വനിതാ ബീറ്റ് ഓഫീസറെ പീഡിപ്പിക്കാന്‍ ശ്രമം: സെക്ഷന്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

വനിതാ ബീറ്റ് ഓഫീസറെ പീഡിപ്പിക്കാന്‍ ശ്രമം: സെക്ഷന്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

കല്‍പ്പറ്റ: വനിതാ ബീറ്റ് ഓഫീസറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ആരോപണ വിധേയനായ വനംവകുപ്പിലെ സെക്ഷന്‍ ഓഫീസര്‍ കെ കെ രതീഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി എന്‍ അന്‍ജന്‍കുമാര്‍ ആണ് നടപടിയെടുത്തത്. പരാതിയില്‍നിന്ന് പിന്മാറാന്‍ യുവതിയെ രതീഷ് കുമാര്‍ പ്രേരിപ്പിക്കാന്‍ ശ്രമിക്കുന്ന ശബ്ദരേഖ പുറത്തു വന്നിരുന്നു.

സെപ്റ്റംബര്‍ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. രാത്രി ഡ്യൂട്ടിയുണ്ടായിരുന്ന വനിതാ ബീറ്റ് ഓഫിസറുടെ മുറിയിലേക്ക് രതീഷ് അതിക്രമിച്ച് കടക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു എന്നാണ് പരാതി. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോയ രതീഷ് രാത്രിയോടെ തിരിച്ചെത്തിയാണ് ലൈംഗിക അതിക്രമം നടത്തിയത്. ബഹളം വെച്ച് പുറത്തിറങ്ങിയാണ് യുവതി രക്ഷപ്പെട്ടത്.

സംഭവം വിവാദമായതിനു പിന്നാലെ രതീഷിനെ കല്‍പറ്റ റേഞ്ച് ഓഫിസിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനുശേഷമാണ് തെറ്റുപറ്റിയെന്നും നാറ്റിക്കരുതെന്നും രതീഷ് കുമാര്‍ വനിതാ ഓഫിസറോട് ഫോണില്‍ ആവശ്യപ്പെട്ടത്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫോണില്‍ വിളിച്ച് പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നുമാണ് ആക്ഷേപം.

‘നരേന്ദ്ര: നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി’; മോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ട്രംപ്

‘നരേന്ദ്ര: നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി’; മോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ട്രംപ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 75-ാം പിറന്നാള്‍ ആഘോഷിക്കുന്ന മോദിയെ ഫോണില്‍ വിളിച്ചാണ് ട്രംപ് ആശംസകള്‍ നേര്‍ന്നത്. ജൂണ്‍ 17 ന് ശേഷം ഇരുനേതാക്കളും തമ്മില്‍ നടത്തുന്ന ആദ്യ ഫോണ്‍ സംഭാഷണമാണിത്. നരേന്ദ്ര മോദി ഗംഭീരമായി ജോലി ചെയ്യുന്നുവെന്നും ട്രംപ് പിന്നീട് കൂട്ടിച്ചേര്‍ത്തു.‘‘ഇപ്പോൾ എന്റെ സുഹൃത്ത് നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചിരുന്നു. അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നു. അദ്ദേഹം ഗംഭീരമായ ജോലിയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. നരേന്ദ്ര: റഷ്യ– യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി’’–ട്രംപ് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

ജന്മദിനാശംസകള്‍ നേര്‍ന്ന ട്രംപിന് പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി അറിയിച്ചു. ‘എന്റെ സുഹൃത്ത് പ്രസിഡന്റ് ട്രംപ്, നിങ്ങളുടെ ഫോൺ കോളിനും ജന്മദിനാശംസയ്ക്കും നന്ദി. നിങ്ങളെപ്പോലെ തന്നെ, ഇന്ത്യയും യുഎസും തമ്മിലുള്ള സമഗ്രവും ആഗോളവുമായ പങ്കാളിത്തത്തെ പുതിയ ഉയരത്തിലെത്തിക്കാൻ ഞാൻ പൂർണമായും പ്രതിജ്ഞാബദ്ധനാണ്. യുക്രൈൻ യുദ്ധത്തിന് സമാധാനപരമായ പരിഹാരം കാണാനുള്ള നിങ്ങളുടെ ശ്രമങ്ങളെ ഞങ്ങൾ പിന്തുണയ്ക്കും’–മോദി എക്സിലെ കുറിപ്പിൽ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 75-ാം പിറന്നാള്‍; രണ്ടാഴ്ച നീളുന്ന ആഘോഷവുമായി ബിജെപി

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 75-ാം പിറന്നാള്‍; രണ്ടാഴ്ച നീളുന്ന ആഘോഷവുമായി ബിജെപി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍. ഗുജറാത്തിലെ മെഹ്സാനയില്‍ 1950 സെപ്തംബര്‍ 17 നാണ് മോദിയുടെ ജനനം. പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബിജെപിയും ഇന്ന് തുടക്കമിടും.

മോദിയുടെ ജന്മദിനത്തിന്റെ ഭാഗമായി ബിജെപിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും ‘സേവ പഖ്വാഡ’ (സേവന വാരം) ആചരിക്കും. രക്തദാന-ആരോഗ്യ ക്യാമ്പുകള്‍, ശുചിത്വ ദൗത്യങ്ങള്‍, പരിസ്ഥിതി ബോധവത്കരണം, പ്രദര്‍ശനങ്ങള്‍, ചിത്രരചനാ മത്സരങ്ങള്‍, വികലാംഗര്‍ക്കുള്ള ഉപകരണ വിതരണം, ‘മോദി വികാസ് മാരത്തണ്‍’ കായികമേളകള്‍ തുടങ്ങിയവ സംഘടിപ്പിക്കും.’സ്വദേശി’, ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്നീ പ്രമേയങ്ങളിലൂന്നിയുള്ള പരിപാടിയാണ് ബിജെപി കേന്ദ്രനേതൃത്വം ലക്ഷ്യമിടുന്നത്. ജന്മദിനമായ ഇന്ന് ആരംഭിച്ച് ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് വരെ നീളുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. പിറന്നാള്‍ ദിനം പ്രധാനമന്ത്രി മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ രാജ്യത്തെ ആദ്യ പി എം മിത്ര ടെക്സ്‌റ്റൈല്‍ പാര്‍ക്കിന് തറക്കല്ലിടും.

ശക്തമായ മഴ; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശക്തമായ മഴ; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴ ശക്തമാകുന്നു. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോര്‍ അലര്‍ട്ടാണുള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ ശക്തമായ മഴയാണ് കണക്കുകൂട്ടുന്നത്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മഴയോടൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്.

നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നിലമേല്‍ അപകടം: സ്‌കൂള്‍ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി; ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

നിലമേല്‍ അപകടം: സ്‌കൂള്‍ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി; ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

കൊല്ലം: നിലമേല്‍ വേക്കലിലെ സ്‌കൂള്‍ ബസ് അപകടത്തില്‍ കടുത്ത നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. സ്‌കൂള്‍ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി. ഡ്രൈവറെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് കൊല്ലം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ വ്യക്തമാക്കി.

കിളിമാനൂര്‍ പാപ്പാല വിദ്യാ ജ്യോതി സ്‌കൂളിന്റെ വാഹനമാണ് ഇന്നലെ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 22 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഡ്രൈവറും ഒരു കുട്ടിയും പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

തട്ടത്തുമല – വട്ടപ്പാറ റോഡില്‍ വെച്ചാണ് അപകടം ഉണ്ടായത്. കയറ്റത്തില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. അപകടത്തില്‍ സ്‌കൂളിന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വിലയിരുത്തല്‍. ഇന്ന് നേരിട്ട് ഹാജരാകാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

റെയിൽവേ സെക്ഷൻ കൺട്രോളർ തസ്തിക; അപേക്ഷ സ്വീകരിച്ചു തുടങ്ങി; കേരളത്തിലും ഒഴിവ്

റെയിൽവേ സെക്ഷൻ കൺട്രോളർ തസ്തിക; അപേക്ഷ സ്വീകരിച്ചു തുടങ്ങി; കേരളത്തിലും ഒഴിവ്

ഇന്ത്യൻ റെയിൽവേയിലെ സെക്ഷൻ കൺട്രോളർ തസ്തികയിലെ 368 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷ നൽകാം. കേരളത്തിൽ തിരുവനന്തപുരത്തും ഒഴിവുകളുണ്ട്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാനതീയതി ഒക്ടോബർ 14. അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷ നൽകാം.

20 മുതൽ 33 വയസ് വരെയുള്ളവർക്ക് അപേക്ഷ നൽകാം. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവുകൾ ഉണ്ടാകും. സെക്ഷൻ കൺട്രോളർ തസ്തികയിലേക്ക് അപേക്ഷിക്കാൻ മുൻ പരിചയം ആവശ്യമില്ല. നിയമനം ലഭിക്കുന്നവർക്ക് ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ (CPC) ലെവൽ 6-ൽ പെടുന്ന ശമ്പളവും ആനൂകൂല്യങ്ങളും ലഭിക്കും. ഈ തസ്തികയുടെ പ്രാരംഭ അടിസ്ഥാന ശമ്പളം 35,400 രൂപയാണ്.

കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സി ബി റ്റി), കമ്പ്യൂട്ടർ ബേസ്ഡ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സി ബി എ റ്റി),ഡോക്യുമെന്റ് വെരിഫിക്കേഷൻ,മെഡിക്കൽ പരിശോധന തുടങ്ങിയ ക്രമത്തിലാകും തെരഞ്ഞെടുപ്പ് പ്രക്രിയ. കാഴ്ച്ചാ പരിശോധനയുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്ക് https://www.rrbapply.gov.in/ സന്ദർശിക്കുക.