പാകിസ്ഥാനെ എറിഞ്ഞു വീഴ്ത്തി, അടിച്ചിരുത്തി! ഇന്ത്യയ്ക്ക് ‘വിജയ മൂഡ്’

പാകിസ്ഥാനെ എറിഞ്ഞു വീഴ്ത്തി, അടിച്ചിരുത്തി! ഇന്ത്യയ്ക്ക് ‘വിജയ മൂഡ്’

ദുബായ്: ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ നാലുപാടു നിന്നു വന്നപ്പോള്‍ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ താരങ്ങളോടു കളിയില്‍ മാത്രം ശ്രദ്ധിക്കാന്‍ ആവശ്യപ്പെട്ടു. താരങ്ങള്‍ അക്ഷരംപ്രതി കാര്യങ്ങള്‍ കളത്തില്‍ നടപ്പാക്കി. ആദ്യം ബൗളര്‍മാരും പിന്നാലെ ബാറ്റര്‍മാരും മിന്നും പ്രകടനവുമായി കളം വാണു. ഫലം, ഏഷ്യാ കപ്പ് ടി20യിലെ ബ്ലോക്ക് ബസ്റ്റര്‍ പോരില്‍ ചിരവൈരികളായ പാകിസ്ഥാനെ തകര്‍ത്ത് തരിപ്പണമാക്കി ഇന്ത്യ ഉജ്ജ്വല വിജയം പിടിച്ചു. ബാറ്റിങിലും ബൗളിങിലും പാക് ടീമിനെ അക്ഷരാര്‍ഥത്തില്‍ ഇന്ത്യ നിഷ്പ്രഭമാക്കി. പാകിസ്ഥാന്‍ ഉയര്‍ത്തിയ ദുര്‍ബല ലക്ഷ്യം ഇന്ത്യ വെറും 3 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇന്ത്യന്‍ ജയം 7 വിക്കറ്റിന്.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് മാത്രമാണ് നേടിയത്. ഇന്ത്യയുടെ മറുപടി 15.5 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ വന്നു. ഇന്ത്യ 131 റണ്‍സാണ് അടിച്ചത്. ജയത്തോടെ ഇന്ത്യ സൂപ്പർ ഫോറിലേക്ക് മുന്നേറി. തുടരെ രണ്ട് ജയങ്ങളുമായാണ് ഇന്ത്യ അടുത്ത ഘട്ടമുറപ്പിച്ചത്.

ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യക്കായി ഷഹീന്‍ അഫ്രീദിയെറിഞ്ഞ ഒന്നാം ഓവറില്‍ ആദ്യ പന്ത് ഫോറടിച്ചും രണ്ടാം പന്ത് സിക്‌സ് തൂക്കിയും അഭിഷേക് മിന്നല്‍ തുടക്കമാണ് നല്‍കിയത്. സ്‌കോര്‍ 22ല്‍ എത്തിയപ്പോഴാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. ശുഭ്മാന്‍ ഗില്ലാണ് ആദ്യം മടങ്ങിയത്. താരം 10 റണ്‍സെടുത്തു. സ്‌കോര്‍ 41ല്‍ എത്തിയപ്പോള്‍ അഭിഷേകും പുറത്തായി. സയം അയുബാണ് ഓപ്പണര്‍മാരെ രണ്ട് പേരേയും പുറത്താക്കിയത്.

അഭിഷേക് 13 പന്തില്‍ 4 ഫോറും 2 സിക്‌സും സഹിതം 31 റണ്‍സ് കണ്ടെത്തി. പിന്നീട് തിലക് വര്‍മയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ചേര്‍ന്നു സ്‌കോര്‍ മുന്നോട്ടു കൊണ്ടു പോയി. സഖ്യം അര്‍ധ സെഞ്ച്വറി നേടിയതിനു പിന്നാലെ തിലകും പുറത്തായി. താരം 31 പന്തില്‍ ഒരു സിക്‌സും 2 ഫോറും സഹിതം 31 റണ്‍സ് കണ്ടെത്തി.

ഒടുവിൽ സിക്സർ തൂക്കി സൂര്യകുമാർ യാദവ് ഇന്ത്യൻ ജയം സ്റ്റൈലായി തന്നെ അവസാനിപ്പിച്ചു. 37 പന്തിൽ 5 ഫോറും ഒരു സിക്സും സഹിതം 47 റൺസെടുത്തു സൂര്യകുമാർ ടോപ് സ്കോററായി പുറത്താകാതെ നിന്നു. 7 പന്തിൽ 10 റൺസുമായി ശിവം ദുബെയും ജയം തൊടുമ്പോൾ ക്യാപ്റ്റനൊപ്പം ക്രീസിലുണ്ടായിരുന്നു.

അഞ്ചാം സ്ഥാനത്ത് ബാറ്റിങിനെത്തിയത് സഞ്ജു സാംസണ്‍ ആയിരുന്നില്ല. ശിവം ദുബെയാണ് വന്നത്. സൂര്യകുമാറിനൊപ്പം ചേര്‍ന്നു ദുബെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ ജയത്തിലെത്തിച്ചു.

ഉസൈൻ ബോൾട്ട് സാക്ഷി! ഒബ്ലീക് സെവിൽ പുതിയ വേ​ഗ താരം

ഉസൈൻ ബോൾട്ട് സാക്ഷി! ഒബ്ലീക് സെവിൽ പുതിയ വേ​ഗ താരം

ടോക്യോ: ജമൈക്കയുടെ ഒബ്ലീക് സെവിൽ ലോകത്തിലെ പുതിയ വേ​ഗ താരം. ലോക അത്‍ലറ്റിക് ചാംപ്യൻഷിപ്പിൽ പുരുഷൻമാരുടെ 100 മീറ്ററിൽ താരം 9.77 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണം കരസ്ഥമാക്കി. 2016ൽ ഇതിഹാസ താരം ഉസൈൻ ബോൾട്ട് സ്വർണം നേടിയ ശേഷം ഇതാദ്യമായാണ് ഒരു ജമൈക്കൻ താരം നേട്ടത്തിലെത്തുന്നത്. മത്സരം കാണാൻ ബോൾട്ടും ​ഗാലറിയിലുണ്ടായിരുന്നു. താരത്തെ സാക്ഷിയാക്കിയാണ് ഒബ്ലീകിന്റെ സുവർണ നേട്ടം.

24കാരനായ ജമൈക്കൻ താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സമയം കൂടിയാണിത്. കഴിഞ്ഞ തവണ ബുഡാപെസ്റ്റിൽ 100 മീറ്റർ റിലേയിൽ വെങ്കലം നേടിയ ജമൈക്കൻ ടീമിൽ ഒബ്ലീകും അം​ഗമായിരുന്നു.

കടുത്ത പോരാണ് ഫൈനലിൽ കണ്ടത്. ജമൈക്കയുടെ തന്നെ കിഷെയ്ൻ തോംപ്സനെയാണ് ഒബ്ലീക് സെവിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. നിലവിലെ ലോക ചാംപ്യൻ അമേരിക്കയുടെ നോഹ് ലെയ്ൽസിനാണ് വെങ്കലം.

വനിതകളിൽ അമേരിക്കയുടെ മെലിസ ജെഫേഴ്സൻ വൂഡനാണ് സ്വർണം. മീറ്റ് റെക്കോർഡോടെ താരം 10.61 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സ്വന്തമാക്കിയത്.

സ്വര്‍ണവില; 81,500ന് മുകളില്‍ തന്നെ

സ്വര്‍ണവില; 81,500ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 81,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 10,190 രൂപ നല്‍കണം.

ഈ മാസാദ്യം 77,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. പിന്നീട് ഓരോ ദിവസവും വില കൂടുന്നതാണ് ദൃശ്യമായത്. രാജ്യാന്തര വിപണിയിലെ സ്വര്‍ണ വിലയുടെ വര്‍ധനയാണ് വിലയില്‍ പ്രതിഫലിച്ചത്.

ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത് അടക്കമുള്ള ഘടകങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് സ്വര്‍ണവില ഉയരാന്‍ കാരണം.

അമീബിക് മസ്തിഷ്‌ക ജ്വരം; നീന്തൽകുളം അണുവിമുക്തമാക്കാൻ ആരോഗ്യ വകുപ്പിൻ്റെ കർശന നിർദേശം

അമീബിക് മസ്തിഷ്‌ക ജ്വരം; നീന്തൽകുളം അണുവിമുക്തമാക്കാൻ ആരോഗ്യ വകുപ്പിൻ്റെ കർശന നിർദേശം

അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതിനെ തുടർന്ന് ആക്കുളം നീന്തൽകുളം അണുവിമുക്തമാക്കാൻ ആരോഗ്യ വകുപ്പിൻ്റെ കർശന നിർദേശം. നീന്തൽക്കുളത്തിലെ മുഴുവൻ വെള്ളവും തുറന്നുവിടണം. നീന്തൽക്കുള ഭിത്തി തേച്ച് ഉരച്ച് ശുചിയാക്കണം. വെള്ളം നിലനിർത്തുമ്പോൾ ക്ലോറിനേറ്റ് ചെയ്ത് നിലനിർത്തണമെന്നും ജില്ലാ ആരോഗ്യവിഭാഗം ആക്കുളം ടൂറിസ്റ്റ് വില്ലേജിന് നിർദ്ദേശം നൽകി. തിരുവനന്തപുരത്ത് പൂവാർ സ്വദേശിയായ പതിനേഴുകാരന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തൽകുളം ആരോഗ്യവകുപ്പ് പൂട്ടിയിരുന്നു. വെള്ളത്തിന്റെ സാമ്പിൾ ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

മൂന്നു കൂട്ടുകാർക്കൊപ്പമായിരുന്നു പതിനേഴുകാരൻ ഓഗസ്റ്റ് 16ന് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തൽകുളത്തിലെത്തി കുളിച്ചിരുന്നത്. പിറ്റേന്ന് മുതലാണ് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. ഇന്നലെയാണ് പതിനേഴുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ഒപ്പമുണ്ടായിരുന്നു മൂന്നുപേർക്ക് നിലവിൽ രോഗലക്ഷണങ്ങൾ ഇല്ല. എന്നാൽ ഇവർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.

അതേസമയം, തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിലവിൽ ഒൻപത് പേർ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുണ്ട്. ഇതിൽ പതിനാലുകാരൻറെ നില ഗുരുതരമാണ്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് ജില്ലയിൽ 10 പേർ ചികിത്സയിൽ തുടരുകയാണ്.

കോഴിക്കോട്, മലപ്പുറം, വയനാട് സ്വദേശികളാണ് ചികിത്സയിലുള്ളത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ 9 പേരും സ്വകാര്യ ആശുപത്രിയിൽ ഒരാളുമാണ് ഉള്ളത്. ഈ വർഷം 66 പേർക്ക് രോഗബാധ ഉണ്ടായെന്നും 17 പേർ മരിച്ചെന്നുമാണ് ആരോഗ്യവകുപ്പിൻ്റെ കണക്ക്. ഈ മാസം ഇതുവരെ 19 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ഏഴു പേർ മരിക്കുകയും ചെയ്തു. പല കേസുകളിലും ഉറവിടം വ്യക്തമല്ലാത്തതാണ് ആരോഗ്യവകുപ്പിനെ കുഴക്കുന്നത്

മാമം, തക്ഷശില ലൈബ്രറിയിൽ  ഗ്രന്ഥശാല ദിനം ആചരിച്ചു

മാമം, തക്ഷശില ലൈബ്രറിയിൽ  ഗ്രന്ഥശാല ദിനം ആചരിച്ചു

മാമം, തക്ഷശില ലൈബ്രറിയിൽ  ഗ്രന്ഥശാല ദിനം ആചരിച്ചു. ലൈബ്രറി അങ്കണത്തിൽ നടന്ന ചടങ്ങിൽ തിരു:ജില്ലാ ലൈബ്രറി കൗൺസിൽ മെമ്പർ ഗിരി കെ എസിന്റെ സാന്നിധ്യത്തിൽ പ്രസിഡന്റ്‌ ജയകുമാർ പതാക ഉയർത്തി.

തുടർന്ന് ഗിരി കെ എസ്സ്, ലൈബ്രറിയുടെ പുസ്തക സമാഹരണം ഉദ്ഘാടനം ചിറയിൻകീഴിലെ പൂരം ഫാൻസി കട ഉടമ സിന്ധു മധുവിൽനിന്ന് പുസ്തകങ്ങൾ സ്വീകരിച്ച് നിർവ്വഹിക്കുകയും ചെയ്തു. അംഗത്വ വിതരണ ഉദ്ഘാടനം ലൈബ്രറി സെക്രട്ടറി രഞ്ജിത്ത് കുമാർ ഗായത്രിക്കു നൽകി നിർവ്വഹിച്ചു. ലൈബ്രറി എക്സിക്യൂട്ടീവ് അംഗം ശ്രീജിത്ത്, ബ്രദേഴ്സ് കൺസ്ട്രക്ഷൻ എം.ഡി മധു എസ്സ്, ലൈബറി വനിതാവേദി, ബാലവേദി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

കേരള ഹിന്ദി പ്രചാരസഭ  പ്രഥമ പരീക്ഷയിൽ ഒന്നാം റാങ്ക്  നേടിയ നിവേദിത എ.എൻ

കേരള ഹിന്ദി പ്രചാരസഭ പ്രഥമ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ നിവേദിത എ.എൻ

കേരള ഹിന്ദി പ്രചാരസഭ 2025 ആഗസ്റ്റ് മാസത്തിൽ നടത്തിയ പ്രഥമ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ നിവേദിത എ.എൻ. ആറ്റിങ്ങൽ മൃഗാശുപത്രിക്ക് സമീപം ഹരിചന്ദനത്തിൽ നിതിൻ രാജേന്ദ്രന്റേയും ആതിര എം.എസിന്റേയും മകളാണ്. ആറ്റിങ്ങൽ ബാബുജി ഹിന്ദി വിദ്യാലയത്തിലേയും മദർ ഇന്ത്യയിലെയും വിദ്യാർത്ഥിയാണ്.