by Midhun HP News | Sep 29, 2025 | Latest News, കേരളം
കൊച്ചി: ശബരിമലയിലെ സ്വർണ്ണപ്പാളി കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെവി ജയകുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്. ശ്രീകോവിലിലെ ദ്വാരകപാലക ശിൽപം പൊതിഞ്ഞ ചെമ്പടങ്ങുന്ന സ്വർണ്ണപാളികളുടെ ഭാരം 4 കിലോയോളം കുറഞ്ഞത് അടക്കമുള്ള വിഷയങ്ങളിൽ ദേവസ്വത്തിന്റെ വിശദീകരണം ഇന്ന് കോടതിയെ അറിയിക്കും.
നേരത്തെ ഹർജി പരിഗണിച്ച കോടതി സ്വർണ്ണപാളികളുടെ ഭാരം കുറഞ്ഞതിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ എസ് പി റാങ്കിലുള്ള ചീഫ് വിജിലൻസ് ഓഫീസർ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി നിർദേശിച്ചിരുന്നത്. ശബരിമല സ്വർണപ്പാളിയിലെ തൂക്ക വ്യത്യാസം ഗൗരവമായ വിഷയമാണെന്നും, ഭരണപരമായ വീഴ്ചയാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.

2019ൽ സ്വർണ്ണപ്പാളി തിരികെയെത്തിച്ചപ്പോൾ തൂക്കം മഹസറിൽ രേഖപ്പെടുത്തിയില്ലെന്നും വിശ്വാസ്യതയും സുതാര്യതയും ഉറപ്പ് വരുത്തേണ്ട ഒരു ക്ഷേത്ര സമിതിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത വീഴ്ചയാണ് ഉണ്ടായതെന്നും കോടതി വിമർശിച്ചിരുന്നു. ശബരിമലയിലെ കാണാതായ ദ്വാരപാലക പീഠം കണ്ടെത്തിയ വിവരവും ദേവസ്വം വിജിലൻസ് കോടതിയെ അറിയിക്കും. പരാതി നൽകിയ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബന്ധു വീട്ടിൽ നിന്നാണ് പീഠം കണ്ടെത്തിയത്.


by Midhun HP News | Sep 29, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പ്പട്ടികയില്‍ ഇന്നുമുതല്‍ പേര് ചേര്‍ക്കാം. പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ് സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും. ഒക്ടോബര്‍ 14 വരെ പേര് ചേര്‍ക്കാം.
2025 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് പൂര്‍ത്തിയായവര്‍ക്കാണ് അവസരം. വിവരങ്ങള്‍ തിരുത്താനും വാര്‍ഡ് മാറ്റാനും പേര് ഒഴിവാക്കാനും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ വെബ് സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ആവശ്യമായ രേഖകള്‍ സഹിതം ഹിയറിങ്ങിന് നേരിട്ട് ഹാജരാകണം.
കരട് പട്ടികയില്‍ എല്ലാ വോട്ടര്‍മാര്‍ക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ ഉണ്ടാകും. രണ്ടിന് പുതുക്കി പ്രസിദ്ധീകരിച്ച പട്ടികയാണ് ഇപ്പോള്‍ കരടായി പ്രസിദ്ധീകരിക്കുന്നത്. ഇതില്‍ 2,83,12,458 വോട്ടര്‍മാരുണ്ടാകും. പ്രവാസി വോട്ടര്‍പ്പട്ടികയില്‍ 2087 പേരുമുണ്ട്. പുതുക്കിയ അന്തിമ വോട്ടര്‍ പട്ടിക ഒക്ടോബര്‍ 25ന് പ്രസിദ്ധീകരിക്കും.



by Midhun HP News | Sep 29, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ആദ്യമായി സ്വര്‍ണവില 85,000 കടന്നു. പവന് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 85000ന് മുകളില്‍ എത്തിയത്. 85,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 85 രൂപയാണ് വര്‍ധിച്ചത്. 10,670 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്റ്റംബര്‍ 9 നാണ് വില എണ്‍പതിനായിരം പിന്നിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. 23ന് രേഖപ്പെടുത്തിയ 84,840 രൂപ എന്ന റെക്കോര്‍ഡ് ആണ് ഇന്ന് തിരുത്തിയത്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കൂടാതെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നതും വില ഉയരാന്‍ കാരണമാകുന്നുണ്ട്.


by Midhun HP News | Sep 29, 2025 | Latest News, കായികം
ന്യൂഡല്‍ഹി: എഷ്യാകപ്പ് ട്രോഫി കൈമാറ്റ വിവാദത്തില്‍ ബിസിസിഐ നിലപാട് കടുപ്പിക്കുന്നു. ട്രോഫിയും മെഡലുകളും ഇന്ത്യയ്ക്ക് നല്‍കണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടു. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ തലവനും പിസിബി ചെയര്‍മാനുമായ മുഹസിന്‍ നഖ്വിയെ ലക്ഷ്യമിട്ടാണ് ബിസിസിഐയുടെ നീക്കം.
ഏഷ്യാ കപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീം കിരീടം സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വി വേദിയില്‍ നിന്ന് ട്രോഫി ഏറ്റുവാങ്ങിയ നടപടി അപലപനീമാണെന്നാണ് ബിസിസിഐ നിലപാട്. നടപടിയെ വിമര്‍ഷിച്ച് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ രംഗത്തെത്തി. നവംബറില്‍ നടക്കുന്ന അടുത്ത അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലില്‍ ബോര്‍ഡ് യോഗത്തില്‍ ബിസിസിഐ ഈ വിഷയം ഉന്നയിക്കുമെന്നും സൈകിയ വ്യക്തമാക്കി. പാകിസ്ഥാനിലെ പ്രമുഖ നേതാവില്‍ നിന്നും ഏറ്റുവാങ്ങേണ്ടതില്ലെന്ന നിലപാടിലാണ് ടീം ഇന്ത്യ ട്രോഫി സ്വീകരിക്കാതിരുന്നത്. എന്നാല്‍ പിസിപി ചെയര്‍മാന് ട്രോഫി കൈപ്പറ്റാം എന്ന് അതിന് അര്‍ഥമില്ല. ട്രോഫിയും മെഡലുകളും എത്രയും വേഗം ഇന്ത്യയിലേക്ക് എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും സൈകിയ വ്യക്തമാക്കി.
എസിസി ചെയര്‍മാനില്‍ നിന്നും ട്രോഫി ഏറ്റുവാങ്ങേണ്ടതില്ലെന്ന ഇന്ത്യയുടെ നിലപാടിനെ തുടര്‍ന്ന് സമ്മാനദാന ചടങ്ങ് ഏകദേശം 90 മിനിറ്റ് വൈകിയിരുന്നു. എന്നാല്‍ പിന്നീട് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന് പകരം എസിസി ചെയര്‍മാന്‍ ട്രോഫി കൈവശം വയ്ക്കുകയായിരുന്നു. ചാമ്പ്യന്മാരായ ടീമിന് ട്രോഫി നിഷേധിക്കപ്പെട്ടു, എന്നായിരുന്നു ചടങ്ങില്‍ നിന്നും വിട്ടുനിന്ന നടപടി വിശദീകരിച്ച ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിന്റെ പ്രതികരണം. യഥാര്‍ത്ഥ ട്രോഫി സഹതാരങ്ങളും സപ്പോര്‍ട്ടിങ് സ്റ്റാഫും ആണെന്നമായിരുന്നു പ്രതികരിച്ചത്. മാച്ച് ഫീ ഇന്ത്യന്‍ സേനയ്ക്ക് നല്‍കുമെന്നും സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി.

ക്രിക്കറ്റ് ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നാണ് ദബൈയില്‍ സംഭവിച്ചത്. അത് കഠിനാധ്വാനം ചെയ്താണ് തങ്ങള്‍ കിരീടം നേടിയത്. അത് എളുപ്പമായിരുന്നില്ല. തുടര്‍ച്ചയായ ദിവസങ്ങളില്‍ പോലും കളിക്കേണ്ടിവന്നു. കിരീടം ഞങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണത്. കൂടുതല്‍ ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല. കളിക്കാരും സപ്പോര്‍ട്ടിംഗ് സ്റ്റാഫുമാണ് യഥാര്‍ത്ഥ ട്രോഫികള്‍. ടൂര്‍ണമെന്റില്‍ ഞാന്‍ അവരുടെ ആരാധകനാണ്.’- എന്നും സൂര്യകുമാര്‍ യാദവ് ചൂണ്ടിക്കാട്ടി.


by Midhun HP News | Sep 29, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം നടപ്പാക്കാനുള്ള നീക്കത്തിന് എതിരെ നിയമസഭ പ്രമേയം പാസാക്കും. മുഖ്യമന്ത്രി പിണറായി വിജയനാകും പ്രമേയം അവതരിപ്പിക്കുക. പ്രതിപക്ഷത്തിന്റെ പിന്തുണയോടെയാണ് പ്രമേയം കൊണ്ട് വരുന്നത്. ഇതു സംബന്ധിച്ച കരട് നേരത്തെ തന്നെ തയ്യാറാക്കി ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്ന് പ്രമേയം അവതരിപ്പിക്കുന്നത്.

സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിന്റെ ഒന്നാം ഘട്ട നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്ത് ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പരിഷ്‌ക്കരണത്തിനെതിരെ നിയമസഭാ ഐക്യകണ്ഠന പ്രമേയം പാസാക്കാന്‍ ഒരുങ്ങുന്നത്. പരിഷ്‌ക്കരണം മൂലം ഉണ്ടാകാന്‍ പോകുന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് സഭയില്‍ വിശദമായ ചര്‍ച്ച പ്രമേയത്തില്‍മേല്‍ നടക്കും. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം ഉണ്ടാകുന്ന സാങ്കേതിക ബുദ്ധിമുട്ടുകള്‍ നേരത്തെ വിവിധ രാഷ്ട്രീയ കക്ഷികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ ധരിപ്പിച്ചിരുന്നു.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാര്‍ക്ക് സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ നല്‍കി വോട്ടര്‍പട്ടിക പുതുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരിുന്നു. ഇതിനുള്ള കരട് വോട്ടര്‍പട്ടിക സെപ്റ്റംബര്‍ 29 ന് പ്രസിദ്ധീകരിക്കും. അന്തിമ വോട്ടര്‍പട്ടിക ഒക്ടോബര്‍ 25നും പ്രസിദ്ധീകരിക്കും എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.


by Midhun HP News | Sep 29, 2025 | Latest News, കായികം
അത്യന്തം ആവേശം നിറച്ച ഏഷ്യാ കപ്പ് ഫൈനലില്‍ നാടകാന്തം ഇന്ത്യയ്ക്ക് ജയം. പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യന്‍ ജയം. ഒരുവേള ജയപരാജയം മാറിമറിഞ്ഞ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയ തിലക് വര്‍മയുടെ കരുത്തുറ്റ ഇന്നിങ്‌സാണ് ഇന്ത്യയ്ക്ക് രക്ഷയായത്. സഞ്ജു സാംസന്റെ ബാറ്റിങ്ങും ഇന്ത്യക്ക് ആത്മവിശ്വാസം പകര്‍ന്നു. 147 റണ്‍സിലേക്ക് ബാറ്റ് വീശിയ ഇന്ത്യ 19.4 ഓവറില്‍ ലക്ഷ്യം മറികടന്നു.
തിലക് വര്‍മ 53 ബോളില്‍ 69 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. നാല് ഓവറിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് തകര്‍ച്ചയെ തുറിച്ചുനോക്കിയ ഇന്ത്യയെ തിലക്- സഞ്ജു കൂട്ടുകെട്ടാണ് രക്ഷിച്ചത്. 24 റണ്‍സെടുത്ത് സഞ്ജു പുറത്തായതിനെ തുടര്‍ന്ന് ഇറങ്ങിയ ശിവം ദുബെയും തിലകിന് കരുത്ത് പകര്‍ന്നു. ശിവം ദുബെ 22 ബോളിൽ 33 റൺസെടുത്തു. സ്പിന്‍ മാന്ത്രികതയില്‍ പാക് ബാറ്റിങ് നിരയെ അസ്തപ്രജ്ഞരാക്കി അനായാസ വിജയം നേടാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ ബാറ്റിങ് ആരംഭിച്ചിരുന്നത്.
ഫഹീം അഷ്‌റഫാണ് ഇന്ത്യയുടെ ആ മോഹത്തിന് തുടക്കത്തിൽ തടയിട്ടത്. അദ്ദേഹം രണ്ട് വിക്കറ്റ് നേടി. കുല്‍ദീപ് യാദവിന്റെ നാല് വിക്കറ്റ് നേട്ടത്തിലാണ് ഇന്ത്യ ബോളിങ്ങില്‍ മിന്നും പ്രകടനം കാഴ്ചവെച്ചത്. ജസ്പ്രീത് ബുമ്ര, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വീതം വിക്കറ്റും കൊയ്തു. പാകിസ്ഥാന്റെ സാഹിബ്‌സാദ ഫര്‍ഹാന്റെ അര്‍ധ സെഞ്ചുറി പാഴായി. 41 വർഷത്തെ ഏഷ്യാ കപ്പ് ചരിത്രത്തിൽ ഇതാദ്യമായാണ് ഇന്ത്യ- പാക് ഫൈനലുണ്ടായത്. ഈ ടൂർണമെൻ്റിൽ പരാജയം അറിയാതെയാണ് ഇന്ത്യ ഫൈനലിലെത്തിയിരുന്നത്.



Recent Comments