by Midhun HP News | Feb 7, 2026 | Latest News, ജില്ലാ വാർത്ത
കടയ്ക്കാവൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഹരിതാമൃതം ഫാർമർ പ്രൊഡ്യൂസർ കമ്പനി ഉത്പാദിപ്പിക്കുന്ന കോഴിയിറച്ചിയും അനുബന്ധ ഉത്പന്നങ്ങളും ആൻറിബയോട്ടിക്‌സോ ഹോർമോണുകളോ ചേർത്തിട്ടില്ലാത്തതും അതീവ സുരക്ഷിതമായ ഭക്ഷ്യ പദാർത്ഥങ്ങളാണെന്നും ഹൈദരാബാദിലെ നാഷണൽ മീറ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (NMRI – ICAR) നടത്തിയ വിശദ പരിശോധനയിൽ സാക്ഷ്യപ്പെടുത്തി.
നബാർഡിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന മുന്നൂറിലധികം കർഷകരുടെ കൂട്ടായ്മയായ ഹരിതാമൃതം ഫാർമർ പ്രൊഡ്യൂസർ കമ്പനി, ബ്രോയിലർ കോഴി, നാടൻ കോഴി, താറാവ്, ടർക്കി, വാത്ത കാട, കരിങ്കോഴി എന്നിവയുടെ ഇറച്ചി കടയ്ക്കാവൂർ–കീഴാറ്റിങ്ങൽ മേഖലയിൽ പ്രവർത്തിക്കുന്ന ആധുനിക അറവുശാലയിൽ ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കുന്നു.
കൂടാതെ, ആറേക്കർ വിസ്തൃതിയിൽ തുറന്നുവിട്ടു വളർത്തുന്ന ആട്, കോഴി, താറാവ് എന്നിവയും ഫ്രീ റേഞ്ച് കോഴിമുട്ട, താറാമുട്ട എന്നിവയും ഹരിതാമൃതത്തിന്റെ സ്വന്തം ഫാമിൽ നിന്നും ലഭ്യമാണ്. നബാർഡിന്റെ ആസ്ഥാന മന്ദിരത്തിൽ നടന്ന ലളിതമായ ചടങ്ങിൽ ഹരിതാമൃതം ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ CEO ബിനു, മാനേജിങ് ഡയറക്ടർ വീണാ സുനു, ഡയറക്ടർമാരായ ശരത് ചന്ദ്രൻ, ഷെല്ലി, ശ്രീകല എന്നിവർ പങ്കെടുത്ത
ചടങ്ങിൽ നബാർഡിന്റെ AGM കിരൺ ഹരിതാമൃതത്തിന് ഉപകാരം നൽകി ആദരിച്ചു.


by Midhun HP News | Feb 7, 2026 | Latest News, കേരളം
കൊച്ചി: അടൂര്‍ കടമ്പനാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ക്രിസ്ത്യന്‍ പുരോഹിതര്‍ പ്രവേശിച്ച സംഭവത്തില്‍ ആചാര ലംഘനമില്ലെന്ന് ഹൈക്കോടതി. ഓര്‍ത്തഡോക്‌സ് സഭ കടമ്പനാട് ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ് മാര്‍ അപ്രേമും മറ്റൊരു പുരോഹിതനും ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ച് പ്രാര്‍ഥന നടത്തിയ സംഭവം ചോദ്യം ചെയ്ത് സനില്‍ നാരായണന്‍ നമ്പൂതിരി എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. തന്ത്രിയുടെ അനുമതിയോടെയാണ് സഖറിയാസ് മാര്‍ അപ്രേം എത്തിയത്. ക്ഷേത്രത്തില്‍ പ്രവേശിച്ചത് തന്ത്രിയുടെ അനുമതിയോടെയാണ്. ഇത്തരം സന്ദര്‍ശനങ്ങള്‍ ആചാര ലംഘനമല്ലെന്നും ചൂണ്ടിക്കാട്ടിയ ജസ്റ്റിസുമാരായ എ രാജാ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരുടെ ബെഞ്ച് ഹർജി തള്ളുകയായിരുന്നു.
അതിഥികളെ ബഹുമാനിക്കുക എന്നത് ക്ഷേത്ര സംസ്‌കാരത്തിന്റെ ഭാഗമാണ്. പുരോഹിതന്റെ ആഗ്രഹപ്രകാരമാണ് ക്ഷേത്രത്തിലേക്കു പ്രവേശനം അനുവദിച്ചതെന്നും ബെഞ്ച് നിരീക്ഷിച്ചു. തന്ത്രിയാണ് ക്ഷേത്രാചാരങ്ങളിലെ അവസാന വാക്ക്. അദ്ദേഹത്തിന്റെ അനുമതിയോടെ അതിഥി എന്ന നിലയിലുള്ള പ്രവേശനം ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അവകാശത്തില്‍നിന്നു വ്യത്യസ്തമാണ്. അത്തരത്തിലുള്ള പ്രവേശനം നിയമമോ ചട്ടമോ ക്ഷേത്രാചാരങ്ങളോ ലംഘിക്കുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 2023 സെപ്റ്റംബര്‍ 7ന് ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ചുള്ള ശോഭായാത്ര ഉദ്ഘാടനം ചെയ്യാനായിരുന്നു സഖറിയാസ് മാര്‍ അപ്രേം ക്ഷേത്രത്തില്‍ എത്തിയത്. ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ആഗ്രമുണ്ടെന്ന അദ്ദേഹം അറിയച്ചതോടെ ക്ഷേത്രോപദേശക സമിതി തന്ത്രിയുടെ അനുമതി വാങ്ങിയ ശേഷം അദ്ദേഹത്തെ പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം, ക്ഷേത്രങ്ങളില്‍ അഹിന്ദുക്കളുടെ പ്രവേശനം തടയുന്ന ചട്ടം കാലാനുസൃതമായി പരിഷ്‌കരിക്കണോ എന്നു സര്‍ക്കാരിനു പരിശോധിക്കാമെന്ന് ഹൈക്കോടതി. വിഷയത്തില്‍ തന്ത്രിമാരുമായും ദേവസ്വം ബോര്‍ഡുമായും മതപണ്ഡിതരുമായും കൂടിയാലോചിച്ച് സര്‍ക്കാരിന് ഉചിതമായ തീരുമാനമെടുക്കാം എന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. 1965ലെ ഹിന്ദു ആരാധനാലയ പ്രവേശന നിയമത്തില്‍ അഹിന്ദുക്കള്‍ക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കുന്നില്ല. എന്നാല്‍ അതിന്റെ അടിസ്ഥാനത്തില്‍ രൂപം കൊടുത്ത ചട്ടം 3 (എ)യിലാണ് അഹിന്ദുക്കള്‍ക്കു പ്രവേശനമില്ലെന്നു പറയുന്നത്. നിയമവും ചട്ടവും വിരുദ്ധമായി വരികയാണെങ്കില്‍ നിയമമായിരിക്കും നിലനില്‍ക്കുക എന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
by Midhun HP News | Feb 7, 2026 | Latest News, കേരളം
തിരുവനന്തപുരം: എസ്‌ഐടിയുടെ ചോദ്യംചെയ്യലില്‍ ഒരു അസ്വാഭാവികതയും ഇല്ലെന്നും ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായി മറുപടി നല്‍കിയെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ടര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
എം മുരളിയുടെ നിര്യാണവുമായി ബന്ധപ്പെട്ടാണ് ഇന്നലെ തന്നെ ട്രെയിനില്‍ കയറി ഇവിടെ എത്തിയത്. അതിനിടെയാണ് ചില കാര്യങ്ങള്‍ അറിയാനുണ്ട് എന്ന് എസ്‌ഐടി പറഞ്ഞത്. ഇതനുസരിച്ച് രാവിലെ തന്നെ പോയി. എസ്‌ഐടി ചോദിച്ച കാര്യങ്ങള്‍ക്ക് കൃത്യമായി മറുപടി പറഞ്ഞു. മറുപടി പറഞ്ഞത് അനുസരിച്ച് അവര്‍ കാര്യങ്ങള്‍ മുന്നോട്ടുനീക്കും. അതിനപ്പുറത്തേയ്ക്ക് ഇതുമായി ബന്ധപ്പെട്ട് ഒരു കാര്യവും പറയാനില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
അവര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് എല്ലാം ഞാന്‍ ഉത്തരം നല്‍കി. പോറ്റിയെ കുറിച്ച് ചോദിച്ചിട്ടുണ്ട്. എനിക്ക് അറിയാവുന്ന എല്ലാ കാര്യങ്ങളും പങ്കുവെച്ചിട്ടുണ്ട്. ആ പങ്ക് വെച്ച വിവരങ്ങളെല്ലാം അവര്‍ രേഖപ്പെടുത്തി. സാമ്പത്തിക ഇടപാടുകളെ കുറിച്ച് ചോദിച്ചിട്ടില്ല. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ അദ്ദേഹത്തോട് തന്നെ ചോദിക്കൂ. അദ്ദേഹം പുറത്തിറങ്ങിയിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം ഇരുത്തിയല്ല ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ ഒരു അസ്വാഭാവികതയുമില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
by Midhun HP News | Feb 7, 2026 | Latest News, ദേശീയ വാർത്ത
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഇലക്ട്രിക് ബസ് സര്‍വീസുമായി ബന്ധപ്പെട്ട കോര്‍പറേഷന്‍ – കെഎസ്ആര്‍ടിസി തര്‍ക്കത്തിന് വിരാമം. നഗരത്തിലെ ഇടറോഡുകള്‍ വഴിയുള്ള ഇലക്ട്രിക് ബസുകള്‍ സര്‍വീസ് ആരംഭിച്ചു. തിരുവനന്തപുരം മേയര്‍ വി വി രാജേഷ് പുതിയ സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്തു. മേയറുടെ വാര്‍ഡായ കൊടുങ്ങാനൂരില്‍ ആണ് പുതിയ സര്‍വീസിന്റെ ഉദ്ഘാടന ചടങ്ങ് നടന്നത്.
കൊടുങ്ങാനൂരില്‍ നിന്നും കിഴക്കേക്കോടയിലേക്കും തിട്ടമംഗലത്തേക്കും രണ്ടു ബസുകള്‍ രാവിലെ സര്‍വീസ് നടത്തി. ബസുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്ത മേയര്‍ ആദ്യയാത്രയിലും പങ്കാളിയായി. കൊടുങ്ങാനൂര്‍ വാര്‍ഡില്‍ ഉള്‍പ്പെട്ട ല കുലശേഖരത്തുനിന്ന് കുരുവിക്കാട്, തിട്ടമംഗലം, കുന്നന്‍പാറ, കുണ്ടമണ്‍കടവ് വഴി കിഴക്കേക്കോട്ടയിലേക്കാണ് ബസ് സര്‍വീസ് നടത്തുന്നത്. രാവിലെയും വൈകിട്ടും തിരക്കുള്ള സമയങ്ങളിലായിരിക്കും ഇലക്ട്രിക് ബസുകള്‍ ഇടറോഡുകളില്‍ സര്‍വീസ് നടത്തും.
തിരുവനന്തപുരം നഗരത്തില്‍ കെഎസ്ആര്‍ടിസി സര്‍വീസ് ഇല്ലാത്ത വഴികളിലൂടെയാണ് നിലവില്‍ ബസ് സര്‍വീസ് പരിഗണിക്കുന്നത്. സര്‍വീസ് ആവശ്യപ്പെട്ട് 29 കൗണ്‍സിലര്‍മാര്‍ കത്ത് നല്‍കിയിട്ടുണ്ട്. ഇടറോഡുകളില്‍ ബസ് ഓടുന്നത് സാധാരണക്കാര്‍ക്ക് ഏറെ ഗുണകരമാകും. ഗതാഗത മന്ത്രിയുമായും ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ 23 റൂട്ടുകളിലാണ് ആദ്യം സര്‍വീസ് പരിഗണിക്കുന്നതെന്നും മേയര്‍ അറിയിച്ചു.
വിവി രാജേഷ് മേയറായി ചുമതലയേറ്റതിന് പിന്നാലെ ആദ്യ തീരുമാനങ്ങളില്‍ ഒന്നായാണ് ഇലക്ട്രിക് ബസുകളെ നഗരത്തിലേക്ക് തിരിച്ച് വിളിച്ചത്. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി വാങ്ങിയ 113 ബസുകള്‍ നഗരത്തിനു പുറത്തേക്കു സര്‍വീസ് നടത്തുന്നതിനെ ചൊല്ലി മേയറും ഗതാഗത മന്ത്രിയും തമ്മില്‍ തര്‍ക്കവും ഉടലെടുത്തിരുന്നു. പിന്നീട് നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഇടറോഡുകളില്‍ വീണ്ടും സര്‍വീസ് ആരംഭിക്കാന്‍ ധാരണയായത്.
by Midhun HP News | Feb 7, 2026 | Latest News, കേരളം
മുംബൈ: ടി20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിനു ഇറങ്ങുമ്പോള്‍ ഇലവനില്‍ ജസ്പ്രിത് ബുംറ കളിച്ചേക്കില്ലെന്നു വിവരം. ഇന്നലെ താരം പരിശീലനത്തിനു ഇറങ്ങിയില്ല. ബുംറയ്ക്ക് പനി ആയതാണ് അന്തിമ ഇലവനിലെ സ്ഥാനം ചോദ്യം ചിഹ്നത്തിലാക്കിയത്.
ലോകകപ്പിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് യുഎസ്എയുമായാണ് ഏറ്റുമുട്ടുന്നത്. വൈകീട്ട് ഏഴ് മുതല്‍ മുംബൈയില്‍ വാംഖഡെ സ്‌റ്റേഡിയത്തിലാണ് പോരാട്ടം.
ഇന്ത്യയെ സംബന്ധിച്ച് യുഎസ്എ ശക്തരായ എതിരാളികള്‍ അല്ല. അതിനാല്‍ തന്നെ ബുംറയ്ക്ക് ആവശ്യത്തിനു വിശ്രമം അനുവദിച്ച് നിര്‍ണായക മത്സരങ്ങള്‍ക്ക് ഇറക്കാന്‍ തീരുമാനിച്ചാല്‍ താരം ബഞ്ചിലിരിക്കും. പകരം മുഹമ്മദ് സിറാജ് അന്തിമ ഇലവനില്‍ ഇടം പിടിക്കും. ഹര്‍ഷിത് റാണയ്ക്കു പരിക്കേറ്റതോടെയാണ് മുഹമ്മദ് സിറാജ് ഇന്ത്യയുടെ 15 അംഗ സംഘത്തില്‍ പകരക്കാരനായി ഇടം പിടിച്ചത്.
മുഹമ്മദ് സിറാജ് വന്നാല്‍ അര്‍ഷ്ദീപിനൊപ്പം ഹര്‍ദിക് പാണ്ഡ്യയായിരിക്കും ന്യൂ ബോള്‍ എറിയുക. ആദ്യ ബൗളിങ് ചെയ്ഞ്ചായിട്ടായിരിക്കും മുഹമ്മദ് സിറാജ് പന്തെറിയാന്‍ എത്തുക.
by Midhun HP News | Feb 7, 2026 | Latest News, കേരളം
ചെന്നൈ രാസലഹരിയുമായി മലയാളിയായ യുവനടി ഉള്‍പ്പെടെ എട്ട് പേര്‍ ചെന്നൈയില്‍ പിടിയിലായി. സിനിമ, സീരിയല്‍ നടിയായ അഞ്ജു കൃഷ്ണ, തമിഴ്‌സിനിമ സഹസംവിധായിക വിന്‍സി നിവേദ എന്നിവരുള്‍പ്പെടെ എട്ടുപേരെയാണ് ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും മെത്താംഫെറ്റമിന്‍, എല്‍എസ്ഡി സ്റ്റാമ്പുകള്‍, കഞ്ചാവ് തുടങ്ങിയ ലഹരിമരുന്നുകള്‍ പിടിച്ചെടുത്തു
അഞ്ജു കൃഷ്ണ (30), വിന്‍സി നിവേദ (26), കാര്‍ത്തിക് രാജ (31), യശ്വന്ത് (25), ശ്രീറാം (33), അല്‍വിബിന്‍ഷ (27), വെങ്കിടേഷ് കുമാര്‍ (31) എന്നിരാണ് പിടിയിലായത്. 6 ഗ്രാം മെത്താംഫെറ്റമിന്‍, 7 ഗ്രാം ഒജി കഞ്ചാവ്, 15 ഗ്രാം കഞ്ചാവ്, ഒരു എല്‍എസ്ഡി സ്റ്റാമ്പ്, 9 മൊബൈല്‍ ഫോണുകള്‍ എന്നിവ പ്രതികളില്‍ നിന്നും പിടിച്ചെടുത്തു.
നെശപ്പാക്കം സ്വദേശിയായ വിഘ്‌നേശ്വരന്‍ എന്നയാളെ പിടികൂടിയതില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരമാണ് അന്വേഷണ സംഘം സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരിലേക്ക് എത്തിയത്. ലഹരിമരുന്ന് ആവശ്യക്കാരെന്ന വ്യാജേന മഫ്തിയില്‍ ലഹരി ഇടപാടുകാരനായ വെങ്കിടേഷ് കുമാറിനെ സമീപിക്കുകായായിരുന്നു. ലഹരിമരുന്ന് കൈമാറാന്‍ വത്സരവാക്കത്ത് കാറിലെത്തിയ വെങ്കിടേഷ് കുമാറിനെയും സംഘത്തെയും പോലീസ് വളയുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Recent Comments