നാവികസേന ഉദ്യോഗസ്ഥനായി ചമഞ്ഞ് ആയുധങ്ങളും വെടിയുണ്ടകളുമായി കടന്നു; ആള്‍മാറാട്ടക്കാരനായി വ്യാപക തിരച്ചില്‍

നാവികസേന ഉദ്യോഗസ്ഥനായി ചമഞ്ഞ് ആയുധങ്ങളും വെടിയുണ്ടകളുമായി കടന്നു; ആള്‍മാറാട്ടക്കാരനായി വ്യാപക തിരച്ചില്‍

മുംബൈ: നാവികസേന ഉദ്യോഗസ്ഥന്റെ വേഷമിട്ടെത്തിയ അജ്ഞാതന്‍ ആയുധങ്ങളും വെടിയുണ്ടകളുമായി കടന്നു. ഇന്‍സാസ് റൈഫിളും 40 തിരകളുമായാണ് അജ്ഞാതന്‍ കടന്നുകളഞ്ഞത്. മുംബൈ കൊളാബയിലെ നേവി റസിഡന്‍ഷ്യല്‍ ഏരിയയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം.

പ്രവേശനത്തിന് നിയന്ത്രണമുള്ള മേഖലയില്‍ കടന്ന അജ്ഞാതന്‍, കാവല്‍ ജോലിയിലുണ്ടായിരുന്ന ജൂനിയര്‍ നാവികനെ കബളിപ്പിച്ചാണ് ആയുധം കൈവശപ്പെടുത്തിയത്. തുടര്‍ന്ന് ഇയാളെ കാണാതാകുകയായിരുന്നു. പകരം ജോലിക്കായി നിയോഗിച്ചതാണെന്ന് അറിയിച്ചാണ്, ഇയാള്‍ കാവല്‍ നിന്നിരുന്ന നാവികനെ കബളിപ്പിച്ചത്.

ഇതു വിശ്വസിച്ച ജൂനിയര്‍ നാവികന്‍ തോക്കും തിരകളും കൈമാറി. പിന്നീട് ഇയാളെ കാണാതായതോടെയാണ് അബദ്ധം തിരിച്ചറിഞ്ഞത്. ആള്‍മാറാട്ടം നടത്തിയ ആയുധം കവര്‍ന്നയാളെ കണ്ടെത്താനായി നാവിക സേനയും മുംബൈ പൊലീസും വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു. കഫെ പരേഡ് പൊലീസ് മോഷണത്തിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എന്‍ഐഎ, എടിഎസ് എന്നിവയുള്‍പ്പെടെ ഒന്നിലധികം ഏജന്‍സികള്‍ അന്വേഷണത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. ആയുധങ്ങള്‍ വീണ്ടെടുക്കാന്‍ പൊലീസുമായി ഏകോപിപ്പിച്ച് വിപുലമായ തിരച്ചില്‍ നടക്കുന്നുണ്ടെന്നും മോഷണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും, സുരക്ഷാ വീഴ്ചയും അന്വേഷിക്കാന്‍ ഒരു അന്വേഷണ ബോര്‍ഡിന് ഉത്തരവിട്ടിട്ടുണ്ടെന്നും നാവികസേന അറിയിച്ചു.

ചടയമംഗലം എക്സൈസിനെ കണ്ട് ചാരായം ഉപേക്ഷിച്ചു ഓടി രക്ഷപ്പെട്ട പ്രതി പിടിയിൽ

ചടയമംഗലം എക്സൈസിനെ കണ്ട് ചാരായം ഉപേക്ഷിച്ചു ഓടി രക്ഷപ്പെട്ട പ്രതി പിടിയിൽ

കൊല്ലം: കടയ്ക്കൽ അണപ്പാട് നിന്നും 20 ലിറ്റർ വാറ്റ് വാറ്റ് ചാരായം സഹിതം മൂന്നുപേർക്കെതിരെ ചടയമംഗലം എക്സൈസ് സംഘം കേസെടുത്തിരുന്നു.
സ്ഥലത്തുനിന്നും ഓടിപ്പോയ പ്രതിയായ അണപ്പാട്, രഞ്ചു വിലാസം വീട്ടിൽ
(വയറൻ മോഹനൻ) എന്ന് വിളിക്കുന്ന മോഹനൻപിള്ളയെ ആണ് എക്സൈസ് സംഘം കടയ്ക്കൽ മേലേപന്തളം മുക്കിൽ നിന്നും പിടികൂടിയത്.

മദ്യലഹരിയിൽ ആയിരുന്ന ഇയാൾ അറസ്റ്റ് ചെയ്യുന്ന സമയം ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ രാജേഷ്, സിവിൽ എക്സൈസ് ഓഫീസർ സബീർ എന്നിവരെ ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തു.

തുടർന്ന് ബലപ്രയോഗത്തിലൂടെ പ്രതിയെ അറസ്റ്റ് ചെയ്തു. കോടതി ഇയാളെ റിമാൻഡ് ചെയ്തു.
ഇട്ടിവ,അണപ്പാട് മേഖലകളിൽ വർഷങ്ങളായി ചാരായം വാറ്റി വിൽപ്പന നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് മോഹനൻപിള്ള. ഇയാളുടെ പേരിൽ മുൻപും വാറ്റ് ചാരായ കേസുകളുണ്ട്. എക്സൈസ് ഉദ്യോഗസ്ഥരായ ഷാനവാസ്‌, ചന്തു ശ്രേയസ് ഉമേഷ്‌ എന്നിവർ പങ്കെടുത്തു. ഈ കേസിൽ രണ്ട് പേരെ പിടികൂടിയിരുന്നു.

ലോക സാഷരതാ ദിനത്തോടനുബന്ധിച്ച് തുടർ പഠനം നടത്തുന്ന തുല്യതാ പഠിതാക്കളെ ആദരിച്ചു

ലോക സാഷരതാ ദിനത്തോടനുബന്ധിച്ച് തുടർ പഠനം നടത്തുന്ന തുല്യതാ പഠിതാക്കളെ ആദരിച്ചു

കേരള സർക്കാർ, തദ്ദേശ സ്വയം ഭരണ വകുപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പ്, ജില്ലാ സാക്ഷരതാമിഷൻ, ആറ്റിങ്ങൽ നഗരസഭ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ലോക സാഷരതാ ദിനത്തോടനുബന്ധിച്ച് ആറ്റിങ്ങൽ നഗരസഭാങ്കണത്തിൽ തുടർ പഠനം നടത്തുന്ന തുല്യതാ പഠിതാക്കളെ ആദരിച്ചു.

നഗരസഭാ വൈസ് ചെയർമാൻ ജി. തുളസീധരൻ പിളളയുടെ അദ്ധ്യക്ഷതയിൽ നഗരസഭാ ചെയർ പേഴ്സൺ അഡ്വ.എസ്. കുമാരി ഉദ്ഘാടനം ചെയ്തു. പ്രൊഫസർ. ഭാസി രാജ് സാക്ഷരതാദിന സന്ദേശം നൽകി സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഗിരിജ ടീച്ചർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നജാം, നോഡൽ പ്രേരക് മിനിരേഖ, ടീച്ചർമാരായ സുജ.കെ.എസ്, ബീന. ആർ എസ് തുടങ്ങിയവർ സംസാരിച്ചു.

68 വയസ്സുള്ള അനിതകുമാരി, രഞ്ജിത്ത്, സുൽഫത്ത്, ലീന, അമ്യത, ഷഹ്ന, താഹിറ, റുബീന, ലീലാമ്മ, സന്ധ്യ, അനീസ, അശ്വതി, ബൈജു, ഗാഥ, നസീറ, ശരത് ജ്യോതി എന്നിവരെ ആദരിച്ചു.

68 വയസ്സുള്ള അനിതകുമാരി (+2 തുല്യതയ്ക്ക് ശേഷം ഡിഗ്രി സോഷ്യോളജിയിൽ 76.7 % മാർക്കോടെ വിജയിച്ച് LLB യ്ക്ക് അഡ്മിഷൻ എടുത്തു)

രഞ്ജിത്ത്, സുൽഫത്ത് (ഡിഗ്രി പാസായവരായവർ)

ലീന (+2 തുല്യതയ്ക്ക് ശേഷം ഇപ്പോ BBA LLB ക്ക് പഠിക്കുന്നു)

അമ്യത (+2 തുല്യതയ്ക്ക് ശേഷം TTC പരീക്ഷ എഴുതുകയും ഇപ്പോ ഡിഗ്രിക്ക് പഠിക്കുകയും ചെയ്യുന്നു)

ഷഹ്ന (+2 ന് ശേഷം ഹിന്ദി Bed പഠിക്കുന്നു)

താഹിറ (+2 ന് ശേഷം മോണ്ടിസോറി കോഴ്സ് പഠിച്ച് അധ്യാപികയായി തുടരുന്നു)

റുബീന (+2ന് ശേഷം പ്രിന്റിംഗ് കോഴ്സ് കഴിഞ്ഞു)

ലീലാമ്മ (+2 ന് ശേഷം ഡിഗ്രിക്ക് പഠിച്ച് കൊണ്ടിരിക്കുന്നു, മുദാക്കൽ പഞ്ചായത്ത് മെമ്പർ കൂടിയാണ്)

സന്ധ്യ, അനീസ, അശ്വതി, ബൈജു, ഗാഥ, നസീറ, ശരത് ജ്യോതി (+2 ന് ശേഷം ഡിഗ്രി പഠിക്കുന്നു)

പഴയ അഡ്രസ് മാറ്റാൻ മറക്കരുത്; 100 ദിനാ​ർ പിഴ ചുമത്തുമെന്ന് കുവൈത്ത്

പഴയ അഡ്രസ് മാറ്റാൻ മറക്കരുത്; 100 ദിനാ​ർ പിഴ ചുമത്തുമെന്ന് കുവൈത്ത്

കുവൈത്ത് സിറ്റി: താമസ സ്ഥലം മാറിയിട്ടും രേഖകളിൽ പഴയ അഡ്രസ് തന്നെ ഉപയോഗിക്കുന്നവർക്കതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കുവൈത്ത്. പഴയ മേൽവിലാസം രേഖകളിൽ നിന്ന് ഒഴിവാക്കാൻ വിട്ടു പോയാൽ 100 ദിനാ​ർ വരെ പി​ഴ ചുമത്തും. പ്രവാസികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ (പാ​സി) അ​റി​യി​ച്ചു.

മുൻപ് രേഖകളിൽ മാറ്റം വരുത്താതെ ഇരുന്ന 965 വ്യ​ക്തി​ൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ഇവരുടെ അഡ്രസ് വിവരങ്ങൾ രേ​ഖ​ക​ളി​ൽ​നി​ന്ന് നീ​ക്കം​ ചെ​യ്തു. ഈ മേൽ വിലാസത്തിലുള്ള കെട്ടിടങ്ങൾ പൊളിച്ചു മാറ്റുകയോ അല്ലെങ്കിൽ കെ​ട്ടി​ട ഉ​ട​മ ന​ൽ​കി​യ വി​വ​രത്തിന്റെയോ അടിസ്ഥാനത്തിലാണ് നടപടി. ഇതോടെ അഡ്രസ് ഒഴിവാക്കിയ വ്യക്തികൾ തുടർ നടപടികൾ നേരിടേണ്ടി വരും.

താമസ സ്ഥലം മാറിയാൽ ആ വിവരം പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓഫീസിലോ സ​ഹ​ൽ ആ​പ് വ​ഴി​യോ 30 ദി​വ​സ​ത്തി​നു​ള്ളി​ൽ അറിയിക്കണം. രേഖകളിൽ മാറ്റം വരുത്തുന്നതിനായി ആ​വ​ശ്യ​മാ​യ അപേക്ഷ സമർപ്പിക്കണം. 30 ദിവസത്തിനുള്ളിൽ ഈ നടപടി പൂർത്തിയാക്കിയില്ലെങ്കിൽ 100 ദി​നാ​ർ പിഴയായി ആദ്യകേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കി.

പാലിയേക്കരയിലെ ടോള്‍ പിരിവ് വിലക്ക് തുടരും; കേസ് വീണ്ടും നാളെ ഹൈക്കോടതിയില്‍

പാലിയേക്കരയിലെ ടോള്‍ പിരിവ് വിലക്ക് തുടരും; കേസ് വീണ്ടും നാളെ ഹൈക്കോടതിയില്‍

കൊച്ചി: ദേശീയപാതയില്‍ പാലിയേക്കരയില്‍ ടോള്‍ പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവെച്ച നടപടി ഹൈക്കോടതി നീട്ടി. സര്‍വീസ് റോഡിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയായി വരുന്നതിനാല്‍ ടോള്‍ പിരിവ് പുനഃസ്ഥാപിക്കാന്‍ അനുവദിക്കണമെന്ന് കാട്ടി നാഷണല്‍ ഹൈവേ അതോറിറ്റി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഹര്‍ജി ഹൈക്കോടതി നാളെയും പരിഗണിക്കും.

ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഗണിച്ചായിരുന്നു കഴിഞ്ഞമാസം നാലാഴ്ചത്തേയ്ക്ക് ടോള്‍ പിരിവ് ഹൈക്കോടതി തടഞ്ഞത്. ഈ സമയപരിധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് നാഷണല്‍ ഹൈവേ അതോറിറ്റി നല്‍കിയ റിപ്പോര്‍ട്ട് ഹൈക്കോടതി പരിഗണിച്ചത്. മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയില്‍ പ്രധാനമായി നാലു ബ്ലാക്ക് സ്‌പോട്ടുകളാണ് ഉള്ളത്. ഇവിടെ ഇപ്പോഴും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഈ പശ്ചാത്തലത്തിലാണ് ജനങ്ങള്‍ക്ക് ആശ്വാസമായി ടോള്‍ പിരിവ് വിലക്ക് ഹൈക്കോടതി നീട്ടിയത്.

വാദത്തിനിടെ ഗതാഗതക്കുരുക്ക് വിഷയത്തില്‍ എന്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നില്ല എന്ന് കോടതി ചോദിച്ചു. മുന്‍പ് ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് അന്ന് ടോള്‍ പിരിവ് കോടതി തടഞ്ഞത്. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ മറുപടിയും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സ്ഥിതിഗതി വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടറോടും ഹൈക്കോടതി ആവശ്യപ്പെട്ടു. നാളെ ഹര്‍ജി പരിഗണിക്കുമ്പോള്‍ ഓണ്‍ലൈനായി ഹാജരാകാന്‍ കലക്ടറോട് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വാദത്തിനിടെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട് പൊലീസിന്റെ റിപ്പോര്‍ട്ടും കോടതി പരിശോധിച്ചു. അണ്ടര്‍പാസ് നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് അപകടം പതിവാണ് എന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പൊലീസിന്റെ റിപ്പോര്‍ട്ട് അവഗണിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

റെക്കോര്‍ഡ് കലക്ഷനുമായി കെഎസ്ആര്‍ടിസി; പ്രതിദിന വരുമാനം 10 കോടി കടന്നു

റെക്കോര്‍ഡ് കലക്ഷനുമായി കെഎസ്ആര്‍ടിസി; പ്രതിദിന വരുമാനം 10 കോടി കടന്നു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം സര്‍വകാല റെക്കോര്‍ഡില്‍. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കലക്ഷനാണ് കെഎസ്ആര്‍ടിസി നേടിയത്. ആദ്യമായാണ് കെഎസ്ആര്‍ടിസിയുടെ പ്രതിദിന കളക്ഷന്‍ 10 കോടി കടക്കുന്നത്.

ഓഗസ്റ്റില്‍ കെഎസ്ആര്‍ടിസിയുടെ ആകെ നഷ്ടത്തില്‍ നിന്ന് 10 കോടി രൂപ കുറയ്ക്കാനായി. കഴിഞ്ഞ ജൂലൈയില്‍ 60.12 കോടിയായിരുന്നു നഷ്ടമെങ്കില്‍ ഈ വര്‍ഷം അത് 50.2 കോടിയായി ചുരുങ്ങി. ബാങ്ക് കണ്‍സോര്‍ഷ്യത്തിന് ദിവസം 1.19 കോടി നല്‍കണം.

സ്ത്രീകളെയും കുടുംബങ്ങളെയും ഉള്‍പ്പെടെ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുക എന്നതാണ് കെഎസ്ആര്‍ടിസിയുടെ ലക്ഷ്യമെന്നും കെഎസ്ആര്‍ടിസി നഷ്ടം കുറച്ച് വരികയാണെന്നും ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 8.40 കോടി രൂപ പ്രതിദിന കലക്ഷന്‍ കിട്ടിയാല്‍ കെഎസ്ആര്‍ടിസി ലാഭത്തിലാകുമെന്നും മന്ത്രി പറഞ്ഞു.