by Midhun HP News | May 26, 2026 | Latest News, കേരളം
കൊല്ലം: പൊലീസുകാരന്റെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് കത്തിച്ച സംഭവത്തില്‍ രണ്ടു യുവതികള്‍ അറസ്റ്റില്‍. ശൂരനാട് ഇടപ്പന പാറക്കടവ് നെരിയാംപള്ളില്‍ ആരതി രാജ്(26), സുഹൃത്ത് ഇടുക്കി കല്‍ത്തൊട്ടി വെളിനാങ്കട്ടം നെല്ലിമൂട്ടില്‍ വീട്ടില്‍ ഗായത്രി മോഹനന്‍ (26) എന്നിവരാണ് അറസ്റ്റിലായത്. അഞ്ചല്‍ സ്വദേശി വിവേകിന്റെ ബൈക്കാണ് കത്തിച്ചത്.
വിവേകും ആരതിയും തമ്മിലുള്ള വ്യക്തിപരമായ കാരണങ്ങളാണ് ബൈക്ക് കത്തിക്കുന്നതിന് ഇടയാക്കിയതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. അഞ്ചല്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ, ആരതി എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതേത്തുടര്‍ന്ന് ആരതിയെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
ആറന്മുള പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറാണ് ആര്‍ച്ചല്‍ പാലവിള വീട്ടില്‍ വിവേക്. ശനിയാഴ്ച രാത്രിയാണ് വീട്ടുമുറ്റത്തിരുന്ന ബൈക്ക് കത്തിച്ചത്. വീടിന്റെ പടികളില്‍ കരിഓയിലും ഒഴിച്ചിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നായിരുന്നു തുടക്കത്തില്‍ സംശയിച്ചത്. കത്തിയ ബൈക്കിന് സമീപത്തു നിന്നും ലഭിച്ച ഭീഷണിക്കത്താണ് ഇത്തരത്തില്‍ സംശയത്തിന് ഇടയാക്കിയത്.
കത്തില്‍ ഒരു വിദ്യാര്‍ത്ഥി സംഘടനയുടെ പേര് എഴുതിയിരുന്നത്, കേസ് വഴിതിരിച്ചു വിടാനായിരുന്നുവെന്ന് പൊലീസ് പറയുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് ശേഖരിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഓട്ടോയിലെത്തിയവരിലേക്ക് അന്വേഷണം നീണ്ടു. ആ ഓട്ടോയ്ക്ക് പണം നല്‍കിയത് ഗുഗിള്‍പേ വഴിയായിരുന്നു. ഓട്ടോഡ്രൈവറെ ചോദ്യം ചെയ്തതോടെയാണ് പ്രതികളായ യുവതികളെ കണ്ടെത്തുന്നത്.
പൊലീസ് തയ്യാറാക്കിയ ചിത്രം ഓട്ടോ ഡ്രൈവര്‍ തിരിച്ചറിഞ്ഞതോടെയാണ്, ആരതിയേയും സുഹൃത്ത് ഗായത്രിയേയും പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ ആരതിയും വിവേകുമായുള്ള വിവാഹനിശ്ചയം നേരത്തെ നടന്നിരുന്നു. പിന്നീട് ചില കാരണങ്ങളാല്‍ വിവാഹം മുടങ്ങി. ഇതിന്റെ വൈരാഗ്യത്തിലാണ് യുവതികള്‍ ബൈക്ക് കത്തിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

by Midhun HP News | May 26, 2026 | Latest News, കേരളം
ടിനി ടോമിനെതിരെ നടപടിയ്‌ക്കൊരുങ്ങി അന്‍സബി. മലയാള സിനിമയിലെ താരസംഘടന അമ്മയിലെ വ്യക്തിഹത്യയുമായി ബന്ധപ്പെട്ട് ടിനി ടോമിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് മുന്‍ എക്‌സിക്യൂട്ടീവ് അംഗം അന്‍സിബ അറിയിച്ചു. ഇനി അമ്മയില്‍ പരാതി പറഞ്ഞിട്ട് കാര്യമില്ല. അതിനാല്‍ പൊലീസിനും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കുമെന്നും അന്‍സിബ പറഞ്ഞു. നാട്ടില്‍ നിയമവും കോടതിയുമെല്ലാം ഉണ്ടല്ലോ എന്നും അന്‍സിബ പ്രതികരിച്ചു.
ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അന്‍സിബയുടെ പ്രതികരണം. തന്നെ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് മാനസികമായി പീഡിപ്പിച്ചു. അതിനാല്‍ തൃപ്പൂണിത്തുറ ഹില്‍പാലസ് വനിത സെല്‍ സി ഐക്കെതിരെയും പരാതി നല്‍കുമെന്നും അന്‍സിബ അറിയിച്ചു.നേരത്തെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും രാജി വച്ചതിന് പിന്നാലെ നടന്‍ ടിനി ടോമിനെതിരെ അന്‍സിബ രംഗത്തുവന്നിരുന്നു. ടിനി ടോം തന്നെ ജിഹാദിയെന്ന് വിളിച്ചെന്നായിരുന്നു അന്‍സിബയുടെ ആരോപണം.
തനിക്ക് എല്ലാവരുമായും അവിഹിതമാണെന്ന്പ്രചരിപ്പിച്ചുവെന്നും അന്‍സിബയുടെ ആരോപിച്ചിരുന്നു. എന്നാല്‍ അന്‍സിബ തനിക്ക് സഹോദരിയെ പോലെയാണെന്നും ടിനി ടോം പ്രതികരിച്ചിരുന്നു. ഇതിനിടെ അന്‍സിബ നടത്തിയ ആരോപണങ്ങള്‍ ശരി വച്ച് നടി നീന കുറിപ്പ് രംഗത്തെത്തി.
അന്‍സിബയുടെ ഡിഎന്‍എ ശരിയല്ലെന്ന് ടിനി ടോം പറഞ്ഞുവെന്നാണ് നീന കുറിപ്പിന്റെ വെളിപ്പെടുത്തല്‍. ജിഹാദിയെന്ന് വിളിച്ചതായും നീന കുറുപ്പ് പറയുന്നു. പ്രശ്‌നമുണ്ടാക്കുന്നവരെ മാറ്റി നിര്‍ത്തണം. ഈ ടീമിനെ വച്ച് മുന്നോട്ട് പോകാനാകില്ലെന്നും നീന കുറുപ്പ് പറഞ്ഞു.

by Midhun HP News | May 26, 2026 | Latest News, കേരളം
കൊച്ചി: അട്ടപ്പാടി മധു വധക്കേസില്‍ ദൃക്‌സാക്ഷി മൊഴികളുടെ പൂര്‍ണ തകര്‍ച്ചയാണു കണ്ടതെന്നു ഹൈക്കോടതി. വിചാരണയില്‍ ഏറ്റവും അസ്വസ്ഥത ഉണ്ടാക്കിയ കാര്യം ദൃക്‌സാക്ഷികള്‍ സംഭവം അറിയില്ലെന്നു പറഞ്ഞതാണെന്നും കോടതി പറഞ്ഞു. ഇത് ആശങ്കപ്പെടുത്തുന്നതാണ്. മധുവിനെ കെട്ടിയിട്ടപ്പോള്‍ 75 പേരെങ്കിലും മുക്കാലി ജംക്ഷനില്‍ ഉണ്ടായിരുന്നു. വനം ഉദ്യോഗസ്ഥര്‍, ഷോപ്പ് ജീവനക്കാര്‍, വഴിയോര കച്ചവടക്കാര്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ കോടതിക്കു മുന്നില്‍ ഹാജരായി. സിസിടിവി ദൃശ്യങ്ങള്‍ തുറന്ന കോടതിയില്‍ കണ്ടു. എന്നാല്‍ അവരുടെ ദൃശ്യങ്ങള്‍ സ്‌ക്രീനില്‍ വന്നപ്പോള്‍ പങ്കുള്ളവരെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് അവകാശപ്പെട്ടു.
വിചാരണ കാലാവധിയില്‍ പ്രതികള്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് സാക്ഷികളെ ബന്ധപ്പെട്ടെന്നാണ് ഇതില്‍ നിന്നും മനസിലാകുന്നത്. ഭൂരിഭാഗം പ്രതികളുടെയും ജാമ്യം റദ്ദാക്കിയതിനു ശേഷമാണ് ഫോറസ്റ്റ് വാച്ചര്‍ കോടതിക്കു മുന്നില്‍ മൊഴി നല്‍കാന്‍ ധൈര്യം കാട്ടിയത്. കടുത്ത കുറ്റമായിട്ടു പോലും സ്വന്തം അംഗങ്ങളെ സംരക്ഷിക്കാനുള്ള സമൂഹത്തിന്റെ സഹജ വാസനായാണിത്. സാക്ഷി സംരക്ഷണ പദ്ധതി തത്വത്തില്‍ നിലവിലുണ്ടെങ്കിലും പ്രദേശവാസികളുടെ സമ്മര്‍ദം, സാമ്പത്തിക ആശ്രയത്വം, സാമൂഹിക ഭീഷണി തുടങ്ങിയവ മൂലം ഫലപ്രദമാകുന്നില്ലെന്നു കോടതി പറഞ്ഞു. ഭരണഘടന വിഭാവനം ചെയ്യുന്ന ആശയങ്ങളും യാഥാര്‍ഥ്യവും തമ്മില്‍ തുടരുന്ന അകലമാണു മധുവിന്റെ വേദനാജനകമായ മരണം ഓര്‍മിപ്പിക്കുന്നതെന്നു കോടതി പറഞ്ഞു.’

മധുവിനെ വേട്ടയാടി ആള്‍ക്കൂട്ടപ്പകയുടെ ട്രോഫിയായി പ്രദര്‍ശിപ്പിക്കുകയായിരുന്നു പ്രതികളെന്ന് ഹൈക്കോടതി. തങ്ങള്‍ ചെയ്യുന്നതു കുറ്റകൃത്യമാണെന്ന് അവര്‍ വിശ്വസിച്ചില്ല, പകരം നീതി നടപ്പാക്കുകയാണ് എന്നായിരുന്നു വിചാരം. നിരാലംബനായ ഒരാള്‍ക്കുമേലുള്ള സംഘടിതമായ ശക്തിയുടെ നഗ്‌നമായ പ്രദര്‍ശനമാണ് നടന്നത്. വിശന്നതു കൊണ്ടാണു മധു ഭക്ഷണം മോഷ്ടിച്ചത്. രോഗവും പട്ടിണിയും സമൂഹത്തിന്റെ അകറ്റലും മധുവിനെ സമ്മര്‍ദത്തിലാക്കി. എന്നാല്‍ മധുവിന്റെ ചുറ്റും കൂടിയവര്‍ക്ക് വാഹനവും മൊബൈല്‍ ഫോണും കടകളും സാമൂഹിക അധീശത്വത്തിന്റെ ശക്തിയുമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണു ശിക്ഷ വിധിക്കുന്നതിനു മുന്‍പ് എസ്സി,എസ്ടി വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമം ബാധകമാകുന്നതു പരിശോധിക്കേണ്ടതെന്നു കോടതി പറഞ്ഞു.
ഒന്നാം പ്രതി ഹുസൈന് എതിരെ ചുമത്തിയ കുറ്റകൃത്യം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നു ഹൈക്കോടതി വിലയിരുത്തി. പ്രതികള്‍ പിടിച്ചുകൊണ്ടുവന്നു മുക്കാലി ജംക്ഷനില്‍ ഇരുത്തിയ മധുവിന്റെ നെഞ്ചില്‍ ഹുസൈന്‍ ആഞ്ഞ് ചവിട്ടിയെന്നും ആഘാതത്തില്‍ ഭണ്ഡാരപ്പെട്ടിയുടെ കോണ്‍ക്രീറ്റ് ഭിത്തിയില്‍ മധുവിന്റെ തല ഇടിച്ചെന്നുമായിരുന്നു പ്രോസിക്യുഷന്‍ കേസ്. മൂന്നു സെക്കന്‍ഡിനുള്ളിലാണ് ഇത് നടന്നത്. എന്നാല്‍ ചവിട്ടിയെന്നതു സംബന്ധിച്ചു സാക്ഷി മൊഴികള്‍ സിസിടിവി ദൃശ്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നു വിചാരണക്കോടതി കണ്ടെത്തിയിരുന്നു.
by Midhun HP News | May 26, 2026 | Latest News, കേരളം
പത്തനംതിട്ട: ഉറങ്ങിക്കിടന്ന ഗൃഹനാഥന്റെ കാലില്‍ പാമ്പു ചുറ്റി. രമേശന്‍ എന്നയാളുടെ കാലിലാണ് പാമ്പു ചുറ്റിയത്. പത്തനംതിട്ട മണ്ണാറക്കുളഞ്ഞിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. തണുപ്പ് അനുഭവപ്പെട്ടതോടെ കാല്‍ പെട്ടെന്ന് കുടഞ്ഞതിനാല്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. തെറിച്ചു മുറിക്കുള്ളില്‍ വീണ പാമ്പ് ജനലിലൂടെ ടിവിക്കുള്ളില്‍ കയറി. വീട്ടിലെ ടിവിക്കുള്ളില്‍ കടന്നുകൂടിയ പാമ്പിനെ സാഹസികമായാണ് പിടികൂടിയത്.
പാമ്പുപിടിത്തുക്കാരന്‍ മാത്തുക്കുട്ടി എത്തിയാണ് ടിവിയില്‍ നിന്നും പാമ്പിനെ പുറത്തെടുത്തത്. ശംഖുവരയന്‍ എന്ന വിഷപ്പാമ്പിനെയാണ് പിടികൂടിയത്. പാമ്പിനെ വനംവകുപ്പിന് കൈമാറി. ടിവിയില്‍ നിന്നും പാമ്പിനെ പുറത്തെടുത്തപ്പോഴാണ് കാലില്‍ അനുഭവപ്പെട്ട തണുപ്പ് പാമ്പായിരുന്നു എന്ന് രമേശന്‍ തിരിച്ചറിയുന്നത്.

by Midhun HP News | May 26, 2026 | Latest News, കേരളം
തിരുവനന്തപുരം: കിളിമാനൂരില്‍ മന്ത്രവാദത്തിന്റെ മറവില്‍ പീഡനം നടത്തിയ കേസില്‍ മന്ത്രവാദി അറസ്റ്റില്‍. കടയ്ക്കല്‍ സ്വദേശി ശരത് ബാബു ആണ് പിടിയിലായത്. രണ്ടു പെണ്‍കുട്ടികളെയാണ് ശരത് ബാബു പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. അമ്മയും രണ്ടു പെണ്‍കുട്ടികളുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. അമ്മയുടെ പേരിലുള്ള ഭൂമിയുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇത് തീര്‍ക്കുന്നതിനായാണ് കുടുംബം ശരത് ബാബുവിനെ സമീപിച്ചത്. പിന്നാലെ ഭൂമിയുടെ വില്‍പ്പന നടന്നു. ഇതോടെ ഇയാളിലുള്ള കുടുംബത്തിന്റെ വിശ്വാസ്യത വര്‍ധിച്ചു. ഇതിന് ശേഷം ഇയാള്‍ വീട്ടില്‍ നിത്യസന്ദര്‍ശകനായി. അമ്മയുടെ ദോഷം മാറ്റാന്‍ എന്ന പേരില്‍ ഇയാള്‍ പെണ്‍കുട്ടികളെ നിരന്തരം ഉപദ്രവിച്ചു എന്നതാണ് പരാതിയില്‍ പറയുന്നത്.
2024 ഏപ്രില്‍ മുതല്‍ 2026 മാര്‍ച്ച് വരെ നീളുന്ന ലൈംഗികാതിക്രമമാണ് നടന്നത്. ഒടുവില്‍ നിവൃത്തിയില്ലാതെ മൂത്ത സഹോദരി അമ്മയോട് കാര്യങ്ങള്‍ തുറന്നുപറയുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടികളെ കൗണ്‍സിലിങ്ങ് നടത്തിയപ്പോഴാണ് ഇയാളില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടിരുന്നു എന്ന കാര്യം പെണ്‍കുട്ടികള്‍ വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ തിരച്ചിലിന് ഒടുവിലാണ് പിടികൂടിയത്.

by Midhun HP News | May 26, 2026 | Latest News, ദേശീയ വാർത്ത
ഡൽഹി: മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കണ്ണൂരിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയുടെ വശങ്ങളിലിടിച്ച് വലിയ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട വിവരം രണ്ടാഴ്ചയ്ക്ക് ശേഷം പുറത്ത്. മെയ് 15-ന് രാത്രി പ്രാദേശിക സമയം ഒൻപത് മണിയോടെ നടന്ന ഈ ഞെട്ടിക്കുന്ന സംഭവം ഇപ്പോഴാണ് ഔദ്യോഗികമായി പുറത്തുവരുന്നത്. മസ്‌കറ്റിൽ നിന്നും കണ്ണൂരിലേക്ക് പറന്നുയരാൻ തയ്യാറെടുക്കുകയായിരുന്ന 189 സീറ്റുകളുള്ള ബോയിങ് 737 എൻ.ജിവിമാനമാണ് ടേക്ക് ഓഫിനിടെ റൺവേയുടെ മധ്യഭാഗത്തുനിന്നും മാറി വലതുവശത്തേക്ക് നീങ്ങി അപകടത്തിൽപ്പെട്ടത്. റൺവേയുടെ വശങ്ങളിൽ ഘടിപ്പിച്ചിരുന്ന നിരവധി വിളക്കുകളിൽ വിമാനം അതിവേഗത്തിൽ ഇടിക്കുകയായിരുന്നു. വലിയ ശബ്ദം കേട്ടതോടെ പൈലറ്റുമാർ ടേക്ക് ഓഫ് അടിയന്തിരമായി ഉപേക്ഷിച്ചതിനാലാണ് വൻ ദുരന്തം ഒഴിവായത്.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർക്കോ ജീവനക്കാർക്കോ ആർക്കും തന്നെ അപകടത്തിൽ പരിക്കേറ്റിട്ടില്ല. റൺവേയിലെ ലൈറ്റുകളിലിടിച്ചതിനെ തുടർന്ന് വിമാനത്തിന്റെ ‘സിസ്റ്റം എ’യിൽ നിന്നും പൂർണ്ണമായ രീതിയിൽ ഹൈഡ്രോളിക് ദ്രാവകം ചോരുകയും ടയറുകളിലൊന്ന് പൊട്ടുകയും ചെയ്തു. കോക്പിറ്റിൽ മാസ്റ്റർ കോഷൻ ഇലക്ട്രിക് ലൈറ്റ് തെളിഞ്ഞതോടെയാണ് പൈലറ്റുമാർ വിമാനം അടിയന്തിരമായി നിർത്തിയത്. തുടർന്ന് റൺവേയിൽ വെച്ച് തന്നെ മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. വലിയ തോതിൽ കേടുപാടുകൾ സംഭവിച്ച വിമാനം ഇപ്പോഴും മസ്‌കറ്റ് വിമാനത്താവളത്തിൽ തന്നെ തുടരുകയാണ്. അപകടത്തെ തുടർന്ന് യാത്രക്കാരെ പിന്നീട് മറ്റൊരു വിമാനത്തിലാണ് കണ്ണൂരിലെത്തിച്ചത്. നിശ്ചയിച്ച സമയത്തിലും 12 മണിക്കൂറിലധികം വൈകിയാണ് ഇവർ നാട്ടിലെത്തിയത്.
ഇന്ത്യയിലെ വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനെ സംഭവം നടന്ന ഉടൻ തന്നെ എയർലൈൻ അധികൃതർ വിവരമറിയിച്ചിരുന്നു. നിലവിൽ ഒമാൻ ട്രാൻസ്‌പോർട്ട് സേഫ്റ്റി ബ്യൂറോയാണ് ഈ റൺവേ അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നത്. വിമാനം ടേക്ക് ഓഫ് ചെയ്യാനായി റൺവേയ്ക്ക് നടുവിലായി കൃത്യമായി ക്രമീകരിക്കുന്നതിൽ പൈലറ്റുമാർക്ക് സംഭവിച്ച പാളിച്ചയാണോ അപകടകാരണമെന്ന് ഏജൻസി പരിശോധിക്കുന്നുണ്ട്. ഒമാൻ ട്രാൻസ്‌പോർട്ട് സേഫ്റ്റി ബ്യൂറോയുമായി സഹകരിച്ച് അന്വേഷണവുമായി മുന്നോട്ട് പോകുകയാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. അപകടത്തിൽപ്പെട്ട വിമാനത്തിനുണ്ടായ കേടുപാടുകളുടെ കൃത്യമായ വ്യാപ്തി എത്രത്തോളമാണെന്ന് വെളിപ്പെടുത്താൻ എയർലൈൻ അധികൃതർ തയ്യാറായിട്ടില്ല.

Recent Comments