വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പ്രവേശനം: ജൂണ്‍ 3 വരെ അപേക്ഷിക്കാം

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പ്രവേശനം: ജൂണ്‍ 3 വരെ അപേക്ഷിക്കാം

വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ഒന്നാംവര്‍ഷ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ജൂണ്‍ 3 വൈകുന്നേരം 5 വരെ സ്വീകരിക്കും. ജൂണ്‍ 8 ന് ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. അപേക്ഷ നല്‍കുന്നതിന് പത്താംതരം പഠിച്ച സ്‌കൂളിലെയോ, തൊട്ടടുത്ത സര്‍ക്കാര്‍/എയ്ഡഡ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലെയോ കമ്പ്യൂട്ടര്‍ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്താം.

https://admission.vhseportal.kerala.gov.in / www.vhscap.kerala.gov.in ല്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്ത് ‘Apply Online’ ലിങ്കിലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കാം.

സംസ്ഥാനത്തൊട്ടാകെയുള്ള 389 വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ സ്‌പോര്‍ട്‌സ് സ്‌കൂളുകളിലെ ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ ഒഴികെയുള്ള 41 സ്‌കില്‍ അധിഷ്ഠിത എന്‍.എസ്.ക്യൂ.എഫ് കോഴ്സുകള്‍ക്ക് ഏകജാലക സംവിധാനത്തിലൂടെയാണ് പ്രവേശനം നടത്തുന്നത്. ഒരു ബാച്ചില്‍ 30 സീറ്റുകളാണുള്ളത്.

ഇഡിയെ ആക്രമിച്ച കേസ്: നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍; പാളയത്ത് വന്‍ പൊലീസ് സന്നാഹം

ഇഡിയെ ആക്രമിച്ച കേസ്: നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍; പാളയത്ത് വന്‍ പൊലീസ് സന്നാഹം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് ശ്രീജിത്ത് അടക്കം നാലുപേര്‍ അറസ്റ്റില്‍. അക്രമം നടത്തിയവരില്‍ പന്ത്രണ്ടു പേരെ തിരിച്ചറിഞ്ഞെന്നും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എച്ച് വെങ്കടേഷ് പറഞ്ഞു. പ്രതികളുടെ ഫോട്ടോയും പൊലീസ് നേതാക്കള്‍ക്ക് കൈമാറി.

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സിപിഎം പ്രവര്‍ത്തകര്‍ പാളയം ഏരിയ കമ്മിറ്റി ഓഫിസിലുണ്ട് എന്ന വിവരത്തെത്തുടര്‍ന്ന് പൊലീസ് അവിടെയെത്തിയിരുന്നു. തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകരും പൊലീസുമായി സംഘര്‍ഷവുമുണ്ടായി. മുന്‍ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള നേതാക്കള്‍ പൊലീസുമായി ചര്‍ച്ച നടത്തി. പ്രതികളെ കിട്ടിയാല്‍ പിന്നെ പാര്‍ട്ടി ഓഫിസില്‍ കയറേണ്ട കാര്യമില്ലെന്നും എച്ച്.വെങ്കടേഷ് പറഞ്ഞു.

മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും ബേപ്പൂര്‍ എംഎല്‍എയുമായ മുഹമ്മദ് റിയാസിന്റെയും വീടുകളില്‍ അടക്കം 12 ഇടത്ത് ഇഡി നടത്തിയ പരിശോധന അവസാനിച്ചതിനു പിന്നാലെയാണ് തിരുവനന്തപുരത്ത് സംഘര്‍ഷമുണ്ടായത്. പിണറായി വിജയന്റെ, ബേക്കറി ജങ്ഷനിലെ വീട്ടില്‍ റെയ്ഡ് പൂര്‍ത്തിയായതിനു പിന്നാലെ ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്കു നേരേ സിപിഎം പ്രവര്‍ത്തകര്‍ കല്ലുകളും കുപ്പികളും വലിച്ചെറിയുകയായിരുന്നു മൂന്നു വാഹനങ്ങള്‍ തകര്‍ത്തു. മറ്റു വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.

സ്വന്തം പാര്‍ട്ടിക്കാരല്ലാത്തവര്‍ക്കു നേരെ ഇഡിയുടെ പരിശോധന നടന്നോട്ടെ എന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് പിണറായി വിജയന്‍ പ്രതികരിച്ചു. ‘റെയ്ഡ് നടത്തി തളര്‍ത്തിക്കളയാമെന്ന് കരുതണ്ട. എല്ലാ കാലത്തും പാര്‍ട്ടിയുടെ അകമഴിഞ്ഞ പിന്തുണയാണ് ലഭിക്കുന്നത്. അതിന് ഒരു കുറവുമില്ലെന്നതിന്റെ തെളിവാണ് ഇന്നു കണ്ടത്. ഏറെ കാര്യങ്ങള്‍ പറയാനുണ്ട്. എന്നാല്‍ അത് പിന്നീട് പറയാം’ പിണറായി വിജയന്‍ പറഞ്ഞു.

ഹമാസിൻ്റെ പുതിയ മേധാവിയേയും വധിച്ച് ഇസ്രയേൽ

ഹമാസിൻ്റെ പുതിയ മേധാവിയേയും വധിച്ച് ഇസ്രയേൽ

ജെറുസലേം: ഗാസയിലെ ഹമാസിന്റെ സായുധ വിഭാഗത്തിന്റെ പുതിയ മേധാവിയെ വധിച്ചതായി ഇസ്രായേൽ. പുതിയ തലവനായ മുഹമ്മദ് ഒഡേ ഇന്നലെ ഗാസ സിറ്റിയിൽ നടന്ന ഇസ്രായേൽ വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഒഡേയുടെ ഭാര്യയും മകനും കൊല്ലപ്പെട്ടു. 2023 ഒക്ടോബർ 7ന് ഇസ്രായേലിൽ നടന്ന ഹമാസിന്റെ അതിർത്തി കടന്നുള്ള ആക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളായിരുന്നു മുഹമ്മദ് ഒഡേ. മേയ് 15ന് ഇസ്രായേൽ സൈന്യം വധിച്ച മുൻ സൈനിക കമാൻഡർ ഇസ് അൽ-ദിൻ അൽ ഹദ്ദാദിന് പകരക്കാരനായി ഏതാണ്ട് ഒരാഴ്ച മുൻപാണ് ഒഡേയെ ഈ പദവിയിലേക്ക് നിയമിച്ചത്.

‘വീണ വിജയൻ മകളായി എന്നതിന്റെ പേരിൽ അച്ഛനെതിരെ കേസെടുക്കാനാകില്ല’; സംസ്ഥാനവ്യാപകമായി തെരുവിൽ ഇറങ്ങാൻ സിപിഎം ആഹ്വാനം

‘വീണ വിജയൻ മകളായി എന്നതിന്റെ പേരിൽ അച്ഛനെതിരെ കേസെടുക്കാനാകില്ല’; സംസ്ഥാനവ്യാപകമായി തെരുവിൽ ഇറങ്ങാൻ സിപിഎം ആഹ്വാനം

തിരുവനന്തപുരം: സിഎംആർഎൽ – എക്‌സാലോജിക് കരാറുമായി ബന്ധപ്പെട്ട കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വസതികളിലും മുൻ മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒരേസമയം റെയ്ഡ് നടത്തുന്നതിനെതിരെ സംസ്ഥാനവ്യാപകമായി തെരുവിൽ ജനകീയ പ്രതിരോധം തീർക്കാൻ സിപിഎം ആഹ്വാനം ചെയ്തു. തിരുവനന്തപുരത്ത് ചേർന്ന പാർട്ടിയുടെ അടിയന്തിര സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാധ്യമങ്ങളോട് ഇക്കാര്യം ഒഫീഷ്യലായി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഏരിയ, ലോക്കൽ മേഖലകളിലും വൻ ജനകീയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിനൊപ്പം കേരളത്തിലെ മുഴുവൻ പാർട്ടി ബ്രാഞ്ചുകളിലും ഇന്ന് വൈകുന്നേരം പന്തംകൊളുത്തി പ്രകടനങ്ങൾ നടത്താനും സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്.

തികച്ചും രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് കേന്ദ്ര ഏജൻസി ഇപ്പോൾ ഈ റെയ്ഡ് പ്ലാൻ ചെയ്തിരിക്കുന്നതെന്ന് എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി. വീണാ വിജയൻ മകളായിപ്പോയി എന്ന ഒറ്റക്കാരണത്താൽ അച്ഛന്റെ പേരിൽ കള്ളക്കേസെടുക്കാൻ ഇഡിക്ക് നിയമപരമായി ഒട്ടും കഴിയില്ല. കേസ് കൃത്യമായി അന്വേഷിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടിട്ടുള്ളത്, എന്നാൽ അതിന്റെ മറവിൽ കടന്നാക്രമണം നടത്താനാണ് ഇഡി ശ്രമിക്കുന്നത്. വലിയ സഹനങ്ങളും നിരന്തരമായ വേട്ടയാടലുകളും അതിജീവിച്ചാണ് പിണറായി വിജയൻ മുഖ്യമന്ത്രി പദം വരെ എത്തിയത്.

ഈ നീക്കത്തെ പിണറായിക്കെതിരെയുള്ള വ്യക്തിപരമായ കേസായല്ല പാർട്ടി കാണുന്നത്, മറിച്ച് സിപിഎമ്മിനെ തകർക്കാൻ കേന്ദ്ര ഭരണകൂടം പ്രയോഗിക്കുന്ന ഏറ്റവും ഒടുവിലത്തെ രാഷ്ട്രീയ ആയുധമാണിത്. പാർട്ടിയെ ഇല്ലാതാക്കണമെങ്കിൽ പിണറായി വിജയനെ തകർക്കണമെന്ന് അവർ കരുതുന്നു. അത്തരം ആക്രമണങ്ങളിലൂടെ പിണറായിയെയോ സിപിഎമ്മിനെയോ ദുർബലപ്പെടുത്താമെന്ന് ആരെങ്കിലും മോഹിച്ചാൽ അവർക്ക് തെറ്റിയെന്നും ജനങ്ങളെ അണിനിരത്തി ഇതിനെ രാഷ്ട്രീയമായും നിയമപരമായും പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

യഥാർത്ഥത്തിൽ സിഎംആർഎൽ – എക്‌സാലോജിക് കരാർ പൂർണ്ണമായും നിയമപരമായിട്ടുള്ള ഒന്നാണ്. നിലവിലെ യുഡിഎഫ്. മന്ത്രിസഭയിലെ രണ്ട് പ്രധാന മന്ത്രിമാർക്കെതിരെയും സമാനമായ രീതിയിൽ വലിയ സാമ്പത്തിക ആരോപണങ്ങൾ ഉയർന്നിരുന്നുവെങ്കിലും അവർക്കെതിരെ യാതൊരുവിധ അന്വേഷണവുമില്ല. തന്റെ ഭാഗത്തുനിന്നുള്ള എല്ലാ രേഖകളും ഹാജരാക്കി എല്ലാ അന്വേഷണങ്ങളോടും പൂർണ്ണമായി സഹകരിക്കുന്ന നിലപാടാണ് വീണാ വിജയൻ സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യയിലുടനീളം പ്രതിപക്ഷ നേതാക്കളെ തകർക്കാൻ കേന്ദ്ര ഏജൻസികളെ ഭരണകൂടം ഉപകരണങ്ങളാക്കി മാറ്റുകയാണെന്ന് സുപ്രീംകോടതി തന്നെ മുൻപ് പരാമർശിച്ചിട്ടുണ്ട്. നിർഭാഗ്യവശാൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വവും യുഡിഎഫും കേന്ദ്ര ഏജൻസികളുടെ ഈ ജനാധിപത്യ വിരുദ്ധ കടന്നാക്രമണങ്ങളെ പരസ്യമായി പിന്തുണയ്ക്കുകയാണ്. പിണറായി വിജയനെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപിയും യുഡിഎഫും ഒരേ സ്വരത്തിലാണ് ആവശ്യപ്പെടുന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേരളത്തിൽ വന്ന് ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. മുൻപ് ഡൽഹി മുഖ്യമന്ത്രിയായിരുന്ന കെജ്‌രിവാളിനെ കോൺഗ്രസ് നൽകിയ പരാതിയിലാണ് നരേന്ദ്ര മോദി സർക്കാർ ജയിലിൽ അടച്ചതെന്നും എന്നാൽ പിന്നീട് കോടതി ആ കേസ് ചവറ്റുകുട്ടയിൽ എറിഞ്ഞത് നമ്മൾ കണ്ടതാണെന്നും എംവി ഗോവിന്ദൻ ഓർമ്മിപ്പിച്ചു

ഇഡി റെയ്ഡില്‍ കേരള പൊലീസിന് ഒരു അറിവുമില്ല, കൂട്ടുകെട്ട് ഉണ്ടാക്കിയവര്‍ക്ക് ഇപ്പോള്‍ എന്തു പറ്റി? : രമേശ് ചെന്നിത്തല

ഇഡി റെയ്ഡില്‍ കേരള പൊലീസിന് ഒരു അറിവുമില്ല, കൂട്ടുകെട്ട് ഉണ്ടാക്കിയവര്‍ക്ക് ഇപ്പോള്‍ എന്തു പറ്റി? : രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡില്‍ കേരള പൊലീസിന് ഒരു അറിവുമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. റെയ്ഡിനെക്കുറിച്ച് കേരള പൊലീസിന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. പൊലീസ് സഹായം തേടിയിട്ടില്ല. കേന്ദ്ര ഏജന്‍സികളാണ് റെയ്ഡ് നടത്തുന്നത്. കേന്ദ്ര സേനകളുടെ സുരക്ഷയിലാണ് പരിശോധന നടത്തുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

റെയ്ഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്ര ഏജന്‍സികളോടാണ് ചോദിക്കേണ്ടത്. കേരളത്തിലെ ആഭ്യന്തര വകുപ്പിന് ഒരു അറിവുമില്ല. മുഖ്യമന്ത്രി വിഡി സതീശന്‍ ഡല്‍ഹിയില്‍ പോയി പ്രധാനമന്ത്രിയെ കണ്ടത് കേരളത്തിലെ ആവശ്യങ്ങള്‍ക്കു വേണ്ടിയാണ്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എത്ര തവണ പോയി മോദിയെ കണ്ടു. അതൊക്കെ സാധാരണ സര്‍ക്കാര്‍ നടപടികളുടെ ഭാഗമാണ്. അതിനെ ഇതുമായി കൂട്ടിക്കുഴയ്‌ക്കേണ്ട ആവശ്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടതും റെയ്ഡും തമ്മില്‍ കൂട്ടിക്കുഴയ്ക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയ ഉദ്ദേശം എല്ലാവര്‍ക്കും മനസ്സിലാകുമെന്നും ചെന്നിത്തല പറഞ്ഞു. റെയ്ഡിനെപ്പറ്റി ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് ഡിജിപിയും അറിയിച്ചത്. കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് എന്നത് സ്ഥിരം പല്ലവിയാണ്. കോണ്‍ഗ്രസ് എന്താണെന്നും ബിജെപി എന്താണെന്നും സിപിഎം എന്താണെന്നും ജനങ്ങള്‍ക്ക് വ്യക്തമായി അറിയാവുന്നതാണ്. അതുകൊണ്ട് അത്തരം പ്രചാരണങ്ങളൊക്കെ കടന്ന കയ്യാണ്. കൂട്ടുകെട്ട് ഉണ്ടാക്കിയവര്‍ക്ക് ഇപ്പോള്‍ എന്തു പറ്റി എന്നാണ് ചോദിക്കാനുള്ളതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

സിപിഎമ്മും ബിജെപിയും തമ്മിലായിരുന്നു ഏറ്റവും വലിയ ബന്ധം. ഇവരായിരുന്നു കൂട്ടുകെട്ട് ഉണ്ടാക്കിയത്. ഇപ്പോള്‍ ആ ബന്ധം എങ്ങനെ പൊളിഞ്ഞു, എന്തു സംഭവിച്ചു എന്നാണ് ജനങ്ങളോട് അവര്‍ പറയേണ്ടതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വാടക വീടുകളിൽ അടക്കമാണ് ഇഡി റെയ്ഡ് നടത്തുന്നത്. ആകെ 12 കേന്ദ്രങ്ങളിലാണ് റെയ്ഡ്. പിണറായിയുടെ കണ്ണൂരിലെ വീട്,സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്‌ , മുഹമ്മദ് റിയാസിന്റെ കോട്ടൂളിയിലെ വീട്‌, എക്‌സാലോജികിന്റെ ബംഗളൂരുവിലെ ഓഫീസ് തുടങ്ങിയ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തുന്നത്.

ആണ്‍വേഷം കെട്ടി 10 പവന്‍ പിടിച്ചുപറിച്ചു, കിടപ്പുരോഗിയുടെ സ്വര്‍ണം കവര്‍ന്നത് ഹോം നഴ്‌സും സുഹൃത്തും

ആണ്‍വേഷം കെട്ടി 10 പവന്‍ പിടിച്ചുപറിച്ചു, കിടപ്പുരോഗിയുടെ സ്വര്‍ണം കവര്‍ന്നത് ഹോം നഴ്‌സും സുഹൃത്തും

കൊച്ചി: എറണാകുളം മൂവാറ്റുപുഴയില്‍ കിടപ്പുരോഗിയായ വീട്ടമ്മയുടെ ആഭരണം കവര്‍ന്ന കേസില്‍ വീട്ടുജോലിക്കാരിയും കൂട്ടുകാരിയും അറസ്റ്റില്‍. തമിഴ്നാട് മധുര സിന്ധുപ്പാട്ടിയില്‍ സെംപാട്ടി സ്വദേശി സുധ ശങ്കര്‍ (38), ദിണ്ടിക്കല്‍ മലയഗൗഡന്‍പാട്ടി പൊട്ടിക്കളം ലക്ഷ്മി (46) എന്നിവരാണ് പിടിയിലായത്. ഇവര്‍ മോഷ്ടിച്ച് വീടിനു പുറകില്‍ കുഴിച്ചിട്ടിരുന്ന ആഭരണങ്ങളും പൊലീസ് കണ്ടെടുത്തു.

മൂവാറ്റുപുഴ മാറാടി മഞ്ചരിപ്പടി പൂമറ്റത്തില്‍ മറിയാമ്മ (84) യുടെ ദേഹത്തുണ്ടായിരുന്ന 10 പവന്റെ ആഭരണമാണ് കവര്‍ന്നത്. മെയ് 24-ന് രാവിലെ 8.30-ഓടെയായിരുന്നു കവര്‍ച്ച നടന്നത്. മറിയാമ്മയുടെ വീട്ടില്‍ ഹോം നഴ്സായിരുന്നു സുധ. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായി ആണ്‍വേഷം കെട്ടിയായിരുന്നു കവര്‍ച്ച. പ്രതികളായ സുധയും ലക്ഷ്മിയും തമിഴ്‌നാട്ടില്‍വെച്ച് തന്നെ സുഹൃത്തുക്കളാണ്. സംഭവം നടന്ന ഞായറാഴ്ചയുടെ തലേന്ന് ലക്ഷ്മി, സുധ ജോലി ചെയ്യുന്ന മറിയാമ്മയുടെ വീട്ടിലെത്തി ഒളിച്ചുതാമസിച്ചുവെന്ന് പൊലീസ് പറയുന്നു.

ഞായറാഴ്ച രാവിലെ വീട്ടിലുള്ളവര്‍ പള്ളിയില്‍ പോയെന്നുറപ്പാക്കിയ ശേഷം ലക്ഷ്മി പാന്റ്സും ഷര്‍ട്ടും ധരിച്ച് പുരുഷ വേഷത്തില്‍ മറിയാമ്മയുടെ ദേഹത്തു കിടന്ന ആഭരണങ്ങള്‍ ബലം പ്രയോഗിച്ച് ഊരിയെടുത്തു. തലേന്ന് തന്നെ ഇതിനുള്ള ആസൂത്രണം സുധയും ലക്ഷ്മിയും നടത്തിയിരുന്നു. ലക്ഷ്മി മോഷണം നടത്തുന്ന സമയത്ത് സുധ ശൗചാലയത്തില്‍ കയറി ഒളിച്ചു. ലക്ഷ്മി ആഭരണങ്ങള്‍ കൈക്കലാക്കിയശേഷം വാതില്‍ തുറന്ന് പുറത്തെത്തി. ആഭരണങ്ങള്‍ കൂടില്‍ പൊതിഞ്ഞ് വീടിനു പുറകില്‍ മാലിന്യം കത്തിക്കുന്ന സ്ഥലത്ത് കുഴിച്ചിട്ടു. തുടര്‍ന്ന് ലക്ഷ്മി സ്ഥലംവിട്ടു.

കൂട്ടുകാരി സുധയുടെ വീട്ടില്‍ പോകുന്നു എന്ന് പറഞ്ഞ് ലക്ഷ്മി ശനിയാഴ്ച അവര്‍ ജോലി ചെയ്തിരുന്ന വീട്ടില്‍നിന്ന് പോയിരുന്നു. സുധയുടെ നമ്പര്‍ അവിടെ കൊടുക്കുകയും ചെയ്തു. മോഷണം കഴിഞ്ഞ് ഞായറാഴ്ച ലക്ഷ്മി ജോലി ചെയ്തിരുന്ന വീട്ടിലേക്ക് ചെല്ലാതെ സ്വന്തം മുറിയില്‍ താമസിച്ചു. ഞായറാഴ്ചയും ജോലിക്കാരി എത്താതെ വന്നപ്പോള്‍ വീട്ടുകാര്‍ സുധയുടെ ഫോണിലേക്ക് വിളിച്ചു. ഈ ഫോണ്‍ നമ്പര്‍ തിരഞ്ഞ് പൊലീസ് ലക്ഷ്മിയുടെ താമസ സ്ഥലത്തെത്തി. അവിടെ മുഷിഞ്ഞ പാന്റ്സും മറ്റും കണ്ടത് സംശയത്തിനിടയാക്കി.

മറിയാമ്മയുടെ വീട്ടിലേക്ക് തിരിയുന്ന ഭാഗത്ത് പള്ളിയുടെ സിസിടിവി ദൃശ്യങ്ങളില്‍ ഒരു സ്ത്രീ നടന്നു പോകുന്നതും അന്വേഷണ സംഘം കണ്ടെത്തി. തുടര്‍ന്ന് ലക്ഷ്മിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കവര്‍ച്ചയുടെ ചുരുളഴിഞ്ഞത്. അന്വേഷണം വഴിതെറ്റിക്കുന്നതിനായിട്ടാണ് ലക്ഷ്മി പുരുഷവേഷത്തില്‍ കവര്‍ച്ച നടത്തിയത്. കൂടാതെ, പൊലീസിനോട് സുധ സാങ്കല്പിക കഥകള്‍ മെനഞ്ഞ് പറഞ്ഞും ആശയക്കുഴപ്പത്തിലാക്കാന്‍ ശ്രമിച്ചിരുന്നു. മൂവാറ്റുപുഴ ഡിവൈഎസ്പി അബ്ദുള്‍ മുനീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കുരുക്കിയത്.