‘അവിടെ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇങ്ങോട്ടു വരട്ടെ’; ജോസഫ് ഗ്രൂപ്പിനെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി

‘അവിടെ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇങ്ങോട്ടു വരട്ടെ’; ജോസഫ് ഗ്രൂപ്പിനെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് ജോസ് കെ മാണി. ജോസഫ് ഗ്രൂപ്പും കേരള കോണ്‍ഗ്രസ് രക്തത്തിന്റെ ഭാഗമാണെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി പറഞ്ഞു. അവര്‍ വന്നാല്‍ സംരക്ഷണം നല്‍കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി.

‘പണ്ട് അവരെ നമ്മുടെ തറവാട്ടിലേക്ക് കൂട്ടിച്ചേര്‍ത്തിരുന്നു. അതിന്റെ വിഷയമങ്ങളും ദുഃഖങ്ങളും പ്രയാസങ്ങളുമൊക്കെ ഞങ്ങള്‍ അനുഭവിച്ചു. അവിടെ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇവിടേക്ക് വന്നാല്‍ സംരക്ഷണം കൊടുക്കാം. ഇതു പറയുമ്പോള്‍ അങ്ങനെയല്ല, ഇങ്ങിനെയല്ല എന്നെല്ലാം അവര്‍ പറഞ്ഞേക്കാം. എന്തായാലും തീരുമാനം അവരുടേതാണ്’. ജോസ് കെ മാണി പറഞ്ഞു.

‘എന്തൊക്കെയായാലും അവിടെ നില്‍ക്കുമ്പോള്‍ സൂക്ഷിച്ചോളൂ. എല്‍ഡിഎഫിലേക്ക് വരുമോയെന്നൊക്കെ അവര്‍ പറയട്ടെ. എന്തായാലും അവര്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. മുമ്പ് തറവാട്ടില്‍ വന്നപ്പോള്‍ എന്തു ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കിയത്. അതുതന്നെയാണ് ഇപ്പോള്‍ അവിടെയും സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്നാണ് തോന്നുന്നതെ’ന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.

പ്രതിഫലം കുറച്ചു കാണിച്ചു; ആദായ നികുതി കേസില്‍ വിജയ് 1.5 കോടി പിഴ അടയ്ക്കണം, ഹര്‍ജി തള്ളി

പ്രതിഫലം കുറച്ചു കാണിച്ചു; ആദായ നികുതി കേസില്‍ വിജയ് 1.5 കോടി പിഴ അടയ്ക്കണം, ഹര്‍ജി തള്ളി

ചെന്നൈ: യഥാര്‍ഥ വരുമാനം രേഖപ്പെടുത്തിയില്ലെന്ന ആരോപണത്തില്‍ ആദായ നികുതി വകുപ്പ് പിഴ ചുമത്തിയ സംഭവത്തില്‍ നടനും ടിവികെ നേതാവുമായ വിജയ്ക്ക് തിരിച്ചടി. 1.5 കോടി രൂപ പിഴ ചുമത്തിയ നടപടി ചോദ്യം ചെയ്ത് വിജയ് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. 2015-16 കാലത്തെ ആദായ നികുതിയുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.

വിജയ് ചിത്രം പുലിയുമായി ബന്ധപ്പെട്ട ഇടപാടാണ് കേസിന് ആധാരം. 2016-17 കാലഘട്ടത്തില്‍ 35.42 കോടിയായിരുന്നു വിജയ് വരുമാനമായി രേഖപ്പെടുത്തിയത്. എന്നാല്‍ ആദായ നികുതി വകുപ്പ് വിജയുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്ത രേഖകള്‍ പ്രകാരം ഇക്കാലയളവില്‍ പുലി എന്ന ചിത്രത്തിന് പ്രതിഫലമായി 15 കോടി വാങ്ങിയിരുന്നു. ഈ ഇടപാട് രേഖപ്പെടുത്തിയില്ലെന്നായിരുന്നു ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. ഇത് പ്രകാരമാണ് ആദായ നികുതി വകുപ്പ് 1.5 കോടി രൂപ വിജയ്ക്ക് പിഴ ചുമത്തിയത്.

ഈ നടപടി ചോദ്യം ചെയ്യാതായിരുന്നു വിജയ് കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ച് പിഴ ചുമത്തിയ നടപടി സ്റ്റേ ചെയ്തിരുന്നു. ഹര്‍ജിയില്‍ കഴിഞ്ഞ മാസം വാദം കേട്ട ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തി പിന്നീട് വിധി പറയാന്‍ മാറ്റുകയായിരുന്നു.

പാതിവില തട്ടിപ്പ്: ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണനെതിരെ കേസ്

പാതിവില തട്ടിപ്പ്: ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണനെതിരെ കേസ്

കൊച്ചി: പാതിവില തട്ടിപ്പില്‍ ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണനെതിരെ കേസ്. പാതി വിലയ്ക്ക് ഇരുചക്ര വാഹനം നല്‍കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയെന്ന പറവൂര്‍ ചെങ്ങമനാട് സ്വദേശിയുടെ പരാതിയില്‍ ആണ് നടപടി. തൃക്കാക്കര പൊലീസാണ് കേസെടുത്തത്.

എ എന്‍ രാധാകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന സന്നദ്ധ സംഘടനയ്‌ക്കെതിരെയാണ് പറവൂര്‍ സ്വദേശി പരാതി നല്‍കിയത്. എന്‍ രാധാകൃഷ്ണന് പുറമെ സുമേഷ് രൂപേഷ് മേനോന്‍, കെ ടി ബിനീഷ് എന്നിവരാണ് മറ്റ് പ്രതികള്‍. പാതി വിലയ്ക്ക് ഇരുചക്ര വാഹനം നല്‍കാമെന്ന വാഗ്ദാനം വിശ്വസിച്ച് 63,500 രൂപയാണ് പരാതിക്കാരന്‍ നല്‍കിയത്.

പണം നല്‍കി രണ്ട് വര്‍ഷം പിന്നിട്ടിട്ടും വാഹനമോ പണമോ ലഭിച്ചില്ലെന്നാണ് പരാതി. എ എന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച ശേഷമാകും തുടര്‍ നടപടികൾ.

എത്ര സിക്‌സും ഫോറും തൂക്കും! ട്രെന്‍ഡിങ് ലിസ്റ്റിലെ ‘ടി20’

എത്ര സിക്‌സും ഫോറും തൂക്കും! ട്രെന്‍ഡിങ് ലിസ്റ്റിലെ ‘ടി20’

മുംബൈ: പത്ത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യന്‍ മണ്ണിലേക്ക് ടി20 ലോകകപ്പ് വീണ്ടുമെത്തുന്നത്. 2016ലാണ് അവസാനമായി ഇന്ത്യ ടി20 ലോകകപ്പിന് ആതിഥേയരായത്. അന്ന് ഇന്ത്യയില്‍ മാത്രമായിരുന്നു മത്സരങ്ങള്‍. ഇത്തവണ പാകിസ്ഥാന്‍ ഇന്ത്യന്‍ മണ്ണില്‍ കളിക്കാത്തതിനാല്‍ ശ്രീലങ്ക കൂടി ആതിഥേയ രാജ്യമാണ്. പത്ത് വര്‍ഷം പിന്നിട്ട് ടി20 ലോകകപ്പ് ഇന്ത്യയിലേക്ക് വീണ്ടും വരുമ്പോള്‍ കാതലായ പല മാറ്റങ്ങളും ആ ഫോര്‍മാറ്റ് സ്വാശീകരിച്ചിട്ടുണ്ട്.

ടെസ്റ്റ്, ഏകദിനങ്ങളെ അപേക്ഷിച്ച് ടി20 ഫോര്‍മാറ്റ് തന്ത്രങ്ങളുടെ വേദിയാണ്. അതിവേഗം പ്രവര്‍ത്തിച്ച് ഫലം കണ്ടത്തേണ്ട സന്ദര്‍ഭങ്ങള്‍ എല്ലായ്‌പ്പോഴും നില നില്‍ക്കുന്നതാണ് ടി20 മത്സരങ്ങള്‍. അതിനാല്‍ തന്നെ മറ്റ് രണ്ട് ഫോര്‍മാറ്റുകളെ അപേക്ഷിച്ച് ടി20 ഫോര്‍മാറ്റ് നിരന്തരം മാറ്റങ്ങള്‍ക്കും വിധേയമാക്കപ്പെടുന്നു. മാത്രമല്ല മറ്റ് രണ്ട് ഫോര്‍മാറ്റുകളെ അപേക്ഷിച്ച് ടി20 എല്ലായ്‌പ്പോഴും ട്രെന്‍ഡിങായും നില്‍ക്കുന്നു.

ആങ്കര്‍ റോള്‍

നേരത്തെ ടി20 ഫോര്‍മാറ്റുകളില്‍ ആങ്കര്‍ റോള്‍ എന്നൊരു പൊസിഷനില്‍ ബാറ്റര്‍മാരെ നിയോഗിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരമൊരു ബാറ്ററെ ഒരു ടീമിനും ആവശ്യമില്ല. ആദ്യ പവര്‍ പ്ലേയിലും മധ്യ ഓവറുകളിലും റണ്‍സ് അതിവേഗം സ്‌കോര്‍ ചെയ്യാന്‍ കെല്‍പ്പുള്ള ബാറ്റര്‍മാര്‍ക്കാണ് നിലവില്‍ രാശി തെളിഞ്ഞു നില്‍ക്കുന്നത്. ഏറ്റവും കൂടുതല്‍ സിക്‌സും ഫോറും തൂക്കുന്ന ബാറ്റര്‍മാര്‍ക്കാണ് ഇപ്പോള്‍ ആവശ്യക്കാര്‍ കൂടുതല്‍.

റിസ്റ്റ് സ്പിന്‍

2016ലെ ലോകകപ്പ് കളിക്കുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ ഒരു റിസ്റ്റ് സ്പിന്നര്‍ ഉണ്ടായിരുന്നില്ല. അന്ന് ഫിംഗര്‍ സ്പിന്നിനെ ആശ്രയിച്ചാണ് ഇന്ത്യ കളിച്ചത്. എന്നാല്‍ ഇന്ന് നോക്കു. എല്ലാ ടീമിലും നിര്‍ണായക സ്ഥാനത്ത് റിസ്റ്റ് സ്പിന്നര്‍മാരുണ്ട്. ഈ ലോകകപ്പിലെ ശ്രദ്ധേയരായ ചില റിസ്റ്റ് സ്പിന്നര്‍മാരുടെ പട്ടിക നോക്കിയാല്‍ ഉത്തരം വേഗം കിട്ടും.

റാഷിദ് ഖാന്‍, ആദം സാംപ, ആദില്‍ റഷീദ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, വാനിന്ദു ഹസരംഗ, നൂര്‍ അഹമ്മദ് അടക്കമുള്ള സ്പിന്നര്‍മാര്‍ അതത് ടീമിന്റെ നിര്‍ണായക ആയുധങ്ങളാണ്. ഈ ബൗളര്‍മാര്‍ ആറ് പന്തുകള്‍ക്കിടെ ഗൂഗ്ലികളും ഫ്‌ളിപ്പറുകളും പന്തില്‍ പല തരം വ്യത്യായനങ്ങളും വരുത്തി മത്സരങ്ങള്‍ മാറ്റി മറിക്കുന്നു. ഒരോവറിലെ ആറ് പന്തും ആറ് വ്യത്യസ്ത ശൈലിയില്‍ എറിയാന്‍ കെല്‍പ്പുള്ള ഇന്ത്യയുടെ വരുണ്‍ ചക്രവര്‍ത്തിയാണ് നിലവില്‍ ഐസിസി റാങ്കിങില്‍ ലോകത്തെ ഒന്നാം നമ്പര്‍ ബൗളറായി കുറച്ചു കാലമായി നില്‍ക്കുന്നത്.

വൈവിധ്യം മുഖമുദ്ര

ഇന്ന് ടി20 ഫോര്‍മാറ്റ് കളിക്കാന്‍ എത്തുന്ന താരങ്ങള്‍ ബാറ്റിങില്‍ മാത്രം അല്ലെങ്കില്‍ ബൗളിങില്‍ മാത്രം കഴിവ് പ്രകടിപ്പിക്കുന്നവരല്ല. നിര്‍ണായക ഘട്ടത്തില്‍ ഏത് റോളും ഏറ്റെടുക്കാന്‍ അവര്‍ക്ക് കെല്‍പ്പ് വേണം. മിക്ക ടീമുകളുടേയും ഇലവന്‍ പരിശോധിച്ചാല്‍ 9ാം സ്ഥാനത്തിറങ്ങുന്നവര്‍ വരെ ബാറ്റിങില്‍ ഒരു കൈ നോക്കാന്‍ മികവുള്ളവരായിരിക്കും. ഓപ്പണര്‍മാരായി ഇറങ്ങുന്നവരെ ഇടയ്ക്ക് പന്തേറുകാരായും ക്രീസില്‍ കാണാം. ചില മത്സരങ്ങളില്‍ ഇന്ത്യയുടെ ഓപ്പണര്‍ അഭിഷേക് ശര്‍മ പന്തെറിയുന്നത് ശ്രദ്ധയില്‍പ്പെട്ടവരുണ്ടാകും. ഫിനിഷര്‍ റോളില്‍ കളിക്കുന്ന റിങ്കു സിങും പന്തെറിയുന്നത് ആരാധകര്‍ പല തവണ കണ്ട കാര്യമാണ്.

ബാറ്റര്‍മാരുടെ മാറ്റം

നേരത്തെ തീരുമാനിച്ച ടീം പദ്ധതികള്‍ കളിയുടെ ഗതിയില്‍ മാറുന്നതും കാണാം. ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ വലം കൈ ഇടം കൈ ബാറ്റിങ് കോംപിനേഷന്‍ പോലെയുള്ള തന്ത്രങ്ങള്‍ ചിലപ്പോള്‍ പെട്ടെന്നു മാറ്റേണ്ടി വരും. ബൗണ്ടറി നേടാന്‍ കെല്‍പ്പുള്ള താരത്തെ ചില സന്നിഗ്ധ ഘട്ടങ്ങളില്‍ നേരത്തെ ഇറക്കുന്നതടക്കമുള്ള തന്ത്രങ്ങള്‍ അങ്ങനെ പെട്ടെന്നു വരുന്നതാണ്.

പവര്‍ പ്ലേ

നേരത്തെ ആദ്യ പവര്‍പ്ലേയില്‍ ഓപ്പണര്‍മാരില്‍ ഒരാള്‍ അടിച്ചു തകര്‍ക്കുകയും മറ്റേയാള്‍ സിംഗിളെടുത്തു സ്‌ട്രൈക്ക് കൈമാറി വിക്കറ്റ് കാക്കുന്നതുമായിരുന്നു സ്റ്റൈല്‍. എന്നാല്‍ വര്‍ത്തമാന ടി20യില്‍ അങ്ങനെയല്ല. രണ്ട് ഓപ്പണര്‍മാരും ആദ്യ പന്ത് മുതല്‍ കത്തിക്കയറി അടിക്കുന്നതാണ് സ്റ്റൈല്‍. പവര്‍പ്ലേയില്‍ പരമാവധി റണ്‍സടിക്കുക എന്നതാണ് ഈ തന്ത്രത്തിന്റെ മര്‍മ്മം. ഫില്‍ സാള്‍ട്ട്, ജോസ് ബ്ടലര്‍, അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ് അടക്കമുള്ള ഓപ്പണര്‍മാരുടെ ദൗത്യവും അതുതന്നെ.

മധ്യ ഓവര്‍

സ്പിന്നര്‍മാരെ തകര്‍ക്കാന്‍ കളി മികവുള്ള ബാറ്റര്‍മാരാണ് മധ്യ ഓവറുകളില്‍ കളി നിയന്ത്രിക്കുക. ബാറ്റിങിലെ സമസ്ത പാഠങ്ങളും പ്രയോഗിക്കാന്‍ അവര്‍ക്ക് കെല്‍പ്പുണ്ടാകണമെന്നു സാരം. റിസ്റ്റ് സ്വീപ്പ്, സ്വിച്ച്, സ്‌കൂപ്പ് അടക്കമുള്ള അസാധാരണ ഷോട്ടുകളിലൂടെ ചിലപ്പോള്‍ റണ്‍സ് നേടാന്‍ മികവ് ബാറ്റര്‍ക്ക് വേണം. റിസ്റ്റ്, ഫിംഗര്‍ സ്പിന്നര്‍മാരെ ഒരുപോലെ നേരിടാനുള്ള ശേഷിയും ശേമുഷിയും ബാറ്റര്‍ക്ക് ഉണ്ടാകണം.

ഡാറ്റ ഡ്രൈവ്

ടീമുകള്‍ കൃത്യമായ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചാണ് കളിക്കാന്‍ ഇറങ്ങുന്നത്. ഇന്നിങ്‌സുകളെ ഘട്ടം ഘട്ടമായി നിര്‍വചിച്ച് ഓരോ സമയത്തും ചെയ്യേണ്ട കാര്യങ്ങള്‍ വ്യക്തമായ പദ്ധതിയുണ്ടാക്കി നടപ്പാക്കുന്നു. ബാറ്റിങ് സമയത്ത് എതിര്‍ ടീമിലെ ഏതു ബൗളര്‍ എങ്ങനെ പന്തെറിയും അല്ലെങ്കില്‍ ബാറ്റര്‍ ഏതു തരം ഷോട്ടിനു ശ്രമിക്കും എന്നതെല്ലാം മാച്ച് അപ്പ് ഡാറ്റകളുടെ പിന്തുണയോടെ ടീമുകള്‍ വിലയിരുത്തുന്നു. ഫീല്‍ഡ് ക്രമീകരണങ്ങളും ബൗളിങ് മാറ്റങ്ങളുമൊക്കെ ഈ കണക്കുകള്‍ കൂടി മുന്നില്‍ നിര്‍ത്തി അപ്പപ്പോള്‍ ഗ്രൗണ്ടില്‍ നടപ്പിലാക്കുന്നു.

ബൗളിങ് സാധ്യതകള്‍

പരമ്പരാഗത ക്രിക്കറ്റ് സ്റ്റൈല്‍ ബൗളര്‍മാരെ അപേക്ഷിച്ച് പന്തോറുകാര്‍ ഇന്ന് വൈവിധ്യങ്ങളുടെ കലവറ കൂടിയായിരിക്കണം. ആറ് പന്തുകള്‍ ആറ് വ്യത്യസ്ത ശൈലിയില്‍ എറിയാന്‍ കെല്‍പ്പുള്ള പേസര്‍മാരും സ്പിന്നര്‍മാരും മിക്ക ടീമിലുമുണ്ടാകും. പേസര്‍മാര്‍ ഓരോവറില്‍ ആറ് വ്യത്യസ്ത സ്ലോ ബോളുകള്‍ എറിയാന്‍ മികവുള്ളവരായിരിക്കണം. വൈഡ് യോര്‍ക്കറുകള്‍, ലെഗ് സ്പിന്നിനെ അനുകരിച്ചുള്ള ബാക്ക് ഓഫ് ദി ഹാന്‍ഡ് ചേയ്ഞ്ച് അപ്പുകള്‍ അടക്കമുള്ളവയും പേസര്‍മാരില്‍ നിന്നു ടീം പ്രതീക്ഷിക്കുന്നു. സ്പിന്നര്‍മാര്‍ റണ്‍ അപ്പുകള്‍ കുറച്ച് കാരംസ് ബോളുകളും സ്ലൈഡറുകളും പരീക്ഷിച്ച് മധ്യനിരയിലെ റണ്ണൊഴുക്കു തടയാന്‍ ശ്രമിക്കും. ചുരുക്കത്തില്‍ പരീക്ഷണങ്ങളുടെ ഒരു യുദ്ധ ഭൂമി കൂടിയാണ് ടി20 ഫോര്‍മാറ്റ്.

നടന്റെ കാറിലേക്ക് അതിവേ​ഗത്തിൽ വന്നിടിച്ച് ബൈക്ക്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

നടന്റെ കാറിലേക്ക് അതിവേ​ഗത്തിൽ വന്നിടിച്ച് ബൈക്ക്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജുവിന്റെ കാർ അപകടത്തിൽപ്പെട്ട സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. നടന്‍റെ വാഹനം വേഗത കുറച്ച് റോഡിലേക്ക് ഇൻഡിക്കേറ്ററിട്ട് ഇറങ്ങി വരുമ്പോൾ അതിവേഗതയിൽ വരുന്ന ബൈക്ക് കാറിൽ ഇടിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത്. തെറിച്ചു വീണ യുവാക്കൾ റോഡിൽ ഇരിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. വഴുതക്കാട് ട്രിവാൻഡ്രം ക്ലബ്ബിൽ നിന്നും ഇറങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്.

ഒരു കാറും രണ്ട് ബൈക്കുകളും കടന്നു പോയതിനു ശേഷമാണ് മണിയൻപിള്ള രാജു കാര്‍ സാവധാനം റോഡിലേക്ക് ഇറക്കുന്നത്. വെള്ളയമ്പലത്തു നിന്നും വഴുതക്കാട് ഭാ​ഗത്തേക്ക് പോകുകയായിരുന്ന യുവാക്കളുടെ ബൈക്കാണ് ഇടിക്കുന്നത്. അപകടത്തിൽപ്പെട്ട ബൈക്കിനു പിന്നാലെയെത്തിയ സ്കൂട്ടർ കാർ കണ്ട് നിർത്തുന്നതും ദൃശ്യങ്ങളിലുണ്ട്. അപകടം ഉണ്ടായ ശേഷം മണിയൻപിള്ള രാജു വാഹനം നിർത്താതെ പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.

മണിയന്‍പിള്ള രാജുവിന്റെ കാറിന്റെ മുന്‍വശത്തെ ബമ്പര്‍ പൂര്‍ണമായും ഇളകിത്തെറിക്കുന്നതും ദൃശ്യത്തിലുണ്ട്. അപകടത്തിൽപ്പെട്ട വോൾവോ കാർ പിന്നീട് പൊലീസ് കണ്ടെത്തി. ടെന്നീസ് ക്ലബ്ബിന്‍റെ പിന്നിൽ നിന്നാണ് മണിയൻപിള്ള രാജുവിന്‍റെ കാര്‍ കണ്ടെത്തിയത്. തങ്ങളുടെ ബൈക്ക് ഇടിച്ചുതെറിപ്പിച്ച് മണിയൻപിള്ള രാജു വാഹനം നിർത്താതെ പോയെന്നാണ് യുവാക്കളുടെ മൊഴി. കാർ വന്നിടിക്കുകയായിരുന്നുവെന്നും, ഇടിച്ചിട്ട ശേഷം ബൈക്കിനെ കുറേദൂരം കാർ നിരക്കി പോയിയെന്നും പരിക്കേറ്റ യുവാക്കൾ പറയുന്നു.

എന്നാൽ കാറിലേക്ക് ബൈക്ക് വന്നിടിക്കുകയായിരുന്നു എന്നാണ് നടൻ പൊലീസിനോട് പറഞ്ഞത്. അപകടത്തെത്തുടർന്ന് പേടിച്ചു പോയെന്നും അതിനാലാണ് നിർത്താതെ പോയതെന്നും നടൻ പൊലീസിനോടു പറഞ്ഞു. താൻ തന്നെയാണ് കാർ ഓടിച്ചിരുന്നതെന്നും, മദ്യപിച്ചിട്ടില്ലെന്നും നടൻ വ്യക്തമാക്കി. രാവിലെ 9.30 ഓടെ നടൻ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഹാജരായി. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയും നടത്തി. തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

കളമശ്ശേരിയില്‍ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേത്, ഡിഎന്‍എ ഫലം പുറത്ത്

കളമശ്ശേരിയില്‍ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേത്, ഡിഎന്‍എ ഫലം പുറത്ത്

കൊച്ചി: കളമശ്ശേരി എച്ച്എംടിക്ക് സമീപം കണ്ടെത്തിയ മൃതദേഹം കുവൈത്തില്‍ റസ്റ്ററന്റുകളുടെ ഉടമയായ സൂരജ് ലാമയുടേതെന്ന് സ്ഥിരീകരണം. ഡിഎന്‍എ പരിശോധനയിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഡിഎന്‍എ പരിശോധനാ ഫലം ഉള്‍പ്പെട്ട റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. മൃതദേഹം പിതാവിന്റേതാണെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞതായി സൂരജ് ലാമയുടെ മകന്‍ സാന്റോണ്‍ ലാമ മാധ്യമങ്ങളോട് പ്രതികരിച്ചു.

കൊല്‍ക്കത്തയില്‍ വേരുകളുള്ള സൂരജ് ലാമയുടെ വര്‍ഷങ്ങളായി ബംഗളൂരുവിലാണ് താമസിച്ച് വരുന്നത്. കുവൈത്തില്‍ നാല് റസ്‌റ്റോറന്റുകളുടെ ഉടമ കൂടിയാണ് സൂരജ്. സെപ്റ്റംബര്‍ അഞ്ചിന് കുവൈത്തില്‍ വെച്ച് കുഴഞ്ഞു വീണതിന് പിന്നാലെ സുരജ് ലാമയ്ക്ക് ഓര്‍മ നഷ്ടപ്പെട്ടിരുന്നു. ഇതിനിടെ വിസ കാലാവധി കഴിഞ്ഞതോടെ കുവൈത്തില്‍നിന്ന് നാടുകടത്തുകയും ചെയ്തു. ബംഗളൂരുവിന് പകരം കൊച്ചിയിലെത്തിയ ലാമയെ പിന്നീട് കാണാതാവുകയായിരുന്നു.

കുവൈത്തില്‍ നിന്ന് നാടുകടത്തപ്പെട്ട സൂരജ് ലാമ ഒക്ടോബര്‍ 30 ന് കൊച്ചിയിലെത്തി. പിന്നാലെയാണ് കാണാതാവുകയായിരുന്നു. സൂരജ് ലാമയെ കയറ്റിവിടുന്ന കാര്യം ബന്ധുക്കളെയും അറിയിച്ചിരുന്നില്ല. സൂരജ് ലാമ കൊച്ചിയില്‍ എത്തിയെന്ന തിരിച്ചറിഞ്ഞതോടെയാണ് മകന്‍ കേരളത്തിലെത്തിയത്. ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജിയും സമര്‍പ്പിച്ചിരുന്നു. മകന്‍ നടത്തിയ അന്വേഷണത്തില്‍ തൃക്കാക്കരയില്‍ അവശനിലയില്‍ കണ്ടെത്തിയ ലാമയെ പൊലീസ് ഇടപെട്ട് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു എന്ന് കണ്ടെത്തി. ഇവിടെ നിന്നും ഇറങ്ങിപ്പോയ സൂരജ് ലാമയെ കുറിച്ച് പിന്നീട് വിവരം ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് കളമശ്ശേരി എച്ച്എംടിയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ ഭാഗത്ത് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു മാസത്തോളം പഴക്കമുള്ളതിനാല്‍ തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യമായിരുന്നു.