വർക്കലയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു

വർക്കലയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു

വർക്കല: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചിലക്കൂർ ജമാഅത്തിൽ കുഴിവിള വീട്ടിൽ പരേതനായ അബ്ദുൽ നാസറിന്റെ മകളും റാഷിദിന്റെ ഭാര്യയുമായ 27 വയസ്സുള്ള ആസിയയാണ് മരിച്ചത്.

ചിലക്കൂർ ജുമാ മസ്ജിദിന് സമീപം വച്ചായിരുന്നു അപകടം. ബൈക്കിന്റെ ആക്സിലേറ്റർ നിയന്ത്രണം വിട്ടതിനെ തുടർന്ന് പിന്നിലിരുന്ന ആസിയ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ആസിയയുടെ ജീവൻ രക്ഷിക്കാനായില്ല.

സംസ്ഥാനത്ത് ഇന്ന് തീവ്രമഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ്

സംസ്ഥാനത്ത് ഇന്ന് തീവ്രമഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ അതിശക്തവും ശക്തമായതുമായ മഴയ്ക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇന്ന് തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴയും പ്രവചിക്കുന്നു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തുടര്‍ന്ന് ഒരിടവേളയ്ക്ക് ശേഷം ഞായറാഴ്ച മുതലാണ് മഴ ശക്തമാകുക. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയുമാണ് ഇടിമിന്നലോട് കൂടിയ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നത്. മണിക്കൂറില്‍ 40 – 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പാടങ്ങളിൽ താമരപ്പൂക്കൾ പൂത്തുലഞ്ഞു; പക്ഷേ, വാങ്ങാൻ ആളില്ലാതെ കർഷകരുടെ കണ്ണീർക്കടൽ

പാടങ്ങളിൽ താമരപ്പൂക്കൾ പൂത്തുലഞ്ഞു; പക്ഷേ, വാങ്ങാൻ ആളില്ലാതെ കർഷകരുടെ കണ്ണീർക്കടൽ

മലപ്പുറം: കണ്ണിനും മനസ്സിനും കുളിർമ പകർന്ന് പാടശേഖരങ്ങളിൽ താമരപ്പൂക്കൾ നിറഞ്ഞുവിരിഞ്ഞു നിൽക്കുമ്പോഴും കണ്ണീരൊഴുക്കുകയാണ് മലപ്പുറം തിരുനാവായയിലെ താമരക്കർഷകർ. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ താമരക്കൃഷി കേന്ദ്രങ്ങളിലൊന്നായ തിരുനാവായയിലും പരിസരപ്രദേശങ്ങളിലുമായി രണ്ടായിരത്തോളം ഏക്കറിലെ ജലാശയങ്ങളിൽ ലക്ഷക്കണക്കിന് താമരകളാണ് ഇപ്പോൾ വിളവെടുപ്പില്ലാതെ നശിക്കുന്നത്. ഉത്സവസീസണുകൾ കഴിഞ്ഞതോടെ വിപണിയിലുണ്ടായ ആവശ്യക്കുറവും വിലയിടിവുമാണ് കർഷകരെ പ്രതിസന്ധിയിലാക്കിയത്.

വലിയപറപ്പൂർ കായൽ, കോട്ടക്കൽ, തിരുത്തി, ചാലിയാർപാടം, അജിതപ്പടി, പള്ളാർ തുടങ്ങിയ പ്രദേശങ്ങളിലെ വിശാലമായ കായലുകളിലാണ് വ്യാപകമായി താമരക്കൃഷിയുള്ളത്. ചുവന്ന താമര, ചെന്താമര, ചുവന്ന ചോങ്ങൻ എന്നീ നാടൻ ഇനങ്ങളാണ് പ്രധാനമായും ഇവിടെ കൃഷി ചെയ്യുന്നത്. പൂജകൾക്കും വഴിപാടുകൾക്കുമായി വിപണിയിൽ വലിയ ഡിമാൻഡുള്ള താമരമൊട്ടുകൾക്ക് സാധാരണ സമയങ്ങളിൽ എട്ട് രൂപ വരെ മൊത്തവില ലഭിക്കാറുണ്ട്.

എന്നാൽ ഓണം, അത്തം തുടങ്ങിയ വിശേഷദിവസങ്ങൾ കഴിഞ്ഞതോടെ ക്ഷേത്രങ്ങളിലേക്കുള്ള പൂക്കളുടെ ആവശ്യകത കുത്തനെ കുറഞ്ഞു. കർണ്ണാടക ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കും ഉത്തരേന്ത്യൻ ക്ഷേത്രനഗരങ്ങളിലേക്കുമാണ് തിരുനാവായയിൽനിന്ന് പ്രധാനമായും പൂക്കൾ കയറ്റി അയക്കുന്നത്.

ഇത്തവണ ഗണേശോത്സവത്തിന്റെ തീയതികളിൽ വന്ന മാറ്റവും തിരിച്ചടിയായി. വിൽക്കാനാകാതെ തണ്ടുകളിൽ തന്നെ വിരിഞ്ഞുനിൽക്കുന്ന പൂക്കൾ ദിവസങ്ങൾക്കുള്ളിൽ കായലുകളിൽ കൊഴിഞ്ഞുവീഴുകയാണ്. ഈ സീസണിൽ മാത്രം ലക്ഷത്തോളം പൂക്കൾ പാഴായെന്നാണ് കർഷകരുടെ കണക്കുകൂട്ടൽ. വരാനിരിക്കുന്ന നവരാത്രി-പൂജാദിനങ്ങളിൽ വില ഉയർന്നാലും ഇപ്പോൾ പൂക്കൾ നശിക്കുന്നതിനാൽ അന്ന് വിളവെടുക്കാൻ പൂക്കൾ ലഭിക്കുമോയെന്ന ആശങ്കയിലാണ് ഇവർ.

പ്രതിസന്ധിക്ക് പരിഹാരമായി താമരയിൽനിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വികസിപ്പിക്കാനുള്ള സമഗ്ര പദ്ധതികൾ സർക്കാർ ആവിഷ്കരിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. താമരത്തണ്ടിൽനിന്നുള്ള കറ ഉപയോഗിച്ച് ഉയർന്ന ഗുണനിലവാരമുള്ള പട്ടുനൂൽ നിർമ്മിക്കാനും ഔഷധ-ഭക്ഷ്യ ഉൽപ്പന്നങ്ങൾ ഉണ്ടാക്കാനുമുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തിയാൽ കർഷകർക്ക് ഓഫ് സീസണിലും മികച്ച വരുമാനം ഉറപ്പാക്കാനാകും. കൃഷിവകുപ്പ് 2020 ജനുവരിയിൽ തിരുനാവായയെ ‘പുഷ്പഗ്രാമം’ ആയി പ്രഖ്യാപിച്ചെങ്കിലും തുടർനടപടികൾ യാഥാർത്ഥ്യമായില്ലെന്ന് കർഷകർ പരാതിപ്പെടുന്നു.

അപൂർവ്വയിനം ദേശാടനപ്പക്ഷികൾക്കും ഏഷ്യൻ ഓപ്പൺബിൽ കൊക്കുകൾക്കും സ്വാഭാവിക ആവാസവ്യവസ്ഥയൊരുക്കുന്ന തിരുനാവായയിലെ താമരപ്പാടങ്ങളെ സംരക്ഷിക്കാൻ പ്രത്യേക വിപണന പാക്കേജും അടിയന്തര സാമ്പത്തിക സഹായവും നൽകണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം.

അവഗണന തുടർന്നാൽ പ്രതിഷേധം കടുപ്പിക്കും: യു.ഡി.എഫ്

അവഗണന തുടർന്നാൽ പ്രതിഷേധം കടുപ്പിക്കും: യു.ഡി.എഫ്

പോത്തൻകോട്: പോത്തൻകോട് പഞ്ചായത്തിലെ പ്രാദേശിക വികസനങ്ങളിലെ അസന്തുലിതാവസ്ഥയ്ക്കും മുരടിപ്പിനും പിനാക്ക പ്രദേശങ്ങളോടുള്ള അവഗണനയ്ക്കു മെതിരെ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.

കുന്നുകാട് ജംഗ്ഷനിൽ വച്ച് നടത്തിയ പ്രതിഷേധ പരിപാടിയും റോഡ് ഉപരോധവും യു.ഡി.എഫ്. പഞ്ചായത്ത് ചെയർമാൻ ആർ.എസ്. വിനോദ് മണിയുടെ അദ്ധ്യക്ഷതയിൽ ഡി.സി.സി. ജനറൽ സെക്രട്ടറി ഡോ. കൊയ്ത്തൂർക്കോണം സുന്ദരൻ ഉദ്ഘാടനം ചെയ്തു. വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് എം.ആർ. ഷാനവാസ് മുഖ്യപ്രഭാഷണവും ആർ.എസ്.പി. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സന്തോഷ് ഭദ്രൻ ആമുഖ പ്രഭാഷണവും നടത്തി.

യു.ഡി.എഫ്. പോത്തൻകോട് പഞ്ചായത്ത് കൺവീനർ ഷാജഹാൻ മർഹബ, ജെ.എസ്.എസ്. സംസ്ഥാന കമ്മിറ്റി അംഗം വാവറ അമ്പലം അജി, പോത്തൻ കോട് മുൻ മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് പോത്തൻകോട് ബിജു, മുസ്ലിം ലീഗ് പോത്തൻകോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് സുൾഫിക്കർ, കെ എസ് എസ് പി എ നേതാവ് കൊയ്ത്തൂർക്കോണം ശ്യാംകുമാർ, മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് സബീന എ, വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് എസ്. ഷംനാദ്, ജനറൽ സെക്രട്ടറി സജിത്ത് കല്ലുവെട്ടി തുടങ്ങിയവർ സംസാരിച്ചു.

പ്രതിഷേധ പരിപാടിയ്ക്ക് ആർ.എസ്.പി. ജില്ലാ കമ്മിറ്റി അംഗം വേങ്ങോട് മുരളി, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികളായ ബാബു മഞ്ഞമല, മുംതാസ് ബീഗം, മുസ്ലീം ലീഗ് നേതാക്കളായ ഷാജഹാൻ പോത്തൻകോട്, എസ്.എം.താഹിർ ഖബറടി, വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് ജനറൽ സെക്രട്ടറി മാരായ മുജീബ് കല്ലുവെട്ടി, ഷാജി മഞ്ഞമല, സലിം കുന്നുകാട്, രവി കുന്നുകാട്, ഷാക്കിർ, താസിം കല്ലൂർ, മഹിളാ കോൺഗ്രസ്സ് നേതാവ് അഡ്വ.ആർ.മഞ്ജു തുടങ്ങിയവർ നേതൃത്വം നൽകി.

കണ്ണൂരിൽ മന്ത്രി ജെ ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം

കണ്ണൂരിൽ മന്ത്രി ജെ ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം

കണ്ണൂർ: മന്ത്രിയും യൂത്ത് കോൺഗ്രസ് നേതാവുമായ ഒജെ ജനീഷിനെതിരെ കണ്ണൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകരുടെ വ്യാപക പ്രതിഷേധം. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് മന്ത്രിയുടെ വാഹനത്തിന് നേരെ കല്ലേറും കയ്യേറ്റവുമുണ്ടായി. തളിപ്പറമ്പ്, പയ്യന്നൂർ എന്നിവിടങ്ങളിൽ വെച്ചാണ് വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ മന്ത്രി സഞ്ചരിച്ച ഔദ്യോഗിക വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു. കാസർകോട് നീലേശ്വരത്തും മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടന്നു. അഞ്ചിടങ്ങളിൽ വെച്ച് തനിക്കെതിരെ ആക്രമണമുണ്ടായതായി മന്ത്രി ഒ.ജെ. ജനീഷ് പ്രതികരിച്ചു.

തളിപ്പറമ്പിൽ തടിച്ചുകൂടിയ പ്രതിഷേധക്കാർ മുദ്രാവാക്യം വിളികളോടെ മന്ത്രിയുടെ വാഹനം തടയുകയായിരുന്നു. കല്ലുകൊണ്ടും കൈകൾകൊണ്ടും വാഹനത്തിന് നേരെ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവസ്ഥലത്ത് പൊലീസുകാർ നോക്കിനിൽക്കെയാണ് അക്രമികൾ വാഹനത്തിന് നേരെ പാഞ്ഞടുത്തത്. ആക്രമണത്തിന് ശേഷവും കേടുപാടുകൾ സംഭവിച്ച അതേ വാഹനത്തിൽത്തന്നെ മന്ത്രി യാത്ര തുടർന്നു.

പിന്നാലെ പയ്യന്നൂരിൽ എത്തിയപ്പോഴും മന്ത്രിയുടെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ പ്രവർത്തകർ അക്രമം അഴിച്ചുവിട്ടു. ഇതോടെ മന്ത്രിക്കൊപ്പമുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകരും ഡിവൈഎഫ്ഐക്കാരും തമ്മിൽ നടുറോഡിൽ രൂക്ഷമായ കയ്യാങ്കളിയുണ്ടായി. സന്ദീപ് വാര്യർ എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും നേതാക്കളും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ നേരിട്ട് ഏറ്റുമുട്ടുന്ന സാഹചര്യമുണ്ടായി.

മന്ത്രിക്കെതിരെ ആസൂത്രിതമായ വധശ്രമമാണ് അരങ്ങേറിയതെന്ന് അദ്ദേഹത്തോടൊപ്പം വാഹനത്തിൽ സഞ്ചരിച്ചിരുന്ന കോൺഗ്രസ് നേതാവ് വി.പി. അബ്ദുൾ റഷീദ് പ്രതികരിച്ചു. ഇരുപതോളം പേരടങ്ങുന്ന ക്രിമിനൽ സംഘമാണ് അക്രമത്തിന് പിന്നിൽ പ്രവർത്തിച്ചത്. ഒളിപ്പോരാളികളെപ്പോലെ പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു. ‘കൊല്ലെടാ ജനീഷിനെ’ എന്ന് അക്രമികൾ പരസ്യമായി ആക്രോശിച്ചെന്നും മന്ത്രിയുടെ ജീവന് തന്നെ ഭീഷണിയുയർത്തുന്ന തരത്തിലാണ് ഡിവൈഎഫ്ഐ പെരുമാറിയതെന്നും അബ്ദുൾ റഷീദ് വ്യക്തമാക്കി.

കായിക വകുപ്പ് മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഒ.ജെ ജനീഷിനെതിരെ കണ്ണൂരില്‍ ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവർത്തകർ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് മന്ത്രിക്കെതിരെ ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിലെ ഗൂഡാലോചന വ്യക്തം. മന്ത്രിയെ ആക്രമിച്ച ക്രിമിനലുകളെയും ഗൂഡാലോചന നടത്തിയ സി.പി.എം- ഡി.വൈ.എഫ്.ഐ നേതാക്കളെയും നിയമത്തിന് മുന്നില്‍ കൊണ്ടു വരിക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മന്ത്രിയെ ലക്ഷ്യമിട്ട് നിരവധി തവണയാണ് വാഹനത്തിനു നേരെ ആക്രമണമുണ്ടായത്. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടിക്കെതിരെ നടത്തിയ ആക്രമണത്തിന്റെ തുടര്‍ച്ചയാണ്.

പയ്യന്നൂരിലും തളിപ്പറമ്പിലും സി.പി.എം കാട്ടിയത്. തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെ സിപിഎം നേരിടുന്ന പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെടാനാണ് നാട്ടില്‍ കലാപമുണ്ടാക്കുന്നത്. ക്രിമിനല്‍ മാഫിയ സംഘത്തെ പോലെയാണ് സിപിഎം ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. ക്രിമിനലുകളെയും കൊട്ടേഷന്‍ സംഘങ്ങളെയും ഇറക്കിയുള്ള അക്രമ സമരത്തിനാണ് സിപിഎം ശ്രമിക്കുന്നതെങ്കില്‍ അത് അവസാനിപ്പിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

എസിയുടെയും ഫ്രിഡ്ജിന്റെയും ടിവിയുടെയും വാഷിങ് മെഷീന്റെയും വില വര്‍ധിക്കും; കാരണമിത്

എസിയുടെയും ഫ്രിഡ്ജിന്റെയും ടിവിയുടെയും വാഷിങ് മെഷീന്റെയും വില വര്‍ധിക്കും; കാരണമിത്

ഡല്‍ഹി: ഫ്രിഡ്ജ്, എസി, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ ഉള്‍പ്പെടെ പല ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെയും വില ഇന്നുമുതല്‍ വര്‍ധിക്കും. അസംസ്‌കൃത വസ്തുക്കളുടെ വിലയിലും ഗതാഗത ചെലവിലും ഉണ്ടായ വര്‍ധനയെ തുടര്‍ന്ന് പല കമ്പനികളും വില വര്‍ധിപ്പിക്കാന്‍ തുടങ്ങിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

എസി, എല്‍ഇഡി ടിവി, വാഷിങ് മെഷീന്‍ അടക്കമുള്ള ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ വിലയില്‍ കമ്പനികള്‍ അഞ്ചുമുതല്‍ എട്ടു ശതമാനം വരെ വര്‍ധന വരുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഉത്സവ ഷോപ്പിങ് സീസണിന് തൊട്ടുമുന്‍പാണ് ഈ വര്‍ധന. ഈ വില വര്‍ധന എല്ലാ ബ്രാന്‍ഡുകളിലും ഉല്‍പ്പന്ന വിഭാഗങ്ങളിലും ഒരേപോലെയല്ല. എസിക്കാണ് കൂടുതല്‍ വില വര്‍ധന. എസി വിലയില്‍ അഞ്ചുശതമാനം മുതല്‍ എട്ടുശതമാനം വരെയാണ് വില വര്‍ധന ഉണ്ടായിരിക്കുന്നത്. ഒക്ടോബര്‍ ഒന്നുമുതല്‍ എസി വിലയില്‍ അഞ്ചുമുതല്‍ ഏഴു ശതമാനം വരെ വര്‍ധന വരുത്തിയതായി എല്‍ജി ഇലക്ട്രോണിക്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്.

ടിവി വാങ്ങുന്നവര്‍ക്കും ഉയര്‍ന്ന വില നല്‍കേണ്ടി വരും. എല്‍ഇഡി ടിവികള്‍ക്ക് മൂന്നുമുതല്‍ നാലുശതമാനം വരെ വില വര്‍ധനയാണ് ചില കമ്പനികള്‍ ലക്ഷ്യമിടുന്നത്. ഫ്രിഡ്ജുകളുടെയും വാഷിങ് മെഷീനുകളുടെ വിലയില്‍ മൂന്ന് മുതല്‍ നാലുശതമാനം വരെ കൂട്ടാന്‍ ചില നിര്‍മ്മാതാക്കള്‍ തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വില കൂടാന്‍ കാരണം?

ചെമ്പ്, അലുമിനിയം, സ്റ്റീല്‍, പ്ലാസ്റ്റിക്, ക്രൂഡ് ഒായില്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ പ്രധാന അസംസ്‌കൃത വസ്തുക്കളുടെ വിലയില്‍ ഉണ്ടായ വര്‍ധനയാണ് ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ ഗതാഗത, ലോജിസ്റ്റിക്‌സ് ചെലവുകളും വര്‍ധിച്ചിട്ടുണ്ട്. ഇതിന് പുറമേ വിദേശ നാണയ വിനിമയത്തിലെ വ്യതിയാനങ്ങള്‍ ഇറക്കുമതി ചെയ്യുന്ന ഘടകങ്ങളുടെയും അസംസ്‌കൃത വസ്തുക്കളുടെയും ചെലവ് വര്‍ധിപ്പിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിലെ നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യമാണ് അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിക്കാന്‍ പ്രധാന കാരണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.