സബ്‌സിഡി നിരക്കില്‍ 13 ഇനങ്ങള്‍; വന്‍ വിലക്കുറവ്; സപ്ലൈകോ ഓണച്ചന്ത ഉദ്ഘാടനം ഇന്ന്

സബ്‌സിഡി നിരക്കില്‍ 13 ഇനങ്ങള്‍; വന്‍ വിലക്കുറവ്; സപ്ലൈകോ ഓണച്ചന്ത ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4.00 മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം കിഴക്കേകോട്ടയിലെ ഇ.കെ.നായനാര്‍ പാര്‍ക്കില്‍ നിര്‍വ്വഹിക്കും. ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍.അനില്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പുമന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രന്‍, എം.എല്‍.എ.മാരായ ആന്റണി രാജു. കടകംപള്ളി സുരേന്ദ്രന്‍, വി.ജോയ്,വി.കെ.പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ പി.കെ.രാജു, പൊതു വിതരണ വകുപ്പ് സെക്രട്ടറിയും സപ്ലൈകോ ചെയര്‍മാനുമായ എം.ജി.രാജമാണിക്യം, പൊതുവിതരണ, ഉപഭോക്തൃകാര്യ കമ്മിഷണര്‍ കെ.ഹിമ, സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ ഡോ.അശ്വതി ശ്രീനിവാസ്, നഗരസഭ കൗണ്‍സിലര്‍ സിമി ജ്യോതിഷ്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, പൗരപ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

സപ്ലൈകോ സബ്‌സിഡി-നോണ്‍സബ്‌സിഡി ഉത്പന്നങ്ങള്‍ക്കു പുറമെ കൈത്തറി, കുടുംബശ്രീ, മില്‍മ ഉത്പന്നങ്ങളും പച്ചക്കറിയും പ്രത്യേക സ്റ്റാളുകളില്‍ ലഭ്യമാവും. കരകുളം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിലുള്ള കാസ്‌ക്കോ വില്ലേജില്‍ നിന്നും വിളവെടുത്ത ജൈവ പച്ചക്കറി ഉത്പന്നങ്ങളാണ് ചന്തയില്‍ ലഭ്യമാക്കുക.

ഓണത്തിനായി സപ്ലൈകോ രണ്ടര ലക്ഷത്തോളം ക്വിന്റല്‍ ഭക്ഷ്യധാന്യങ്ങള്‍ സംഭരിച്ചിട്ടുണ്ട്. ഓണക്കാലത്ത് നിലവില്‍ നല്കിവരുന്ന 8 കിലോ സബ്‌സിഡി അരിയ്ക്കു പുറമെ കാര്‍ഡൊന്നിന് 20 കിലോ പച്ചരിയോ/പുഴുക്കലരിയോ 25 രൂപ നിരക്കില്‍ സ്‌പെഷ്യല്‍ അരിയായി ലഭ്യമാക്കും. സബ്‌സിഡി നിരക്കില്‍ നല്കുന്ന മുളകിന്റെ അളവ് അരക്കിലോയില്‍ നിന്നും ഒരു കിലോയായി വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

മറ്റ് പ്രമുഖ റീട്ടെയില്‍ ചെയിനുകളോട് കിടപിടിക്കുന്ന ബ്രാന്‍ഡഡ് എഫ്.എം.സി.ജി. ഉല്പന്നങ്ങളുടെ ഒരു നിര തന്നെ ഇത്തവണ സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. 250 ല്‍ അധികം ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് ഓഫറുകളും വിലക്കുറവും നല്കുന്നുണ്ട്. സെപ്റ്റംബര്‍ 4 വരെയാണ് ജില്ലാ ഫെയറുകള്‍ സംഘടിപ്പിക്കുക. എല്ലാ നിയോജകമണ്ഡലങ്ങളിലും ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 4 വരെ ഒരു പ്രധാന ഔട്ട് ലെറ്റിനോട് അനുബന്ധിച്ച് ഫെയറുകള്‍ സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ സഞ്ചരിക്കുന്ന ഓണച്ചന്തകളും ഒരുക്കിയിട്ടുണ്ട്. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം സഞ്ചരിക്കുന്ന ഓണച്ചന്തകള്‍ മുഖേന മിതമായ നിരക്കില്‍ നിത്യോപയോഗസാധനങ്ങള്‍ കൂടാതെ സബ്‌സിഡി ഉല്പന്നങ്ങളും ലഭിക്കും.

ഇന്ന് പുതിയ ന്യൂനമര്‍ദത്തിന് സാധ്യത; നാളെ മുതല്‍ മഴ വീണ്ടും ശക്തമാകും

ഇന്ന് പുതിയ ന്യൂനമര്‍ദത്തിന് സാധ്യത; നാളെ മുതല്‍ മഴ വീണ്ടും ശക്തമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ- പശ്ചിമ ബംഗാള്‍ തീരത്തിനു സമീപം പുതിയ ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്നും ഇതിന്റെ സ്വാധീനഫലമായാണ് വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയെന്നുമാണ് മുന്നറിയിപ്പ്.

നാളെ ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ബുധനാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് ശക്തമായ മഴ മുന്നറിയിപ്പ്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ചൊവ്വ മുതല്‍ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 26/08/2025 മുതല്‍ 28/08/2025 വരെ: കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നാണ് മുന്നറിയിപ്പ്.

അഞ്ചുതെങ്ങ് മീരാൻ കടവിന് സമീപം പഴയ പിഡബ്ല്യുഡി റോഡിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു

അഞ്ചുതെങ്ങ് മീരാൻ കടവിന് സമീപം പഴയ പിഡബ്ല്യുഡി റോഡിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു

അഞ്ചുതെങ്ങ് മീരാൻ കടവിന് സമീപം പഴയ പിഡബ്ല്യുഡി റോഡിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. പുതിയപാലം വന്നതിനുശേഷം യാതൊരുവിധ നടപടിയും സ്വീകരിക്കാതെ ആ റോഡ് തകർന്ന അവസ്ഥയിലായിരുന്നു. പുത്തൻ നട, കൊടിക്കകം, കേട്ടുപുര തുടങ്ങിയ സ്ഥലങ്ങളിലെ നൂറുകണക്കിന് ആളുകളാണ് ഇതുവഴി സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.

റോഡ് അഗാധമായ ഘട്ടങ്ങൾ രൂപപ്പെട്ടതിന്റെ ഭാഗമായി മഴ പെയ്യുമ്പോൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ ഇവിടെ വീഴുന്ന സംഭവങ്ങൾ നിരവധിയാണ്. ഗ്രാമപഞ്ചായത്ത്, എംഎൽഎ എന്നിവർ അധികാരികളുമായി ബന്ധപ്പെട്ടതിനെ തുടർന്നാണ് അറ്റകുറ്റപ്പണിക്കുള്ള നടപടികൾ ആരംഭിച്ചത്. ഫില്ലിംഗ് നടത്തുന്നതിന് ആവശ്യമായ മണ്ണു അടിച്ചു തുടങ്ങി.
മെയിൻ റോഡിന്റെ പണി പൂർത്തിയാകുന്ന മുറയ്ക്ക് ബാക്കി ടാറിങ് ഉൾപ്പെടെയുള്ള പണികൾ ആരംഭിക്കും.

ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ മാജിക്ക് ഹോം പദ്ധതിയുടെ തിരുവനന്തപുരം ജില്ലയിലെ താക്കോല്‍ദാനം നടക്കും

ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ മാജിക്ക് ഹോം പദ്ധതിയുടെ തിരുവനന്തപുരം ജില്ലയിലെ താക്കോല്‍ദാനം നടക്കും

വക്കം/തിരുവനന്തപുരം: സംസ്ഥാനത്ത് സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത ഭിന്നശേഷിക്കാര്‍ക്ക് ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സൗജന്യമായി ഭിന്നശേഷി സൗഹൃദ വീടുകള്‍ നിര്‍മിച്ചു നല്‍കുന്ന മാജിക്ക് ഹോം പദ്ധതിയുടെ തിരുവനന്തപുരം ജില്ലയിലെ താക്കോല്‍ദാനം 26-08-25 (ചൊവ്വ) രാവിലെ 11ന് നടക്കും.

വക്കം അടിവാരത്ത് നടക്കുന്ന ചടങ്ങില്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ രക്ഷാധികാരിയും വിഖ്യാത ചലച്ചിത്ര സംവിധായകനുമായ അടൂര്‍ ഗോപാലകൃഷ്ണന്‍, ചെയര്‍മാനും മുന്‍ ചീഫ് സെക്രട്ടറിയുമായ ജിജി തോംസണ്‍ ഐ.എ.എസ്, എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് എന്നിവര്‍ ചേര്‍ന്ന് വീടിന്റെ താക്കോല്‍ കൈമാറും. ചടങ്ങില്‍ മുഖ്യാതിഥിയായി ഗായകന്‍ ആദിത്യസുരേഷ് പങ്കെടുക്കും.

വക്കം സ്വദേശി ചലനപരിമിതയായ ഇന്ദിരയ്ക്കും മകന്‍ ബൗദ്ധിക പരിമിതനായ രാഹുലിനുമാണ് പദ്ധതി പ്രകാരം വീട് ലഭിച്ചത്. ജില്ലയില്‍ നിന്നും ലഭിച്ച നിരവധി അപേക്ഷകളില്‍ നിന്നും ഡിഫറന്റ് ആര്‍ട് സെന്റര്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഏറ്റവും അനുയോജ്യമായ കുടുംബത്തിനാണ് വീട് നിര്‍മിച്ചു നല്‍കുന്നത്.

എസ്.എസ്.ബി.എം പ്രൊവെന്‍ചേഴ്സിന്റെ നേതൃത്വത്തില്‍ റിയാദ് റഷീദ് ആണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി വക്കം സ്വദേശി ഷക്കീബില്‍ നിന്നും സൗജന്യ നിരക്കില്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ 3 സെന്റ് ഭൂമി വാങ്ങിയിരുന്നു. 540 ചതുരശ്രഅടിയില്‍ നിര്‍മിച്ചിട്ടുള്ള വീട്ടില്‍ വീല്‍ ചെയര്‍ കടന്നുപോകാന്‍ പാകത്തിലുള്ള റാമ്പ്, ഭിന്നശേഷി സൗഹൃദ ബാത്ത്റൂം തുടങ്ങിയവ സൗകര്യങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്.

ഡി.എ.സി യുടെ സംരംഭമായ മാജിക് ഹോംസ് പദ്ധതിയുടെ ഭാഗമായി ഓരോ ജില്ലയിലും ഒരു വീട് എന്ന നിലയില്‍ 14 ഭിന്നശേഷി സൗഹൃദ മാതൃകാ ഭവനങ്ങളാണ് നിര്‍മ്മിച്ചു കൈമാറുന്നത്. ഗുണഭോക്താവിന്റെ പ്രത്യേക പരിമിതികള്‍ക്ക് അനുസൃതമായാണ് ഓരോ വീടും നിര്‍മ്മിക്കുന്നത്. ഇത്തരത്തില്‍ എല്ലാ ജില്ലയിലും ഗുണഭോക്താക്കളെ കണ്ടെത്തി വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്.

ഇതിനോടകം കാസര്‍ഗോഡ്, ഇടുക്കി, മലപ്പറം, വയനാട് ജില്ലകളില്‍ വീടുകള്‍ പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറിയിരുന്നു. മാജിക് ഹോംസ് പദ്ധതിക്കു കീഴില്‍ നിര്‍മ്മിച്ച ഭിന്നശേഷി സൗഹൃദങ്ങളായ വീടുകള്‍ മാതൃകയാക്കി സമാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ജീവകാരുണ്യ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ഇതുപോലെയുള്ള വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ പ്രചോദനമാകുമെന്ന വിശ്വാസത്തിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് സൂത്രധാരന്‍ കൂടിയായ ഗോപിനാഥ് മുതുകാട് പറഞ്ഞു.

ആറ്റിങ്ങൽ കോ – ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു

ആറ്റിങ്ങൽ കോ – ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു

ആറ്റിങ്ങൽ കിഴക്കേ നാലുമുക്ക് എസ്. എസ് പ്ലാസാ മന്ദിരത്തിന് മുന്നിൽ ആറ്റിങ്ങൽ കോ – ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഐ. എൻ. റ്റി. യു. സി ദേശിയ വർക്കിംഗ്‌ കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ നിർവഹിച്ചു.

പിറകെ നടന്ന് ശല്യം ചെയ്തു;17കാരിയുടെ ക്വട്ടേഷനില്‍ തിരുവനന്തപുരത്ത് യുവാവിന് ക്രൂരമര്‍ദനം

പിറകെ നടന്ന് ശല്യം ചെയ്തു;17കാരിയുടെ ക്വട്ടേഷനില്‍ തിരുവനന്തപുരത്ത് യുവാവിന് ക്രൂരമര്‍ദനം

തിരുവനന്തപുരം: പതിനേഴുകാരിയെ പിറകെ നടന്ന് ശല്യം ചെയ്‌തെന്ന പേരില്‍ തിരുവനന്തപുരത്ത് യുവാവിന് ക്രൂര മര്‍ദനം. സിനിമ മേഖലയില്‍ പിആര്‍ഒ ആയി ജോലി ചെയ്യുന്ന അഴീക്കോട് സ്വദേശി റഹീമിനാണ് മര്‍ദനമേറ്റത്. ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനി നല്‍കി കൊട്ടേഷന്‍ പ്രകാരമാണ് യുവാവ് ക്രൂരമര്‍ദനത്തിന് ഇരയായത് എന്ന് പൊലീസ് പറയുന്നു.

തിരുവനന്തപുരം ജഡ്ജിക്കുന്നില്‍ വച്ചാണ് യുവാവ് ആക്രമിക്കപ്പെട്ടത്. മുന്‍പരിചയക്കാരാണ് പെണ്‍കുട്ടിയും റഹീമും. സിനിമ മേഖലയില്‍ അവസരം ഉള്‍പ്പെടെ വാഗ്ദാനം ചെയ്ത് റഹീം നിരന്തരം യുവതിയെ ശല്യം ചെയ്തിരുന്നു എന്നാണ് ആരോപണം. പെണ്‍കുട്ടിയുടെ ബന്ധുവിനോട് യുവതി ഇക്കാര്യം അറിയിച്ചതിന് പിന്നാലെയാണ് റഹീം ആക്രമിക്കപ്പെട്ടത്. റഹീമിനെ ജഡ്ജിക്കുന്നിലേക്ക് പെണ്‍കുട്ടി വിളിച്ചുവരുത്തുകയും അവിടെ വെച്ചുണ്ടായ വാക്കുതര്‍ക്കത്തിന് പിന്നാലെ പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന നാലംഗ സംഘം റഹീമിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

ജഡ്ജിക്കുന്ന് പ്രദേശത്ത് രക്തത്തില്‍ കുളിച്ച നിലയില്‍ നാട്ടുകാരാണ് റഹീമിനെ കണ്ടെത്തിയത്. തുടര്‍ന്ന് റഹീമിനെ ആശുപത്രിയിലാക്കുകയായിരുന്നു. റഹീമിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. പെണ്‍കുട്ടിയെ ഉള്‍പ്പെടെയാണ് കസ്റ്റഡിയിലെടുത്തത്.