by Midhun HP News | Sep 24, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ക്രെഡിറ്റ് ലൈനിന് പിന്നാലെ യുപിഐയില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ഉപഭോക്താക്കള്‍ക്ക് യുപിഐ പേയ്മെന്റ് ഇഎംഐ ആക്കിമാറ്റാന്‍ അനുവദിക്കുന്ന ഫീച്ചര്‍ അവതരിപ്പിക്കുന്നതിനെ കുറിച്ചാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ( എന്‍പിസിഐ) ആലോചിക്കുന്നത്.
ഉയര്‍ന്ന മൂല്യമുള്ള യുപിഐ പേയ്മെന്റുകള്‍ ഇഎംഐകളാക്കി മാറ്റാന്‍ ഉപയോക്താക്കളെ പ്രാപ്തരാക്കുന്നതാണ് പുതിയ ഫീച്ചര്‍. ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ക്രെഡിറ്റ് ലൈന്‍ ഉപയോഗിച്ച് യുപിഐ വഴി പര്‍ച്ചെയ്‌സ് നടത്തിയ ശേഷം, ഉപയോക്താക്കള്‍ക്ക് പ്രതിമാസ തവണകളായി തുക തിരിച്ചടയ്ക്കാന്‍ കഴിയുന്ന തരത്തിലാണ് പുതിയ സംവിധാനം വരുന്നത്.

ഇതിനായി യുപിഐയുമായി ഇഎംഐ പേയ്മെന്റ് ഓപ്ഷനെ സംയോജിപ്പിക്കാന്‍ ഫിന്‍ടെക് സ്ഥാപനങ്ങളെ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അനുവദിച്ചേക്കും. ഇതുവഴി ഉപയോക്താക്കള്‍ക്ക് അവരുടെ യുപിഐ പേയ്മെന്റുകള്‍ തല്‍ക്ഷണം ഇഎംഐകളാക്കി മാറ്റാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യുപിഐ പേയ്‌മെന്റ് നടത്തുമ്പോൾ ഉപയോക്താക്കൾക്ക് ഇഎംഐ തിരിച്ചടവ് ഉടനടി തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ലഭിക്കും. യുപിഐ നെറ്റ്വര്‍ക്കില്‍ ക്രെഡിറ്റ് ഇടപാടുകള്‍ വര്‍ദ്ധിക്കാന്‍ ഇതു സഹായകമാകുമെന്നും എന്‍പിസിഐ കരുതുന്നു.
പോയിന്റ്-ഓഫ്-സെയില്‍ കാര്‍ഡ് ഇടപാടുകളോട് സമാനമായിരിക്കും ഇത്തരം ഇടപാടുകള്‍. കാര്‍ഡ് സൈ്വപ്പ് ചെയ്യുന്ന ഘട്ടത്തില്‍ തന്നെ ഇഎംഐ ആക്കി മാറ്റാന്‍ കഴിയുന്നവിധമാണ് സംവിധാനം വരുന്നത്. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്ന ഘട്ടത്തില്‍ തന്നെ (ചില നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി) പേയ്മെന്റുകള്‍ ഇഎംഐകളായി മാറ്റാന്‍ ഉപഭോക്താവിനെ അനുവദിക്കുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍ വരുന്നത്.


by Midhun HP News | Sep 24, 2025 | Latest News, കേരളം
സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ ആത്മഹത്യ ചെയ്ത മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടിശിക അടച്ചുതീര്‍ത്ത് കെപിസിസി. ബാങ്കിലെ കുടിശികയായ 63 ലക്ഷം രൂപയാണ് കെപിസിസി അടച്ചത്.
എന്‍ എം വിജയന്റെ ബാങ്കിലെ കടബാധ്യത അടച്ചുതീര്‍ക്കാമെന്ന വാഗ്ദാനം പാലിച്ചില്ല എന്ന് കാട്ടി കുടുംബം കോണ്‍ഗ്രസിനെതിരെ രംഗത്തുവന്നിരുന്നു. എന്‍ എം വിജയന്റെ മരുമകളാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ കോണ്‍ഗ്രസിനെ ഇത് ഏറെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബത്തേരി അര്‍ബന്‍ ബാങ്കില്‍ എന്‍ എം വിജയന്റെ പേരിലുള്ള കടം കെപിസിസി അടച്ചുതീര്‍ത്തത്.
വാഗ്ദാനം പാലിച്ചില്ലെങ്കില്‍ ഗാന്ധി ജയന്തി ദിനത്തില്‍ സത്യാഗ്രഹം ഇരിക്കും എന്ന് വരെ കുടുംബം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കെപിസിസിയുടെ നടപടി. കോണ്‍ഗ്രസ് ആണ് ബത്തേരി അര്‍ബന്‍ സഹകരണ ബാങ്ക് ഭരിക്കുന്നത്. ഇവിടെ വിജയന്റെ പേരില്‍ എത്ര രൂപയുടെ കടം ഉണ്ടെന്ന് കഴിഞ്ഞദിവസം കെപിസിസി അന്വേഷിച്ച് വ്യക്തത വരുത്തിയിരുന്നു. 2007ല്‍ 40 ലക്ഷത്തോളം രൂപമാണ് വിജയന്‍ ബാങ്കില്‍ നിന്ന് കടമെടുത്തിരുന്നത്. ഇത് പലതവണ പുതുക്കിയിരുന്നു. പിന്നീട് കടബാധ്യത കൂടി പിഴ പലിശയിലേക്കൊക്കെ കടന്നതോടെയാണ് കടബാധ്യത 69 ലക്ഷം രൂപയായി മാറിയത്. സെറ്റില്‍മെന്റ് എന്ന നിലയില്‍ കുറച്ച 63 ലക്ഷം രൂപയാണ് കെപിസിസി നേതൃത്വം ഇടപെട്ട് അടച്ചുതീര്‍ത്തത്.



by Midhun HP News | Sep 24, 2025 | Latest News, ജില്ലാ വാർത്ത
ഡോക്ടർ എപിജെ അബ്ദുൽ കലാം ഫൗണ്ടേഷൻ ട്രസ്റ്റ് ഏർപ്പെടുത്തിയ മത്സരത്തിൽ മികച്ച നാടകത്തിനുള്ള പുരസ്കാരം തിരുവനന്തപുരം നമ്മൾ നാടകക്കാർ തീയേറ്റർ ഗ്രൂപ്പിന്റെ ‘ഓർമ്മക്കൂട്’ എന്ന നാടകത്തിന് ലഭിച്ചു. സ്വന്തം സുഖങ്ങൾ ത്യജിച്ച് കുടുംബത്തെ പോറ്റാനും കുടുംബാംഗങ്ങളുടെ സുഖസൗകര്യങ്ങൾ സംരക്ഷിക്കാനും ജീവിതം
ഉഴിഞ്ഞുവെക്കുന്ന പ്രവാസികളുടെ ജീവിതം വരച്ചുകാട്ടുന്ന ജീവിത ഗന്ധിയായ ഓർമ്മ കൂടിന്റെ രചന നിർവഹിച്ചിരിക്കുന്നത് വി ആർ സുരേന്ദ്രനും സംവിധാനം അനിൽ ആറ്റിങ്ങലുമാണ്.



by Midhun HP News | Sep 24, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് സംവരണവാർഡ് നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ.
ഗ്രാമപഞ്ചായത്തുകളിൽ 13 മുതൽ 16 വരെയും, ബ്ലോക്ക് പഞ്ചായത്തിൽ 18നും ജില്ലാപഞ്ചായത്തിൽ 21നും,
16ന് മുനിസിപ്പാലിറ്റികളിലെയും നറുക്കെടുപ്പ് നടക്കും. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി തദ്ദേശസ്ഥാപ്നങ്ങളിലെ സംവരണവാർഡുകൾ നിശ്ചയിക്കാനുള്ള നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 21 വരെ നടത്തും. മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്താനായി വിളിച്ചു ചേർത്ത കലക്ടർമാരുടെ യോഗത്തിലാണ് സംസ്ഥാനപ്പ് കമീഷണർ
എ ഷാജഹാൻ ഇക്കാര്യം അറിയിച്ചത്.



by Midhun HP News | Sep 24, 2025 | Latest News, ജില്ലാ വാർത്ത
അബുദാബി: ഏഷ്യാ കപ്പ് ടി 20 ക്രിക്കറ്റ് സൂപ്പർ ഫോർ റൗണ്ടിലെ നിർണായക മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ പാകിസ്ഥാന് 5 വിക്കറ്റ് വിജയം. ലങ്ക മുന്നോട്ടുവെച്ച 134 റണ്‍സ് വിജയലക്ഷ്യം 18 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ പാകിസ്ഥാന്‍ മറികടന്നു. ജയത്തോടെ പാകിസ്ഥാൻ ഫൈനൽ പ്രതീക്ഷ സജീവമാക്കി.
കളിച്ച രണ്ട് മത്സരങ്ങളും തോറ്റ ശ്രീലങ്കയുടെ ഫൈനല്‍ മോഹങ്ങള്‍ ഏറെക്കുറെ അവസാനിച്ചു. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 133 റൺസാണ് നേടിയത്. കമിന്ദു മെൻഡിസിന്റെ അർധ സെഞ്ചറിയാണ് (44 പന്തിൽ 50 റൺസ്) ലങ്കയെ നാണക്കേടിൽനിന്ന് രക്ഷിച്ചത്. പാകിസ്ഥാനു വേണ്ടി ഷഹീൻ അഫ്രീദി 3 വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് സഹിബ്‌സാദ ഫര്‍ഹാനും ഫഖര്‍ സമാനും ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. അഞ്ചോവറില്‍ ടീം 43 റൺസെടുത്തു. എന്നാല്‍ ആറാം ഓവറില്‍ ഓപ്പണർമാർ പുറത്തായതോടെ പാകിസ്ഥാൻ പരുങ്ങലിലായി. സയിം അയൂബും(2), നായകന്‍ സല്‍മാന്‍ ആഗയും(5) തുടർച്ചയായി പുറത്തായതോടെ പാകിസ്ഥാൻ 57-4 എന്ന നിലയിലേക്ക് വീണു.
സ്പിന്നർ മഹീഷ് തീക്ഷണയാണ് രണ്ടു ഓപ്പണർമാരെയും വീഴ്ത്തി ലങ്കൻ പ്രത്യാക്രമണത്തിന് തുടക്കമിട്ടത്. വാനിന്ദു ഹസരംഗ കൂടി താളം കണ്ടെത്തിയതോടെ പാകിസ്ഥാൻ വിയർത്തു. ആറാം വിക്കറ്റില്‍ ഒന്നിച്ച ഹുസ്സൈന്‍ താലത്തും മുഹമ്മദ് നവാസും ടീമിനെ ജയത്തിലെത്തിച്ചു. ഹുസ്സൈന്‍ താലത്ത് 32 റണ്‍സും നവാസ് 38 റണ്‍സുമെടുത്തു. മുഹമ്മദ് ഹാരിസ് 13 റണ്‍സെടുത്തു.



Summary
by Midhun HP News | Sep 24, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആലംകോട് മുസ്ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ ഉള്ള അസ്സയ്യിദ് ഉദാറത്ത് പൂക്കോയ തങ്ങളുടെ 111-ാമത് ആണ്ടുനേർച്ച 2025 സെപ്റ്റംബർ 24, 25, 26 തീയതികളിൽ ആലംകോട് മുസ്ലിം ജമാഅത്ത് പള്ളിയങ്കണത്തിൽ വച്ച് നടക്കുന്നു . ഹിഫ്ളുൽ ഖുർആൻ കോളേജിൽ നിന്നും ഹിഫ്ള് പൂർത്തിയാക്കിയ വിദ്യാർത്ഥികളേയും എ.യു. കോളേജിൽ നിന്നും റാങ്ക് നേടിയ വിദ്യാർത്ഥിനികളെയും ആദരിക്കൽ, മത പ്രഭാഷണം, പ്രാർത്ഥന സമ്മേളനം തുടങ്ങിയ പരിപാടികളും ഇതോടനുബന്ധിച്ച് നടക്കും. ബുധനാഴ്ച വൈകുന്നേരം 7 ന് ആലംകോട് മുസ്ലീം ജമാഅത്ത് മുദരിസ് നിഹാൽ ഹാദി അൽ മുഹ്ദി ഉദ്ഘാടനം നിർവഹിക്കും.
ആലംകോട് ജമാഅത്ത് പ്രസിഡന്റ് നാസറുദ്ദീൻ മുസ്ലിയാർ അധ്യക്ഷത വഹിക്കും. രാത്രി 8 മുതൽ സയ്യിദ് ഹസ്ബുള്ള ബാഫഖി തങ്ങൾ, കൊല്ലം പ്രഭാഷണവും പ്രാർത്ഥനയും നടത്തും. 25നു വൈകുന്നേരം 7 ന് മതപ്രഭാഷണത്തിന് കടുവയിൽ മുസ്ലീം ജമാഅത്ത് ചീഫ് ഇമാം അബുറബീഅ് സ്വദഖത്തുള്ള ബാഖവി നേതൃത്വം വഹിക്കും. സെപ്റ്റംബർ 26ന് വൈകുന്നേരം 7 ന് ആലംകോട് മുസ്ലീം ജമാഅത്ത് ചീഫ് ഇമാം അൽഹാഫിസ് കുമ്മനം നിസ്സാമുദ്ദിൻ അസ്ഹരി മതപ്രഭാഷണത്തിനും പ്രാർത്ഥന സമ്മേളനത്തിനും നേതൃത്വം നൽകും.
ഹിഫ്ള് കോളേജ് പ്രിൻസിപ്പൽ ഹാഫിള് അബ്ദുള്ള നഈമി, സദർ മുഅല്ലിം ഹുസൈൻ ജൗഹരി ജമാഅത്ത് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് അന്നദാന വിതരണം നടക്കും.



Recent Comments