സി പി രാധാകൃഷ്ണന്‍ ഇന്ത്യയുടെ പതിനഞ്ചാം ഉപരാഷ്ട്രപതി

സി പി രാധാകൃഷ്ണന്‍ ഇന്ത്യയുടെ പതിനഞ്ചാം ഉപരാഷ്ട്രപതി

ഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായിരുന്ന ബി സുദര്‍ശന്‍ റെഡ്ഡിയെ പരാജയപ്പെടുത്തിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി സിപി രാധാകൃഷ്ണന്റെ വിജയം.

767 പാര്‍ലമെന്റംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ രാധാകൃഷ്ണന്‍ 452 വോട്ട് നേടി. മറുവശത്ത് 300 വോട്ടുകളാണ് സുദര്‍ശന്‍ റെഡ്ഡിക്ക് കിട്ടിയത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ഇന്ന് രാവിലെ രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ് നടന്നത്. ഉപരാഷ്ട്രപതിയായിരുന്ന ജഗദീപ് ധന്‍കര്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് രാജിവെച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്.

തിരുപ്പൂർ സ്വദേശിയായ രാധാകൃഷ്ണൻ കോയമ്പത്തൂരിൽനിന്ന് രണ്ടു തവണ ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2020 മുതൽ രണ്ടു വർഷം കേരളത്തിലെ ബിജെപിയുടെ പ്രഭാരിയായിരുന്നു. കയർ ബോർഡ് മുൻ ചെയർമാനാണ്. ഝാർഖണ്ഡ്‌ ഗവർണർ സ്ഥാനത്തു നിന്നാണ് സിപി രാധാകൃഷ്ണൻ മഹാരാഷ്ട്ര ഗവർണറായത്.

ലഹരി മരുന്ന് വില്‍പ്പന, ബുള്ളറ്റ് ലേഡി ബംഗളൂരുവില്‍ അറസ്റ്റില്‍, ലഹരി കേസില്‍ സംസ്ഥാനത്ത് ആദ്യമായി യുവതിക്ക് കരുതല്‍ തടങ്കല്‍

ലഹരി മരുന്ന് വില്‍പ്പന, ബുള്ളറ്റ് ലേഡി ബംഗളൂരുവില്‍ അറസ്റ്റില്‍, ലഹരി കേസില്‍ സംസ്ഥാനത്ത് ആദ്യമായി യുവതിക്ക് കരുതല്‍ തടങ്കല്‍

കണ്ണൂര്‍: ലഹരി മരുന്ന് വില്‍പ്പന നടത്തിയതിന് ബുള്ളറ്റ് ലേഡി എന്ന് അറിയപ്പെടുന്ന പയ്യന്നൂര്‍ സ്വദേശി നിഖിലയെ അറസ്റ്റില്‍. ബംഗളൂരുവില്‍ നിന്ന് തളിപ്പറമ്പ് എക്‌സൈസ് സംഘമാണ് നിഖിലയെ പിടികൂടിയത്. ലഹരി കേസുകളില്‍ തുടര്‍ച്ചയായി ഉള്‍പ്പെട്ട സാഹചര്യത്തിലാണ് നടപടി. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായിട്ടാണ് അറസ്റ്റ്.

നിഖിലയെ തിരുവനന്തപുരത്ത് എത്തിച്ച് അട്ടക്കുളങ്ങര വനിതാ ജയിലില്‍ കരുതല്‍ തടങ്കലിലാക്കുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. ലഹരി മരുന്ന് വില്‍പ്പന നടത്തിയതിനു സംസ്ഥാനത്ത് ആദ്യമായാണ് യുവതിയെ കരുതല്‍ തടങ്കലിലാക്കുന്നത്.

പിറ്റ് എന്‍ഡിപിഎസ് നിയമ പ്രകാരം സ്ഥിരമായി ലഹരി മരുന്ന് കടത്തുന്നവരെ ആറു മാസം തടങ്കലില്‍ വയ്ക്കാം. ഈ വര്‍ഷം ഫെബ്രുവരിയില്‍ നാല് ഗ്രാം മെത്താഫിറ്റമിനുമായി നിഖിലയെ വീട്ടില്‍ നിന്ന് പിടികൂടിയിരുന്നു. 2023ല്‍ രണ്ടു കിലോ കഞ്ചാവുമായും നിഖിലയെ അറസ്റ്റ് ചെയ്തിരുന്നു. ബുള്ളറ്റില്‍ പല സംസ്ഥാനങ്ങളിലൂടെയും സഞ്ചരിക്കുന്നതുകൊണ്ട് നിഖില,’ബുള്ളറ്റ് ലേഡി’ എന്നാണ് അറിയപ്പെട്ടിരുന്നത്.

ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് ലഹരിമരുന്നു വില്‍പനയിലേക്ക് തിരിഞ്ഞതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേരള പൊലീസിന്റെയും ബംഗളൂരു പൊലീസിന്റെയും സഹായത്തോടെ തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. സതീഷും സംഘവുമാണ് ഒളിവില്‍ കഴിയുകയായിരുന്ന നിഖിലയെ അറസ്റ്റ് ചെയ്തത്.

സ്വര്‍ണവില; പവന് 81,000 കടന്നു

സ്വര്‍ണവില; പവന് 81,000 കടന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിപ്പ് തുടരുകയാണ്. പവന് 160 രൂപയാണ് വര്‍ധിച്ചത്. ഒരു പവന് 81,040 രൂപയാണ് ഇന്നത്തെ വിപണി വില.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,130 രൂപയാണ്. രാജ്യാന്തര വിപണിയിലെ സ്വര്‍ണ വിലയുടെ വര്‍ധനവാണ് സ്വര്‍ണ വില വര്‍ധനയ്ക്ക് കാരണമായത്. സെപ്റ്റംബര്‍ ഒന്നിന് സ്വര്‍ണവില പവന് 77,640 രൂപയായിരുന്നു.

ഇന്നലെ രാവിലെ സ്വര്‍ണവില നേരിയ തോതില്‍ കുറഞ്ഞിരുന്നു. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. എന്നാല്‍ ഉച്ചകഴിഞ്ഞതോടെ 50 രൂപ വര്‍ധിച്ച്, ഗ്രാമിന് 10,000 രൂപ കടന്നു. പവന് 80,880 രൂപയായിരുന്നു ഇന്നലത്തെ വില.

പേരൂർക്കട മാല മോഷണക്കേസിൽ  വഴിത്തിരിവ്

പേരൂർക്കട മാല മോഷണക്കേസിൽ വഴിത്തിരിവ്

തിരുവനന്തപുരം: പേരൂര്‍ക്കടയിലെ വ്യാജ മാല മോഷണ കേസില്‍ പൊലീസ് വാദം കള്ളമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. മാല മോഷണം പോയതല്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഓമനാ ഡാനിയലിന്റെ വീട്ടിനുള്ളില്‍ നിന്ന് തന്നെയാണ് മാല കിട്ടിയത്. മാല വീടിനു പുറത്ത് വേസ്റ്റ് കൂനയില്‍ നിന്നാണ് കിട്ടിയതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. മാല മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ദലിത് യുവതിയായ ബിന്ദുവിനെ അന്യായമായി കസ്റ്റഡിയിലെടുത്തത്. ആത്മഹത്യയുടെ വക്കിലേക്ക് പൊലീസ് തന്നെ കൊണ്ടെത്തിച്ചുവെന്ന് ബിന്ദു പറഞ്ഞു.

‘ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തലില്‍ സന്തോഷം എന്ന് പറയാന്‍ പറ്റില്ല. സ്റ്റേഷനില്‍ അനുഭവിച്ച കാര്യങ്ങള്‍ മറക്കാന്‍ പറ്റില്ല. അതാണ് എന്നെ വല്ലാതെ തളര്‍ത്തുന്നത്. ആ കുറ്റം എന്റെ തലയില്‍ വെച്ചുകെട്ടാന്‍ പൊലീസ് കുറേ ശ്രമിച്ചു. ചെയ്യാത്തൊരു തെറ്റാകുമ്പോള്‍ എന്തായാലും സത്യം പുറത്ത് വരുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു. ഓമന ഡാനിയല്‍ എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് എനിക്ക് അറിയില്ല.

ഞാന്‍ മൂന്ന് ദിവസമാണ് ആ വീട്ടില്‍ ജോലിക്ക് പോയത്. പക്ഷെ മാല കിട്ടിയില്ല എന്ന് പറഞ്ഞിരുന്നെങ്കില്‍ എന്നെ ജയിലിലേക്ക് കൊണ്ടുപോയേനെ. മാല കിട്ടിയെന്ന് പൊലീസ് പറഞ്ഞില്ല. ആത്മഹത്യയുടെ വക്കിലേക്ക് പൊലീസ് എന്നെ കൊണ്ടെത്തിച്ചു,’ ബിന്ദു പറഞ്ഞു.

ചുള്ളിമാനൂർ സ്വദേശി ബിന്ദുവിനെതിരെ ജോലിക്കു നിന്ന വീട്ടിൽ നിന്നും സ്വർണ്ണാഭരണം കാണാനില്ലെന്ന വീട്ടുടമ ഓമന ഡാനിയലിൻെറ പരാതിയിലാണ് പേരൂർക്കട പൊലീസ് കേസെടുത്തത്. പരാതി നൽകിയതിന് നാലു ദിവസം മുമ്പ് മാത്രം വീട്ടു ജോലിക്കെത്തിയ ബിന്ദുവിനെ പൊലീസ് കസ്റ്റഡിലെടുത്തു.

രാത്രിയിൽ സ്റ്റേഷനിലിരുത്തി മാനസികമായി പീഡിപ്പിക്കുകയായിരുന്നു. എന്നാൽ അടുത്ത ദിവസം നഷ്ടപ്പെട്ടെന്ന് പറഞ്ഞ സ്വർണം പരാതിക്കാരിയായ ഓമനയുടെ വീട്ടിന് പിന്നിലെ ചവറുകൂനയിൽ നിന്നും കിട്ടിയെന്ന് ഓമന ഡാനിയൽ തന്നെ പൊലീസിനെ അറിയിച്ചു. പിന്നാലെ പൊലീസ് ബിന്ദുവിനെ വിട്ടയച്ചു.

പൊലീസിന് നാണക്കേടായ സംഭവത്തിൽ എസ്ഐയെയും എഎസ്ഐയും സസ്പെൻഡ് ചെയ്തിരുന്നു. സ്റ്റേഷൻ ഇൻസ്പെക്ടറെ കോഴിക്കോടേക്ക് സ്ഥലം മാറ്റി. കാണാതായ സ്വർണം എങ്ങനെ ചവറുകൂനയിലെത്തിയെന്നു പോലും അന്വേഷണം നടത്താതെയാണ് കേസ് അവസാനിപ്പിച്ചത്.

പീഡനത്തിൽ ഉള്‍പ്പെടെ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട ബിന്ദു നൽകിയ പരാതി, ജില്ലക്ക് പുറത്തുള്ള ഡിവൈഎസ്പി അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പൊലീസിനെതിരെ ഗുരുതര കണ്ടെത്തുകൾ നടത്തിയത്.

വർക്കലയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു

വർക്കലയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു

വർക്കല ഞെക്കാട് ഹൈസ്കൂളിന് സമീപത്ത് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളിയായ വർക്കല വെട്ടൂർ ചാലക്കര വീട്ടിൽ 58 വയസ്സുള്ള അബ്ദുൽ റഫൂഫാണ് മരിച്ചത്. ഇയാൾ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ഡ്യൂക്ക് ബൈക്കിൽ എത്തിയ യുവാവ് ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടയിലാണ് എതിരെ വന്ന മത്സ്യത്തൊഴിലാളിയുടെ സ്കൂട്ടിയുമായി കൂട്ടിയിടിച്ചത്. ഡ്യൂക്ക് ബൈക്കിൽ സഞ്ചരിച്ചിരുന്ന ആറ്റിങ്ങൽ ആലംകോട് സ്വദേശി ചരുവിള പുത്തൻ വീട്ടിൽ 21 വയസ്സുള്ള ദീപകിൻ്റെ വലതു കൈ ഒടിഞ്ഞു. ഇയാൾ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് ചികിത്സയിൽ തുടരുന്നു.

സ്‌കൂട്ടറില്‍ സ്‌കൂള്‍ ബസ് ഇടിച്ചു; പ്രതിശ്രുത വധു മരിച്ചു, അപകടം ബാങ്കില്‍ ജോലി ലഭിച്ച ഉടന്‍

സ്‌കൂട്ടറില്‍ സ്‌കൂള്‍ ബസ് ഇടിച്ചു; പ്രതിശ്രുത വധു മരിച്ചു, അപകടം ബാങ്കില്‍ ജോലി ലഭിച്ച ഉടന്‍

കൊല്ലം: ശാസ്താംകോട്ടയില്‍ സ്‌കൂട്ടറില്‍ സ്‌കൂള്‍ ബസ് ഇടിച്ച് പ്രതിശ്രുത വധുവിന് ദാരുണാന്ത്യം. ശാസ്താംകോട്ട സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരിയായ തൊടിയൂര്‍ സ്വദേശി എ അഞ്ജന (25) ആണ് മരിച്ചത്. ഒക്ടോബര്‍ 19നായിരുന്നു വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. തൊടിയൂര്‍ ശാരദാലയം വീട്ടില്‍ ബി മോഹനന്റെയും ടി അജിതയുടെയും മകളാണ് അഞ്ജന.

ഇന്ന് രാവിലെ 9.45ന് ശാസ്താംകോട്ട ഭരണിക്കാവ് പുന്നമുട് ജങ്ഷനിലാണ് അപകടം. സ്‌കൂട്ടറില്‍ ബാങ്കിലേക്ക് പോവുകയായിരുന്ന അഞ്ജനയെ ഇടിച്ച സ്‌കൂള്‍ ബസ് ദേഹത്ത് കയറി ഇറങ്ങുകയായിരുന്നു. അപകടം നടന്ന ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റോഡില്‍ ഉരഞ്ഞ് നീങ്ങിയ സ്‌കൂട്ടര്‍ ഭാഗികമായി കത്തിനശിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ബാങ്കില്‍ ക്ലര്‍ക്ക് ആയി നിയമനം ലഭിച്ചത്.