by Midhun HP News | Sep 11, 2025 | Latest News, കേരളം
കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ കൂടി അമീബിക് മസ്തിഷ ജ്വരം ബാധിച്ച് മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശി ഷാജിയാണ് മരിച്ചത്. 47 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. സംസ്ഥാനത്ത് നിലവില്‍ 18 പേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് സംസ്ഥാനത്ത് അടുത്തിടെ മരിക്കുന്ന ആറാമത്തെ വ്യക്തിയാണ് ഷാജി. വയനാട് ബത്തേരി സ്വദേശി രതീഷ് (45) കോഴിക്കോട് ഓമശ്ശേരി സ്വദേശിയായ ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മലപ്പുറം കണ്ണമംഗലം ചേറൂര്‍ കാപ്പില്‍ കണ്ണേത്ത് റംല(52)യും കോഴിക്കോട് താമരശ്ശേരി സ്വദേശിയായ ഒമ്പത് വയസ്സുകാരി അനയയും നേരത്തെ മരിച്ചിരുന്നു.
എന്താണ് അമീബിക് മസ്തിഷ്‌കജ്വരം
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂര്‍വമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെര്‍മമീബ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്‌കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.രോഗം മനുഷ്യരില്‍നിന്നു മനുഷ്യരിലേക്ക് പകരില്ല. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. അണുബാധ ഉണ്ടായാല്‍ ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും.
മലിനമായ കുളത്തില്‍ കുളിക്കരുത്
പായല്‍ പിടിച്ചതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളത്തിലെ വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്.
വര്‍ഷങ്ങളായി വൃത്തിയാക്കാത്ത ജലസംഭരണികളിലെ വെള്ളം ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കണം.
മൂക്കില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍, തലയില്‍ ക്ഷതമേറ്റവര്‍, തലയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
ചെവിയില്‍ പഴുപ്പുള്ളവര്‍ കുളത്തിലും തോട്ടിലും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കരുത്.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം.
വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിങ് പൂളുകളിലേയും വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം.
മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ ഒരു തരത്തിലും വലിച്ചു കയറ്റുകയോ ചെയ്യരുത്.
മൂക്കില്‍ വെള്ളം കയറാതിരിക്കാന്‍ നേസല്‍ ക്ലിപ്പ് ഉപയോഗിക്കാം
ലക്ഷണങ്ങള്‍
തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദ്ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്. കുഞ്ഞുങ്ങളില്‍ ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്‌ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങള്‍ എന്നിവയും കാണാറുണ്ട്.രോഗം ഗുരുതരാവസ്ഥയിലായാല്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് എന്നിവയുണ്ടാകുന്നു. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ എത്രയും വേഗം ചികിത്സ തേടണം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുകയോ നീന്തുകയോ ചെയ്തവര്‍ ആ വിവരം ഡോക്ടറെ അറിയിക്കണം. നട്ടെല്ലില്‍നിന്നു സ്രവം കുത്തിയെടുത്ത് പി.സി.ആര്‍. പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. അമീബയ്‌ക്കെതിരേ ഫലപ്രദമെന്ന് കരുതുന്ന അഞ്ചു മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സ. വേഗത്തില്‍ മരുന്നുകള്‍ നല്‍കിത്തുടങ്ങിയാല്‍ രോഗം ഭേദമാകും.
by Midhun HP News | Sep 11, 2025 | Latest News, ജില്ലാ വാർത്ത
കടക്കാവൂർ: ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ ധീര രക്തസാക്ഷി ഐഎൻഎ നേതൃ ഭടനായിരുന്ന വക്കം ഖാദറിൻറെ 82 മത് രക്തസാക്ഷിത്വ ദിനാചരണം വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. വക്കം കായിക്കര കടവിൽ വക്കം ഖാദറിന്റെ സ്തൂപത്തിനു മുന്നിൽ നടന്ന അനുസ്മരണ സമ്മേളനം കെ.മുഹമ്മദ് ഷാഫി ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. വക്കം ഖാദർ അനുസ്മരണ വേദി ചെയർമാൻ എം.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. എസ്.ഐ. ഉറൂബ്, ഇളമ്പ ഉണ്ണികൃഷ്ണൻ, രമ്യ, അനുശ്രീ, അൻസാർ, സഞ്ജു, ഷാൻ വക്കം, മൻസൂർ വക്കം, വക്കം റഹീം, സഫീർ ചന്നങ്കര, കല്ലൂർ നിസർ, ആബിദ്, സജിൻ, അച്ചു വാമനപുരം തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Sep 10, 2025 | Latest News, കേരളം
കൊച്ചി: മുന്‍കൂര്‍ അനുമതി ഇല്ലാതെ ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണപാളി ഇളക്കി മാറ്റിയത് അനുചിതമെന്ന് ഹൈക്കോടതി. സ്‌പെഷ്യല്‍ കമ്മീഷണറുടെ മുന്‍കൂര്‍ അനുമതി വേണമെന്ന് ഉത്തരവുകള്‍ നിലനില്‍ക്കുന്നുണ്ട്. അപ്പോഴെങ്ങിനെയാണ് ദേവസ്വം ബോര്‍ഡിന് ഇത്തരമൊരു തീരുമാനമെടുക്കാനാകുക. ഹൈക്കോടതിയുടെ ഉത്തരവ് അനിവാര്യമായിരുന്നുവെന്നും ദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടി.
ഹൈക്കോടതി ദേവസ്വം ബെഞ്ചിനെ അറിയിക്കാതെയുള്ള നടപടി ഉചിതമായില്ല. പ്രധാനപ്പെട്ട തീരുമാനമെടുക്കുംമുമ്പ് കോടതിയില്‍ നിന്ന് അനുമതി തേടാന്‍ ആവശ്യത്തിന് സമയമുണ്ടായിരുന്നല്ലോ?. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് അതിന് ശ്രമിച്ചില്ല എന്നും ഹൈക്കോടതി ചോദിച്ചു. വിഷയത്തില്‍ വെള്ളിയാഴ്ച മറുപടി റിപ്പോര്‍ട്ട് നല്‍കാന്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണം പൂശിയ പാളികള്‍ നന്നാക്കാന്‍ കൊണ്ടുപോയതുമായി ബന്ധപ്പെട്ട ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. കോടതി അനുമതിയില്ലാതെ സ്വര്‍ണ്ണപാളി ഇളക്കിയെന്ന് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കോടതിയുടെ അനുമതിയോടെ മാത്രമേ സന്നിധാനത്ത് സ്വര്‍ണ്ണപ്പണികള്‍ നടത്താന്‍ പാടുള്ളുവെന്ന ഹൈക്കോടതി നിര്‍ദേശം പാലിക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് വ്യക്തമാക്കി കമ്മീഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്.
ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണപാളി ഇളക്കി മാറ്റി അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്കാണ് കൊണ്ടുപോയത്. ഈ നടപടിയില്‍ വീഴ്ചയില്ലെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അഭിപ്രായപ്പെട്ടിരുന്നത്. സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് യാന്ത്രികമാണ്. വിഷയത്തില്‍ തന്ത്രിയുടെ അഭിപ്രായം തേടിയിരുന്നു. ശബരിമലയിലെ ആഭരണങ്ങളുടെ അധികാരിയായ തിരുവാഭരണ കമ്മീഷണറുടെ അനുമതിയോടെയാണ് നടപടി. ദേവസ്വം പൊലീസ് മഹസര്‍ തയ്യാറാക്കിയ ശേഷമാണ് ഇത് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയത്. തങ്ങള്‍ക്കിടയിലെ ചിലരാണ് അനാവശ്യ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നതെന്നും പി എസ് പ്രശാന്ത് പറഞ്ഞു.
by Midhun HP News | Sep 10, 2025 | Latest News, കേരളം
തിരുവനന്തപുരം: ഓണം സീസണിലെ മദ്യ വില്‍പന ഇത്തവണയും റെക്കോര്‍ഡ് സൃഷ്ടിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ വില്‍പന നടന്നത് മലപ്പുറം തിരൂരില്‍. ഓഗസ്റ്റ് 25 മുതല്‍ സെപ്തംബര്‍ ആറ് വരെയുള്ള ദിവസങ്ങളിലെ ഔട്ട്‌ലറ്റ് തിരിച്ചുള്ള കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പെരിന്തല്‍മണ്ണ വെയര്‍ ഹൗസിന് കീഴിലുള്ള തിരൂര്‍ ഔട്ട്‌ലറ്റില്‍ 12 പ്രവൃത്തിദിവസങ്ങളിലായി വിറ്റത് 6.41 കോടി രൂപയുടെ മദ്യമാണെന്നാണ് കണക്കുകള്‍ പറയുന്നത്.
ആഘോഷ കാലത്തെ മദ്യവില്‍പനയുടെ പേരില്‍ പലതവണ വാര്‍ത്തകളില്‍ ഇടം നേടിയ ചാലക്കുടി ഉള്‍പ്പെടെയുള്ള ഔട്ട്‌ലറ്റുകള്‍ ഇത്തവണ വില്‍പനയില്‍ താഴെയ്ക്ക് പോയി. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയാണ് പട്ടികയില്‍ രണ്ടാമത്. 6.40 കോടി രൂപയാണ് കരുനാഗപ്പള്ളിയിലെ വില്‍പന. എടപ്പാള്‍ കുറ്റിപ്പാല (6.19), തിരുവനന്തപുരം പവര്‍ഹൗസ് (5.16), ചാലക്കുടി (5.10) എന്നിവയാണ് പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. മൂന്ന് ഔട്ട്‌ലറ്റുകളിലെ വില്‍പന ആറ് കോടിക്ക് മുകളില്‍ എത്തിയപ്പോള്‍ മൂന്ന് ഔട്ട്‌ലറ്റുകളില്‍ അഞ്ച് കോടിക്ക് മുകളിലായിരുന്നു വില്‍പന. 17 ഔട്ട്‌ലറ്റുകളില്‍ നാല് കോടിക്ക് മുകളില്‍ ആയിരുന്നു മദ്യ വില്‍പന. ആദ്യ 25 സ്ഥാനങ്ങളില്‍ ഇടം പിടിച്ച എല്ലാ ഔട്ട്‌ലറ്റുകളിലും നാല് കോടിയോളം അടുപ്പിച്ചാണ് മദ്യവില്‍പനയിലൂടെ നേടിയത്.
കാവാട് കൊല്ലം (5.02), ഇരിങ്ങാലക്കുട (4.94), ചങ്ങനാശ്ശേരി (4.72), വര്‍ക്കല (4.63), രാമനാട്ടുകര (4.61), ചേര്‍ത്തല കോടതി ജംഗ്ഷന്‍(4.60), പയ്യന്നൂര്‍ (4.51), പെരിന്തല്‍മണ്ണ(4.46), കുണ്ടറ(4.38), പേരാമ്പ്ര (4.34), പൊക്ലായി (4.31), മഞ്ചേരി (4.30), കായംകുളം (4.30), മഞ്ഞപ്ര (4.19), ബിനാച്ചി (4.17), വടക്കാഞ്ചേരി(4.13), തണ്ണീര്‍പ്പന്തല്‍(4.11), വളവനാട് (4.00), കണ്ണൂര്‍ പാറക്കണ്ടി(3.99), നോര്‍ത്ത് പറവൂര്‍ (3.93) എന്നിങ്ങനെയാണ് കണക്കുകള്‍.
970.74 കോടി രൂപയുടെ മദ്യമാണ് ഓണത്തിന് ബെവ്കോ ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ നിന്ന് 9.34% വളര്‍ച്ചയാണ് ഈ വര്‍ഷമുണ്ടായത്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ 842.07 കോടി രൂപയുടെ മദ്യമായിരുന്നു ബെവ്കോ വിറ്റത്. ഇത്തവണ ഉത്രാടം ദിനത്തിലാണ് സീസണിലെ ഏറ്റവും വലിയ മദ്യ വില്‍പ്പന നടന്നത്. 137.64 കോടി രൂപയാണ് ഉത്രാട ദിനത്തിലെ ബെവ്‌കോയുടെ വരുമാനം. കഴിഞ്ഞ വര്‍ഷം 126.01 കോടി രൂപയായിരുന്നു ഇത്. മുന്‍വര്‍ഷത്തേക്കാള്‍ 9.23 ശതമാനം വര്‍ധനയാണ് ഇത്തവണ നേടിയത്. തിരുവോണം ദിനത്തില്‍ ബെവ്‌കോ ഔട്ട്ലറ്റുകള്‍ തുറന്നിരുന്നില്ല. അവിട്ടം ദിനത്തില്‍ 94.36 കോടി രൂപയുടെ മദ്യവും വില്‍പന നടത്തി. 2024 ല്‍ 65.25 കോടി രൂപയായിരുന്നു അവിട്ടം ദിനത്തിലെ വില്‍പന.
by Midhun HP News | Sep 10, 2025 | Latest News, കേരളം
പാലക്കാട്: പാലക്കാട് പുതുപ്പരിയാരത്ത് യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍. മാട്ടുമന്ത ചോളോട് സ്വദേശി മീര (29 ) ആണ് മരിച്ചത്. ഭര്‍ത്താവുമായി പിണങ്ങി ഇന്നലെ യുവതി സ്വന്തം വീട്ടിലേക്ക് വന്നിരുന്നു. യുവതിയുടെ മരണത്തില്‍ ദൂരൂഹതയുണ്ടെന്ന് വീട്ടുകാര്‍ ആരോപിച്ചു.
രാതി 11 മണിയോടെ ഭര്‍ത്താവ് അനൂപ് എത്തി ഭര്‍തൃവീട്ടിലേക്ക് തിരികെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. അനൂപ് വഴക്കുണ്ടാക്കുകയും മീരയെ മര്‍ദ്ദിക്കുകയും ചെയ്യുമായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. വഴക്കിനെത്തുടര്‍ന്നാണ് യുവതി സ്വന്തം വീട്ടിലേക്ക് വന്നത്.
പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാമെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് ഇരിക്കുമ്പോഴാണ് രാത്രി അനൂപ് എത്തി മീരയെ കൂട്ടിക്കൊണ്ടുപോയത്. രാവിലെ ഹേമാംബിക പൊലീസ് വിളിച്ചാണ് യുവതി മരിച്ച കാര്യം അറിയിക്കുന്നതെന്നും ബന്ധുക്കള്‍ പറയുന്നു. ആശുപത്രിയിലെത്തുമ്പോള്‍ ഭര്‍ത്താവ് അനൂപോ അവരുടെ ബന്ധുക്കളോ ആരും ഉണ്ടായിരുന്നില്ല. എന്തു പ്രശ്‌നങ്ങളെയും ധൈര്യത്തോടെ നേരിട്ടിരുന്ന പെണ്‍കുട്ടിയാണെന്നും, മീര ആത്മഹത്യ ചെയ്യില്ലെന്നും ബന്ധുക്കള്‍ പറയുന്നു. യുവതിയുടെ ആദ്യ വിവാഹത്തില്‍ ഒരു കുട്ടിയുണ്ട്. ഭർത്താവ് അനൂപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് പൊലീസ് സൂചിപ്പിച്ചു.
by Midhun HP News | Sep 10, 2025 | Latest News, കായികം, ജില്ലാ വാർത്ത
എഷ്യാ കപ്പിനായുള്ള പോരാട്ടത്തിന്റെ വേദിയില്‍ ഇന്ത്യ ഇന്ന് പടയ്ക്കിറങ്ങും. ആതിഥേയരായ യുഎഇയാണ് ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ എതിരാളികള്‍. ടി20 മത്സരത്തില്‍ വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ വീണ്ടും കളത്തിലേക്കിറങ്ങുന്നത്. ലോകകപ്പിന് മുമ്പുള്ള തയ്യാറെടുപ്പ് കൂടുയാണ് ഇന്ത്യയ്ക്ക് ഏഷ്യാ കപ്പ് മത്സരങ്ങള്‍.
സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിലേക്ക് വൈസ് ക്യാപ്റ്റനായി ശുഭ്മാൻഗില്ലും തിരിച്ചെത്തിയിട്ടുണ്ട്. അഭിഷേക് ശർമയ്‌ക്കാെപ്പം ഗില്ലായിരിക്കും ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാൻ എത്തുക. തിലക് വര്‍മ്മ, സൂര്യകുമാര്‍ യാദവ്, ജിതേഷ് ശര്‍മ്മ, ഹാർദിക് പാണ്ഡ്യ എന്നിവരായിരിക്കും മധ്യനിരയില്‍ എത്തുക.ടീമിലിടം പിടിച്ച സഞ്ജു സാംസണ്‍ അവസാന പതിനൊന്നില്‍ ഇടം പിടിയ്ക്കാൻ സാധ്യത കുറവാണ്. ഇംഗ്ലണ്ടിനെതിരായ അവസാന ടി20 പരമ്പരയില്‍ മികച്ച പ്രകടനം നടത്താൻ സഞ്ജുവിന് സാധിച്ചിരുന്നില്ല. മൂന്ന് സ്പിന്നര്‍മാരുമായിട്ടായിരിക്കും ഇന്ത്യ കളിക്കാൻ ഇറങ്ങുക. അങ്ങനെയാണെങ്കില്‍ അക്‌സർ പട്ടേല്‍ കുൽദീപ് യാദവ് വരുൺ ചക്രവർത്തി എന്നിവര്‍ ടീമിലിടം പിടിയ്ക്കും.ചരിത്രത്തിലാദ്യമായി ബംഗ്ലാദേശിനെ ഒരു പരമ്പരയില്‍ പരാജയപ്പെടുത്തിയ ആത്മവിശ്വാസവുമായാണ് യുഎഇ ഇന്ത്യയ്ക്കെതിരെ കളത്തേലേക്കിറങ്ങുന്നത്.
സാധ്യതാ ടീം ഇന്ത്യ: അഭിഷേക് ശർമ, ശുഭ്‌മാൻ ഗിൽ, തിലക് വർമ, സൂര്യകുമാർ യാദവ്, ജിതേഷ് ശർമ, ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ, ഹർഷിത് റാണ, കുൽദീപ് യാദവ്, ജസ്‌പ്രീത് ബുമ്ര, വരുൺ ചക്രവർത്തി.
യുഎഇ: മുഹമ്മദ് വസീം (ക്യാപ്‌റ്റൻ), അലിഷാൻ ഷറഫു, രാഹുൽ ചോപ്ര, ആസിഫ് ഖാൻ, മുഹമ്മദ് ഫാറൂഖ്, ഹർഷിത് കൗശിക്, മുഹമ്മദ് സൊഹൈബ്, മുഹമ്മദ് ജവാദുള്ള, ഹയ്‌ദെർ അലി, ജുനൈദ് സിദ്ധിഖ്, മുഹമ്മദ് റോഹിദ്.
Recent Comments