by Midhun HP News | Sep 17, 2025 | Latest News, ജില്ലാ വാർത്ത, മരണം
കീഴാറ്റിങ്ങൽ കുളപ്പാടം വട്ടങ്ങാട്ട് വീട്ടിൽ കെഎസ്ആർടിസി റിട്ട:ജീവനക്കാരൻ തങ്കപ്പൻപിള്ള (79) അന്തരിച്ചു.
ഭാര്യ: സരസ്വതി അമ്മ
മക്കൾ: ദിനേശ്, ദിലീഷ് (യു എസ്), ദീപ്തി (അധ്യാപിക ബിസിവി സ്കൂൾ നെടുമങ്ങാട്), ദീപക്
മരുമക്കൾ: സുകന്യ (പിഡബ്ല്യുഡി), എൽ സൗമ്യാരാജൻ (യു എസ്), അരുൺ (ടാക്സ് പ്രാക്ടീഷണർ), കൃപ വിനോദ്
സഞ്ചയനം: ശനിയാഴ്ച 8.30ന്
by Midhun HP News | Sep 17, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ വിദ്യാർത്ഥികളും അധ്യാപകരും കൈകോർത്തപ്പോൾ പിറന്നത് നാൽപ്പതിനം സസ്യങ്ങളുള്ള ജൈവവൈവിധ്യ തുരുത്ത്.
ഹരിത കേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിയിൽ മികച്ച മാതൃക തീർത്ത് ആറ്റിങ്ങൽ ഗവൺമെൻറ് മോഡൽ ബോയ്സ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ. സ്കൂൾ വളപ്പിൽ തരിശായിക്കിടന്ന സ്ഥലത്ത് നിർമ്മിച്ച ‘നിറവ്’ എന്ന് പേരിട്ട പച്ചത്തുരുത്തിനാണ്, കാര്യക്ഷമവും മാതൃകാപരവുമായ നടത്തിപ്പിന് മുഖ്യമന്ത്രിയുടെ പച്ചത്തുരുത്ത് ജില്ലാതല പുരസ്കാരവും ഒന്നാം സ്ഥാനവും ലഭിച്ചത്.

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പ്രാദേശിക പ്രതിരോധ മാതൃകകൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹരിത കേരളം മിഷൻ പച്ചത്തുരുത്ത് ക്യാമ്പയിൻ വിഭാവനം ചെയ്തത്. ഈ ലക്ഷ്യം നെഞ്ചേറ്റി, സ്കൂളിലെ ഏഴ് സെൻറ് തരിശുഭൂമിയിലാണ് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായി മനോഹരമായ ജൈവവൈവിധ്യ ഉദ്യാനം പിറന്നത്. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ സാങ്കേതിക സഹായവും ഹരിത കേരളം മിഷന്റെ നേതൃത്വവും ഈ ഉദ്യമത്തിന് കരുത്തേകി.
വംശനാശഭീഷണി നേരിടുന്ന സസ്യങ്ങൾ ഉൾപ്പെടെ നാൽപ്പതോളം ഇനം സസ്യങ്ങളാണ് ഈ ഹരിത തുരുത്തിലുള്ളത്. ഫലവൃക്ഷങ്ങൾ, ഔഷധസസ്യങ്ങൾ, കുറ്റിച്ചെടികൾ, വള്ളിച്ചെടികൾ എന്നിവയാൽ സമ്പന്നമായ ‘നിറവ്’, പട്ടണത്തിന് നടുവിലൊരു ജൈവവൈവിധ്യ കലവറയായി മാറിക്കഴിഞ്ഞു. പച്ചത്തുരുത്തിന്റെ നിർമ്മാണത്തിൽ ഒതുങ്ങാതെ, അതിന്റെ കൃത്യമായ പരിപാലനവും സംരക്ഷണവും വിദ്യാർത്ഥികളും അധ്യാപകരും ചേർന്നാണ് പൂർണ്ണമായി നിർവഹിക്കുന്നത്.
നഗരമധ്യത്തിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പങ്കാളിത്തത്തോടെ ഒരു ഹരിത മാതൃക സൃഷ്ടിക്കാൻ കഴിഞ്ഞത് മറ്റു സ്ഥാപനങ്ങൾക്കും പ്രചോദനമാവുകയാണ്. ഈ മാതൃകാപരമായ ഉദ്യമമാണ് ഗവൺമെൻറ് മോഡൽ വി & എച്ച് എസ് എസ് ആറ്റിങ്ങലിനെ ഒന്നാം സ്ഥാനത്തിനും മുഖ്യമന്ത്രിയുടെ ജില്ലാതല പുരസ്കാരത്തിനും അർഹമാക്കിയത്.
by Midhun HP News | Sep 17, 2025 | Latest News, കേരളം
കൊച്ചി: കസ്റ്റമര്‍ കെയറില്‍ നിന്നെന്ന വ്യാജേന ഇ-സിം കാര്‍ഡ് ആക്ടിവേഷന്റെ പേരില്‍ തട്ടിപ്പ് വ്യാപകമെന്ന് ഇന്ത്യന്‍ സൈബര്‍ ക്രൈം കോഡിനേഷന്‍ സെന്റര്‍. ഉപയോക്താവിന്റെ മൊബൈല്‍ നമ്പര്‍ കൈവശപ്പെടുത്തി അക്കൗണ്ടിലെ പണം തട്ടിയെടുക്കുന്നതാണ് രീതിയെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
കസ്റ്റമര്‍ കെയറില്‍ നിന്നാണെന്ന വ്യാജേന ഫോണില്‍ വിളിച്ച് നിലവിലുള്ള ഫിസിക്കല്‍ സിം കാര്‍ഡ് സിം ഇ-സിമ്മായി (എംബഡഡ് സിം) മാറ്റാമെന്ന് അറിയിക്കും. സമ്മതിക്കുന്നവരോട് ഇ-സിം ആക്ടീവേഷന്‍ റിക്വസ്റ്റ് സ്വീകരിക്കാന്‍ ആവശ്യപ്പെടും. അപേക്ഷ സ്വീകരിക്കപ്പെടുന്നതോടെ നിലവിലുള്ള സിം കാര്‍ഡിന് നെറ്റ്വര്‍ക്ക് നഷ്ടമാകും. ഒപ്പം തട്ടിപ്പുകാരുടെ പക്കലുള്ള ഇ-സിം പ്രവര്‍ത്തനക്ഷമമാകും. ഇരകളുടെ നമ്പര്‍ തട്ടിപ്പ്കാരുടെ ഡിവൈസിലേക്ക് മാറ്റുന്നതോടെ കോളുകളും സന്ദേശങ്ങളും ഒടിപിയും നേരിട്ട് അവരിലേക്ക് പോകും.
ഈ ഒടിപികള്‍ ഉപയോഗിച്ച് ഇടപാടുകള്‍ അംഗീകരിക്കാനും പാസ് വേഡുകള്‍ റീ-സെറ്റ് ചെയ്യാനും പണം കൈക്കലാക്കാനും സാധിക്കും. കോളുകള്‍, മെസേജുകള്‍, ഒടിപി മുതലായവ തട്ടിപ്പുകാര്‍ക്ക് ലഭിക്കും. തുടര്‍ന്ന് ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കും.
പുതുതലമുറ ഫോണുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഡിജിറ്റല്‍ സിം ആണ് ഇ-സിം(എംബെഡഡ് സിം). ഒരു സിം സ്ലോട്ട് മാത്രമുള്ള ഫോണില്‍ രണ്ട് ഫോണ്‍ നമ്പരുകള്‍ ഉപയോഗിക്കുന്നവര്‍ അതിലൊന്ന് ഇ-സിം ആക്കാന്‍ കഴിയും. എന്നാല്‍ ഇ-സിം സേവനങ്ങള്‍ക്ക് സേവനദാതാക്കളുടെ ഔദ്യോഗിക കസ്റ്റമര്‍ കെയര്‍ മാത്രം ഉപയോഗിക്കണമെന്നും മൊബൈല്‍ നെറ്റ്വര്‍ക്ക് നഷ്ടമായാല്‍ ഉടന്‍ ബാങ്കുമായി ബന്ധപ്പെട്ട് അക്കൗണ്ട് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്നും സൈബര്‍ പൊലീസ് അറിയിച്ചു.
by Midhun HP News | Sep 17, 2025 | Latest News, കായികം, ജില്ലാ വാർത്ത
അബുദാബി: ഏഷ്യ കപ്പ് ഗ്രൂപ് ബി മത്സരത്തില്‍ അഫ്ഗാനിസ്താനെ എട്ട് റണ്‍സിന് തകര്‍ത്ത് സൂപ്പര്‍ ഫോര്‍ പ്രതീക്ഷ നിലനിര്‍ത്തി ബംഗ്ലാദേശ്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ അഫ്ഗാന്‍ 146 റണ്‍സിന് ഓള്‍ഔട്ടായി.
ഓപ്പണര്‍ റഹ്മാനുല്ല ഗുര്‍ബാസാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍. 31 പന്തില്‍ രണ്ടു വീതം സിക്‌സും ഫോറുമടക്കം 35 റണ്‍സെടുത്തു. അസ്മത്തുല്ല ഒമര്‍സായി (16 പന്തില്‍ 30), റാഷിദ് ഖാന്‍ (11 പന്തില്‍ 20) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. മറ്റുള്ളവര്‍ക്കൊന്നും തിളങ്ങാനായില്ല.
ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്മാന്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. നസും അഹ്മദ്, റിഷാദ് ഹുസൈന്‍, തസ്‌കിന്‍ അഹ്മദ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. 31 പന്തില്‍ 52 റണ്‍സടിച്ച ഓപണര്‍ തന്‍സിദ് ഹസനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. മൂന്ന് സിക്സും നാല് ഫോറമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. സയിഫ് ഹസന്‍ 28 പന്തില്‍ നിന്ന് 30 റണ്‍സെടുത്തു. ഏഴാം ഓവറിലാണ് ഈ സഖ്യം തകര്‍ന്നത്. 28 പന്തില്‍ 30 റണ്‍സ് നേടിയ സൈഫിനെ റാഷിദ് ഖാന്‍ ബൗള്‍ഡാക്കുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 63. ക്യാപ്റ്റന്‍ ലിറ്റന്‍ ദാസിനെ (9) നൂര്‍ അഹ്മദ് വിക്കറ്റിന് മുന്നില്‍ കുടുക്കി. തന്‍സിദും തൗഹീദ് ഹൃദോയിയും ചേര്‍ന്ന് സ്‌കോര്‍ ചലിപ്പിച്ചു. പിന്നാലെ തന്‍സിദിനെ ഇബ്രാഹിം സദ്‌റാന്റെ കൈകളിലെത്തിച്ചു നൂര്‍. ഷമീം ഹുസൈനെ (11) അഫ്ഗാന്‍ നായകന്‍ റാഷിദ് ഖാന്‍ 16ാം എല്‍.ബി.ഡബ്ല്യൂവില്‍ മടക്കിയപ്പോള്‍ നാലിന് 121. അവസാന ഓവറുകളില്‍ സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്ന ഹൃദോയിയെ അസ്മത്തുല്ല ഉമര്‍സായി മടക്കി. തൗഹിദ് ഹൃദോയ് 20 പന്തില്‍ നിന്ന് 26 റണ്‍സ് നേടി. ജാകര്‍ അലിയും 13 പന്തില്‍ 12, നൂറുല്‍ ഹസനും (ആറ് പന്തില്‍ 12, എന്നിവരാണ് ഇന്നിങ്‌സ് പൂര്‍ത്തിയാക്കിയത്.
ഗ്രൂപ്പ് ബിയില്‍ മൂന്ന് കളികളില്‍ നിന്ന് നാലു പോയന്റുമായി ബംഗ്ലാദേശ് രണ്ടാം സ്ഥാനത്താണ്. തോല്‍വിയോടെ അഫ്ഗാന് ശ്രീലങ്കയ്ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരം നിര്‍ണായകമായി. ലങ്കയ്ക്കെതിരേ ജയിച്ചാല്‍ നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ അഫ്ഗാന് സൂപ്പര്‍ ഫോറിലേക്ക് മുന്നേറാം. തോറ്റാല്‍ ബംഗ്ലാദേശ് സൂപ്പര്‍ ഫോറിലെത്തും.
by Midhun HP News | Sep 17, 2025 | Latest News, കേരളം
തൃശൂര്‍: കലുങ്ക് സംവാദത്തിനിടെ നേരത്തെ നിവേദനം നിരസിച്ചത് കൈപ്പിഴയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കലുങ്ക് ചര്‍ച്ച സൗഹൃദവേദിയാണ്. അതിന്റെ പൊലിമ കെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും, കൊടുങ്ങല്ലൂരില്‍ നടത്തിയ കലുങ്ക് ചര്‍ച്ചയ്ക്കിടെ സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. നേരത്തെ കലുങ്ക് ചര്‍ച്ചയ്ക്കിടെ കൊച്ചുവേലായുധനെന്ന വയോധികന്റെ നിവേദനം സുരേഷ് ഗോപി നിരസിച്ചത് വിവാദമായ പശ്ചാത്തലത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
”കലുങ്ക് ചര്‍ച്ചയുമായി 14 ജില്ലകളിലേക്കും പോകുന്നുണ്ട്. ഇത് തടയാന്‍ ആര്‍ക്കും സാധിക്കില്ല. ജനപ്രതിനിധി എന്ന നിലയില്‍ എന്റെ അവകാശമാണിത്. ഇതു തടയാന്‍ ആര്‍ക്കും കഴിയില്ല. ഇങ്ങനെ അവിടെയും ഇവിടെയും കിടക്കുന്ന ചില കൈപ്പിഴകളൊക്കെ ചൂണ്ടിക്കാണിച്ച് ഈ തീപ്പന്തം, ഈ തീഗോളം കെടുത്താമെന്ന് ഒരുത്തനും വിചാരിക്കേണ്ട. അത് നടക്കില്ല. അതിനൊക്കെയുള്ള ചങ്കുറപ്പ് ഭരത് ചന്ദ്രനുണ്ടെങ്കില്‍ അത് സുരേഷ് ഗോപിക്കുമുണ്ട്.”
”ഇയാള്‍ സിനിമയില്‍ നിന്നും ഇതുവരെ ഇറങ്ങിയിട്ടില്ലെന്നാണ് ചിലര്‍ പറയുന്നത്. ജനം കയ്യടിച്ച് നൂറുദിവസം ആ സിനിമ ഓടിയിട്ടുണ്ടെങ്കില്‍ ജനങ്ങള്‍ക്ക് ആവശ്യം അതാണ്. സിനിമയില്‍ നിന്ന് ഇറങ്ങാന്‍ സൗകര്യമില്ല. ആ വേലായുധന്‍ ചേട്ടന് ഒരു വീടു കിട്ടിയതില്‍ സന്തോഷമേയുള്ളൂ. നല്ല കാര്യമാണത്. ഇനിയും ഇതുപോലുള്ള വേലായുധന്‍ ചേട്ടന്മാരെ അങ്ങോട്ട് അയക്കും. സിപിഎം തയ്യാറെടുത്തിരുന്നോളൂ. വീടില്ലാത്തവരുടെ ഒരു ലിസ്റ്റ് പ്രഖ്യാപിക്കാം. സിപിഎം തുടര്‍ന്നും ആര്‍ജ്ജവം കാണിക്കണം, ചങ്കൂറ്റം കാണിക്കണം”. സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
നേരത്തെ ചേര്‍പ്പില്‍ നടന്ന കലുങ്ക് ചര്‍ച്ചയ്ക്കിടെയാണ് കൊച്ചു വേലായുധന്റെ നിവേദനം സുരേഷ് ഗോപി നിരസിച്ചത്. തന്റെ അധികാരപരിധിയില്‍ വരുന്ന കാര്യമല്ലെന്ന് പറഞ്ഞായിരുന്നു സുരേഷ് ഗോപി നിവേദനം സ്വീകരിക്കാന്‍ കൂട്ടാക്കാതിരുന്നത്. ഇതു വിവാദമാകുകയും ചെയ്തു. കേന്ദ്രമന്ത്രി നിവേദനം നിരസിച്ചതിന് പിന്നാലെ സിപിഎം കൊച്ചുവേലായുധനെ സന്ദര്‍ശിക്കുകയും വീടു നിര്‍മ്മിച്ച് നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
by Midhun HP News | Sep 17, 2025 | Latest News, കേരളം
കല്‍പ്പറ്റ: വനിതാ ബീറ്റ് ഓഫീസറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ആരോപണ വിധേയനായ വനംവകുപ്പിലെ സെക്ഷന്‍ ഓഫീസര്‍ കെ കെ രതീഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി എന്‍ അന്‍ജന്‍കുമാര്‍ ആണ് നടപടിയെടുത്തത്. പരാതിയില്‍നിന്ന് പിന്മാറാന്‍ യുവതിയെ രതീഷ് കുമാര്‍ പ്രേരിപ്പിക്കാന്‍ ശ്രമിക്കുന്ന ശബ്ദരേഖ പുറത്തു വന്നിരുന്നു.
സെപ്റ്റംബര്‍ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. രാത്രി ഡ്യൂട്ടിയുണ്ടായിരുന്ന വനിതാ ബീറ്റ് ഓഫിസറുടെ മുറിയിലേക്ക് രതീഷ് അതിക്രമിച്ച് കടക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു എന്നാണ് പരാതി. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോയ രതീഷ് രാത്രിയോടെ തിരിച്ചെത്തിയാണ് ലൈംഗിക അതിക്രമം നടത്തിയത്. ബഹളം വെച്ച് പുറത്തിറങ്ങിയാണ് യുവതി രക്ഷപ്പെട്ടത്.
സംഭവം വിവാദമായതിനു പിന്നാലെ രതീഷിനെ കല്‍പറ്റ റേഞ്ച് ഓഫിസിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനുശേഷമാണ് തെറ്റുപറ്റിയെന്നും നാറ്റിക്കരുതെന്നും രതീഷ് കുമാര്‍ വനിതാ ഓഫിസറോട് ഫോണില്‍ ആവശ്യപ്പെട്ടത്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫോണില്‍ വിളിച്ച് പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നുമാണ് ആക്ഷേപം.
Recent Comments