എ ഐ സൈബർ ആക്രമണം; ജി- മെയിൽ ഉപയോക്താക്കൾക്ക് ​ഗൂ​ഗിളിന്റെ മുന്നറിയിപ്പ്

എ ഐ സൈബർ ആക്രമണം; ജി- മെയിൽ ഉപയോക്താക്കൾക്ക് ​ഗൂ​ഗിളിന്റെ മുന്നറിയിപ്പ്

സ്ഥിരമായി ജിമെയിൽ ഉപയോ​ഗിക്കുന്നവരാണ് നമ്മളിൽ പലരും. ലോകത്ത് ജിമെയില്‍ ഉപയോ​ഗിക്കുന്ന 180 കോടി ആളുകൾക്കും ​ഗൂ​ഗിൾ പുതിയൊരു മുന്നറിയിപ്പുനൽകിയിരിക്കുകയാണ്. ഇന്‍ഡയറക്ട് പ്രോംപ്റ്റ് ഇന്‍ജെക്ഷന്‍സ് എന്ന പേരിലുള്ള സൈബര്‍ ആക്രണത്തെക്കുറിച്ചാണ് ഗൂഗിളിന്റെ മുന്നറിയിപ്പ്.

എഐ സിസ്റ്റങ്ങളെ തന്നെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിലൊന്നാണ് ഇന്‍ഡയറക്ട് പ്രോംപ്റ്റ് ഇന്‍ജെക്ഷന്‍സ് എന്നാണ് ഗൂഗിള്‍ പറയുന്നത്. എഐ പ്രോംപ്റ്റിലേക്ക് അപകടകാരികളായ കമാന്‍ഡുകള്‍ നേരിട്ട് നല്‍കുന്നതിന് പകരം ഇ- മെയിലുകളിലും ഡോക്യുമെന്റുകളിലും കലന്‍ഡര്‍ ഇന്‍വൈറ്റുകളിലും ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ ഒളിപ്പിച്ചുവെക്കുന്നു. ഇത് ഉപയോക്താക്കളുടെ ഡാറ്റ ചോരാന്‍ കാരണമാവുന്നുവെന്നാണ് ​ഗൂ​ഗൂ​ഗിളിന്റെ മുന്നറിയിപ്പ്.

ഉപയോക്താക്കളുടെ വിവരങ്ങള്‍ മോഷ്ടിക്കാന്‍ ഹാക്കര്‍മാര്‍ ഗൂഗിളിന്റെ ജെമിനിയെ ഉപയോഗപ്പെടുത്തുന്നുവെന്നും ടെക് വിദ​ഗ്ധർ പറയുന്നു. ഉപയോക്താവ് അറിയാതെ പാസ്‌വേഡുകള്‍ വെളിപ്പെടുത്താന്‍ ജെമിനിയെ പ്രേരിപ്പിക്കുന്ന ഒളിഞ്ഞിരിക്കുന്ന കമാന്‍ഡുകളോടുകൂടിയ ഇ- മെയിലുകള്‍ ഹാക്കര്‍മാര്‍ അയക്കുന്നുണ്ടെന്നാണ് അവർ പറയുന്നത്. സൈബർ തട്ടിപ്പ് വീരന്മാരും ഹാക്കർമാരും പുത്തൻ അടവുകളുമായി രം​ഗത്തെത്തുന്ന കാലമായതിനാൽ എല്ലാവരും ജാ​ഗ്രത പാലിക്കുന്നത് നല്ലതായിരിക്കും

‘ഓണ്‍ലൈനായി വോട്ടുകള്‍ നീക്കം ചെയ്യല്‍ അസാധ്യം’; രാഹുല്‍ ഗാന്ധിക്ക് കമ്മീഷന്റെ മറുപടി

‘ഓണ്‍ലൈനായി വോട്ടുകള്‍ നീക്കം ചെയ്യല്‍ അസാധ്യം’; രാഹുല്‍ ഗാന്ധിക്ക് കമ്മീഷന്റെ മറുപടി

ഡല്‍ഹി: വോട്ടുകൊള്ള ആരോപണം വീണ്ടും ഉന്നയിച്ച രാഹുല്‍ ഗാന്ധിയെ പ്രതിരോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ലോക്‌സഭാ പ്രതിപക്ഷ നേതാവ് ഉന്നയിച്ച എല്ലാ ആരോപണങ്ങളും തെറ്റാണെന്നും അടിസ്ഥാന രഹിതമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് അനുകൂല വോട്ടര്‍മാരെ തെരഞ്ഞ് പിടിച്ച് ഒഴിവാക്കി എന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തില്‍ യാഥാര്‍ഥ്യമില്ലെന്നാണ് കമ്മീഷന്റെ നിലപാട്.

ഒരു വോട്ടും ഓണ്‍ലൈനായി നീക്കം ചെയ്യാന്‍ കഴിയില്ലെന്നാണ് കമ്മീഷന്‍ വിശദീകരിക്കുന്നത്. വോട്ട് നീക്കം ചെയ്യുന്നതിന് മുമ്പ് ആ വ്യക്തിയുടെ ഭാഗം കേള്‍ക്കും. ഇതാണ് നടപടി എന്നും കമ്മിഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ 2023-ല്‍ അലന്ദ് നിയമസഭാ മണ്ഡലത്തില്‍ വോട്ടുകള്‍ നീക്കം ചെയ്യാന്‍ ചില ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഇത് വിജയിച്ചില്ല. ഈ വിഷയം തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരിശോധിച്ചു. വിഷയത്തില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.

കര്‍ണാടകത്തിലെ ഒരു മണ്ഡലം ഉദാഹരിച്ചായിരുന്നു രാഹുല്‍ ഗാന്ധി ഇത്തവണ വോട്ട് ഡിലീറ്റേഷന്‍ ആക്ഷേപം ഉന്നയിച്ചത്. 2023 കര്‍ണാടക തെരഞ്ഞെടുപ്പ് കാലത്ത് അലന്ദ് മണ്ഡലത്തിലെ 6018 വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തു. കോണ്‍ഗ്രസ് വോട്ടര്‍മാരെയാണ് ആസൂത്രിതമായി നീക്കം ചെയ്തത്. ഈ വോട്ടു കൊള്ളയ്ക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ സംരക്ഷണം നല്‍കുന്നതായും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍.

ദുബൈയിലെ ഫ്ലാറ്റുകൾക്കുള്ളിൽ പാമ്പുകൾ; മുൻകരുതൽ നടപടിയുമായി മുനിസിപ്പാലിറ്റി

ദുബൈയിലെ ഫ്ലാറ്റുകൾക്കുള്ളിൽ പാമ്പുകൾ; മുൻകരുതൽ നടപടിയുമായി മുനിസിപ്പാലിറ്റി

ദുബൈ: ദുബൈയിലെ വിവിധ പ്രദേശങ്ങളിലെ വീടിനുള്ളിൽ പാമ്പുകളെ കണ്ടെത്തിയതായി അധികൃതർ. റെംറാമിൽ, അൽ റാംത്ത് ക്ലസ്റ്റർ തുടങ്ങിയ പ്രദേശങ്ങളിലാണ് വീടിനുള്ളിൽ പാമ്പുകളെ കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

കുട്ടികൾ പുറത്തുപോയി കളിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് മാതാപിതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പന്തോ മറ്റു എന്തെങ്കിലും വസ്തുക്കളോ കുറ്റിക്കാടിനുള്ളിൽ പോയാൽ റബ്ബർ കൊണ്ട് നിർമ്മിച്ച കൈയുറകൾ ധരിച്ചു വേണം അവ എടുക്കാൻ എന്നും നിർദേശം നൽകിയിട്ടുണ്ട്.

കുട്ടികൾ പുറത്തുപോയി കളിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് മാതാപിതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പന്തോ മറ്റു എന്തെങ്കിലും വസ്തുക്കളോ കുറ്റിക്കാടിനുള്ളിൽ പോയാൽ റബ്ബർ കൊണ്ട് നിർമ്മിച്ച കൈയുറകൾ ധരിച്ചു വേണം അവ എടുക്കാൻ എന്നും നിർദേശം നൽകിയിട്ടുണ്ട്.കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കു മുൻപ് അൽ റാംത്ത് ക്ലസ്റ്ററിലെ താമസക്കാരും പാമ്പുകളെ കണ്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാമ്പുകൾ അപ്പാർട്ടുമെന്റുകളുടെ വാതിൽപ്പടിയിലും ബാൽക്കണിയിലുമായി ആണ് കണ്ടെത്തിയത്.

ഇതിന്റെ ദൃശ്യങ്ങൾ താമസക്കാർ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരുന്നു. ഇതോടെയാണ് കൂടുതൽ ആളുകൾ സമാന അനുഭവം ഉണ്ടായ കാര്യം വെളുപ്പെടുത്തിയത്. ഈ പ്രദേശങ്ങളിൽ കെട്ടിട നിർമ്മാണ ജോലികൾ പുരോഗമിക്കുന്നുണ്ട്. അവിടെ നിന്നാകാം പാമ്പുകൾ വന്നതെന്നാണ് പ്രാഥമിക നിഗമനം.

പരാതികൾ ശ്രദ്ധയിൽപ്പെട്ടതായും താമസക്കാർ കണ്ടെത്തിയ പാമ്പുകളെ പിടികൂടി സുരക്ഷിതമായ മറ്റൊരു പ്രദേശത്തേക്ക് മാറ്റിയെന്നും ദുബൈ മുൻസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വേണ്ട മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

ശിവഗിരി, മുത്തങ്ങ, മാറാട്; എന്താണ് എകെ ആന്‍റണി പറഞ്ഞ ആ മൂന്നു സംഭവങ്ങള്‍?

ശിവഗിരി, മുത്തങ്ങ, മാറാട്; എന്താണ് എകെ ആന്‍റണി പറഞ്ഞ ആ മൂന്നു സംഭവങ്ങള്‍?

കേരളത്തിലെ പൊലീസ് അതിക്രമങ്ങളെ കുറിച്ച് നിയമസഭയില്‍ നടന്ന ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ മുന്‍ മുഖ്യമന്ത്രി എകെ ആന്റണി നടത്തിയ വാര്‍ത്താസമ്മേളനം സംസ്ഥാന രാഷ്ട്രീയത്തെ വീണ്ടും കലുഷിതമാക്കിയിരിക്കുകയാണ്. ശിവഗിരിയിലെ പൊലീസ് നടപടി, മുത്തങ്ങ പൊലീസ് വെടിവെയ്പ്പ്, മാറാട് കലാപം എന്നിവയുമായി ബന്ധപ്പെട്ട് എ കെ ആന്റണി നടത്തിയ പ്രതികരണങ്ങളാണ് ഒരിക്കല്‍ കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സംഭവങ്ങളെ വീണ്ടും ചര്‍ച്ചകളിലേക്ക് എത്തിച്ചത്.

ശിവഗിരിയിലെ പൊലീസ് നടപടി

ശിവഗിരി മഠത്തിലെ അധികാര തര്‍ക്കങ്ങളായിരുന്നു 1995 ഒക്ടോബര്‍ 11 ലെ പൊലീസ് നടപടിയില്‍ കലാശിച്ചത്. ശിവഗിരി മഠവുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പായിരുന്നു തര്‍ക്കങ്ങളുടെ തുടക്കം. തെരഞ്ഞെടുപ്പില്‍ ജയിച്ച സന്യാസിമാര്‍ക്ക് അധികാരം കൈമാറാന്‍ മറുവിഭാഗം തയ്യാറായില്ല. പ്രകാശാനന്ദയ്ക്ക് അധികാരം കൈമാറാന്‍ വേണ്ട നടപടികള്‍ ഉറപ്പാക്കണം എന്ന കോടതി നിര്‍ദേശത്തിന് പിന്നാലെ ആയിരുന്നു ശിവഗിരിയില്‍ പൊലീസ് നടപടി ഉണ്ടായത്.

ഒക്ടോബര്‍ 11 ന് രാവിലെ, 500 പേരടങ്ങുന്ന പൊലീസ് സംഘം മഠം വളപ്പില്‍ പ്രവേശിച്ചതോടെ പ്രദേശം സംഘര്‍ഷ ഭൂമിയാവുകയായിരുന്നു. പ്രകാശാനന്ദയുടെ എതിര്‍ വിഭാഗമായ, സ്വാമി ശാശ്വതീകാനന്ദയെ അനൂകൂലിച്ച 2,000-ത്തിലധികം വരുന്ന അനുയായികള്‍ പൊലീസിനെ പ്രതിരോധിച്ചതോടെ സംഘര്‍ഷം രൂക്ഷമാവുകയായിരുന്നു. കേരള രാഷ്ട്രീയത്തിലും യുഡിഎഫ് മുന്നണിയിലും പിന്നീട് ദൂര വ്യാപക പ്രത്യാഘാതങ്ങളായിരുന്നു പൊലീസ് നടപടി സൃഷ്ടിച്ചത്.

മുത്തങ്ങ വെടിവയ്പ്പ്

2003 ഫെബ്രുവരി 19, കേരളത്തിന്റെ ചരിത്രത്തിലെ കറുത്ത ദിനം. മുത്തങ്ങയില്‍ ഭൂമിക്ക് വേണ്ടി സമരം ചെയ്ത ആദിവാസികള്‍ക്ക് നേരെ ഉണ്ടായ പൊലീസ് നടപടി സംഘര്‍ഷത്തിലും വെടിവെപ്പിലും കലാശിച്ചു. സംഘര്‍ഷത്തിനിടെ പൊലീസ് 18 റൗണ്ട് വെടിയുതിര്‍ത്തു. ആദിവാസി യുവാവ് ജോഗി പൊലീസ് വെടിവെപ്പില്‍ മരിച്ചു. പൊലീസ് ഉദ്യോഗസ്ഥന്‍ വിനോദും സംഘര്‍ഷങ്ങള്‍ക്കിടെ കൊല്ലപ്പെട്ടു. 5 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകള്‍.

ഭൂരഹിതരായ ആദിവാസികള്‍ക്ക് സ്വന്തമായി ഭൂമി വേണമെന്ന ആവശ്യമായിരുന്നു സമരക്കാർ ഉയർത്തിയത്. സി കെ ജാനുവിന്റെ നേതൃത്വത്തില്‍ 2001 ല്‍ സെക്രട്രേറിയറ്റിന് മുന്നില്‍ നടത്തയ സമരത്തിന് ശേഷം സര്‍ക്കാര്‍ സമരക്കാരുമായി ചില കരാറുകള്‍ ഉണ്ടാക്കി. എന്നാല്‍ ഈ കരാര്‍ ലംഘിക്കപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ചുകൊണ്ട്് 2003-ല്‍ സി കെ ജാനുവിന്റെ നേതൃത്വത്തില്‍ തന്നെ ആദിവാസികള്‍ മുത്തങ്ങയില്‍ വന ഭൂമിയില്‍ കുടില്‍കെട്ടി സമരം ആരംഭിച്ചത്. ജനുവരി അഞ്ചിന് ഭൂമി കയ്യേറി ഭൂസമരം ആരംഭിച്ച ആദിവാസികള്‍ക്കെതിരെ 48 ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസ് നടപടി ഉണ്ടായത്.

സംസ്ഥാനത്ത് പാല്‍ വില കൂട്ടും, വര്‍ധിപ്പിക്കാനുള്ള അധികാരം മില്‍മയ്ക്ക്; മന്ത്രി ചിഞ്ചുറാണി നിയമസഭയില്‍

സംസ്ഥാനത്ത് പാല്‍ വില കൂട്ടും, വര്‍ധിപ്പിക്കാനുള്ള അധികാരം മില്‍മയ്ക്ക്; മന്ത്രി ചിഞ്ചുറാണി നിയമസഭയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷീര കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ പാലിന്റെ വില വര്‍ധിപ്പിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. മില്‍മയ്ക്കാണ് പാല്‍വില വര്‍ധിപ്പിക്കാനുള്ള അധികാരമുള്ളത്. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും മന്ത്രി അറിയിച്ചു. സഭയില്‍ തോമസ് കെ തോമസ് എംഎല്‍എയുടെ സബ്മിഷന് മറുപടി നല്‍കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പാലിന് ഏറ്റവും കൂടുതല്‍ വില കൊടുക്കുന്ന സംസ്ഥാനമാണ് കേരളം.

പാല്‍വില വര്‍ധിപ്പിക്കാനുള്ള അധികാരം മില്‍മയ്ക്കാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. അയല്‍സംസ്ഥാനങ്ങളില്‍ അധികമായിട്ടുള്ള പാല്‍ കുറഞ്ഞ നിരക്കില്‍ കേരളത്തിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ ക്ഷീരവിപണിയില്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യം മനസിലാക്കി പാല്‍ വില വര്‍ധന സംബന്ധിച്ച് രൂപീകരിച്ച 5 അംഗ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കണക്കിലെടുത്ത് ക്ഷീര കര്‍ഷകര്‍ക്ക് പ്രയോജനകരമായ രീതിയിലുള്ള പാല്‍ വില വര്‍ധനവ് നടപ്പിലാക്കാനുള്ള നടപടി മില്‍മ അധികം വൈകാതെ തന്നെ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

2025 ല്‍ ഒരു ദിവസം 2 .64 ലക്ഷം പാലാണ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. പാലുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തതയെന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യത്തിലേക്കുള്ള പ്രവര്‍ത്തനത്തിലാണ് ഇന്ന് മില്‍മയും ക്ഷീരവികസനവകുപ്പും. 2024 -2025 വര്‍ഷത്തില്‍ ക്ഷീര കര്‍ഷകര്‍ക്ക് നേരിട്ട് പ്രയോജനപ്പെടുന്ന ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഹസ്തദാന വിവാദം:’ മാച്ച് റഫറി മാപ്പ് പറഞ്ഞു’, അവകാശവാദവുമായി പാകിസ്ഥാന്‍

ഹസ്തദാന വിവാദം:’ മാച്ച് റഫറി മാപ്പ് പറഞ്ഞു’, അവകാശവാദവുമായി പാകിസ്ഥാന്‍

ദുബൈ: ഏഷ്യ കപ്പിലെ ഇന്ത്യ – പാക് മത്സരത്തിലെ വിവാദത്തില്‍ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് മാപ്പ് പറഞ്ഞതായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്(പിസിബി). ഏഷ്യാ കപ്പില്‍ ബഹിഷ്‌കരണ ഭീഷണി പിന്‍വലിച്ച് യുഎഇക്കെതിരെ കളിക്കാന്‍ തയാറയതിന് പിന്നാലെയാണ് മാച്ച് റഫറി മാപ്പ് പറഞ്ഞതായുള്ള പിസിബിയുടെ അവകാശ വാദം.

നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ഇന്നലെ 7:30 ന് നടക്കേണ്ടിയിരുന്ന പാക് – യുഎഇ മത്സരം ഒമ്പത് മണിയോടെ ആരംഭിച്ചത്. ഇന്ത്യക്കെതിരായ മത്സരത്തിലെ ഹസ്തദാന വിവാദത്തില്‍ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഘയോടും പാക് ടീം മാനേജരോടും മാപ്പു പറഞ്ഞുവെന്നാണ് പിസിബിയുടെ പ്രസ്താവന.

ഹസ്തദാന വിവാദം അന്വേഷിക്കുമെന്ന് ഐസിസി ഉറപ്പു നല്‍കിയതായും പാക് ക്രിക്കറ്റ് ബോര്‍ഡ് അവകാശപ്പെട്ടു. ഇന്ത്യക്കെതിരായ മത്സരത്തിനൊടുവില്‍ ഇന്ത്യന്‍ താരങ്ങള്‍ ഹസ്തദാനം നല്‍കാതിരുന്ന സംഭവം ആശയവിനിയമത്തിലെ പിഴവുമൂലം സംഭവിച്ചതാണെന്നും പൈക്രോഫ്റ്റ് വിശദീകരിച്ചതായി പാക് ടിവി ചാനലായ ജിയോ ന്യൂസ് റിപ്പോര്‍ട്ട് പെയ്തു.

എന്നാല്‍ പാകിസ്ഥാന്റെ അവകാശവാദം തള്ളി ഐസിസി വൃത്തങ്ങള്‍ രംഗത്തെത്തി. ഹസ്തദാന വിവാദത്തില്‍ പിസിബി തെളിവുകള്‍ നല്‍കിയാല്‍ മാത്രമെ അന്വേഷണമുണ്ടാകുവെന്നും പൈക്രോഫ്റ്റ് പക്ഷപാതപരമായി പെരുമാറിയെന്നതിന് പാകിസ്ഥാന്‍ തെളിവ് നല്‍കണമെന്നും ഐസിസി ആവശ്യപ്പെട്ടു.