അഷ്ടമിരോഹിണി ഞായറാഴ്ച, ഗുരുവായൂരില്‍ 40,000 പേര്‍ക്ക് സദ്യ; 200ലേറെ കല്യാണങ്ങള്‍, ദര്‍ശന നിയന്ത്രണം

അഷ്ടമിരോഹിണി ഞായറാഴ്ച, ഗുരുവായൂരില്‍ 40,000 പേര്‍ക്ക് സദ്യ; 200ലേറെ കല്യാണങ്ങള്‍, ദര്‍ശന നിയന്ത്രണം

ഗുരുവായൂര്‍: അഷ്ടമിരോഹിണി ഗുരുവായൂരില്‍ വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം. ഇത്തവണ ഞായറാഴ്ചയാണ് അഷ്മിരോഹിണി. ഞായറാഴ്ചയായതിനാലുള്ള തിരക്ക് കണക്കിലെടുത്ത് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് ദേവസ്വം ചെയര്‍മാന്‍ വി കെ വിജയന്‍ അറിയിച്ചു. ഇരുനൂറിലേറെ കല്യാണങ്ങള്‍ അന്ന് നടക്കും. പുലര്‍ച്ചെ നാലുമുതല്‍ തുടങ്ങും. അഞ്ച് മണ്ഡപങ്ങള്‍ ഒരുക്കും. ദൂരെനിന്ന് വരുന്നവര്‍ക്ക് കല്യാണം കഴിഞ്ഞ് നാട്ടിലേക്ക് പോകാനുള്ള സൗകര്യത്തിനുവേണ്ടിയാണ് ക്രമീകരണം.

കൃഷ്ണന്റെ പിറന്നാള്‍സദ്യ ഇക്കുറി 40,000 പേര്‍ക്ക് നല്‍കും. തെക്കേനടയിലെ ശ്രീഗുരുവായൂരപ്പന്‍ ഹാളിലും പടിഞ്ഞാറേനടയിലെ അന്നലക്ഷ്മി ഹാളിലുമായി ഒരേസമയം രണ്ടായിരത്തിലേറെപ്പേര്‍ക്ക് ഭക്ഷണം കഴിക്കാം.

അഷ്ടമിരോഹിണി ദിവസം രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ വിഐപി, പ്രത്യേക ദര്‍ശനമുണ്ടാകില്ല. കിഴക്കേനടയിലെ പൊതുവരി പൂന്താനം ഹാളില്‍നിന്ന് ആരംഭിക്കും. നിര്‍മാല്യം മുതല്‍ ഭക്തരെ കൊടിമരം വഴി നേരേ നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കും. മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള ദര്‍ശനം രാവിലെ നാലരമുതല്‍ അഞ്ചരവരെയും വൈകീട്ട് അഞ്ചുമുതല്‍ ആറുവരെയുമാണ്. തദ്ദേശീയര്‍ക്ക് നിലവില്‍ അനുവദിക്കപ്പെട്ട സമയത്ത് ദര്‍ശനം നടത്താം.

ക്ഷേത്രത്തില്‍ രാവിലെ കാഴ്ചശ്ശീവേലിക്ക് പെരുവനം കുട്ടന്‍മാരാരുടെ മേളവും വൈകീട്ട് കാഴ്ചശ്ശീവേലിക്കും രാത്രി വിളക്കെഴുന്നള്ളിപ്പിനും വൈക്കം ചന്ദ്രന്റെ പഞ്ചവാദ്യവുമുണ്ടാകും. വൈകീട്ട് അഞ്ചിന് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ദേവസ്വത്തിന്റെ ക്ഷേത്രകലാപുരസ്‌കാരം കലാമണ്ഡലം പെരിങ്ങോട് ചന്ദ്രന് മന്ത്രി വി എന്‍ വാസവന്‍ സമ്മാനിക്കും. ചടങ്ങിനുശേഷം പെരിങ്ങോട് ചന്ദ്രന്‍ നയിക്കുന്ന ഒന്നരമണിക്കൂര്‍ പഞ്ചവാദ്യമുണ്ടാകും.

‘ശാപവചനങ്ങളില്‍ നിന്ന് കെഎസ്ആര്‍ടിസി മുക്തി നേടി, ആത്മാര്‍പ്പണവും അധ്വാനവും അത്ഭുതം സൃഷ്ടിക്കും

‘ശാപവചനങ്ങളില്‍ നിന്ന് കെഎസ്ആര്‍ടിസി മുക്തി നേടി, ആത്മാര്‍പ്പണവും അധ്വാനവും അത്ഭുതം സൃഷ്ടിക്കും

തിരുവനന്തപുരം: ആധുനിക സൗകര്യങ്ങളോട് കൂടിയ ബസുകള്‍ നിരത്തിലിറക്കിയും വരുമാനം വര്‍ധിപ്പിച്ചും മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന കെഎസ്ആര്‍ടിസിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാവനാ സമ്പന്നമായ നേതൃത്വത്തിന്റെയും അര്‍പ്പണ മനോഭാവത്തോടെ അക്ഷീണം പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെയും ജീവനക്കാരുടെയും കൂട്ടായ്മയാണ് ഇപ്പോഴത്തെ മുന്നേറ്റത്തിന് അടിസ്ഥാനം എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് മുഖ്യമന്ത്രിയുടെ പ്രശംസ.

പലവിധത്തിലുള്ള ശാപവചനങ്ങളില്‍ നിന്ന് മുക്തി നേടി പുരോഗതിയുടെ പാതയിലാണ് കേരള സംസ്ഥാനത്തിന്റെ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍. നശിച്ചു നാനാവിധമാകും, ഇനി ഭാവിയില്ല, എന്തിനീ വെള്ളാനയെ പോറ്റുന്നു തുടങ്ങി നിരവധി വിമര്‍ശനങ്ങള്‍ കെഎസ്ആര്‍ടിസ് കേട്ടിട്ടുണ്ട്. എന്നാല്‍ നിരവധി നവീകരണ പ്രവര്‍ത്തനങ്ങളാണ് സമീപകാലത്ത് കെഎസ്ആര്‍ടിസിയില്‍ നടന്നത്. സൗകര്യപ്രദവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുക എന്നതായിരുന്നു നവീകരണങ്ങളുടെ ലക്ഷ്യം. ഇതിന്റെ ഫലമാണ് വരുമാനത്തില്‍ ഉള്‍പ്പെടെ നേടിയ വര്‍ധനയെന്നും കണക്കുകള്‍ ഉള്‍പ്പെടെ വിവരിച്ച് മുഖ്യമന്ത്രിയുടെ കുറിപ്പ് ചൂണ്ടിക്കാട്ടുന്നു.

സെപ്റ്റംബര്‍ എട്ടിന് ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം 10.19 കോടി രൂപയും ടിക്കറ്റ് ഇതര വരുമാനമായി 82 ലക്ഷം രൂപയും കെഎസ്ആര്‍ടിസിക്ക് ലഭിച്ചു എന്നും മുഖ്യമന്ത്രി അറിയിച്ചു. ആത്മാര്‍പ്പണവും അധ്വാനവും അത്ഭുതങ്ങള്‍ സൃഷ്ടിക്കും എന്നും മുഖ്യമന്ത്രി കുറിപ്പില്‍ പറയുന്നു. പുരോഗനപരമായ മാറ്റങ്ങള്‍ പൊതു ഗതാഗത രംഗത്ത് ഉണ്ടാക്കിയ ചലനത്തിന്റെ തെളിവ് കൂടിയാണ് കെഎസ്ആര്‍ടിസി കൈവരിച്ച ചരിത്ര നേട്ടം. ട്രാവല്‍ കാര്‍ഡ്, യുപിഐ പെയ്‌മെന്റ് സൗകര്യം, ലൈവ് ട്രാക്കിംഗ് സംവിധാനം തുടങ്ങിയ കെഎസ്ആര്‍ടിസി സ്വീകരിച്ച പുതു രീതികള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിച്ചു. കൂടാതെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബസുകള്‍ നിരത്തിലിറക്കി മികവാര്‍ന്ന യാത്രാനുഭവം ഒരുക്കാനും കെഎസ്ആര്‍ടിസിക്ക് സാധിച്ചു.

മുടങ്ങിക്കിടന്ന പല സര്‍വീസുകളും പുനരാരംഭിച്ചതും വരുമാന വര്‍ദ്ധനവിന് സഹായകമായി. കെഎസ്ആര്‍ടിസി പുതുതായി ആരംഭിച്ച വിനോദസഞ്ചാര പാക്കേജുകള്‍, ഡ്രൈവിങ് സ്‌കൂളുകള്‍ തുടങ്ങിയ സേവനങ്ങളും മികവ് വര്‍ധിപ്പിച്ചു. ലളിതവും സുതാര്യവുമായി നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ കെഎസ്ആര്‍ടിസിയുടെ ജനപ്രീതിയും വര്‍ദ്ധിപ്പിച്ചു.

കൃത്യമായ ആസൂത്രണത്തിലൂടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയും പൊതുഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്തുന്ന കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. തകര്‍ന്നു പോകുമെന്ന് വിധിയെഴുതിയ സംവിധാനത്തെ ചരിത്ര നേട്ടത്തിലേക്ക് നയിച്ച ജീവനക്കാര്‍ക്കും മാനേജ്‌മെന്റിനെയും നേതൃത്വത്തെയും പ്രത്യേകം അഭിനന്ദിക്കുന്നു എന്നും മുഖ്യമന്ത്രി അറിയിച്ചു.

കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര്; വയനാട്ടില്‍ പഞ്ചായത്ത് അംഗം ആത്മഹത്യ ചെയ്തു

കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര്; വയനാട്ടില്‍ പഞ്ചായത്ത് അംഗം ആത്മഹത്യ ചെയ്തു

കല്‍പ്പറ്റ: മുള്ളന്‍കൊല്ലി പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ ജോസ് നെല്ലേടം ആത്മഹത്യ ചെയ്ത നിലയില്‍.പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരിനെ തുടര്‍ന്നാണ് ജോസ് ജീവനൊടുക്കിയതെന്നാണ് ആരോപണം. ഒരു മാസം മുന്‍പ് കോണ്‍ഗ്രസ് പ്രാദേശിക നേതാവായ പുല്‍പ്പള്ളിയിലെ തങ്കച്ചന്റെ വീട്ടില്‍ നിന്ന് മദ്യവും സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവത്തില്‍ ജോസ് നെല്ലേടം ഉള്‍പ്പടെയുള്ളവരാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ജോസ് നെല്ലേടത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ച രാവിലെ ഒന്‍പതോടെ വീടിന് സമീപത്തെ കുളത്തില്‍ ചാടിയ നിലയിലാണ് കണ്ടത്. കൈ ഞരമ്പ് മുറിച്ചിരുന്നു. വിഷം കഴിച്ചതായും സംശയുമുണ്ട്. അയല്‍പ്പക്കക്കാര്‍ കുളത്തില്‍നിന്നെടുത്ത് പുല്‍പ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ബത്തേരിയിലെ താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ബത്തേരിയിലെ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

മാസങ്ങളായി മുള്ളന്‍കൊല്ലിയില്‍ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാണ് ശക്തമാണ്. മുള്ളന്‍കൊല്ലി രണ്ടാം വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് കനാട്ടുമല തങ്കച്ചനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതിനെ തുടര്‍ന്ന് പോര് കലാപമായി. തങ്കച്ചന്റെ വീട്ടില്‍ സ്ഫോടകവസ്തുക്കളും കര്‍ണാടക മദ്യവും കൊണ്ടുവച്ച് പൊലീസിന് രഹസ്യവിവരം നല്‍കി പിടിപ്പിക്കുകയായിരുന്നു.

ഇതില്‍ ജോസ് നെല്ലേടം ആരോപണ വിധേയനായിരുന്നു. സ്ഫോടക വസ്തുവും മദ്യവും തങ്കച്ചന്റെ വീട്ടില്‍ കൊണ്ടുവച്ചതാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന നിരപരാധിയാണെന്ന് കണ്ട് തങ്കച്ചനെ ജയിലില്‍നിന്ന് വിട്ടയച്ചു. ജയില്‍ മോചിതനായ തങ്കച്ചന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രംഗത്തത്തിയിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ച ജയിച്ചയാളാണ് ജോല് നെല്ലേടം. പിന്നീട് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തുകയായിരുന്നു.

‘ആ വേര്‍തിരിവ് വേണ്ട’, ഹോസ്റ്റല്‍ ഡൈനിങ് ഹാളില്‍ വെജ് – നോണ്‍ വെജ് സീറ്റുകള്‍ അനുവദിക്കില്ലെന്ന് ഖരഗ്പൂര്‍ ഐഐടി

‘ആ വേര്‍തിരിവ് വേണ്ട’, ഹോസ്റ്റല്‍ ഡൈനിങ് ഹാളില്‍ വെജ് – നോണ്‍ വെജ് സീറ്റുകള്‍ അനുവദിക്കില്ലെന്ന് ഖരഗ്പൂര്‍ ഐഐടി

കൊല്‍ക്കത്ത: കോളജ് ഹോസ്റ്റലിലെ ഡൈനിങ് ഹാളില്‍ നടപ്പാക്കിയ വെജ്, നോണ്‍ വെജ് വിവേചനം അവസാനിപ്പിച്ച് ഖരഗ്പൂര്‍ ഐഐടി. ക്യാംപസിലെ ബി ആര്‍ അംബേദ്കര്‍ ഹോസ്റ്റലില്‍ നടപ്പാക്കിയ നിര്‍ദേശമാണ് പിന്‍വലിച്ചത്. അധികൃതര്‍ അറിയാതെയാണെന്ന് ഇത്തരം ഒരു നടപടി ഉണ്ടായതെന്ന് ഐഐടി ഡയറക്ടര്‍ സുമന്‍ ചക്രബര്‍ത്തി അറിയിച്ചു. വേര്‍തിരിവിന് ഏതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി.

ഡൈനിങ് ഹാളില്‍ വിദ്യാര്‍ത്ഥികളുടെ ഭക്ഷണ ശീലം അനുസരിച്ച് വേര്‍തിരിക്കുന്ന തരത്തിലുള്ള ഒരു നിയന്ത്രണങ്ങളും പാടില്ല. അത്തരം വേര്‍തിരിവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ അത് ഉടനടി പിന്‍വലിക്കണം എന്ന് നിര്‍ദേശിച്ചതായും ഐഐടി ഡയറക്ടര്‍ വ്യക്തമാക്കുന്നു. ഉന്നതമായ അക്കാദമിക് സ്ഥാപനത്തില്‍ വ്യക്തിയുടെ ഭക്ഷണ താത്പര്യങ്ങള്‍ അനുസരിച്ച് വേര്‍തിരിവ് ഏര്‍പ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും സെപ്റ്റംബര്‍ 8 ന് പുറത്തിറക്കിയ നോട്ടീസ് വ്യക്തമാക്കുന്നു. ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണം തയ്യാറാക്കുമ്പോഴും വിതരണം ചെയ്യുമ്പോഴും പ്രത്യക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താം. എന്നാല്‍ ഭക്ഷണം കഴിക്കുന്ന ഹാളില്‍ പ്രത്യേക ഇരിപ്പിടങ്ങള്‍ സജ്ജമാക്കരുതെന്നും ഹോസ്റ്റല്‍ വാര്‍ഡന്‍മാര്‍ക്ക് നല്‍കിയ നോട്ടീസില്‍ ഐഐടി അധികൃതര്‍ വ്യക്തമാക്കുന്നു.

ഖരഗ്പൂര്‍ ഐഐടിയിലെ ബി ആര്‍ അംബേദ്കര്‍ ഹോസ്റ്റലില്‍ ഓഗസ്റ്റ് 16 നാണ് ഭക്ഷണ ശീലത്തിന് അനുസരിച്ച് ഇരിപ്പിടങ്ങള്‍ തയ്യാറാന്‍ ശ്രമം നടന്നത്. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ സസ്യാഹാരികളായ ഒരു വിഭാഗം ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. ഡൈനിംഗ് ഹാളില്‍ വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ വേര്‍തിരിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.

സരോവരം വിജില്‍ തിരോധാനത്തില്‍ നിര്‍ണായക വഴിത്തിരിവ്; ചതുപ്പില്‍ നിന്നും മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചു

സരോവരം വിജില്‍ തിരോധാനത്തില്‍ നിര്‍ണായക വഴിത്തിരിവ്; ചതുപ്പില്‍ നിന്നും മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചു

കോഴിക്കോട്: കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി വിജിലിന്റെ തിരോധാനത്തില്‍ നിര്‍ണായക വഴിത്തിരിവ്. വിജിലിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ സരോവരത്തെ ചതുപ്പില്‍ നിന്നും കണ്ടെടുത്തു. മൃതദേഹം കെട്ടിത്താഴ്ത്തിയ കല്ലുകളും കണ്ടെത്തിയിട്ടുണ്ട്. വിജിലിന്റെ മൃതദേഹം പ്രദേശത്തെ ചതുപ്പില്‍ കല്ലില്‍ കെട്ടിതാഴ്ത്തിയെന്നായിരുന്നു സുഹൃത്തുക്കള്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നത്.

2019 മാര്‍ച്ച് 24 നാണ് വിജിലിനെ കാണാതാകുന്നത്. അന്നേദിവസം വിജില്‍ സുഹൃത്തുക്കളായ നിഖില്‍, ദീപേഷ്, രഞ്ജിത്ത് എന്നിവര്‍ക്കൊപ്പം സരോവരത്തെ സ്ഥലത്തെത്തിയിരുന്നു. അവര്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന സ്ഥലമാണിത്. ഇവിടെ വെച്ച് ഇവര്‍ നാലുപേരും ചേര്‍ന്ന് എംഡിഎംഎ കുത്തിവെച്ചു. ഇതിനുശേഷം സ്ഥലത്ത് തളര്‍ന്നു കിടന്ന് ഉറങ്ങിയെന്നാണ് സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞത്.

പിന്നീട് ഉണര്‍ന്നപ്പോള്‍ വിജില്‍ മാത്രം എഴുന്നേറ്റില്ല. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ വിജില്‍ മരിച്ചതായി മനസ്സിലാക്കി. പരിഭ്രമിച്ച് അവിടെ നിന്നും സ്ഥലംവിട്ടു. പിന്നീട് രണ്ടു ദിവസത്തിന് ശേഷം വീണ്ടും അവിടെയെത്തുകയും വിജിലിന്റെ മൃതദേഹം സ്ഥലത്തു ത്‌നനെ കെട്ടിത്താഴ്ത്തുകയും ചെയ്തുവെന്നാണ് പൊലീസിന്റെ പിടിയിലായ സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് പൊലീസ് തിരച്ചില്‍ ആരംഭിച്ചത്.

കഴിഞ്ഞ മാസം തുടങ്ങിയ തിരച്ചിലിനൊടുവിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചത്. കനത്ത മഴയെത്തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ പരിശോധന നിര്‍ത്തിവെച്ചിരുന്നു. പ്രദേശത്തെ വെള്ളക്കെട്ടാണ് തിരച്ചിലിന് പ്രതിബന്ധമായത്. കഴിഞ്ഞ ദിവസം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി നടത്തിയ തിരച്ചിലിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ ലഭിക്കുന്നത്. കഴിഞ്ഞദിവസം വിജിലിന്റേതെന്ന് സംശയിക്കുന്ന ഷൂ ലഭിച്ചിരുന്നു. ലഭിച്ച മൃതദേഹാവശിഷ്ടങ്ങള്‍ വിജിലിന്റേതാണോ എന്നുറപ്പിക്കാന്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് സൂചിപ്പിച്ചു.

ഹൃദയവുമായി പാഞ്ഞ് നമ്മ മെട്രോ; പുതുജീവന്‍; അവയവ കൈമാറ്റം ഇതുരണ്ടാം തവണ

ബംഗളൂരു: ബംഗളൂരുവിലെ ഗതാഗതക്കുരുക്ക് ജീവന്‍ രക്ഷിക്കാന്‍ അവര്‍ക്ക് തടസമായില്ല. ആശുപത്രിയില്‍ ശസ്ത്രക്രിയക്കായി ഹൃദയം യഥാസമയം എത്തിക്കുന്നതിന് അവര്‍ക്ക് തുണയായത് നമ്മ മെട്രോയാണ്. നേരത്തെ നഗരത്തിലെ ഗതാഗതക്കുരുക്കിനെ മറികടന്ന് ഒരാശുപത്രിയില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് കരള്‍ എത്തിച്ച് മെട്രോ ചരിത്രം സൃഷ്ടിച്ചിരുന്നു.

സെപ്റ്റംബര്‍ 11 രാത്രിയാണ്, ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഹൃദയം യശ്വന്ത്പുരില്‍ നിന്ന് സൗത്ത് എന്‍ഡ് സര്‍ക്കിളിലുള്ള അപ്പോളോ ആശുപത്രിയില്‍ വെറും 20 മിനിറ്റിനുള്ളില്‍ എത്തിച്ചത്. ഈ കരുതല്‍ യാത്ര ഏകോപനത്തിന്റെയും സംഘാടനത്തിന്റെയും മികച്ച മാതൃകയായി. മെട്രോ കോച്ചില്‍ സുരക്ഷാ ജീവനക്കാരും ആവശ്യമായ ഡോക്ടര്‍മാരും ഉണ്ടായിരുന്നു.

യശ്വന്ത്പുരിലെ സ്പര്‍ശ് ആശുപത്രിയില്‍ നിന്ന് ഹൃദയം ആംബുലന്‍സില്‍ യശ്വന്ത്പൂര്‍ മെട്രോ സ്റ്റേഷനില്‍ എത്തിച്ചു. അവിടെ നിന്ന് മെട്രോയില്‍ യാത്ര തുടര്‍ന്നു. സൗത്ത് എന്‍ഡ് സര്‍ക്കിള്‍ സ്റ്റേഷനില്‍ ഇറക്കിയ ശേഷം, മറ്റൊരു ആംബുലന്‍സില്‍ അപ്പോളോ ആശുപത്രിയില്‍ എത്തിച്ചു. അത്യാഹിത ഘട്ടങ്ങളില്‍ പൊതുഗതാഗതം ഉപയോഗിച്ച് എങ്ങനെ ജീവന്‍ രക്ഷാ പ്രവര്‍ത്തനത്തിന് ഉപയോഗിക്കാമെന്നത് നമ്മ മെട്രോ വീണ്ടും തെളിയിച്ചിരിക്കുകയാണ്. ബംഗളൂരു നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായ സമയമായതുകൊണ്ടാണ് ഹൃദയം കൊണ്ടുപോകാന്‍ ആശുപത്രി അധികൃതര്‍ മെട്രോ യാത്ര തെരഞ്ഞെടുത്തത്.