിക്കും.

ആദ്യ പടിഞ്ഞിറ്റ നമ്പൂതിയുടെ മുഖ്യ കാര്‍മികത്വത്തില്‍ പുണ്യാഹം നടത്തും. മണിത്തറയില്‍ പ്രവേശിച്ച് ബ്രാഹ്മണര്‍ അഷ്ടബന്ധം നീക്കി രാശി വിളിച്ച ശേഷമാണ് നെയ്യാട്ടം.വില്ലിപ്പാലന്‍ കുറുപ്പിന്റേയും തമ്മേങ്ങാടന്‍ നമ്പ്യാരുടേയും നെയ്യാണ് ആദ്യം അഭിഷേകം ചെയ്യുക. തുടര്‍ന്നു വിവിധ മഠങ്ങളില്‍ നിന്നുള്ള നെയ്യ് അഭിഷേകം ചെയ്യും.

വെള്ളിയാഴ്ച രാത്രി മണത്തണ കരിമ്പന ഗോപുരത്തില്‍ നിന്നു ഭണ്ഡാരം അക്കരെ കൊട്ടിയൂരിലേക്ക് എഴുന്നള്ളിക്കും. ശനിയാഴ്ച മുതല്‍ സ്ത്രീകള്‍ക്കും അക്കരെ കൊട്ടിയൂരില്‍ പ്രവേശിക്കാം.

‘എല്ലാവർക്കും നന്ദി’; കണ്ണീരണിഞ്ഞ് അബ്ദുൽ റഹിം ജന്മനാട്ടിൽ

‘എല്ലാവർക്കും നന്ദി’; കണ്ണീരണിഞ്ഞ് അബ്ദുൽ റഹിം ജന്മനാട്ടിൽ

കോഴിക്കോട്: വധശിക്ഷയിൽ നിന്നും മോചിതനായി, രണ്ടു പതിറ്റാണ്ടു നീണ്ട ​ഗൾഫിലെ ജയിൽ വാസത്തിനും ശേഷം അബ്ദുൽ റഹീം കോഴിക്കോടെത്തി. രാവിലെ 7. 35 ഓടെയാണ് റഹീം കയറിയ വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാൻഡ് ചെയ്തത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി 8. 20 ഓടെയാണ് പുറത്തിറങ്ങിയത്. കണ്ണീരോടെ വിമാനത്താവളത്തിന് പുറത്തെത്തിയ റഹീം, എല്ലാവർക്കും നന്ദിയെന്ന് ഒറ്റവാചകത്തിൽ പ്രതികരണം ഒതുക്കി.

വ്യവസായി ബോബി ചെമ്മണ്ണൂർ, റഹീമിന്റെ സഹോദരൻ, സുഹൃത്തുക്കൾ തുടങ്ങിയവർ വിമാനത്താവളത്തിന് പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു. ആശ്ലേഷിച്ചാണ് ബോബി ചെമ്മണ്ണൂർ റഹീമിനെ സ്വീകരിച്ചത്. ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ അബ്ദുല്‍ റഹീമിന് ഹൃദ്യമായ സ്വീകരണമാണ് നൽകിയത്. റഹീമിന് താൽപ്പര്യമുണ്ടെങ്കിൽ തന്റെ ജ്വല്ലറിയിൽ ജോലി നൽകുന്നത് പരി​ഗണിക്കുമെന്ന് ബോബി ചെമ്മണ്ണൂർ പറ‍ഞ്ഞു.

വീട്ടിലേക്ക് പോകുന്ന വഴിക്ക്, തന്റെ ജയിൽ മോചനത്തിനായി പരിശ്രമം നടത്തിയ എംബസി ഉദ്യോ​ഗസ്ഥൻ യൂസഫിന്റെ വീട്ടിൽ അബ്ദുൽ റഹിം ഇറങ്ങി. യൂസഫിനെ ആലിം​ഗനം ചെയ്താണ് റഹീം നന്ദി അറിയിച്ചത്. തുടർന്ന് തന്റെ വസതിയിലേക്ക് അബ്ദുൽ റഹിം യാത്ര തിരിച്ചു. എത്രകാലം കഴിഞ്ഞാലും റഹീമിനെ മോചിപ്പിക്കാനാകുമെന്ന് തന്നെയാണ് താൻ കരുതിയതെന്ന് യൂസഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

24-ാം വയസ്സിലാണ് അബ്ദുൽ റഹിം ജോലി തേടി സൗദിയിലേക്ക് പോയത്. സൗദി സ്വദേശിയുടെ അസുഖബാധിതനായ മകനെ പരിപാലിക്കല്‍ ആയിരുന്നു ജോലി. 2006 ഡിസം 26-ന് ഭിന്നശേഷിക്കാരനായ മകന്‍ മരിക്കാനിടയായ സംഭവത്തിലാണ് റഹീം ജയിലിലായത്. മനഃപൂര്‍വമല്ലാത്ത കൈപ്പിഴയായിരുന്നു അപകടകാരണമെന്ന് വ്യക്തമായെങ്കിലും കോടതി വധശിക്ഷ വിധിച്ചു.

സൗദി ബാലന്റെ കൊലപാതകക്കേസില്‍ 2006 നവംബറിലാണ് അബ്ദുല്‍ റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. വിചാരണയ്ക്ക് ശേഷം റിയാദിലെ കോടതി റഹീമിന് വധശിക്ഷ വിധിച്ചു. മോചനദ്രവ്യം നല്‍കിയതിനെത്തുടര്‍ന്ന് കോടതി വധശിക്ഷ ഒഴിവാക്കി. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് 20 വര്‍ഷത്തെ തടവുശിക്ഷ കാലാവധി അവസാനിച്ചതോടെയാണ് നാട്ടിലേക്ക് മടങ്ങാനുള്ള വഴി തെളിഞ്ഞത്.

സംസ്ഥാനത്ത് സ്വര്‍ണവിലയുടെ ഇടിവ് തുടരുന്നു

സംസ്ഥാനത്ത് സ്വര്‍ണവിലയുടെ ഇടിവ് തുടരുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയുടെ ഇടിവ് തുടരുന്നു. ഇന്ന് പവന് 560 രൂപയാണ് കുറഞ്ഞത്. 1,14,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 70 രൂപയാണ് കുറഞ്ഞത്. 14,305 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നതാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 100 ഡോളറില്‍ താഴെയാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വരുത്തി അമേരിക്കയും ഇറാനും ഉടന്‍ തന്നെ സമാധാന കരാറില്‍ എത്തിച്ചേരുമെന്ന പ്രതീക്ഷയാണ് കഴിഞ്ഞ ദിവസങ്ങളില്‍ എണ്ണവില കുറയാന്‍ കാരണം. എന്നാല്‍ ഇറാനെതിരെയുള്ള ആക്രമണം അമേരിക്ക പുനരാരംഭിച്ചത് ഹോര്‍മുസ് വഴിയുള്ള എണ്ണ നീക്കത്തെ ബാധിക്കുമെന്ന ആശങ്കയാണ് എണ്ണവില വീണ്ടും ഉയരാന്‍ കാരണം. എണ്ണവില മൂന്ന് ശതമാനമാണ് ഉയര്‍ന്നത്.

അമേരിക്കന്‍ ഡോളര്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുമെന്ന പ്രവചനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്താന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അത്തരത്തില്‍ ഒരു തീരുമാനം വന്നാല്‍ ഡോളറിന്റെ മൂല്യം വീണ്ടും ഉയരുമെന്ന കണക്കുകൂട്ടല്‍ സ്വര്‍ണവിലയില്‍ പ്രതിഫലിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.