by Midhun HP News | Sep 9, 2025 | Latest News, ജില്ലാ വാർത്ത
വർക്കല ഞെക്കാട് ഹൈസ്കൂളിന് സമീപത്ത് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മത്സ്യത്തൊഴിലാളിയായ വർക്കല വെട്ടൂർ ചാലക്കര വീട്ടിൽ 58 വയസ്സുള്ള അബ്ദുൽ റഫൂഫാണ് മരിച്ചത്. ഇയാൾ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ഡ്യൂക്ക് ബൈക്കിൽ എത്തിയ യുവാവ് ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടയിലാണ് എതിരെ വന്ന മത്സ്യത്തൊഴിലാളിയുടെ സ്കൂട്ടിയുമായി കൂട്ടിയിടിച്ചത്. ഡ്യൂക്ക് ബൈക്കിൽ സഞ്ചരിച്ചിരുന്ന ആറ്റിങ്ങൽ ആലംകോട് സ്വദേശി ചരുവിള പുത്തൻ വീട്ടിൽ 21 വയസ്സുള്ള ദീപകിൻ്റെ വലതു കൈ ഒടിഞ്ഞു. ഇയാൾ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് ചികിത്സയിൽ തുടരുന്നു.
by Midhun HP News | Sep 9, 2025 | Latest News, കേരളം
കൊല്ലം: ശാസ്താംകോട്ടയില്‍ സ്‌കൂട്ടറില്‍ സ്‌കൂള്‍ ബസ് ഇടിച്ച് പ്രതിശ്രുത വധുവിന് ദാരുണാന്ത്യം. ശാസ്താംകോട്ട സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരിയായ തൊടിയൂര്‍ സ്വദേശി എ അഞ്ജന (25) ആണ് മരിച്ചത്. ഒക്ടോബര്‍ 19നായിരുന്നു വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. തൊടിയൂര്‍ ശാരദാലയം വീട്ടില്‍ ബി മോഹനന്റെയും ടി അജിതയുടെയും മകളാണ് അഞ്ജന.
ഇന്ന് രാവിലെ 9.45ന് ശാസ്താംകോട്ട ഭരണിക്കാവ് പുന്നമുട് ജങ്ഷനിലാണ് അപകടം. സ്‌കൂട്ടറില്‍ ബാങ്കിലേക്ക് പോവുകയായിരുന്ന അഞ്ജനയെ ഇടിച്ച സ്‌കൂള്‍ ബസ് ദേഹത്ത് കയറി ഇറങ്ങുകയായിരുന്നു. അപകടം നടന്ന ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റോഡില്‍ ഉരഞ്ഞ് നീങ്ങിയ സ്‌കൂട്ടര്‍ ഭാഗികമായി കത്തിനശിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ബാങ്കില്‍ ക്ലര്‍ക്ക് ആയി നിയമനം ലഭിച്ചത്.
by Midhun HP News | Sep 9, 2025 | Latest News, ദേശീയ വാർത്ത
നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി രാജി വച്ചു. രണ്ട് ദിവസത്തെ പ്രക്ഷോഭത്തിനൊടുവിലാണ് രാജി. വിവിധ സാമൂഹികമാധ്യമങ്ങള്‍ നിരോധിച്ചുള്ള ഉത്തരവ് പിന്‍വലിച്ചിട്ടും യുവാക്കള്‍ സമരത്തില്‍ നിന്ന് പിന്‍മാറിയിരുന്നില്ല. പ്രധാനമന്ത്രി രാജി വെക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് അവര്‍ പ്രഖ്യാപിക്കുകയായിരുന്നു. പ്രക്ഷോഭം കലാപമായ നേപ്പാളില്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലിയുടെ വീട് പ്രക്ഷോഭകര്‍ കത്തിക്കുകയും ചെയ്തിരുന്നു. മുന്‍ പ്രധാനമന്ത്രി പ്രചണ്ഡ, ഷേര്‍ ബഹാദൂര്‍ ദുബെ, മന്ത്രിമാരായ ദീപക് കഡ്ക, പൃഥ്വി സുബ്ബ ഗുര്‍ഗ എന്നിവരുടെ വീടുകളും കത്തിച്ചു.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മന്ത്രിമാരുടെ വീടുകള്‍ക്കും നേരെ തീവയ്പ്പും കല്ലേറുമുണ്ടായി. സമരക്കാര്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ത്തു. പ്രധാനമന്ത്രി കെപി ശര്‍മ ഒലി ദുബായിലേക്ക് കടക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
നേപ്പാള്‍ സര്‍ക്കാരിനുനേരേ ‘ജെന്‍ സീ വിപ്ലവം’ എന്നപേരില്‍ യുവാക്കളുടെ പ്രക്ഷോഭം ആളിപ്പടരുകയായിരുന്നു. വെള്ളിയാഴ്ചയാണ് പ്രക്ഷോഭം ആരംഭിച്ചത്. തിങ്കളാഴ്ച സുരക്ഷാ സേന പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ തുടങ്ങിയതോടെ അക്രമാസക്തമായി. പ്രക്ഷോഭവുമായി ബന്ധപ്പെട്ട പൊലീസ് വെടിവെപ്പില്‍ 20 പ്രതിഷേധക്കാരാണ് ഇന്നലെ മരിച്ചത്. 250 പേര്‍ക്ക് പരുക്കേറ്റു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ നേപ്പാള്‍ ആഭ്യന്തര മന്ത്രി രമേഷ് ലേഘഖ് രാജിവച്ചു.
by Midhun HP News | Sep 9, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ജയ് ഹിന്ദ് ടിവി സീനിയര്‍ ന്യൂസ് എഡിറ്ററും ന്യൂസ് ഇന്‍ ചാര്‍ജുമായ മാത്യു സി ആര്‍ അന്തരിച്ചു. 53 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ജയ് ഹിന്ദ് ടിവി സീനിയര്‍ ന്യൂസ് എഡിറ്ററും ന്യൂസ് ഇന്‍ ചാര്‍ജുമായ മാത്യു സി ആര്‍ അന്തരിച്ചു. 53 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
തുടര്‍ന്ന് തിരുവനന്തപുരം പ്രസ് ക്ലബിലും പൊതുദര്‍ശനമുണ്ടാകും. ഇതിനുശേഷം മുളവനയിലെ വീട്ടിലേക്ക് കൊണ്ടുപോകും. എസിവിയിലൂടെയാണ് മാത്യു സി ആര്‍ മാധ്യമരംഗത്തെത്തുന്നത്. പിന്നീട് സൂര്യ ടിവി ന്യൂസില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിരുന്നു. പത്രപ്രവര്‍ത്തക യൂണിയന്റെ സംഘടനാ പ്രവര്‍ത്തനങ്ങളിലും മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്നു.
by Midhun HP News | Sep 9, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: നാവികസേന ഉദ്യോഗസ്ഥന്റെ വേഷമിട്ടെത്തിയ അജ്ഞാതന്‍ ആയുധങ്ങളും വെടിയുണ്ടകളുമായി കടന്നു. ഇന്‍സാസ് റൈഫിളും 40 തിരകളുമായാണ് അജ്ഞാതന്‍ കടന്നുകളഞ്ഞത്. മുംബൈ കൊളാബയിലെ നേവി റസിഡന്‍ഷ്യല്‍ ഏരിയയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം.
പ്രവേശനത്തിന് നിയന്ത്രണമുള്ള മേഖലയില്‍ കടന്ന അജ്ഞാതന്‍, കാവല്‍ ജോലിയിലുണ്ടായിരുന്ന ജൂനിയര്‍ നാവികനെ കബളിപ്പിച്ചാണ് ആയുധം കൈവശപ്പെടുത്തിയത്. തുടര്‍ന്ന് ഇയാളെ കാണാതാകുകയായിരുന്നു. പകരം ജോലിക്കായി നിയോഗിച്ചതാണെന്ന് അറിയിച്ചാണ്, ഇയാള്‍ കാവല്‍ നിന്നിരുന്ന നാവികനെ കബളിപ്പിച്ചത്.
ഇതു വിശ്വസിച്ച ജൂനിയര്‍ നാവികന്‍ തോക്കും തിരകളും കൈമാറി. പിന്നീട് ഇയാളെ കാണാതായതോടെയാണ് അബദ്ധം തിരിച്ചറിഞ്ഞത്. ആള്‍മാറാട്ടം നടത്തിയ ആയുധം കവര്‍ന്നയാളെ കണ്ടെത്താനായി നാവിക സേനയും മുംബൈ പൊലീസും വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു. കഫെ പരേഡ് പൊലീസ് മോഷണത്തിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എന്‍ഐഎ, എടിഎസ് എന്നിവയുള്‍പ്പെടെ ഒന്നിലധികം ഏജന്‍സികള്‍ അന്വേഷണത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. ആയുധങ്ങള്‍ വീണ്ടെടുക്കാന്‍ പൊലീസുമായി ഏകോപിപ്പിച്ച് വിപുലമായ തിരച്ചില്‍ നടക്കുന്നുണ്ടെന്നും മോഷണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും, സുരക്ഷാ വീഴ്ചയും അന്വേഷിക്കാന്‍ ഒരു അന്വേഷണ ബോര്‍ഡിന് ഉത്തരവിട്ടിട്ടുണ്ടെന്നും നാവികസേന അറിയിച്ചു.
by Midhun HP News | Sep 9, 2025 | Latest News, ജില്ലാ വാർത്ത
കൊല്ലം: കടയ്ക്കൽ അണപ്പാട് നിന്നും 20 ലിറ്റർ വാറ്റ് വാറ്റ് ചാരായം സഹിതം മൂന്നുപേർക്കെതിരെ ചടയമംഗലം എക്സൈസ് സംഘം കേസെടുത്തിരുന്നു.
സ്ഥലത്തുനിന്നും ഓടിപ്പോയ പ്രതിയായ അണപ്പാട്, രഞ്ചു വിലാസം വീട്ടിൽ
(വയറൻ മോഹനൻ) എന്ന് വിളിക്കുന്ന മോഹനൻപിള്ളയെ ആണ് എക്സൈസ് സംഘം കടയ്ക്കൽ മേലേപന്തളം മുക്കിൽ നിന്നും പിടികൂടിയത്.
മദ്യലഹരിയിൽ ആയിരുന്ന ഇയാൾ അറസ്റ്റ് ചെയ്യുന്ന സമയം ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ രാജേഷ്, സിവിൽ എക്സൈസ് ഓഫീസർ സബീർ എന്നിവരെ ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തു.
തുടർന്ന് ബലപ്രയോഗത്തിലൂടെ പ്രതിയെ അറസ്റ്റ് ചെയ്തു. കോടതി ഇയാളെ റിമാൻഡ് ചെയ്തു.
ഇട്ടിവ,അണപ്പാട് മേഖലകളിൽ വർഷങ്ങളായി ചാരായം വാറ്റി വിൽപ്പന നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് മോഹനൻപിള്ള. ഇയാളുടെ പേരിൽ മുൻപും വാറ്റ് ചാരായ കേസുകളുണ്ട്. എക്സൈസ് ഉദ്യോഗസ്ഥരായ ഷാനവാസ്, ചന്തു ശ്രേയസ് ഉമേഷ് എന്നിവർ പങ്കെടുത്തു. ഈ കേസിൽ രണ്ട് പേരെ പിടികൂടിയിരുന്നു.
Recent Comments