രജിസ്ട്രേഷന്‍ ഫീസ് കുത്തനെ കൂട്ടി, 20 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഇനി ഇരട്ടി തുക

രജിസ്ട്രേഷന്‍ ഫീസ് കുത്തനെ കൂട്ടി, 20 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഇനി ഇരട്ടി തുക

ഡല്‍ഹി: 20 വര്‍ഷം പഴക്കമുള്ള വാഹനം കൈവശം വയ്ക്കുന്നതിന് ഫീസ് കുത്തനെ കൂടും. 20 വര്‍ഷത്തിന് ശേഷമുള്ള വാഹനങ്ങളുടെ ഫീസ് നിലവിലുള്ളതിനെക്കാള്‍ ഇരട്ടിയാക്കി. എന്നാല്‍ അധിക നികുതി നിരക്കുമായി ബന്ധപ്പെട്ട് 2022 മുതല്‍ കേരള ഹൈക്കോടതിയില്‍ കേസുള്ളതിനാല്‍ സംസ്ഥാനത്ത് പുതുക്കിയ നിരക്ക് ഈടാക്കുമോയെന്നതില്‍ വ്യക്തതയില്ല.

വാഹനങ്ങള്‍ 15 വര്‍ഷത്തിന് ശേഷം വാഹനങ്ങള്‍ പുതുക്കുന്നതിന് 2022 ഏപ്രില്‍ 1 മുതല്‍ നിരക്ക് ഉയര്‍ത്തി കേന്ദ്രം ഉത്തരവിട്ടെങ്കിലും കേരള ഹൈക്കോടതിയില്‍ കേസുള്ളതിനാല്‍ ഈ നിരക്ക് വാങ്ങുന്നില്ല. അധിക നിരക്ക് ഈടാക്കാന്‍ കോടതി അനുമതി നല്‍കിയാല്‍ അധികതുക നല്‍കാമെന്ന സത്യവാങ്മൂലത്തോടെയാണ് ഉടമകളില്‍ നിന്ന് പഴയ നിരക്ക് ഈടാക്കുന്നത്.

അതേസമയം നിലവിലുള്ള ഉയര്‍ന്ന നികുതിക്ക് പുറമേയാണ് ഫീസും കേന്ദ്രം കുത്തനെ കൂട്ടിയിരിക്കുന്നത്. പഴയ വാഹനങ്ങള്‍ കൈവശം വയ്ക്കുന്നത് പരമാവധി നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്ര നീക്കം. 15 മുതല്‍ 20 വര്‍ഷം വരെയുള്ള വാഹനങ്ങള്‍ക്ക് നിലവിലെ നിരക്ക് തുടരും.

നിലവില്‍ പഴയ നിരക്ക് ഈടാക്കുന്ന കേരളം 20 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ക്ക് പുതിയ നിരക്ക് ഈടാക്കിയാല്‍ ഭാരം കുത്തനെ കൂടും. മറ്റ് സംസ്ഥാനങ്ങള്‍ ഇരുചക്രവാഹനങ്ങള്‍ക്ക് 1000 രൂപ ഈടാക്കുമ്പോള്‍ കേരളം 300 രൂപയാണ് ഈടാക്കുന്നത്. 20 വര്‍ഷം കഴിഞ്ഞ വാഹനങ്ങളുടെ കാര്യത്തിലാണെങ്കില്‍ ഇത് ഒറ്റയടിക്ക് 2000 രൂപ കൂടും.

രജിസ്‌ട്രേഷന്‍ പുതുക്കല്‍ ഫീസിലെ മാറ്റം ഇങ്ങനെ

ഇരുചക്രവാഹനം- 300 രൂപ(കേരളം ഈടാക്കുന്നത്), 2000 രൂപ(20 വര്‍ഷം കഴിഞ്ഞവയ്ക്ക് കേന്ദ്രം പ്രഖ്യാപിച്ച നിരക്ക്)

മുച്ചക്രവാഹനം- 600 രൂപ(കേരളം ഈടാക്കുന്നത്), 5000 രൂപ (20 വര്‍ഷം കഴിഞ്ഞവയ്ക്ക് കേന്ദ്രം പ്രഖ്യാപിച്ച നിരക്ക്)

കാര്‍- 600 രൂപ(കേരളം ഈടാക്കുന്നത്), 10000 രൂപ (20 വര്‍ഷം കഴിഞ്ഞവയ്ക്ക് കേന്ദ്രം പ്രഖ്യാപിച്ച നിരക്ക്)

ഇറക്കുമതി ചെയ്ത ഇരുചക്ര/മുച്ചക്രവാഹനം – 2500 രൂപ(കേരളം ഈടാക്കുന്നത്),20,000 രൂപ (20 വര്‍ഷം കഴിഞ്ഞവയ്ക്ക് കേന്ദ്രം പ്രഖ്യാപിച്ച നിരക്ക്)

ഇറക്കുമതി ചെയ്ത നാലുചക്ര വാഹനം-5000 രൂപ(കേരളം ഈടാക്കുന്നത്), 80,000 രൂപ (20 വര്‍ഷം കഴിഞ്ഞവയ്ക്ക് കേന്ദ്രം പ്രഖ്യാപിച്ച നിരക്ക്)

മറ്റുവാഹനങ്ങള്‍- 3000 രൂപ (കേരളം ഈടാക്കുന്നത്), 12,000 രൂപ (20 വര്‍ഷം കഴിഞ്ഞവയ്ക്ക് കേന്ദ്രം പ്രഖ്യാപിച്ച നിരക്ക്)

ആള്‍ത്താമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിലേക്കുള്ള ഓടയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

ആള്‍ത്താമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിലേക്കുള്ള ഓടയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

കോതമംഗലം: കോതമംഗലം ഊന്നുകല്ലില്‍ ആള്‍ത്താമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിലേക്കുള്ള ഓടയില്‍ സ്ത്രീയുടെ മൃതദേഹം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. കുറുപ്പംപടി സ്വദേശി വൈദികന്റെ ഉടമസ്ഥതയിലുള്ളതാണ് ഇരുനില വീടും മുന്‍പിലുള്ള ഹോട്ടലും. ഹോട്ടല്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.

ദേശീയപാതയുടെ അരികില്‍ മൃഗാശുപത്രിക്കു സമീപമുള്ള വീടിന്റെ വര്‍ക്ക് ഏരിയയോടു ചേര്‍ന്നുള്ള ഓടയുടെ മാന്‍ഹോള്‍ വഴിയാണു മൃതദേഹം തിരുകിക്കയറ്റിയത്. വൈദികന്‍ വെള്ളിയാഴ്ച വീട്ടിലെത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. പരിസരത്ത് ദുര്‍ഗന്ധം വമിക്കുന്ന കാര്യം അദ്ദേഹം പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണു മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച വൈദികന്‍ എത്തിയപ്പോള്‍ വര്‍ക്ക് ഏരിയയുടെ ഗ്രില്ല് തകര്‍ന്നതും തറയില്‍ രക്തക്കറയും കണ്ടു. മോഷണശ്രമമെന്നു കരുതി പൊലീസില്‍ അറിയിച്ചിരുന്നു. അന്നു പൊലീസും ഫൊറന്‍സിക് സംഘവും പരിശോധന നടത്തിയതാണ്.

ഉച്ചയോടെ കണ്ടെത്തിയ മൃതദേഹം നടപടികള്‍ക്കു ശേഷം വൈകിട്ട് ആറോടെയാണ് ഓടയുടെ സ്ലാബ് നീക്കി പുറത്തെടുത്തത്. 60 വയസ്സ് തോന്നിക്കുന്ന സ്ത്രീയുടെ അഴുകിയ നിലയിലുള്ള മൃതദേഹത്തില്‍ വസ്ത്രവും ആഭരണങ്ങളും ഉണ്ടായിരുന്നില്ല. ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി രാത്രി മൃതദേഹം എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. സംഭവം കൊലപാതകമാണെന്നു പൊലീസ് സ്ഥിരീകരിച്ചു. വേങ്ങൂര്‍ സ്വദേശിനിയെ (61) കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കാണാതായതായി കുറുപ്പംപടി പൊലീസ് സ്റ്റേഷനില്‍ പരാതിയുണ്ട്. ഇവരുടെ ബന്ധുക്കളെ എത്തിച്ചെങ്കിലും മൃതദേഹം അഴുകിയ നിലയിലായതിനാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി അന്തരിച്ചു

സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി അന്തരിച്ചു

ഹൈദരാബാദ്: മുതിര്‍ന്ന സിപിഐ നേതാവും പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറിയുമായ എസ്.സുധാകര്‍ റെഡ്ഡി (83) അന്തരിച്ചു. ഹൈദരാബാദിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി ആയിരുന്നു അന്ത്യം. 2012 മുതല്‍ 2019 വരെ തുടര്‍ച്ചയായി മൂന്നു തവണ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്നു.ആന്ധ്രാ പ്രദേശില്‍ നിന്നു രണ്ടു തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

തെലങ്കാനയിലെ മഹ്ബൂബ്നഗര്‍ ജില്ലയിലായിരുന്നു അദ്ദേഹം ജനിച്ചത്. വെങ്കിടേശ്വര യൂണിവേഴ്‌സിറ്റിയില്‍ കോളജ് വിദ്യാഭ്യാസ കാലത്തു തന്നെ എഐഎസ്എഫ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി. എല്‍എല്‍എം വിദ്യാഭ്യാസം പൂര്‍ത്തിയായതോടെ പ്രവര്‍ത്തനകേന്ദ്രം ഡല്‍ഹിയിലേക്കു മാറ്റി. രണ്ടു തവണ എഐഎസ്എഫ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് എഐവൈഎഫ് അധ്യക്ഷനായി. 1968ല്‍ പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗമായി. സിപിഐ സംസ്ഥാന ആന്ധ്രാപ്രദേശ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയായും പിന്നീട് സംസ്ഥാന സെക്രട്ടറിയായും സുധാകര്‍ റെഡ്ഡി തിരഞ്ഞെടുക്കപ്പെട്ടു. ബികെഎംയു സംസ്ഥാന സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചു.

1998, 2004 എന്നീ വര്‍ഷങ്ങളില്‍ നല്‍ദൊണ്ട മണ്ഡലത്തില്‍ നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ട സുധാകര്‍ റെഡ്ഡി 2012-ല്‍ എ ബി ബര്‍ധന്റെ പിന്‍ഗാമിയായാണ് സിപിഐ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. സിപിഐയുടെ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തി കൂടിയാണ് സുധാകര്‍ റെഡ്ഡി.

ഓണത്തിന് റെക്കോര്‍ഡ് ബോണസുമായി ബെവ്‌കോ; ജീവനക്കാര്‍ക്ക് കിട്ടുക 102,000 രൂപ

ഓണത്തിന് റെക്കോര്‍ഡ് ബോണസുമായി ബെവ്‌കോ; ജീവനക്കാര്‍ക്ക് കിട്ടുക 102,000 രൂപ

തിരുവനന്തപുരം: ബിവറേജ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് ഇത്തവണ റെക്കോര്‍ഡ് ബോണസ്. ഓണത്തിന് ബെവ്‌കോ സ്ഥിരം ജീവനക്കാര്‍ക്ക് 102,000 രൂപ ബോണസ് ലഭിക്കും. എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിന്റെതാണ് തീരുമാനം.

കടകളിലെയും ഹെഡ്ക്വാട്ടേഴ്സിലെയും ക്ലീനിങ് സ്റ്റാഫിനും എംപ്ലോയ്മെന്റ് സ്റ്റാഫിനും 6000 രൂപ ബോണസ് ലഭിക്കും. കഴിഞ്ഞ വര്‍ഷം ഇത് 5000 രൂപയായിരുന്നു. ഹെഡ് ഓഫീസിലെയും വെയര്‍ ഹൗസുകളിലെയും സുരക്ഷാ ജീവനക്കാര്‍ക്ക് 12,500 രൂപ ബോണസ് ആയി ലഭിക്കും.കഴിഞ്ഞ വര്‍ഷം 95,000 രൂപയായിരുന്നു ബോണസ്. അതിന് മുമ്പത്തെ വര്‍ഷം 90,000 രൂപയായിരുന്നു സ്ഥിരം ജീവനക്കാര്‍ക്ക് ബോണസ് ലഭിച്ചത്.

പള്ളിക്കൽ മടവൂരിൽ എടിഎമ്മിൽ പണമെടുക്കാനെത്തിയ 16കാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

പള്ളിക്കൽ മടവൂരിൽ എടിഎമ്മിൽ പണമെടുക്കാനെത്തിയ 16കാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

പള്ളിക്കൽ: മടവൂരിൽ എടിഎമ്മിൽ പണമെടുക്കാനെത്തിയ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. മയ്യനാട് സ്വദേശി അനിരുദ്ധനെയാണ് പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ എട്ടു മണിക്കാണ് സംഭവം. എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്.മടവൂർ ജംഗ്ഷനിലുള്ള സ്വകാര്യ ബാങ്കിന്റെ എടിഎമ്മിൽ പണമെടുക്കാൻ എത്തിയതായിരുന്നു പെൺകുട്ടി.

കുട്ടി എടിഎമ്മിലേക്ക് കയറവേ അകത്തുണ്ടായിരുന്ന പ്രതി, അവിടെ പണമില്ലെന്ന് പറഞ്ഞ് കുട്ടിയെ അടുത്തുള്ള എസ്ബിഐ എടിഎമ്മിലേക്ക് കൂട്ടിക്കൊണ്ടുപോയി. എടിഎമ്മിൽ കയറിയ പ്രതി മെഷീനിൽ കാർഡ് ഇട്ട ശേഷം പെൺകുട്ടിയോട് ഭാഷ തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു. കുട്ടി മെഷീനിൽ ബട്ടൻ അമർത്തുന്നതിനിടെ ഇയാൾ പിറകിലൂടെ വന്ന് ലൈംഗികാതിക്രമം നടത്തി. പെട്ടെന്ന് കുതറി ഓടിയ പെൺകുട്ടി വിവരം മാതാവിനോട് പറയുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത പള്ളിക്കൽ പൊലീസ് എടിഎമ്മിലെ സിസിടിവി പരിശോധിച്ച് പ്രതിയാരാണെന്ന് വ്യക്തത നേടി. അതിക്രമത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കഴിഞ്ഞ ദിവസം രാത്രിയോടെ പൊലീസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വെഞ്ഞാറമൂട് സപ്ലൈകോ ഗോഡൗണിൽ നിന്നും അരികടത്ത്.. ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു

വെഞ്ഞാറമൂട് സപ്ലൈകോ ഗോഡൗണിൽ നിന്നും അരികടത്ത്.. ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു

വെഞ്ഞാറമൂട് സപ്ലൈകോ ഗോഡൗണിൽ നിന്നും കഴിഞ്ഞ ചൊവ്വാഴ്ച അരി കടത്തിയ സംഭവത്തിൽ ഡിപ്പോയിലെ ചാർജ്ജുള്ള സീനിയർ അസിസ്റ്റന്റ് പേരൂർക്കട സ്വദേശി ധർമ്മ ചന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. ഡിപ്പോയിൽ നിന്നും റേഷനരി ഒരു സ്വകാര്യ വാഹനത്തിൽ കടത്താൻ ശ്രമിക്കവേ നാട്ടുകാരും യൂണിയൻ തൊഴിലാളികളും ചേർന്ന് തടഞ്ഞിടുകയായിരുന്നു. ഈ സംഭവത്തിൽ ഡിപ്പോയിലെ ചുമതലക്കാരനായ ധർമ്മചന്ദ്രനെ തിരുവനന്തപുരത്ത് നിന്നും പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എന്നാൽ റേഷനരി ആർക്കുവേണ്ടിയാണ് കടത്തിയതെന്നോ സംഭവത്തിൽ ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ട് എന്നോ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.