എഐജിയുടെ വാഹനം ഇടിച്ച കേസ്; വിവാദമായതോടെ കാല്‍നട യാത്രക്കാരനെതിരായ എഫ്ഐആർ തിരുത്താന്‍ പൊലീസ്

എഐജിയുടെ വാഹനം ഇടിച്ച കേസ്; വിവാദമായതോടെ കാല്‍നട യാത്രക്കാരനെതിരായ എഫ്ഐആർ തിരുത്താന്‍ പൊലീസ്

പത്തനംതിട്ട: തിരുവല്ലയില്‍ എഐജിയുടെ വാഹനം അപകടത്തില്‍പ്പെട്ടതിന് പരിക്കേറ്റ കാല്‍നടയാത്രക്കാരന്റെ പേരില്‍ കേസെടുത്ത നടപടി തിരുത്താനൊരുങ്ങി പൊലീസ്. ഇക്കാര്യം വ്യക്തമാക്കി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. സംഭവം വിവാദമായതോടെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ജില്ലാ ക്രൈംബ്രാഞ്ചിനോട് അന്വേഷിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഉടന്‍ തന്നെ എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് വിവരം.

തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തെ എഐജി വി ജി നന്ദകുമാറിന്റെ സ്വകാര്യ വാഹനം ഇടിച്ചാണ് കാല്‍നടയാത്രക്കാരനായ ഹോട്ടല്‍ തൊഴിലാളിയായ നേപ്പാള്‍ സ്വദേശിക്ക് പരിക്കേറ്റത്. തലയ്ക്കും മുഖത്തും തോളിലും പരിക്കേറ്റ ഇയാള്‍ തിരുവല്ല ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം അന്വേഷിച്ച തിരുവല്ല പൊലീസ്, എഐജിയുടെ സ്വകാര്യ വാഹനത്തിന്റെ ഡ്രൈവറുടെ മൊഴിയെടുത്തശേഷം പരിക്കേറ്റ കാല്‍നടയാത്രക്കാരനെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

വാഹനം ഓടിച്ച പൊലീസ് ഡ്രൈവറെ ഒഴിവാക്കി ഗുരുതരമായി പരിക്കേറ്റ കാൽനടക്കാരനായ ഹോട്ടൽ തൊഴിലാളിയെ പ്രതിയാക്കി കേസെടുക്കുകയായിരുന്നു. ഓഗസ്റ്റ് 30ന് രാത്രി തിരുവല്ല കുറ്റൂരിലായിരുന്നു അപകടം. ഡ്രൈവറെ രക്ഷിക്കാൻ വേണ്ടിയാണ് പൊലീസ് ഇത്തരത്തിൽ ഒത്തുകളി നടത്തിയതെന്നാണ് ആക്ഷേപം ഉയർന്നത്. സംഭവം നടക്കുമ്പോൾ പത്തനംതിട്ട എസ്പി ആനന്ദ് അവധിയിലായിരുന്നു. കേസിന്റെ കാര്യം എസ്പിയെ അറിയിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട്.

വർക്കലയിൽ ഇലക്ട്രിക് ഷോക്കേറ്റ് കാർപെന്റർ മരിച്ചു

വർക്കലയിൽ ഇലക്ട്രിക് ഷോക്കേറ്റ് കാർപെന്റർ മരിച്ചു

വർക്കല: ജോലിക്കിടെ ഇലക്ട്രിക് ഷോക്കേറ്റ് കാർപെന്റർ തൊഴിലാളി മരണമടഞ്ഞു. കാപ്പിൽ പടിഞ്ഞാറ്റത്ത് വീട്ടിൽ 35 വയസ്സുള്ള അവിവാഹിതനായ വിഷ്ണുവാണ് (35) മരിച്ചത്.
സുഹൃത്തിന്റെ വീട്ടിൽ ഓണാഘോഷത്തിനോടനുബന്ധിച്ച് നടക്കുന്ന നിർമാണ ജോലികൾ പൂർത്തിയാക്കുന്നതിനായി രാത്രിയിലും കാർപെന്ററി പ്രവർത്തനങ്ങൾ പുരോഗമിക്കുകയായിരുന്നു. ഇന്നലെ രാത്രി 11.30-ഓടെയാണ് അപകടം സംഭവിച്ചത്. ജോലിക്കിടെ ഡ്രില്ലിംഗ് മെഷീനിൽ നിന്നുണ്ടായ വൈദ്യുതി ഷോക്കേറ്റ് വിഷ്ണു കുഴഞ്ഞു വീണു.

സഹപ്രവർത്തകർ ഉടൻ പരവൂർ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റിയപ്പോൾ ജീവൻ നഷ്ടപ്പെട്ടിരുന്നു. അയിരൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. ഇൻക്വസ്റ്റ്, പോസ്റ്റുമോർട്ടം നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് പോലീസ് അറിയിച്ചു.

ചിറയിൻകീഴ് മേൽപ്പാലം താൽക്കാലികമായി തുറന്നു

ചിറയിൻകീഴ് മേൽപ്പാലം താൽക്കാലികമായി തുറന്നു

ചിറയിൻകീഴ് മേൽപ്പാലം താൽക്കാലികമായി തുറന്നു. ഓണത്തിരക്ക് കണക്കിലെടുത്താണ് വാഹനങ്ങൾ ഇപ്പോൾ കടത്തിവിടുന്നത്. അപ്പ്രോച്ച് റോഡ്, പാലത്തിലെ ലൈറ്റ്, നടപ്പാതയിലെ കൈവരി എന്നിവയുടെയെല്ലാം നിർമ്മാണ പ്രവർത്തനങ്ങളിൽ ഇനിയും ജോലികൾ ബാക്കി കിടക്കുകയാണ്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ ആരോപണം; കൃത്യ സമയത്ത് ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി

തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ ആരോപണം; കൃത്യ സമയത്ത് ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി. ജോലിക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച രോഗിയ്ക്ക് കൃത്യ സമയത്ത് ചികിത്സ നല്‍കിയില്ലെന്നും രോഗി തറയില്‍ കിടന്നിട്ടും ആശുപത്രി അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്നുമാണ് ആരോപണം.

ഇന്ന് പുലര്‍ച്ചെയാണ് കണ്ണൂര്‍ സ്വദേശി 53 വയസ്സുകാരന്‍ ശ്രീഹരി മരിച്ചത്. ജോലിക്കിടെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശി ശ്രീഹരിയെ കഴിഞ്ഞമാസം 19നാണ് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. രോഗി തറയില്‍ കിടന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് ആശുപത്രിയില്‍ എത്തിച്ച തൊഴിലുടമ പറഞ്ഞു.

എന്നാല്‍ ആരോപണങ്ങള്‍ തള്ളി ആശുപത്രി അധികൃതര്‍ രംഗത്ത് വന്നു. രോഗിക്ക് കൃത്യസമയത്ത് തന്നെ ചികിത്സ നല്‍കിയിരുന്നുവെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. രോഗിയെ ആശുപത്രിയില്‍ എത്തിച്ചശേഷം കൂടെയുണ്ടായിരുന്നവര്‍ മടങ്ങിയെന്നും കൂട്ടിരിപ്പുകാര്‍ ഇല്ലാത്ത ഗണത്തില്‍പ്പെടുത്തിയാണ് ചികിത്സ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ചികിത്സാ വിവരം ബന്ധുക്കളെ അറിയിച്ചിരുന്നതായും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.

പാർവ്വതീപുരം റെസിഡന്റ്‌സ് അസോസിയേഷൻ ഓണാഘോഷം

പാർവ്വതീപുരം റെസിഡന്റ്‌സ് അസോസിയേഷൻ ഓണാഘോഷം

പാർവ്വതീപുരം റെസിഡന്റ്‌സ് അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം രണ്ടു ദിവസങ്ങളിലായി ആഘോഷിക്കുന്നു. തിരുവോണനാളിൽ അത്തപ്പൂക്കള മത്സരം, കായിയമത്സരങ്ങൾ എന്നിവയും അതിനുശേഷം സെപ്തംബര് 13 ശനിയാഴ്ച ചിത്രരചനാ മത്സരം, കൈയ്യെഴുത്തുമത്സരം, പ്രസംഗ മത്സരം, ഓണസദ്യ, കലാവേദി എന്നിവ ഗ്രാമം ഭജനമഠം ഹാളിൽ വച്ച് ആഘോഷിക്കുന്നു.

പുരസ്കാര നിറവിൽ തൃശ്ശൂർ ജില്ലാ ഹോമിയോ ആശുപത്രി

പുരസ്കാര നിറവിൽ തൃശ്ശൂർ ജില്ലാ ഹോമിയോ ആശുപത്രി

പ്രഥമ കേരള ആയുഷ് കായകല്പ് ആവാർഡ് സംസ്ഥാനതലത്തിൽ തൃശ്ശൂർ ജില്ലാ ഹോമിയോ ആശുപത്രി ഒന്നാം സ്ഥാനം കരസ്ഥമാക്കി തദ്ദേശസ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ ആയുഷ് സ്ഥാപനങ്ങളെ മെച്ചപ്പെടുന്നതിനും ജനസൗഹർദമാക്കുന്നതിനുമുള്ള ആംഗീകാരമാണ് കായകല്പ് അവാർഡ്. ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവയിൽ ഏറ്റവും മികച്ച പ്രവർത്തനങ്ങൾ കാഴ്‌ചവച്ചതിനാണ് പുരസ്‌കാരം ലഭിച്ചത്.

തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് ആരോഗ്യമന്ത്രി അവാർഡ് സമ്മാനിച്ചു. തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പഞ്ചയത്ത് പ്രസിഡൻ്റ്, സൂപ്രണ്ട്, ഡി പി എം, നോഡൽ ഓഫീസർ, CHO’s ഫെസിലിറ്റേറ്റർ അസസേഴ്സ് പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.