ആയുര്‍വേദ ചികിത്സ, അരവിന്ദ് കെജരിവാള്‍ കേരളത്തില്‍

ആയുര്‍വേദ ചികിത്സ, അരവിന്ദ് കെജരിവാള്‍ കേരളത്തില്‍

കോട്ടയം: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ കേരളത്തില്‍. ആയുര്‍വേദ ചികിത്സയ്ക്കായാണ് അരവിന്ദ് കെജരിവാള്‍ സംസ്ഥാനത്ത് എത്തിയത്. കാഞ്ഞിരപ്പള്ളി പാറത്തോട്ടില്‍ മടുക്കക്കുഴി ആയുര്‍വേദ ആശുപത്രിയിലാണ് ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയ്ക്ക് ചികിത്സ നിശ്ചയിച്ചിരിക്കുന്നത്.

ബുധനാഴ്ച രാത്രി ഏഴോടെയാണ് കെജരിവാള്‍ കാഞ്ഞിരപ്പള്ളിയില്‍ എത്തിയത്. കെജരിവാളിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളിയിലും പരിസര പ്രദേശത്തും സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. ഒരാഴ്ച കെജരിവാള്‍ കേരളത്തില്‍ ഉണ്ടാകുമെന്നാണ് വിവരം.

‘വിശപ്പില്ല, ഉറങ്ങാന്‍ പാരസെറ്റമോളും സിട്രിസിനും’; എക്‌സ്ട്രീം ട്രോമയിലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

‘വിശപ്പില്ല, ഉറങ്ങാന്‍ പാരസെറ്റമോളും സിട്രിസിനും’; എക്‌സ്ട്രീം ട്രോമയിലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

കൊച്ചി: ലൈംഗികാരോപണങ്ങള്‍ നേരിടുന്ന കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നുപോകുന്നതെന്ന ശബ്ദസന്ദേശം രാഹൂല്‍ ഈശ്വര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. എക്‌സ്ട്രീം ട്രോമയിലൂടെയാണ് താന്‍ കടന്നു പോകുന്നതെന്നും എംഎല്‍എ ആകണമെന്നോ മന്ത്രിയാകണമെന്നോ അല്ല ഇപ്പോഴത്തെ ആഗ്രഹമെന്നും റൂമില്‍ നിന്ന് പുറത്തിറങ്ങണമെന്നത് മാത്രമാണെന്നും രാഹുല്‍ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. വിശക്കാറില്ല, അതുകൊണ്ട് ഭക്ഷണം കഴിക്കാറില്ലെന്നും എന്നെങ്കിലുമൊരിക്കല്‍ താന്‍ ഇത് പറയുമെന്നും സ്ത്രീകള്‍ക്ക് മാത്രമല്ല ട്രോമയുള്ളതെന്നും എംഎല്‍എ, രാഹുല്‍ ഈശ്വറിനോട് പറയുന്നു. ഈ ഓഡിയോ സന്ദേശം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

പുറത്തുവന്ന ഫോണ്‍ സംഭാഷണം ഇങ്ങനെ; ‘രാത്രിയില്‍ ഉറങ്ങാനായിട്ട് പാരസെറ്റാമോളും സിട്രിസിനും കഴിച്ചിട്ട് കിടക്കും. അഞ്ചുമണി, ആറുമണിയാകുമ്പോഴാണ് ഞാന്‍ ഉറങ്ങുന്നത്. എന്നിട്ടൊരു ഏഴുമണി..എട്ടുമണിയൊക്കെ ആകുമ്പോള്‍ എഴുന്നേല്‍ക്കും. രണ്ടുമണിക്കൂറൊക്കെയാ ഉറങ്ങുന്നേ. വിശക്കാറില്ല, അതുകൊണ്ടുതന്നെ ഭക്ഷണം കഴിക്കണമെന്ന് തോന്നാറില്ല. ട്രോമയെന്നൊക്കെ പറഞ്ഞാല്‍ എക്‌സ്ട്രീം ട്രോമയിലൂടെ പോകുവാ. നമ്മടെ ഇപ്പോഴത്തെ ആഗ്രഹം എംഎല്‍എ ആകണമെന്നോ മന്ത്രിയാകണമെന്നോ അല്ല, റൂമില്‍ നിന്ന് പുറത്തിറങ്ങണമെന്നാണ്. അതാണ് ഒരവസ്ഥ. ആളുകള്‍ക്ക് എന്താണ് മിണ്ടാത്തത്,പ്രതികരിക്കാത്തത്? തെറ്റ് ചെയ്തത് കൊണ്ടാണോ എന്നൊക്കെ ചോദിക്കാന്‍ എളുപ്പമാണ്. എന്റെ അവസ്ഥയെന്ന് പറഞ്ഞാല്‍.. ഞാനത് എപ്പോഴെങ്കിലും പറയും.കാരണം സ്ത്രീകള്‍ക്ക് മാത്രമല്ലല്ലോ ട്രോമ’.

അതേസമയം, പുറത്തുവന്ന ഓഡിയോയ്ക്ക് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ ട്രോളാണ്. മന്ത്രി ശിവന്‍ കുട്ടി സാമൂഹിക മാധ്യമത്തില്‍ പങ്കിട്ട കുറിപ്പും വൈറലായി. ‘പൊതുജനങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക്..പാരസെറ്റാമോളും സിട്രിസിനുമെല്ലാം ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം കഴിക്കുക. വ്യാജന്‍മാരെ ഒഴിവാക്കുക’ എന്നാണ് മന്ത്രിയുടെ പോസ്റ്റ്. പാരസെറ്റാമോള്‍ ഉറങ്ങാനുള്ള മരുന്നല്ലെന്നും സിട്രിസിന്‍ ഉറങ്ങാന്‍ വേണ്ടി കഴിക്കുന്നത് തീരെ നല്ലതല്ലെന്നും, ആരോഗ്യമന്ത്രി കൊടുക്കേണ്ട നിര്‍ദ്ദേശം വിദ്യാഭ്യാസ മന്ത്രി കൊടുക്കുന്നു… ? ഇത് ഫൗളാണ് സാറേയെന്നും ആളുകള്‍ കുറിച്ചിട്ടുണ്ട്.

കഠിനംകുളത്ത് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

കഠിനംകുളത്ത് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

വർക്കല: ഇന്നലെ വൈകുന്നേരം കഠിനം കുളത്താണ് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർ മരണമടഞ്ഞത്. പുതുക്കുറിച്ചി സ്വദേശി നവാസ് (41), വർക്കല സ്വദേശി രാഹുൽ (21) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇന്നലെ വൈകുന്നേരം നാല് മണിയോടുകൂടിയായിരുന്നു അപകടം. പെരുമാതുറയിൽ നിന്നും പുതുക്കുറിച്ചിലേക്ക് വന്ന ബൈക്കുകളാണ് പരസ്പരം ഇടിച്ചത് വർക്കല ചെറുന്നിയൂർ അമ്പാടിയിൽ ലാൽജീവിന്റെയും (ആർപിഎഫ്, തിരുവനന്തപുരം) രജിതയുടെയും ഏകമകനാണ് മരിയൻ എഞ്ചിനീയറിംഗ് കോളെജിലെ രണ്ടാം വർഷ വിദ്യാർഥികൂടിയായ രാഹുൽ.

‘ദേശീയതാല്‍പ്പര്യത്തേക്കാള്‍ വലുതല്ല ക്രിക്കറ്റ്’; ഇന്ത്യ-പാക് മത്സരം റദ്ദാക്കണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി

‘ദേശീയതാല്‍പ്പര്യത്തേക്കാള്‍ വലുതല്ല ക്രിക്കറ്റ്’; ഇന്ത്യ-പാക് മത്സരം റദ്ദാക്കണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: ഏഷ്യാ കപ്പിലെ ഇന്ത്യ- പാകിസ്ഥാന്‍ മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. നാലു നിയമ വിദ്യാര്‍ത്ഥികളാണ് കോടതിയെ സമീപിച്ചത്. സെപ്റ്റംബര്‍ 14 ഞായറാഴ്ചയാണ് ഇന്ത്യ- പാകിസ്ഥാന്‍ മത്സരം നടക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനുമായി ഇന്ത്യ മത്സരങ്ങള്‍ കളിക്കരുതെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഭീകരാക്രമണത്തില്‍ സാധാരണക്കാരായി നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഭീകരരുമായുള്ള പോരാട്ടത്തില്‍ നിരവധി ഇന്ത്യന്‍ സൈനികര്‍ക്കും ജീവന്‍ നഷ്ടമായി.

അവരുടെ ജീവത്യാഗങ്ങളെ വിലകുറച്ച് കാണരുത്. ദേശീയ താല്‍പ്പര്യത്തേക്കാള്‍ വലുതല്ല ക്രിക്കറ്റ് മത്സരമെന്നും ഹര്‍ജിയില്‍ പറയുന്നു. ഭീകരര്‍ക്ക് എല്ലാ സഹായവും നല്‍കിവരുന്ന പാകിസ്ഥാനുമായി കളിക്കുന്നത് സൈനികരുടെ ജീവത്യാഗത്തിന് വിരുദ്ധമായ സന്ദേശമാകുമെന്നും ഹര്‍ജിക്കാര്‍ പറയുന്നു.

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ ജാഗ്രത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.

മാന്നാര്‍ കടലിടുക്കിനു മുകളിലും തെക്കന്‍ ഒഡീഷയ്ക്കും വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലായി ഉയര്‍ന്ന ലെവലില്‍ ചക്രവാത ചുഴി രൂപപ്പെട്ടതോടെയാണ് കേരളത്തില്‍ മഴ സജീവമായത്. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി അഞ്ചു ദിവസം മഴയുണ്ടാകുമെന്നാണ് അറിയിപ്പ്.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

‘സര്‍വീസ് ചാര്‍ജ് അവകാശമല്ല’, അക്ഷയ കേന്ദ്രങ്ങള്‍ ബിസിനസ് സെന്ററല്ലെന്ന് ഹൈക്കോടതി

‘സര്‍വീസ് ചാര്‍ജ് അവകാശമല്ല’, അക്ഷയ കേന്ദ്രങ്ങള്‍ ബിസിനസ് സെന്ററല്ലെന്ന് ഹൈക്കോടതി

കൊച്ചി: അവശ്യ സേവനങ്ങള്‍ക്കായി വേണ്ടി അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുന്നവരോട് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ ഉടമകള്‍ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി. കേരളത്തിലെ ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്ന ശൃംഖലയായ അക്ഷയ കേന്ദ്രങ്ങള്‍ ബിസിനസ് സെന്ററുകള്‍ അല്ലെന്നും സേവന കേന്ദ്രങ്ങളാണെന്നും ഓര്‍മ്മപ്പെടുത്തിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. അവശ്യ സേവനങ്ങള്‍ക്കായി പൊതുജനങ്ങളില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ആവശ്യപ്പെടാന്‍ കഴിയില്ലെന്നും ജസ്റ്റിസ് എന്‍ നഗരേഷിന്റെ ഉത്തരവ് ചൂണ്ടിക്കാട്ടുന്നു.

അക്ഷയ സെന്ററുകളില്‍ നിന്നുള്ള സേവനങ്ങള്‍ക്ക് ഏകീകൃത നിരക്ക് ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ഓള്‍ കേരള അക്ഷയ എന്റര്‍പ്രണേഴ്‌സ് കോണ്‍ഫെഡറേഷന്റെ ഹര്‍ജിയും കോടതി തള്ളി. ഓഗസ്റ്റ് ആറിനാണ് സര്‍ക്കാര്‍ അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങള്‍ക്ക് ഏകീകൃത നിരക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവിട്ടത്. എന്നാല്‍, പ്രവര്‍ത്തികളുടെ വ്യാപ്തി, വിഭവങ്ങളുടെ ഉപയോഗം, പ്രവര്‍ത്തിയുടെ ചെലവ് എന്നിവ പരിഗണിക്കാതെയാണ് സര്‍ക്കാര്‍ ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഡറേഷന്‍ ഹൈക്കോടതിയെ സമീപിച്ചത്.

വിവിധ കേന്ദ്രങ്ങളില്‍ വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുന്നുവെന്ന പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളില്‍ നിന്നുള്ള സേവനങ്ങള്‍ക്ക് പുതിയ സര്‍വീസ് ചാര്‍ജ് നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കെ-സ്മാര്‍ട്ട് വഴിയുള്ള 13 സേവനങ്ങള്‍ക്കായിരുന്നു പുതിയ നിരക്കുകള്‍ നിശ്ചയിച്ചത്. എല്ലാ അക്ഷയ കേന്ദ്രങ്ങളിലും പുതുക്കിയ നിരക്കുകള്‍ പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.